TopTop
Begin typing your search above and press return to search.

തെരുവില്‍ കച്ചവടം തുടങ്ങിയിട്ട് 28 വര്‍ഷം; ഇനിയും ലൈസന്‍സില്ല; ഒറ്റയ്ക്ക് പടവെട്ടി വിമലയുടെ ജീവിതം

തെരുവില്‍ കച്ചവടം തുടങ്ങിയിട്ട് 28 വര്‍ഷം; ഇനിയും ലൈസന്‍സില്ല; ഒറ്റയ്ക്ക് പടവെട്ടി വിമലയുടെ ജീവിതം
ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ കഷ്ടപ്പാടുകളെ ഉണ്ടായിട്ടുള്ളു. ഭര്‍ത്താവുപേക്ഷിച്ചു പോയശേഷം മകളുമൊത്ത് സ്വദേശമായ ചാലക്കുടി വിട്ട് കൊച്ചിയിലെത്തിയിട്ട് 32 വര്‍ഷമായി. മകളുടെ വിവാഹശേഷം വര്‍ഷങ്ങളേറെയായി കൊച്ചിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട്. നേരത്തെ എറണാകുളം സൗത്തില്‍ കരിക്ക് വിറ്റും വീട്ടുവേല എടുത്തുമാണ് ഞാനും മകളും ജീവിച്ചിരുന്നത്. പ്രായമായ പെണ്‍കുട്ടിയുമൊത്ത് ആദ്യം എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ വാടക വീട്ടിലാണ് താമസിച്ചത്. മകളുമൊത്ത് അവിടെ താമസിക്കാന്‍ പേടിയായതുകൊണ്ടാണ് മകളെ വൈക്കത്തെ സിസ്റ്റര്‍മാര്‍ നടത്തുന്ന മഠത്തില്‍ താമസിപ്പിച്ച് പ്ലസ്ടു വരെ പഠിപ്പിച്ചത്. ആ ദിവസങ്ങളിലെല്ലാം ഒറ്റയ്ക്കായിരുന്നു താമസം. പലപ്പോഴായി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് ഗാന്ധിനഗറില്‍ പുഷ്പനഗറില്‍ ഒരു ചെറിയ കൂര വെച്ച് കെട്ടിയത്. നല്ല മനസുള്ള കുറച്ചാളുടെ കൈത്താങ്ങുകൊണ്ടാണ് അത് സാധിച്ചത്. 13 കൊല്ലം മുമ്പ് ഈ വീട് വിറ്റാണ് മകളുടെ കല്യാണം നടത്തിയത്. ഇപ്പോള്‍ ചമ്പക്കരയില്‍ ഒരു മുറിയും അടുക്കളയുമുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. മാസാദ്യം ആറായിരം രൂപ വാടക ഇനത്തില്‍ മാത്രമായി ഈ വീടിന് കൊടുക്കണം. കറന്റ്, വെള്ളം എന്നിവ വേറെ വിമല പറയുന്നു. വിവിധ രോഗങ്ങള്‍ അലട്ടുന്ന വിമലക്ക് മരുന്നിന് വേണ്ടി 2000 രൂപയിലധികമാകും പ്രതിമാസം ചിലവാകും. സാമ്പത്തിക ഞരുക്കത്തില്‍ കഴിയുന്ന മകളെയും കുടുംബത്തെയും കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണ് കച്ചവടത്തിലിറങ്ങിയതെന്നും ഇവര്‍ പറയുന്നു. 28 വര്‍ഷത്തിലേറെയായി എറണാകുളത്തും പരിസരപ്രദേശങ്ങളിലും തെരുവുകച്ചവടം നടത്തുകയാണ് വിമല.

യാതൊരുവിധ സുരക്ഷിത്വമോ സഹായമോ ഇല്ലാതെ തെരുവില്‍ ജീവിതത്തോട് പടവെട്ടുന്ന വിമലയെപ്പോലെ ഇനിയുമുണ്ട് ഒത്തിരി പേര്‍. ആരാലും സഹായമില്ലാതെ സ്ഥിരമായ വിലാസമോ വീടോ നാടോ ഇല്ലാതെ കഴിയുന്ന ഇത്തരക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തുന്നുണ്ടോ? അന്നന്ന് കച്ചവടം നടത്തി ജീവിക്കുന്നതിന്റെ ഒരു നല്ല ശതമാനം തുകയും പലിശക്കാര്‍ കൊണ്ടു പോകും. മറ്റ് കച്ചവടക്കാരുടെ ഉപദ്രവം സഹിക്ക വയ്യാതെ ആയപ്പോള്‍ ലൈസന്‍സിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് കാലങ്ങളായി ഇതുവരെയും കിട്ടിയിട്ടില്ല. ലോണ്‍ അപേക്ഷിച്ചാല്‍ കിട്ടില്ല. സര്‍ക്കാര്‍പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും പ്രയോജനം ചെയ്യുന്നില്ല. റേഷന്‍ കാര്‍ഡു പോലുമില്ലാത്ത വിമലയെ പോലുള്ളവരെ ആരാണ് സഹായിക്കുക? വിമലയെ പോലെ അര്‍ഹതപ്പെട്ടവരുടെ കൈകള്‍ക്ക് താങ്ങായി സര്‍ക്കാര്‍ പദ്ധതികള്‍ മാറുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

രാജ്യത്തെ നഗരങ്ങളിലെ അനൗദ്യേഗിക സമ്പദ് വ്യവസ്ഥയുടെ താഴെതട്ടില്‍ നില്‍ക്കുന്ന ഇത്തരക്കാരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ദേശീയ നഗര ഉപജീവന മിഷന്റെ സഹായ പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ പദ്ധതി ഇഴയുകയാണെന്നതിനുള്ളതിന് തെളിവാണ് വിമലയെപോലുള്ളവരുടെ ദുരിത ജീവിതങ്ങള്‍ പറയുന്നത്. തെരുവു കച്ചവടക്കാരുടെ വിഷമതകള്‍ക്ക് പരിഹാരമെന്നോണമാണ് ദേശീയ നഗര ഉപജീവന മിഷന്‍ തെരുവുകച്ചവടക്കാര്‍ക്കായി സഹായ പദ്ധതി രൂപവത്കരിച്ചത്. തൊഴില്‍ ചെയ്യാനുള്ള സ്ഥലം കണ്ടെത്തുക, വായ്പ എടുക്കാനുള്ള സാഹചര്യം ഉണ്ടാക്കുക, തൊഴില്‍വൈദഗ്ധ്യം മെച്ചപ്പെടുത്തുക തുടങ്ങി ലക്ഷ്യങ്ങള്‍ക്കായി പദ്ധതി ആവിഷ്‌കരിച്ചത്. മൂന്നു കൊല്ലമായിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയൊന്നുമില്ല. തെരുവു കച്ചവടക്കാരുടെ സര്‍വേ എടുക്കല്‍, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എന്നിവ പേരിന് മാത്രമാണ് നടക്കുന്നത്. ഓരോ ദിവസവും അതിജീവനത്തിനു വേണ്ടി പടപൊരുതുന്ന ഇത്തരക്കാരുടെ പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം കാണാതെയാണ് സമാര്‍ട്ടാണ് കൊച്ചിയെന്ന് കൊട്ടിഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തില്‍ സുഭാഷ് പാര്‍ക്കിന് മുന്നില്‍ കച്ചവടം നടത്തിയിരുന്ന തെരുവുകച്ചവടക്കാരെ നഗരസഭാ അധികാരികള്‍ മുന്നറിയിപ്പില്ലാതെ എത്തി ഒഴിപ്പിച്ചു. ജീവിക്കാന്‍ പാടുപെടുന്ന ഞങ്ങളെ പോലുള്ളവരെ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാരുകളുടേതെന്ന് തെരുവുകച്ചവടക്കാര്‍ പറയുന്നു.

എറണാകളം സൗത്തില്‍ കരിക്ക് വിറ്റു തുടക്കം

'എറണാകുളം സൗത്തില്‍ ഗേള്‍സ് സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന് ഉപജീവനത്തിനായി കരിക്ക് കച്ചവടം തുടങ്ങി തന്നത് ആങ്ങളയാണ്. തുടക്കത്തില്‍ കച്ചവടം കുറവായിരുന്നെങ്കിലും പീന്നീട് ഭേദപ്പെട്ടു. അങ്ങനെ അങ്ങനെയായി കച്ചവടം പിടിച്ച് വന്നപ്പോഴേക്കും മറ്റ് കച്ചവടക്കാര്‍ക്കിത് പാരയായി മാറി. പലപ്പോഴായി അവിടെ നിന്ന് മാറിപോകണമെന്നു പറഞ്ഞു. പിന്നെ ഭീഷണിയായി. എന്നാലും മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാഞ്ഞിട്ട് അവിടെ നിന്ന് പോകാന്‍ മനസനുവദിച്ചില്ല. പിന്നെ അവിടുന്ന് എന്നെ ഓടിക്കാന്‍ സമീപത്തെ കച്ചവടക്കാര്‍ കഞ്ചാവ് കേസില്‍ കുടുക്കി. കരിക്കിനിടയില്‍ കഞ്ചാവ് വെച്ച് പോലീസിനെ കൊണ്ട് പിടിപ്പിച്ചു. അന്ന് ഞാന്‍ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വീട്ടില്‍ ചെന്ന സമയത്താണ് പോലീസ് വന്ന് പിടിച്ചുകൊണ്ടുപോയത്. കച്ചവടക്കാര്‍ താന്‍ കഞ്ചാവ് ബിസിനസുകാരിയാണെന്ന് പോലീസുകാരോട് പറഞ്ഞു കൊടുത്തു. ഒരു ദിവസം ജയിലില്‍ കിടന്ന തന്നെ മകളും മരുകനും വന്നാണ് ഇറക്കിയത്. തങ്ങള്‍ക്ക് കച്ചവടം നടത്തുന്നതിന് ലൈസന്‍സ് അനുവദിക്കാത്തതുകൊണ്ടല്ലേ ഇക്കൂട്ടര്‍ ഞങ്ങള്‍ക്കു നേരെ തിരിയുന്നത്?'
തനിക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവങ്ങള്‍ എല്ലാം പറയുമ്പോള്‍ വിമലയുടെ കണ്ണുകള്‍ നിറഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കരിക്ക് ബിസിനസ് ചെയ്യാന്‍ കഴിയാതെയായി. കരിക്ക് വെട്ടാന്‍ സാധിക്കാതെയായി. കൈമുട്ടിനുള്‍പ്പെടെ വേദനയും സന്ധിവാതവും പിടിപ്പെട്ടു. കൊച്ചി മെട്രോയ്ക്കായി കച്ചവടം നടത്തിയിരുന്ന സ്ഥലം എടുത്തതോടെ കരിക്കിന്‍ കച്ചവടം നിര്‍ത്തി. ഇപ്പോള്‍ പലരുടെയും സഹായം കൊണ്ടാണ് എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനു സമീപം മറൈന്‍ ഡ്രൈവ് മൈതാനിക്കു മുന്‍പിലായി വെച്ച് കെട്ടിയ കടയില്‍ ശീതള പാനീയങ്ങള്‍ വിറ്റ് ഉപജീവനം കഴിക്കുന്നത്. സര്‍ബത്ത്, തണ്ണിമത്തന്‍, സംഭാരം തുടങ്ങി പുതിയ തലമുറ ചെയ്യുന്ന കുലുക്കി സര്‍ബത്ത് വരെ വിമല വില്‍ക്കുന്നു. എന്നാല്‍ തന്റെ കടയില്‍ സിഗരറ്റോ, ബീഡിയോ ഒന്നും വില്‍ക്കില്ലെന്നും എത്ര ലാഭം കിട്ടുമെന്ന് പറഞ്ഞാലും അതിന് താന്‍ തയ്യാറാകില്ലെന്നും വിമല പറയുന്നു. വൈകുന്നേരം ഇരുട്ടി തുടങ്ങിയാല്‍ കടയടച്ച് പോകും. വൈകും തോറും ഈ പ്രദേശത്ത് ഇരുട്ടാണ് ഒറ്റയ്ക്ക് കടനടത്തി പോകാന്‍ പേടിയാണെന്ന് ഇവര്‍ പറയുന്നു. രാവിലെ ഒരു ചായ മാത്രമാണ് വിമലയുടെ ഭക്ഷണം ഉച്ചയ്ക്ക് കഴിക്കാനുള്ള ഊണ് കൊണ്ടു വരും രാത്രി വീട്ടില്‍ ചെന്നാല്‍ കഞ്ഞിയും. ഇങ്ങനെ ചിലവ് ചുരുക്കി കഴിഞ്ഞു കൂടുകയാണ് വിമല.

സ്വന്തമായി വീടും കച്ചവടത്തിനായി ഒരു കടമുറിക്കും സഹായം തേടിയെങ്കിലും നടന്നില്ല

വാടകവീട്ടില്‍ കഴിയുന്നവര്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും സര്‍ക്കാര്‍ വീട് വെച്ച് കൊടുക്കുന്നുവെന്ന കേട്ടറിഞ്ഞ് കൊച്ചി കോര്‍പറേഷനില്‍ ചെന്നപ്പോള്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് അപേക്ഷിക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞ്. എന്നാല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കാന്‍ ചെന്നപ്പോള്‍ ഒരംഗം മാത്രമുള്ള കുടുംബത്തിന് റേഷന്‍ കാര്‍ഡ് ലഭിക്കില്ലെന്നുമാണ് അറിയാന്‍ സാധിച്ചത്. ഇതോടെ ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ച് ജീവിതം തള്ളി നീക്കുകയാണ് അമ്പതുകാരിയായ വിമല. കച്ചവടം നടത്തി കിട്ടുന്നതില്‍ ഏറെയും പലിശക്കാര്‍ കൊണ്ടുപോകും. കച്ചവടം നന്നാക്കുന്നതിന് ലോണും കിട്ടില്ല. ജീവിക്കാന്‍ വേണ്ടി പാടുപെടുന്നവരെ ഉപദ്രവിക്കരുതേയെന്നാണ് വിമലയ്ക്ക് പറയാനുള്ളത്.

വഴിയോര കച്ചവട സൗഹൃദ സംസ്ഥാനം പ്രഖ്യാപനത്തില്‍ ഒതുങ്ങി

സുപ്രീകോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് 2014 ല്‍ സ്ട്രീറ്റ് വെന്‍ഡേഴ്സ് പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം തെരുവു കച്ചവടക്കാരെ സംരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടു വരുകയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുള്ളതാണെന്നും ഇതനുസരിച്ച് 2017 നവംബറില്‍ കേരളം വഴിയോരകച്ചവട സൗഹൃദ സംസ്ഥാനമാക്കി പ്രഖ്യാപിച്ചിരുന്നതായും കേരള സംസ്ഥാന ചെറുകിട വ്യാപാര സംഘടന(ടിയുസിഐ) പ്രസിഡന്റ് അഡ്വ.ടി.ബി മിനി അഴിമുഖത്തോട് പറഞ്ഞു. 'വഴിയോരകച്ചവട സൗഹൃദ സംസ്ഥാനമെന്ന പ്രഖ്യാപനത്തിന് ശേഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ ഉത്തരവും നല്‍കിയിരുന്നു. എന്നാല്‍ കൊച്ചി സഗരസഭയില്‍ കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും കാറ്റില്‍ പറത്തി തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അഡ്വ.ടി.ബി മിനി പറഞ്ഞു. നഗരസഭയുടെ പരിധിയില്‍ ഒന്നാം ഡിവിഷനില്‍ ചില കച്ചവടക്കാര്‍ക്ക് ഐഡി കാര്‍ഡ് കൊടുത്തതല്ലാതെ മറ്റു ഡിവിഷനുകളില്‍ ഐഡി കാര്‍ഡോ? ലൈസന്‍സോ കൊടുക്കാതെ തെരുവു കച്ചവടക്കാര്‍ക്കെതിരെയുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ദേശീയ ഉപജീവന മിഷന്റെ കീഴില്‍ തെരുവുകച്ചവടക്കാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഇവരെ സോണുകളായി തിരിച്ച് ലൈസന്‍സ് ഉള്‍പ്പെടെ നല്‍കി പദ്ധതികളുടെ ഗുണഭോക്തക്കളാക്കാനുമാണ് നിര്‍ദ്ദേശം. എന്നാല്‍ തെരുവു കച്ചവടക്കാരെ നരകയാതനകളിലേക്ക് തള്ളിവിടുന്ന നയമാണ് കൊച്ചി നഗരസഭ സ്വീകരിക്കുന്നത്.' യൂണിയനുകളെയും കച്ചവടക്കാരെയും ഉള്‍പ്പെടുത്തി ടൗണ്‍ വെന്റിംഗ് കമ്മിറ്റി രൂപീകരിച്ച് തെരുവു കച്ചവടക്കാര്‍ക്കിടയില്‍ സര്‍വേ നടത്തുന്ന പ്രവൃത്തികളൊന്നും കാര്യക്ഷമമായല്ല നഗരസഭ ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ടിയുസിഐ യുണിയനില്‍ ഉള്‍പ്പെടുന്ന 400 ഓളം കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവരെ ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ നഗരസഭാ ഭരണാധികാരികള്‍ തയാറാകുന്നില്ല. ലൈസന്‍സില്ലെന്ന കാരണത്താല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 100 ഓളം തെരുവു കച്ചവടക്കാരുടെ സാധനങ്ങള്‍ നഗരസഭ പിടിച്ചെടുത്തുവെന്ന് അഡ്വ.ടി.ബി മിനി പറഞ്ഞു.

Next Story

Related Stories