Top

ക്ലീഷേ ഡയലോഗ് അടിച്ച സൂപ്പര്‍താരമല്ല, ഇവരാണ് സോഷ്യൽ മീഡിയയുടെ താരങ്ങൾ

ക്ലീഷേ ഡയലോഗ് അടിച്ച സൂപ്പര്‍താരമല്ല, ഇവരാണ് സോഷ്യൽ മീഡിയയുടെ താരങ്ങൾ
"വലിയ സന്തോഷം, കണ്ണിനു കാണാൻ പോലും ഇല്ലാതിരുന്ന എന്നെ നല്ല നടനാക്കിലേ നിങ്ങളെ ഒക്കെ സമ്മതിക്കണം, നന്ദി" ഇതായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രൻസിന്റെ പ്രതികരണം. മാസ്സ് എൻട്രി ഇല്ല, രഞ്ജിപണിക്കർ ലൈൻ ആരാധകർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന വരികൾ ഇല്ല, ഭൂമിയെ താങ്ങി നിർത്തുന്നത് താൻ ആണെന്ന ഭാവം ശരീര ഭാഷയിലും ഇല്ല. സിമ്പിൾ ആൻഡ് ഹബിൾ ഇന്ദ്രൻസ് എന്ന് ഒറ്റവരിയിൽ പറയാം.

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിന് ഇത്തവണ വിവാദങ്ങളുടെ അകമ്പടി കൂടെ ഉണ്ടായിരുന്നു. പ്രമുഖ നടി ആക്രമിക്കപ്പെട്ട ശേഷം താര സംഘടനയായ എ എം എം എ യിൽ നടന്ന കലാപങ്ങളും, നടിമാരുടെ രാജിയും വലിയ ചർച്ചകളിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന അതെ സമയത്താണ് അവാർഡ് വിതരണ ചടങ്ങും അരങ്ങേറുന്നത്. സർക്കാർ പരിപാടിയിൽ മുഖ്യാതിഥിയുടെ ആവശ്യം ഇല്ലെന്നു അവാർഡ് വിതരത്തിനു മുൻപേ ഒരു വിഭാഗം സിനിമ പ്രവർത്തകർ ആവശ്യപ്പെട്ടു. മുഖ്യാതിഥിയായി ക്ഷണിച്ച എ എം എം എ പ്രസിഡന്റ് കൂടിയായ മോഹൻലാലിനോടുള്ള പ്രതിഷേധമായി ഇത് പ്രചരിക്കപ്പെട്ടു.

സർക്കാർ പക്ഷെ മുഖ്യാതിഥിയായി മോഹൻലാൽ തന്നെ വേണം എന്ന നിലപാടുമായി മുന്നോട്ടു പോയി. അലൻസിയറിന്റെ മിമിക്രി ഒഴിച്ച് നിർത്തിയാൽ അവാർഡ് വിതരണ ചടങ്ങിൽ പ്രത്യേകിച്ച് പ്രതിഷേധങ്ങളോ, വിയോജിപ്പ് സ്വരങ്ങളോ ഉയർന്നില്ല. മുഖ്യാതിഥിയായി സംസാരിച്ച മോഹൻലാലിന്റെ പ്രസംഗത്തെ കുറിച്ച് കെ എസ് ബിനു എഴുതിയ കുറിപ്പിലെ ഒരു പ്രസക്ത ഭാഗം ഇങ്ങനെയാണ്. "സംസ്ഥാന അവാർഡ് വിതരണച്ചടങ്ങിന്റെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുക എന്നതൊക്കെ ഒരു കലാകാരനെ സംബന്ധിച്ച് എത്ര അപൂർവ്വമായ അവസരമാണ്. ആ വിശിഷ്ടവേദിയിൽ മുഖ്യാതിഥിയായി ചെന്ന് ശ്രീ മോഹൻലാൽ ഏകദേശം എട്ട് മിനിട്ടോളം സംസാരിച്ചിട്ടുണ്ട്. സ്വന്തം ചരിത്രത്തിലും യാത്രയിലും തുടങ്ങിയ ലാൽ ആ എട്ടുമിനിട്ട് ആകെമൊത്തം വിനിയോഗിച്ചത് ആ ഇടവും കൈയ്യേറിയ തന്റെ ഫാൻസിന്റെ കൈയ്യടിയുടെ അകമ്പടിയോടെ 'ഞാനിവിടെത്തന്നെ കാണും' എന്ന തന്റെ ടിപ്പിക്കൽ സൂപ്പർഹീറോ കഥാപാത്രങ്ങളുടെ ക്ലീഷേ മാസ്സ് ഡയലോഗ് അടിക്കാൻ മാത്രമാണ്."

മോഹൻലാലിന്റെ പ്രസംഗവും, മാസ്സ് എൻട്രിയും, അവാർഡ് വിതരണ ചടങ്ങു ഹൈജാക്ക് ചെയ്തു. പുരസ്‌കൃതരായവരുടെ ചിത്രങ്ങളോ, സന്തോഷ നിമിഷങ്ങളോ എവിടെയും കണ്ടില്ല. മാത്രമല്ല മോഹൻലാലിന്റെ പ്രസംഗ രീതിയെ വിമർശന വിധേയമാക്കിയ കെ എസ് ബിനു അടങ്ങുന്നവരെ ഫാൻസുകാർ തെറി വിളികൾ കൊണ്ട് മൂടി.

മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ജേതാക്കളെ അഭിനന്ദിച്ച ചിത്രത്തിലും മികച്ച നടനോ, നടിയോ ഇടം പിടിച്ചില്ല അവിടെയും താര രാജാവ് തന്നെ. എന്നാൽ സോഷ്യൽ മീഡിയയിലെ സെൻസും, സെന്സിബിലിറ്റിയും, സെന്സിറ്റിവിറ്റിയും ഉള്ള മനുഷ്യർ ഫാൻസിന്റെ ഭീഷണിയിലോ, താര പ്രഭയിലോ മുങ്ങി പോയില്ല. മികച്ച നടനുള്ള അവാർഡ് നേടിയ ഇന്ദ്രൻസിന്റെ പ്രസംഗം, മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ പാർവതി, മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയ പോളി വൽസൻ, സംവിധായകൻ ലിജോ ജോസ് പല്ലിശേരി എന്നിവരുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറി. പോളി വിത്സന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് റിമ കല്ലിങ്കൽ മികച്ച മാതൃകയായി.

താര പ്രഭയുടെ വെള്ളിവെളിച്ചത്തിൽ മുങ്ങിപ്പോകുമായിരുന്ന കുറച്ചു മനുഷ്യരെ സൈബർ ഇടങ്ങളിൽ എങ്കിലും ഉയർത്തി കാട്ടിയ സോഷ്യൽ മീഡിയ എഴുത്തുകള്‍ അഭിനന്ദനം അർഹിക്കുന്നു.

https://www.azhimukham.com/newswrap-mohanlals-emotional-speech-and-alancier-show-at-film-award-ceremony-writes-saju/

https://www.azhimukham.com/offbeat-alancier-explains-what-happens-between-him-mohanlal-criticizing-manorama-aruntvijayan/

Next Story

Related Stories