Top

സോറി സന്തോഷ് പണ്ഡിറ്റ്; നിങ്ങളെ തെറ്റിദ്ധരിച്ചു പോയതിന്

സോറി സന്തോഷ് പണ്ഡിറ്റ്; നിങ്ങളെ തെറ്റിദ്ധരിച്ചു പോയതിന്
കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ 2011-ല്‍ കേരളത്തിലെ ആസ്വാദകര്‍ക്കിടയിലേക്ക് കടന്നു വന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ചിത്രത്തിലെ ഏതാണ്ടെല്ലാ ക്രെഡിറ്റും സ്വന്തം പേരിലെഴുതി ആദ്യ ചിത്രം മുതല്‍ സന്തോഷ് പണ്ഡിറ്റ് കേരളത്തിലെ സാധാരണ സമൂഹത്തിന് അപഹാസ്യനുമായിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ തിയറ്റര്‍ ലഭ്യമാകില്ലെന്ന് വന്നുപ്പോള്‍ യൂട്യൂബിലൂടെ റിലീസ് ചെയ്ത് ലാഭം കൊയ്യുകയും ചെയ്തു. ഇത് യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ സിനിമ മോഹികള്‍ക്ക് ഒരു പുതിയ പാഠമായിരുന്നു. യൂട്യൂബില്‍ വൈറല്‍ ആകുന്ന വീഡിയോകള്‍ക്ക് പണം ലഭിക്കുമെന്ന ഒരു പുത്തനറിവോടെ ഷോട്ട്ഫിലിം ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ദ്ധനവുണ്ടായി.

ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യധാര നടന്മാരെയും എന്തിനേറെ സൂപ്പര്‍ താരങ്ങളെപ്പോലും വെല്ലുവിളിച്ച് അദ്ദേഹമെത്തി. അപ്പോഴും സൂപ്പര്‍താരങ്ങളെ ചുറ്റിപ്പറ്റി ജീവിച്ച മലയാള സിനിമ സന്തോഷ് പണ്ഡിറ്റിനെ പുച്ഛിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ തിരിച്ചറിയാനും അദ്ദേഹത്തെ പിന്തുണയ്ക്കാനും അപ്പോഴും ഒരു വിഭാഗമുണ്ടായിരുന്നു. പരിഹസിക്കാനായെങ്കിലും യൂട്യൂബിലൂടെ ഒട്ടനവധി പേര്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുന്നുണ്ട് ഇപ്പോഴും. എന്നാല്‍ അതൊന്നുമല്ലാത്ത ഒരു ഒരു സന്തോഷ് പണ്ഡിറ്റിനെ കേരള സമൂഹം കാണാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. സമൂഹ വിഷയങ്ങളില്‍ ഇടപെടാത്ത സൂപ്പര്‍താരങ്ങളെപ്പോലും തള്ളിപ്പറയേണ്ട സാഹചര്യം പണ്ഡിറ്റ്‌ നമുക്കുണ്ടാക്കി. കാരണം അത്രമാത്രം വിവേകത്തോടെയുള്ള പെരുമാറ്റമായിരുന്നു സന്തോഷിന്റെ ഭാഗത്തു നിന്നുണ്ടായത്. അട്ടപ്പാടിയില്‍ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണാനും അവരെ ആശ്വസിപ്പിക്കാനും സന്തോഷ് പണ്ഡിറ്റ് പോയപ്പോള്‍ ഇതാകണം ഒരു സിനിമ താരമെന്ന് കേരള സമൂഹം ഒന്നടങ്കം ആര്‍ത്തു വിളിച്ചു. മാധ്യമങ്ങളെല്ലാം ഇതേറ്റെടുത്തതോടെ സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെക്കുറിച്ചായി ഇവിടെ ചര്‍ച്ച.

നഴ്‌സുമാരുടെ സമരത്തിന് മാധ്യമങ്ങളോ ഇവിടുത്തെ പ്രമുഖരോ യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതിരിക്കുകയും ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മുഴുകുകയും ചെയ്തപ്പോഴും സന്തോഷ് പണ്ഡിറ്റാണ് കേരളത്തിന്റെ കയ്യടി നേടിയത്. അദ്ദേഹം സമരം ചെയ്യുന്ന നഴ്‌സുമാരെ കാണാന്‍ തയ്യാറാകുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തപ്പോള്‍ ഏത് സിനിമാ താരത്തിന് ഇങ്ങനെ സാധിക്കുമെന്ന ചോദ്യം ഉയര്‍ന്നു. മുന്‍കാലങ്ങളില്‍ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങളെയും അദ്ദേഹത്തിന്റെ വെട്ടിത്തുറന്നുള്ള വിമര്‍ശനങ്ങളെയും അവജ്ഞയോടെ കണ്ടവര്‍ പോലും അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ആരംഭിച്ചു. നല്ലൊരു സിനിമ പ്രവര്‍ത്തകനല്ലെങ്കിലും പ്രവര്‍ത്തികളിലും വാക്കുകളിലും മറ്റുള്ളവര്‍ക്കില്ലാത്ത പക്വത സന്തോഷിനുണ്ടെന്നാണ് പലരും വിലയിരുത്തിയത്. നല്ലൊരു വിഭാഗം ആരാധകരെ ഇത്തരം സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് സമ്പാദിക്കാനും സന്തോഷിന് സാധിച്ചു.

എന്നാല്‍ എല്ലാവരും സന്തോഷ് പണ്ഡിറ്റിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ബംഗളൂരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ വിഖ്യാത സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെങ്കില്‍ എന്റെ ഇന്ത്യ ഇതല്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിനോട് ഇന്ത്യ വിട്ടു പോകൂ എന്നത് ഉള്‍പ്പെടെയുള്ള രൂക്ഷമായ പ്രതികരണങ്ങള്‍ കേരളത്തില്‍ നിന്നുപോലും ഉണ്ടായി. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ പതിവായുണ്ടാകുന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് റഹ്മാന്‍ നേരിടേണ്ടി വന്നത്. എന്നാല്‍ താങ്കള്‍ പ്രതീക്ഷിക്കുന്ന ഇന്ത്യ ഇതല്ലെങ്കില്‍ ഇന്ത്യ വിട്ട് പോകൂ എന്നാണ് സന്തോഷ് പണ്ഡിറ്റും ഇതേക്കുറിച്ച് പ്രതികരിച്ചത്. രാജ്യത്ത് ആദ്യമായാണോ ഇത്തരമൊരു കൊലപാതകം നടന്നതെന്നും പണ്ഡിറ്റ് ചോദിക്കുന്നു. ഇന്ത്യ പെട്ടെന്നൊന്നും താങ്കളുടെ സ്വപ്‌ന ഇന്ത്യയാകില്ല, ഇവിടെ നിന്നും ഇനിയും കാശുണ്ടാക്കണമെങ്കില്‍ മാത്രം ഇവിടെ നിന്നാല്‍ മതി. നല്ല കഴിവുള്ള എത്രയോ സംഗീതജ്ഞര്‍ ഇവിടെയുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് എആര്‍ റഹ്മാനെ 'ഓര്‍മ്മിപ്പിക്കുന്നു'.ഇനി സന്തോഷ് പണ്ഡിറ്റിനോട് ചില കാര്യങ്ങള്‍. റഹ്മാന്റെ 'എന്റെ ഇന്ത്യ ഇതല്ല' എന്ന പരാമര്‍ശത്തെ അവഹേളിക്കുകയായിരുന്നു താങ്കള്‍. കൂടാതെ മ്യൂസിക്കിനെ ഇത്രകാലവും വിറ്റുതിന്നയാളാണ് റഹ്മാനെന്നും അഭിപ്രായപ്പെടുന്നു. ഇനിയും കാശുണ്ടാക്കണമെങ്കില്‍ റഹ്മാന് ഇന്ത്യയില്‍ തന്നെ നില്‍ക്കേണ്ട കാര്യമില്ലെന്ന് നിങ്ങള്‍ക്കറിയില്ലായിരിക്കും. പണം സമ്പാദിക്കുന്നത് മാത്രമാണ് താങ്കള്‍ക്ക് പ്രാധാന്യമെന്നാണ് ഈ വാക്കുകളില്‍ നിന്നും മനസിലാകുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്‍ എന്ന് നിങ്ങളെ ചൂണ്ടിക്കാട്ടി പറഞ്ഞവരാണ് ഞങ്ങള്‍. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയെ കുറിച്ച് അതിന് ശേഷം പോലും താങ്കള്‍ വായിച്ചിട്ടില്ലെന്ന് താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഗൗരി ലങ്കേഷ് എന്ന പേര് ഉള്‍പ്പെടാത്തതില്‍ നിന്നും മനസിലാക്കുന്നു.

രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്‍ഗ്ഗീയ,ഫാസിസ്റ്റ് ശക്തികളില്‍ നിന്നാണ്. അതേറ്റവുമാദ്യം മനസിലാകുക കലാകാരന്മാര്‍ക്കാണ്; ആ മനസുള്ളവര്‍ക്കാണ്. ഒരു സമൂഹത്തിന്റെ മുന്നോട്ടുള്ള നടത്തത്തില്‍ ദീര്‍ഘദൃഷ്ടിയുള്ളവരാണ് അവര്‍. സമൂഹത്തെ അതിന്റെ ആകെത്തുകയില്‍ മനസിലാക്കുകയും അതിലെ നെല്ലും പതിരും തിരിയുകയും ചെയ്യുന്നവര്‍. നേരം ഇരുളുന്നത് മറ്റാര്‍ക്കും മുന്നേ അവര്‍ക്ക് മനസിലാകും, അവര്‍ പ്രതികരിക്കും, ചിലര്‍ കൊല്ലപ്പെടും, ചിലര്‍ അതിജീവിക്കും,  ചിലര്‍ നട്ടെല്ല് പണയം വയ്ക്കും. ഇതൊന്നും പുതിയ കാര്യമല്ല; മാനവരാശിയുടെ ചരിത്രത്തില്‍ ഇതൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാംസ്കാരിക നായകര്‍ക്കും വര്‍ഗ്ഗീയ ശക്തികളെക്കുറിച്ച് പ്രതികരിക്കാനാകാത്ത ഒരു കാലമാണ് നിലവിലുള്ളതെന്ന് ഗൗരിയുടേതുള്‍പ്പെടെയുള്ള കൊലപാതകങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്; ഈ രാജ്യം ഇന്ന് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഒക്കെ കൂടി ജീവിക്കാന്‍ പ്രാപ്തമായത് ഇത്തരത്തിലുള്ള പുരോഗമന ആശയങ്ങള്‍ പേറുന്ന നിരവധി പേരുടെ ചോര വീണിട്ടാണ്; അത് താങ്കള്‍ക്ക് മനസിലാകാതെ പോയതില്‍ സഹതാപമേ ഉള്ളൂ.

താങ്കളെ ഇതൊന്നും ബാധിക്കില്ലായിരിക്കും. വരും കാലം നിങ്ങള്‍ക്കിതൊക്കെ മനസിലാക്കിത്തരും എന്നു പറയാനുള്ള മൂഡത്തമൊന്നും ഞങ്ങള്‍ക്കില്ല; കാരണം സുരക്ഷിത പാതയാണ് താങ്കള്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മറ്റേവരെയും പോലെ ഞങ്ങളും മനസിലാക്കുന്നു. താങ്കള്‍ വിഡ്ഢിയായിരുന്നില്ല എന്നും വിഡ്ഡിവേഷം കെട്ടുകയായിരുന്നുവെന്നും മനസിലാക്കുന്നു. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് ഒരു നാട്ടുചൊല്ലുണ്ട്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയാണോ എന്നു പോലും സംശയിച്ചു പോകുന്നു. താങ്കളെ തെറ്റിദ്ധരിച്ചു പോയതിന് മാപ്പ്.

Next Story

Related Stories