TopTop
Begin typing your search above and press return to search.

ആ ഒരേക്കര്‍ ഭൂമി മനുഷ്യത്വത്തിന്റേതാണ്; സ്വാഹയും ബ്രഹ്മയും കേരളത്തോട് പറയുന്നത്

ആ ഒരേക്കര്‍ ഭൂമി മനുഷ്യത്വത്തിന്റേതാണ്; സ്വാഹയും ബ്രഹ്മയും കേരളത്തോട് പറയുന്നത്
"ടി വി യിലും പത്രങ്ങളിലും വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങളും കഷ്ടപ്പാടുകളും കണ്ടപ്പോൾ, എല്ലാം നഷ്ടപ്പെട്ടവരെ കണ്ടപ്പോൾ അവർക്കായി എന്തെങ്കിലും ചെയ്യാൻ പറ്റിയെങ്കിൽ എന്ന് തോന്നി...”

സമാനതകളില്ലാത്ത പ്രളയം കേരളമാകെ ദുരന്തം വിതച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഒരു പെണ്‍കുട്ടിയുടെ സഹജീവി സ്നേഹത്തിന്റെ ഈ കഥയ്ക്കും അധികം സമാനതകളില്ല. അതുകൊണ്ടു തന്നെ എല്ലാവരും തുല്യരായി ജീവിച്ച ഒരുകാലത്തെ ഓര്‍മ്മിക്കുന്ന ഈ ഓണക്കാലത്തെ നിരവധി താരങ്ങളില്‍ ഒരാളാണ് സ്വാഹ.

“ദുരിതബാധിതരെ സഹായിക്കണമെന്നത് സ്വയം എടുത്ത തീരുമാനമാണ്. പക്ഷെ കയ്യിൽ പൈസയൊന്നും ഇല്ല... അങ്ങനെയാണ് ഒരേക്കർ സ്ഥലം സംഭാവന ചെയ്യാൻ തീരുമാനിച്ചത്. അച്ഛനോടാണ് ഇത് ആദ്യം പറഞ്ഞത്... അച്ഛന് സന്തോഷമായി, സമ്മതവും തന്നു..." സ്വാഹ പറഞ്ഞു.

പയ്യന്നൂര്‍ മാവിച്ചേരിയിലെ 'സ്വർഗം' വീട്ടിൽ ശങ്കരന്റെയും ഭാര്യ വിധുബാലയുടെയും മകളാണ് വി.എസ് സ്വാഹ. പയ്യന്നൂർ കണ്ടങ്കാളി ഷേണായീസ് എച്ച് എസ് എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ സ്വാഹയും ഒൻപതിൽ പഠിക്കുന്ന അനുജൻ ബ്രഹ്‌മയുമാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ തീരുമാനം കൈക്കൊണ്ടത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചത് പാരമ്പര്യ സ്വത്തിൽ നിന്നുള്ള ഒരേക്കർ സ്ഥലമാണ്. മക്കളുടെ തീരുമാനത്തെ പറ്റി ശങ്കരൻ അഭിമാനത്തോടെ പറയുന്നു: "ഇക്കാലത്ത് സഹജീവി സ്നേഹം ഉണ്ടാവുക എന്നത് പ്രധാനമാണ്. ഇത്രയും മക്കൾ കാണിച്ചല്ലോ... ഞാൻ വളർത്തിയ എന്റെ മക്കൾ പാഴായിപ്പോയില്ലല്ലോ എന്നോർക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ഒരു തരിയെങ്കിലും സഹായം ലഭ്യമാക്കാനായവർ സുകൃതം ചെയ്യുന്നവരാണ്. അങ്ങനെ നോക്കുമ്പോൾ എന്റെ മക്കളെ ഓർത്ത് ഞാൻ വലിയ അഭിമാനത്തിലാണ്."


കേരളത്തെ പ്രളയം വേട്ടയാടിയ നാളുകളിൽ ഒരു ദിവസം സ്വാഹയും ബ്രഹ്മയും അച്ഛനോടും അമ്മയോടും ചോദിച്ചതിങ്ങനെയാണ്, "അച്ഛൻ ഇത്രയെങ്കിലും സമ്പാദിച്ചത് ഞങ്ങൾക്ക് വേണ്ടിയല്ലേ... അതിൽ നിന്നൊരു ഭാഗം ഞങ്ങൾ ദുരിതബാധിതർക്ക് കൊടുക്കട്ടെ?"

മക്കളുടെ ചോദ്യം കേട്ടപ്പോൾ ശങ്കരന്റെ കണ്ണ് നിറഞ്ഞു. ശരിയായ എന്ത് തീരുമാനം എടുത്താലും അച്ഛൻ ഒപ്പമുണ്ടാവുമെന്നു പറഞ്ഞു. അങ്ങനെ സ്വന്തമായുള്ള മൂന്നര ഏക്കറിൽ നിന്ന് ഒരേക്കർ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ സ്വാഹയും ബ്രഹ്മയും തീരുമാനിച്ചു. അച്ഛനും അമ്മയും പിന്തുണച്ചു.

സ്കൂൾ പ്രിൻസിപ്പളിനെ വിവരം അറിയിച്ചപ്പോൾ അദ്ദേഹത്തിന് സംശയം. വീട്ടുകാർ അറിഞ്ഞു കൈക്കൊണ്ട തീരുമാനമാണ് എന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയെയും ജില്ലാ കലക്ടറേയും വിവരമറിയിച്ചു. നികുതി അടയ്ക്കുന്നതിലെ ചെറിയ സാങ്കേതിക തടസ്സം ഒഴിവാക്കി അടുത്ത ദിവസം തന്നെ സ്ഥലത്തിന്റെ രജിസ്റ്റർ നടപടി നടക്കും.

അതിനിടെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അടക്കമുള്ളവർ വിളിച്ച് അഭിനന്ദിച്ചു.  അറിഞ്ഞവരെല്ലാം വളരെ നല്ല തീരുമാനം എന്ന് പറഞ്ഞു. സ്ഥലം വിട്ടു നൽകാൻ എന്താണ് വേണ്ടതെന്ന് ചോദിച്ച് പ്രിൻസിപ്പളിന് കത്ത് നൽകുകയായിരുന്നു. ഇപ്പോൾ അതിന്റെ നടപടികൾ പൂർത്തിയായി വരുന്നു. പി.കെ ശ്രീമതി എം പി അടക്കമുള്ള ഒരുപാട് പേർ വിളിച്ച് അഭിനന്ദനം അറിയിച്ചതായും സ്വാഹ അഴിമുഖത്തോട് പറഞ്ഞു.

ചെസ്സിലെ താരമാണ് സ്വാഹ. ദേശീയ തലത്തിൽ നടന്ന ചെസ്സ് ടൂർണമെന്റുകളിൽ 9 തവണ പങ്കെടുത്തു. അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

https://www.azhimukham.com/kerala-great-work-done-by-fire-and-rescue-service-team-in-flood-rescue-operation-report-rakesh-sanal/

Next Story

Related Stories