TopTop
Begin typing your search above and press return to search.

ആന്റണി ഗ്ലയിന്‍ കൊറെയ: ട്രാക്കിലും ജീവിതത്തിലും അവസാനിക്കാത്ത റേസുകള്‍

ആന്റണി ഗ്ലയിന്‍ കൊറെയ: ട്രാക്കിലും ജീവിതത്തിലും അവസാനിക്കാത്ത റേസുകള്‍

ആന്റണി ഗ്ലയിന്‍ കൊറെയ, അമല്‍ വര്‍ഗീസ് എന്ന ഏറ്റവും വേഗതയേറിയ ബൈക്ക് റേസറുടെ കോച്ച്‌. 2015 നാഷണല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത വിഭാഗത്തില്‍ ആദ്യമായി ഒരു മലയാളി റൈഡര്‍ വിജയിക്കുന്നു - അമല്‍ വര്‍ഗീസ്. ആ ചാമ്പ്യന്റെ വിജയത്തിന് പിന്നില്‍ കോച്ചും, ട്യൂണറും ഒക്കെയായി ഏറെ വിയര്‍പ്പൊഴുക്കിയത് ആന്റണിയാണ്. മികച്ച ട്യൂണറിനുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ആന്റണി, സമ്പന്നമായൊരു ഭൂതകാലം അവകാശപ്പെടാന്‍ കഴിയുന്ന റേസര്‍ കൂടിയാണ്. ഫോര്‍ സ്‌ട്രോക്ക് ബൈക്കുകള്‍ ആദ്യമായി കേരളത്തില്‍ ബീച്ച് റേസിനായി ഉപയോഗിക്കുന്നതും ആന്റണിയാണ്. Team 72 Racing എന്ന അദ്ദേഹത്തിന്റെ റേസിംഗ് ടീമിലൂടെയാണ് സി.ഡി.ജിനന്‍, ഗോഡ്വിന്‍ ആന്റണി, ഡിനു ദേവസ്യ തുടങ്ങിയ നാഷണല്‍ റേസേഴ്‌സ് ട്രാക്കിലേക്ക് എത്തുന്നത്. ആന്റണിയുടെ മകന്‍ ആദില്‍ കൊറെയയും അച്ഛന്റെ പാത പിന്തുടര്‍ന്ന് ട്രാക്കിലേക്കെത്തി ഇപ്പോള്‍ തരംഗമായി മാറുകയാണ്. പതിനാലാമത്തെ വയസിനുള്ളില്‍ തന്നെ ആദില്‍ നിരവധി നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് കഴിഞ്ഞു.

ആന്റണി ഗ്ലയിന്‍ എന്ന റേസറുടെ ജനനം

എന്റെ ചേട്ടന്മാര്‍ ഒക്കെ റേസ് ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളരുന്നത്. അന്ന് പക്ഷേ ഉണ്ടായിരുന്ന ബൈക്കുകള്‍ ഫാല്‍ക്കന്‍, ബിഎസ്എ ബോണ്ട് ഒക്കെയായിരുന്നു. ചേട്ടന്‍ ഒരാള്‍ ബീച്ച് റേസില്‍ ബിഎസ്എ ബോണ്ട് ഓടിക്കുന്നത് കണ്ടത് മുതല്‍ക്കാണ് വാസ്തവത്തില്‍ റേസിംഗിനോട് ഒരു കമ്പം തോന്നുന്നത്. ഏതാണ്ട് അഞ്ച് വയസുള്ളപ്പോള്‍ തന്നെ അങ്കിള്‍മാരൊക്കെ ലാംബട്ട്ര സ്‌കൂട്ടര്‍ ഗിയര്‍ ഇട്ടിട്ട് കയ്യില്‍ തരുമായിരുന്നു. അവരാണ് ചെറുപ്പത്തിലെ വണ്ടിയോടുള്ള അടുപ്പം ഉണ്ടാക്കിയെടുത്തത്. 1993ല്‍ ആദ്യമായി റാലിയില്‍ പങ്കെടുക്കുമ്പോള്‍ ഓടിച്ച വണ്ടി RX-100 ആയിരുന്നു. 1996ലും 97ലും പോപ്പുലര്‍ റാലിയില്‍ ഓടിച്ചിരുന്നു. പിന്നീട് റേസിലേക്ക് വരുന്നു. കോട്ടയം റബ്ബര്‍ സിറ്റി റേസ്, കലൂരില്‍ സി.ആര്‍.സി നടത്തിയ റേസ് - അങ്ങനെ പല പല റേസുകള്‍. അന്ന് under-18, under-15 അങ്ങനെ കാറ്റഗറി ഒന്നുമുണ്ടായിരുന്നില്ല. 18 വയസ് ആകേണ്ട ആവശ്യമില്ല, ട്രാക്കില്‍ ഓടിക്കാന്‍. പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം, FMSCI-ടെ ലൈസന്‍സ് വേണം ഏത് പ്രായത്തില്‍ വേണമെങ്കിലും അത് കിട്ടും. പിന്നീട് റേസിന്റെ ചെലവ് താങ്ങാന്‍ പറ്റാതെ ആയപ്പോള്‍ പതിയെ എഞ്ചിനിലേക്ക് ശ്രദ്ധ തിരിഞ്ഞു. നല്ലൊരു മെക്കാനിക്ക് ആകാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 2000ല്‍ ഞാന്‍ യമഹയിലേക്ക് പോയി. പിന്നെ കുറെ നാള്‍ മുംബൈയില്‍ ആയിരുന്നു. തിരികെ വന്ന് 2003ല്‍ ഗ്യാരേജ് റീസ്റ്റാര്‍ട്ട് ചെയ്തു.

ആന്റണി ഗ്ലയിന്‍ കൊറെയയും അമല്‍ വര്‍ഗീസും

ആന്റണിയുടെ സ്‌കൂളില്‍ നിന്നും പോയവര്‍

അങ്ങനെ സ്‌കൂളില്‍ നിന്ന് എന്ന് പറയാന്‍ പറ്റുകയൊന്നുമില്ല ഞാന്‍ പ്രിപ്പയര്‍ ചെയ്യുന്ന ബൈക്ക് ആദ്യമായി ഓടിക്കുന്നത് സി.ഡി.ജിനന്‍ ആയിരുന്നു. അതിന് ശേഷം അത്ര പേരുകേട്ട റേസേഴ്‌സാരും ഉണ്ടായിരുന്നില്ല. പിന്നീട് വന്ന റേസേഴ്‌സില്‍ ഹാമി വര്‍ഗീസ്, ഗോഡ്വിന്‍ ആന്റണി, ഡിനു ദേവസ്യ തുടങ്ങിയവര്‍ അത്യാവശ്യം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ആദ്യമായി നാഷണല്‍ ലെവലില്‍ പ്രൈവറ്റായിട്ട് റേസ് ചെയ്ത് ജയിക്കുന്നത് അമല്‍ വര്‍ഗീസ് ആണ്. എന്റെ റൈഡേഴ്‌സ് എന്നല്ല ഒരു റൈഡറും അങ്ങനെ ഇന്ത്യയില്‍ ജയിച്ചിട്ടില്ല. ഹീറോയുടെയും ടി.വി.എസിന്റെയും ഒക്കെ റൈഡേഴ്‌സ് ആണ് പതിവായി ജയിക്കുക. 2003 മുതലുള്ള എന്റെ ആഗ്രഹമായിരുന്നു 2015ല്‍ എന്റെ റേസര്‍ അമലിലൂടെയും എന്റെ വണ്ടിയിലൂടെയും നേടിയത്. 2009ല്‍ കട്ടപ്പന റേസില്‍ വച്ചാണ് അമലിനെ ഞാന്‍ കാണുന്നത്. വളരെ aggressive ആയിട്ടാണ് അമല്‍ റൈഡ് ചെയ്തിരുന്നത് പിന്നീട് നല്ല നിലവാരത്തിലേക്ക് വന്നു. അന്ന് എന്റെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ റൈഡറായിരുന്നു അമല്‍.

മകനിലേക്ക് നീളുന്ന റേസിംഗ് പാരമ്പര്യം

മകനിപ്പോള്‍ 4 നാഷണല്‍ ഇവന്റ്‌സില്‍ പങ്കെടുത്തിട്ടുണ്ട്. ആദ്യ മൂന്ന് നാഷണല്‍ ഇവന്റ്‌സില്‍ മൂന്നാമതായിരുന്നു. കോയമ്പത്തൂര്‍ വെച്ച് നടന്ന നാലാമത്തെ എം.ആര്‍.എഫ്. സൂപ്പര്‍ ക്രോസ്് ചാമ്പ്യന്‍ഷിപ്പില്‍ ഫസ്റ്റ് ആയിരുന്നു. വന്‍ വിദേശ രാജ്യത്ത് പോയി റേസ് ചെയ്യണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

ട്രാക്കിലെ ഏറ്റവും മോശം നിമിഷം

എനിക്ക് അങ്ങനെ പറയത്തക്ക രീതിയില്‍ അനുഭവമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഞാന്‍ കണ്ടിട്ടുണ്ട് മറ്റൊരു റൈഡറിന് സംഭവിക്കുന്നത് ആദ്യം എത്തിയ റൈഡറിന് പ്രൈസ് നല്‍കാതെ പ്രശസ്തിയുള്ള മറ്റൊരു വ്യക്തിക്ക് പ്രൈസ് നല്‍കി. പ്രൈസ് ലഭിച്ച ആള്‍ നാലാമതായാണ് എത്തിയത്.

ഒരു റൈഡര്‍ ട്രാക്കിലും റോഡിലും പാലിക്കേണ്ട നിയമങ്ങള്‍

നല്ലൊരു റേസര്‍ ഒരിക്കലും റോഡില്‍ വേഗത്തില്‍ ഓടിക്കില്ല. മിക്ക റൈഡേഴ്‌സും റോഡില്‍ ഉപയോഗിക്കുന്നത് 100ccയില്‍ താഴെയുള്ള without gear വണ്ടികളായിരിക്കും. പ്രൊഫഷണല്‍ റേസേഴ്‌സാരും അങ്ങനെ റോഡിലൂടെ വേഗത്തില്‍ പോകില്ല. ട്രാക്കില്‍ പരാജയപ്പെട്ടവരെ റോഡില്‍ വേഗത കാണിക്കൂ.

throttle കൊടുത്താല്‍ ഡ്രൈവിംഗ് അറിയാമെങ്കിലും ഇല്ലെങ്കിലും വണ്ടി പോകും.

നമ്മളെ വണ്ടി കൊണ്ടുപോകരുത്. നമ്മള്‍ വണ്ടിയെ വേണം കൊണ്ടുപോകാന്‍.

റേസിംഗിന് വളക്കൂറുള്ള മണ്ണാണോ കേരളത്തിലേത്?

വളര്‍ച്ച വളരെ മന്ദഗതിയില്‍ ആണെന്ന് തന്നെ പറയേണ്ടി വരും. റോഡ് ബൈക്ക്, റേസ് ബൈക്ക് ആക്കിയാണ് ഇവിടെ ഓടിച്ചുകൊണ്ടിരിക്കുന്നത്. Impulse ആണ് നിലവിലുള്ള മോട്ടോര്‍ ക്രോസ് ബൈക്ക്. വാസ്തവത്തില്‍ മോട്ടോര്‍ ക്രോസിന്റേതായ യാതൊരു ഗുണങ്ങളുമുള്ള വണ്ടിയല്ല അത്. എന്നാലും നിലവില്‍ ലഭ്യമായ ബൈക്കതാണ്. മോട്ടോര്‍ക്രോസ് സീരീസിലുള്ള ബൈക്ക് കേരളത്തില്‍ വാങ്ങാന്‍ പറ്റുന്ന സാഹചര്യം തന്നെ ഉണ്ടാകുന്നത് 2016ലാണ്. ഇനി വരുന്ന കാലത്ത് സ്‌പോണ്‍സേഴ്‌സില്ലാതെ പറ്റില്ല. കാരണം നല്ല ഗിയേഴ്‌സ് ഇല്ലാതെ ഓടിക്കാന്‍ ഒരു റൈഡറും ഇപ്പോള്‍ തയ്യാറാകില്ല. നോര്‍മല്‍ ബൈക്കിന്റെ ബ്രേക്ക് ലിവര്‍ മാറ്റാന്‍ 200 രൂപ ആകുമ്പോള്‍ റേസിംഗ് ബൈക്കിന് ഏതാണ്ട് 4500 ആകും. നല്ലൊരു റേസിംഗ് കിറ്റിന് 1 ലക്ഷം രൂപയോളം ചിലവുണ്ട്.

ഒരു റൈഡറിന് നല്‍കാനുള്ള ഉപദേശം

ഞാന്‍ ഇപ്പോഴും വളര്‍ന്നിട്ടില്ല ഇനിയും പുരോഗമിക്കാന്‍ ഉണ്ട് എന്ന് എപ്പോഴും കരുതുക. എങ്കില്‍ മാത്രമേ റൈഡറിന് നിലനിലപ്പുണ്ടാവുകയുള്ളു. പണ്ട് ധൈര്യം മാത്രമായിരുന്നു റേസിനു വേണ്ടിയിരുന്നത് എന്നാല്‍ ഇന്ന് ബുദ്ധി ഉപയോഗിച്ചാണ് റേസ് ചെയ്യേണ്ടത്. ഹെല്‍ത്തിനെ പറ്റി എപ്പോഴും ബോധമുണ്ടായിരിക്കണം. ഫ്‌ളെക്‌സിബിള്‍ ആയൊരു ശരീരമുള്ള ആള്‍ക്കേ നല്ലൊരു റേസര്‍ ആകാന്‍ പറ്റുകയുള്ളു. ദേഷ്യം, പക, അസൂയ ഇവയൊന്നും ട്രാക്കിലേക്ക് കൊണ്ട് വരരുത്. 90% പേര്‍ക്കും നല്ല സ്റ്റാര്‍ട്ടിംഗ് കിട്ടിയാല്‍ ജയിക്കാന്‍ പറ്റും എന്നൊരു തിയറി ഉണ്ട്. പക്ഷേ എന്റെ അഭിപ്രായത്തില്‍ സ്റ്റാര്‍ട്ട് കിട്ടിയില്ലെങ്കിലും ജയിക്കാന്‍ പറ്റും. ഫിനിഷിംഗ് ലൈന്‍ വരെ നിങ്ങള്‍ക്ക് ചാന്‍സ് ഉണ്ട്. ഫിനിഷിംഗ് ലൈനിന് പത്ത് മീറ്റര്‍ മുന്‍പ് നിങ്ങളുടെ എതിരാളിയുടെ വണ്ടിയുടെ പ്ലഗ് പോകാം, ചെയിന്‍ പൊട്ടാം അങ്ങനെ എന്ത് വേണമെങ്കിലും സംഭവിക്കാം. മാനസികമായി തളരാതിരുന്നാല്‍ മാത്രം മതി.എന്റെ റൈഡേഴ്‌സിന് ഞാന്‍ അങ്ങനെ ആണ് തയ്യാറാക്കുക അവര്‍ മുന്‍പില്‍ എത്ര ആളുണ്ടെങ്കിലും തളരില്ല. നമ്മള്‍ എന്ന് വരെ റേസ് ചെയ്യുന്നുവോ അന്ന് വരെ നമ്മള്‍ക്ക് പ്രായം പതിനെട്ടു തന്നെയാണ്, എന്ന് നമ്മള്‍ക്ക് മടുക്കുന്നുവോ അന്ന് വരെ നമ്മള്‍ക്ക് റേസ് ചെയ്യാം. ഒരു റേസറിന്റെ expiry ഡേറ്റ് തീരുമാനിക്കുക ആ റേസര്‍ തന്നെയാണ്.

വീഡിയോ:

Next Story

Related Stories