TopTop
Begin typing your search above and press return to search.

അവളില്ലെങ്കിൽ ഞാൻ ഇല്ല, ഞാൻ ഇല്ലെങ്കിൽ അവളുമില്ല

അവളില്ലെങ്കിൽ ഞാൻ ഇല്ല, ഞാൻ ഇല്ലെങ്കിൽ അവളുമില്ല

സ്ത്രീ പുരുഷ പ്രണയങ്ങളെയും ലൈംഗിക അഭിലാഷങ്ങളെയും വലിയ തോതിൽ കൊണ്ടാടുന്ന ഒരു നാട്ടിൽ ഇന്ന് വരെയും നാം കൂടുതൽ അറിഞ്ഞതും കേട്ടതും സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വൈകാരികതകളെയാണ്. അംഗീകരിച്ചതും അതിനെ തന്നെ. വളരെ വിരളമായെങ്കിലും ഗേ, ലെസ്ബിയൻ പ്രണയങ്ങളെ കുറിച്ച് കെട്ടിട്ടുണ്ടെങ്കിലും അവർക്ക് വലിയ തോതിൽ ദൃശ്യത വന്നു എങ്കിലും, അതിനെ അംഗീകരിക്കാൻ തക്ക വിധത്തിലുള്ള തുറന്ന മനസ്സൊന്നും നമ്മുടെ നാടിന് പൂർണമായും ലഭിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അങ്ങനെയുള്ള ഒരു നാട്ടിൽ ഇക്കഴിഞ്ഞ കാലയളവിൽ ഏറെ പ്രാധാന്യം കൈവന്ന രണ്ട് ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കിടയിലെ പ്രണയത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരുടെ പ്രണയ ജീവിതങ്ങളെ നാം അടുത്തറിഞ്ഞിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? കേരളത്തിലെ ട്രാൻസ്‌ജെൻഡർ അവകാശ പോരാട്ടങ്ങളിൽ മുൻനിരയിൽ ഉള്ള ശീതൾ ശ്യാമിന്റെ ജീവിത പങ്കാളി സ്‌മിന്റോജ് ആലപ്പാട് തങ്ങളുടെ 11 വർഷമായി നീണ്ടു നിൽക്കുന്ന പ്രണയജീവിതത്തെയും, ദാമ്പത്യ ജീവിതത്തെയും കുറിച്ച് അഴിമുഖത്തോട് സംസാരിക്കുന്നു.

ഞങ്ങളുടെ ആദ്യ കൂടി കാഴ്ച്ച നടക്കുന്നത് തൃശ്ശൂർ ടൗണിൽ വെച്ചായിരുന്നു. ഞങ്ങൾ രണ്ടു പേരും അന്ന് വ്യത്യസ്ത ഇടങ്ങളിലായി ജോലി ചെയ്യുന്നവരാണ്. അങ്ങനെ നിത്യവും കണ്ട് തുടങ്ങിയപ്പോൾ ആ പരിചയത്തിന്റ പുറത്തു പരസ്പരം സംസാരിച്ചു തുടങ്ങി. പതിവായുള്ള ആ സംസാരങ്ങൾ ക്രമേണ നല്ല സൗഹൃദത്തിൽ എത്തി. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് മാറുന്നത്. ശീതളായിരുന്നു ആദ്യം പ്രണയം തുറന്ന് പറയുന്നത്. അക്കാലത്തു ശീതൾ ട്രാൻസ് ഐഡന്റിറ്റിയിൽ അല്ലായിരുന്നു. ശ്യാം എന്ന മെയിൽ ഐഡൻറിറ്റിയിലായിരുന്നു ജീവിച്ചിരുന്നത്. ശീതളിന്റെ ആ മെയിൽ ഐഡന്റിറ്റി ഒരു തരത്തിലും എന്നെ കുഴക്കുന്ന കാര്യം അല്ലായിരുന്നു. അതുകൊണ്ട് തന്നെ ശീതൾ പ്രണയം പറയുമ്പോൾ ഞാൻ ആലോചിച്ചു മറുപടി പറയാം എന്നു തന്നെയാണ് പറഞ്ഞതും.

അങ്ങനെ ആ സൗഹൃദം മുൻപോട്ട് പോയി കൊണ്ടിരിക്കുന്നതിനിടയിലാണ് ശീതളിന്റെ അമ്മ മരിക്കുന്നത്. ആ സാഹചര്യത്തിൽ എനിക്ക് ശീതളിന്റെ വിഷമത്തെ മനസിലാക്കാനായി. ശീതളിനോടുള്ള മാനസികമായ അടുപ്പവും കൂടി. ആ മാനസികമായ അടുപ്പത്തിൽ നിന്നാണ് ഞാൻ ശീതളിനോട് തിരിച്ചും പ്രണയം പറയുന്നത്. ഇഷ്ടം തുറന്നു പറഞ്ഞതിന് ആറു മാസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ പട്ടിക്കാട് എന്ന സ്ഥലത്ത് വീട് എടുത്തു താമസിച്ചു തുടങ്ങുന്നത്. അന്ന് രണ്ടു പേരും മെയിൽ എന്ന അവസ്ഥയിൽ നിൽക്കുന്നവരായതുകൊണ്ട് ആളുകൾക്ക്, പ്രത്യേകിച്ചു സമീപ വാസികൾക് വലിയ പ്രശ്നം ഒന്നും തന്നെ ഇല്ലായിരുന്നു.

http://www.azhimukham.com/moral-policing-attack-against-transgenders-police-torture/

അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ ആണ് ഇന്ത്യവിഷൻ ചാനലിൽ വാസ്തവം എന്ന ഒരു പരിപാടിയിൽ ഞങ്ങൾ ചർച്ചക്ക് വരുന്നത്. ആ പരിപാടി വന്നതിനു ശേഷമാണ് വാസ്തവത്തിൽ ആളുകൾ നമ്മളെ കുറിച്ച് ചെറിയ തോതിലെങ്കിലും അറിഞ്ഞു തുടങ്ങുന്നത് തന്നെ. അപ്പോഴും ട്രാൻസ് എന്ന ഒരു വിഭാഗം കൂടി ഇവിടെ നിലനിൽക്കുന്നുവെന്ന കാര്യത്തിൽ ആളുകൾക്ക് കൃത്യമായ ധാരണയില്ലായിരുന്നു എന്നത് വേറെ കാര്യം. അതോടെ ഞങ്ങൾ പിന്നീട് പട്ടിക്കാടിൽ നിന്നും താമസം മാറി വഴുക്കുംപാറ എന്ന സ്ഥലത്തേക്ക് പോയി.

അവിടെ താമസം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അവിടുള്ള ഒരാൾ ശീതളിന് നേരെ വല്ലാത്ത തരത്തിൽ ഉള്ള ഉപദ്രവമായി വന്നു. ലൈംഗികപരമായ തരത്തിൽ ഉള്ള അയാളുടെ നിർബന്ധം സഹിക്ക വയ്യാതെ ശീതളത് എന്നോട് പറയുകയും ഞാൻ അയാളുടെ വീട്ടിൽ ചെന്ന് പ്രശ്നമുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് ഒരു നാട് മുഴുവൻ ഞങ്ങൾക്ക് എതിരായി തീർന്നു. സ്വാഭാവികമായും എന്റെ പങ്കാളിക്ക് നേരെ വരുന്ന അതിക്രമത്തെ എതിർക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണല്ലോ. പക്ഷെ ആ ഒരൊറ്റ കാരണത്താൽ ഞങ്ങൾക്ക് ആ നാട് തന്നെ വിട്ട് പോകേണ്ട അവസ്ഥയാണ് ഒടുവിൽ വന്നത്.

http://www.azhimukham.com/transgender-activist-sheethal-shyam-speaks-about-on-new-film-aabhaasam-interview-by-anu-chandra/

അങ്ങനെ ഞങ്ങൾക്ക് താമസിക്കുവാനായി ഞാൻ ജോലി ചെയുന്ന കമ്പനി, ഒല്ലൂരിൽ ഒരു ഫ്ലാറ്റ് എടുത്തു തന്നു. മുൻപേ ഞങ്ങൾ ടി വിയിൽ ഒക്കെ വന്നത് കൊണ്ട് കമ്പനിയിൽ ഉള്ളവർക്കൊക്കെ ഞങ്ങളെ അറിയാമായിരുന്നു. അതുകൊണ്ട് വലിയ കുഴപ്പം ഒന്നുമില്ലാതെ മുൻപോട്ട് ജീവിതം പോയി കൊണ്ടിരിക്കുമ്പോൾ ആണ് ഏഷ്യാനെറ്റ് ചാനലിൽ നമ്മൾ തമ്മിൽ പരിപാടിയിൽ ഞങ്ങൾ രണ്ട് പേരും പങ്കെടുക്കുന്നത്. ആ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തതോട് കൂടി ആ ഫ്ലാറ്റ് വിട്ട് പോകേണ്ട അവസ്ഥയാണ് ഞങ്ങൾക്ക് വന്നത്. ഇങ്ങനത്തെ ആളുകൾ ഒന്നും ഇവിടെ താമസിക്കണ്ടാ എന്നു പറഞ്ഞു അവർ ഞങ്ങളെ പുറത്താക്കി. അങ്ങനെ ഞങ്ങൾ ബാംഗ്ലൂർ പോയി കുറച്ചു കാലം അവിടെ താമസിച്ചു.

എന്റെ ചേട്ടന്റെ കല്യാണവും, ശീതളിന്റെ അപ്പച്ചന് വയ്യാതാവുകയും ഒക്കെ ചെയ്തതോടെ അവിടെ നിന്നും വീണ്ടും തിരിച്ചു നാട്ടിലേക്ക് വരേണ്ടി വന്നു. തിരിച്ചു വന്ന ആ ഒരു സാഹചര്യത്തിൽ ഞങ്ങൾ രണ്ട് പേരും വേറെ വേറെ താമസിച്ചു. അവൾ അവളുടെ വീട്ടിലും ഞാൻ വേറെയും. ശീതളിനെ എന്നും തൃശ്ശൂർ വടക്കേ ചിറയിൽ വെച്ചു കാണും, സംസാരിക്കും, ശേഷം ശീതളിനെ വണ്ടി കയറ്റി വീട്ടിലേക്ക് അയക്കും, ഞാനും തിരിച്ച് വീട്ടിൽ പോകും. ഇത് സ്ഥിരം പരിപാടിയായി മാറി. അങ്ങനെ നിൽക്കുന്ന സമയത്തു ഞാൻ ഒരു പുതിയ വാഹനം വാങ്ങിക്കുന്നത്. പിന്നെ കറക്കമൊക്കെയും വാഹനത്തിലായി. ജോലി കഴിഞ്ഞാൽ നേരെ വന്നു ശീതളിനെ കൊണ്ട് വീട്ടിലെത്തിക്കും.

http://www.azhimukham.com/offbeat-nov-20-transgender-day-of-remembrance-anu-chandra-writing/

അങ്ങനെ ഏതാണ്ട് രണ്ടു കൊല്ലത്തോളം ഇങ്ങനെ തന്നെ മുൻപോട്ട് പോയി. ആയിടക്ക് ശീതളിന്റെ കുറച്ച് അഭിമുഖങ്ങൾ ഒക്കെ ടി വിയിൽ വന്നു തുടങ്ങിയപ്പോ സ്വാഭാവികമായും ഇത് ശീതളിന്റെ വീട്ടിൽ പ്രശ്നമായി. പ്രശ്നം കൂടി വന്നപ്പോൾ ശീതളിന് വീട്ടിൽ നിന്ന് ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയായി. അങ്ങനെ ഞാൻ രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ എനിക്കായി കൈയിൽ കരുതുന്ന ഭക്ഷണം ശീതളിന് കൊടുത്തു തുടങ്ങി. കാലത്തുള്ള ഭക്ഷണം വാങ്ങി കൊടുക്കും, കമ്പനിയിൽ പോകും, വൈകീട്ട് തിരിച്ചു വരുമ്പോൾ ഭക്ഷണം വാങ്ങി കൊടുക്കും. അങ്ങനെ 4 വർഷം ഈ രീതിയിൽ മുൻപോട്ട് പോയി. പിന്നീട് ആ 4 വർഷത്തിന് ശേഷം ഞങ്ങൾ വീണ്ടും ഒന്നിച്ചു താമസിച്ചു തുടങ്ങി.തൃശൂർ പരിചയത്തിൽ ഉള്ള ഒരു ജേക്കബ് ഏട്ടൻ താമസിക്കാൻ ഉള്ള ഒരു വീട് ഏർപ്പാടാക്കി തന്നു. പിന്നീട് അവിടന്ന് മാറി ഇപ്പോള്‍ ആലുവയിൽ താമസിക്കുന്നു.

http://www.azhimukham.com/transgenders-social-issues-morality-government-policy-sheethal-syam-smfk-rakesh-azhimukham/

2014ലെ സുപ്രിം കോടതി വിധി വന്നതിനു ശേഷമാണ് ശീതളിന് കൂടുതൽ സ്വീകാര്യത കിട്ടുന്നത്. അങ്ങനെയാണ് ശ്യാം എന്ന മെയിൽ ഐഡൻറിറ്റി ഉപേക്ഷിച്ചു, ശീതൾ ട്രാൻസിലേക്ക് പൂർണമായും മാറുന്നത്. ശീതൾ അങ്ങനെ മാറണമെന്ന് താല്പര്യം പ്രകടിപ്പിച്ചപ്പോ ഞാനും വേണ്ടാ എന്നു പറഞ്ഞില്ല. അത് അവളുടെ സന്തോഷമാണ്, ഇഷ്ടമാണ്. ഒരു പങ്കാളി എന്ന നിലയിൽ അവളുടെ സന്തോഷങ്ങൾ അറിഞ്ഞുകൊണ്ട് പിന്തുണ കൊടുക്കുക എന്നത് എന്റെ കടമയാണ്. പിന്നീട് സമൂഹത്തിൽ ശീതളിന് ട്രാൻസ് ആക്ടിവിസ്റ്റ് എന്ന നിലയിലും, കലാകാരി എന്ന നിലയിലും എല്ലാം ഏറെ സ്വീകാര്യത ലഭിച്ചു തുടങ്ങി.

വളരെ പെട്ടെന്നായിരുന്നു ശീതളിന്റെ തുടർന്നുള്ള വളർച്ച. വാസ്തവത്തിൽ ശീതൾ ഇല്ലെങ്കിൽ ഞാനുമില്ല, ഞാൻ ഇല്ലെങ്കിൽ ശീതളുമില്ല. നൃത്തമായാലും, പാട്ടായാലും, അഭിനയമായാലും എല്ലാം ശീതൾ നന്നായി പ്രകടനം കാഴ്ച വെക്കും. അതിൽ ഞാൻ പരമാവധി സപ്പോർട്ടും നൽകും. പിന്നെ ഒരു ട്രാൻസ്ജെൻഡർ മുൻപോട്ട് വരുമ്പോൾ സമൂഹം പലപ്പോഴും അവർക്കെതിരാണ്. അതൊരു യാഥാർഥ്യമാണ്. അപ്പൊ ഞാൻ അവളോട് പറയാറുണ്ട് ആരില്ലെങ്കിലും കുഴപ്പമില്ല ഞാൻ കൂടെ ഉണ്ട് എന്ന്.

http://www.azhimukham.com/cinema-iratta-jeevitham-movie-review-anuchandra/

ഒന്നിച്ചു ജീവിക്കുമ്പോൾ ആണെങ്കിലും പ്രണയിച്ചപ്പോൾ ആണെങ്കിലും രണ്ട് കൂട്ടരുടെയും വീട്ടുകാർ എതിർപ്പിലാണ്. എന്റെ വീട്ടിൽ എന്നെ കയറ്റില്ല. ശീതളിന്റെ വീട്ടിൽ അവളുടെ അപ്പച്ചന് മരിച്ച അവസ്‌ഥ ആയതുകൊണ്ട് കുറച്ചു അടുപ്പമുണ്ട് ഇപ്പോൾ. എന്നാലും അങ്ങനെ അവിടെ താമസിക്കാൻ ഒന്നും പറ്റില്ല. ഇടക്ക് പോയെങ്കിലും വരാം എന്ന അവസ്ഥയിലാണ്. എനിക്ക് അതിനും പറ്റില്ല എന്ന അവസ്ഥയും.

തുടക്കത്തിൽ ട്രാൻസ് ഐഡന്റിറ്റി, ഞങ്ങളുടെ പ്രണയം, ജീവിതം ഒക്കെ ഒരു കൗതുകമായിരുന്നു ആളുകൾക്ക്. ഇപ്പൊ ആ കൗതുകം വിട്ട് അതിശയമായി അവർക്ക്. കാരണം 11 വർഷമായല്ലോ ഞങ്ങൾ ഇങ്ങനെ ഒന്നിച്ചു ജീവിക്കുന്നു. ഇങ്ങനെയൊക്കെ ആളുകൾ ഉണ്ടല്ലോ എന്നാണ് അവർ ചിന്തിക്കുന്നത്. പിന്നെ ഇപ്പൊ ആളുകളുടെ ചിന്താഗതിയെ താരതമ്യ പെടുത്തിയാൽ പണ്ടത്തേതിലും കൂടുതൽ അവർ ഞങ്ങളെ അംഗീകരിച്ചു തുടങ്ങി എന്നത് വാസ്തവമാണ്. അവർ മനസിലാക്കുന്നുണ്ട് നമ്മളെ. അതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് പണ്ടൊക്കെ നമ്മളെ കളിയാക്കിയിരുന്ന, പരിഹസിച്ചിരുന്ന ഒരുപാട് പേർ ഇന്ന് നമ്മളെ ആദരവോടെ നോക്കുന്നതും അംഗീകരിക്കുന്നതുമാണ്.

http://www.azhimukham.com/vayicho-kamisid-pakistani-transgender-model-pakistan-life/

ഞങ്ങൾ ഇപ്പൊ ഒന്നിച്ചു ജീവിക്കുന്നു എങ്കിലും ട്രാൻസ് വിവാഹത്തിന് അനുകൂലമായിട്ടുള്ള നിയമം ഒന്നും ഇപ്പോഴും ഇവിടെ വന്നിട്ടില്ല. പിന്നെ ഞങ്ങളെ പോലെ ന്യൂനപക്ഷങ്ങൾക്ക് ഒരു കുട്ടിക്ക് ജനനം നൽകുക എന്നത് അസാധ്യമാകുമ്പോൾ തന്നെ നിയമം ഒരു കുട്ടിയെ ദത്തെടുക്കുന്നതിനോടും അനുകൂലിക്കുന്നില്ല. അതിനെതിരെ പ്രതികരിക്കണമെന്ന് തന്നെ ചിന്തിക്കുന്നുണ്ട്.

താമസിക്കാൻ സ്വന്തമായി ഒരു വീട് എന്നതാണ് ഇപ്പോൾ നമുക്ക് മുൻപിലെ ഏറ്റവും വലിയ ആവശ്യം. ഇപ്പോൾ സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്. വാടകക്ക് ഒരു വീട് നോക്കുന്നുണ്ട് എങ്കിലും അത് കിട്ടാൻ പോലും ഇപ്പോൾ പ്രയാസമാണ്. ഈയടുത്ത കാലത്ത് ഒരു വീട് നോക്കിയപ്പോൾ ശീതൾ ട്രാൻസ് ആണ്, ഞങ്ങൾ ജീവിത പങ്കാളികൾ ആണെന്ന പേരിൽ അവർ നമ്മളെ ഒഴിവാക്കി. ഇപ്പോഴും നാട്ടിൻപുറങ്ങളിലെ ആളുകൾക്കൊന്നും ട്രാൻസിനെ ഒന്നും അംഗീകരിക്കാൻ ഇതുവരെ ഒട്ടും സാധിച്ചിട്ടില്ല. അവർക്കിടയിൽ ഒരുപാട് തെറ്റിദ്ധാരണകൾ ട്രാൻസിനെ പറ്റി ഉണ്ടെന്നതാണ് വാസ്തവം.

http://www.azhimukham.com/kerala-recent-transgender-issues-and-supreme-court-order-what-is-the-reality/

2007 മുതൽ ഞങ്ങൾ ഒന്നിച്ചു ജീവിച്ചു തുടങ്ങിയതാണ്. ഇപ്പോ ജീവിതം സുഖമായി തന്നെ പോകുന്നു. ഒരു വീടിനുള്ള സഹായം സർക്കാരിൽ നിന്നു തന്നെ കിട്ടുമെന്ന് കരുതുന്നു. പിന്നെ ഒരുപാട് ആളുകൾക്ക് ഞങ്ങളുടെ പ്രണയത്തെ കുറിച്ചും, ജീവിതാനന്ദത്തെ കുറിച്ചുമൊന്നും അറിയാനല്ല കൂടുതൽ താല്പര്യം. സ്നേഹത്തെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ വളരെ കുറവാണ്. എല്ലാവർക്കും അറിയേണ്ടത് ഞങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചാണ്. എങ്ങനെയാണ് ഞങ്ങൾ ശാരീരികമായി ബന്ധപ്പെടുന്നത് എന്നാണവർ അന്വേഷിക്കുന്നത്. അവർക്കൊക്കെ അതറിയാൻ മാത്രമേ താല്പര്യമുള്ളു. ശീതളിന് യോനി ഉണ്ടോ, നിങ്ങളെങ്ങനെ ബന്ധപ്പെടുന്നു എന്നോക്കെ ആളുകൾ ചോദിക്കുമ്പോൾ ഞാൻ ഒന്നേ പറയുന്നുള്ളൂ, സെക്സ് എന്നുള്ള ചിന്താഗതി പോലും തലച്ചോറില് നിന്നാണല്ലോ വരുന്നത്. അതിന് മാനസികമായ ഒരു വശം കൂടി ഉണ്ട്. അതുകൊണ്ട് തന്നെ ലൈംഗികതക്കുള്ള പ്രാധാന്യം പോലും മാനസികമാണ്. ഒരിക്കലും ലൈംഗികാവയത്തിന്‌ അതിൽ അത്ര പ്രാധാന്യം ഇല്ല. പ്രാധാന്യം ഉണ്ടെങ്കില്‍ തന്നെ ആ പ്രാധാന്യം പോലും മാനസികമാണ്.

എന്തൊക്കെയായാലും ഞങ്ങളുടെ ജീവിതം ഹാപ്പി ആണ് ഇപ്പോൾ. ഞങ്ങൾ ഇങ്ങനെ പ്രണയിച്ചു കൊണ്ടേ ഇരിക്കുകയാണ്. ഞങ്ങളുടെ പ്രണയത്തെ കുറിച്ച് ആരും താല്പര്യം കാണിച്ചില്ലെങ്കിലും ഞാൻ പറയുന്നു അവളില്ലെങ്കിൽ ഞാൻ ഇല്ല, ഞാൻ ഇല്ലെങ്കിൽ അവളുമില്ല.

http://www.azhimukham.com/transgenders-against-the-word-bhinnalingakkaar/


Next Story

Related Stories