TopTop

പുണ്യാളന്‍ തോമാച്ചന്‍ സ്‌കൂള്‍ ഞെട്ടിയ സദാചാര ഞെട്ടലല്ല കോടതിയുടെ അശ്ലീലമാണ് ലജ്ജാകരം

പുണ്യാളന്‍ തോമാച്ചന്‍ സ്‌കൂള്‍ ഞെട്ടിയ സദാചാര ഞെട്ടലല്ല കോടതിയുടെ അശ്ലീലമാണ് ലജ്ജാകരം
തിരുവനന്തപുരത്തെ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ കൌമാരക്കാരനായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി-16 വയസ്- സഹപാഠിയായ ഒരു പെണ്‍കുട്ടിയെ സ്‌കൂളില്‍വെച്ച് ഒരു മത്സരത്തില്‍ പാട്ട് നന്നായി പാടിയതിന് അഭിനന്ദിക്കാന്‍-അല്ലേയല്ലെന്ന് സ്‌കൂള്‍- കെട്ടിപ്പിടിക്കുന്നു. തത്സമയം പ്രത്യക്ഷപ്പെടുന്ന അധ്യാപിക, സദാചാരവും സ്‌കൂളിന്റെ യശസ്സും എല്ലാത്തിനുമുപരി സ്‌കൂള്‍ കച്ചവടം നടത്തുന്ന മാര്‍ത്തോമ സഭയുടെ ലിംഗശാസനങ്ങളും ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഞെട്ടിത്തരിക്കുന്നു. ശേഷം പല വിചാരണ പീഡനങ്ങള്‍ക്കും ശേഷം ആ വിദ്യാര്‍ത്ഥി 5 മാസമായി സ്‌കൂളിന് പുറത്താണ്. Child rights commission സംഭവത്തില്‍ ഇടപെട്ടു. വിദ്യാര്‍ത്ഥിയെ പുറത്താക്കിയ സ്‌കൂള്‍ നടപടി നിര്‍ത്തിവെക്കാന്‍ പറഞ്ഞു. മാര്‍ത്തോമാക്കാരുണ്ടോ വിടുന്നു. ഹൈക്കോടതിയുടെ വാതിലുകളില്‍ മുട്ടി; തുറക്കപ്പെട്ടു.

ജസ്റ്റിസ് ഷാജി ചാലി വിധി പറഞ്ഞു. കെട്ടിപ്പിടിക്കുകയോ, ലജ്ജാവഹം! പയ്യന്‍ കാണിച്ചത് മഹാപരാധം, സ്‌കൂളിന്റെ മാനമിടിഞ്ഞില്ലേ എന്നു സ്‌കൂളിനൊപ്പം ന്യായാധിപനും വിലപിക്കുന്നു. അവനെ പുറത്താക്കാന്‍ സ്‌കൂളുകാര്‍ക്ക് സകല അധികാരവുമുണ്ട്. അങ്ങനെ രണ്ടു കൌമാരക്കാര്‍ കെട്ടിപ്പിടിച്ചു തകര്‍ക്കാന്‍ നോക്കിയ സദാചാരത്തെ രക്ഷപ്പെടുത്തിയ ഹൈക്കോടതി, വിധിന്യായമെന്ന വഷളന്‍ സാഹിത്യത്തില്‍ സൌജന്യമായി ചില ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്കുന്നുണ്ട്. അതിലൊന്ന്, പയ്യന്‍സിന്റെ താതമാതാക്കള്‍ക്ക് പിഴയിടാം എന്നാണ്. അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകും എന്ന്. ആഹാ ഹാ! കോടതി മാഷെ, അവരെക്കൊണ്ടു നടുറോട്ടില്‍ ഏത്തമിടീക്കണോ, ചാട്ടയ്ക്കടിക്കണോ! ഇതേത് നിയമവും നീതിയുമാണ് ഈ കോടതി വ്യാഖ്യാനിച്ചു ഗുരുഭൂതരാകുന്നത്.

കോടതി മുഖവിലക്കെടുക്കുന്ന അധ്യാപികയുടെ റിപ്പോര്‍ട്, വിധിയില്‍ പറയുന്നുണ്ട്. കെട്ടിപ്പിടിച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെക്കണ്ട് അധ്യാപിക ഞെട്ടിപ്പോയി. ഇനിയാണ് കോടതി ക്ലാസിക് വാചകം ആധികാരികമായി ചേര്‍ക്കുന്നത്, ''സ്‌നേഹപ്രകടനത്തിന്റെ അത്തരം പരസ്യരീതികള്‍ അധ്യാപികയ്ക്ക് പരിചിയമില്ലാത്തതായിരുന്നു'' എന്റെ കോടതിഗുരുഭൂതരെ, ഈ വക പതിനാറാം തരം റിപ്പോര്‍ടൊക്കെ ആധികാരികമായെടുത്ത് വിധി പ്രസ്താവിക്കണമെങ്കില്‍ അതിനു എന്തുതരം നീതിബോധമാണ് പ്രേരിപ്പിച്ചിരിക്കുക! ഇനിയിപ്പോ അദ്ധ്യാപകര്‍ക്ക് പരിചയമുള്ള സ്‌നേഹപ്രകടനങ്ങള്‍ എന്തൊക്കെയാണ് എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടിവരുമോ.

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് നമ്മളൊക്കെ ആവശ്യപ്പെടുമ്പോള്‍ അത് അദ്ധ്യാപകര്‍ക്ക് പരിചയമുള്ള വാത്സ്യായനസൂത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കറിയുമോ എന്ന പരീക്ഷയാകും എന്ന് നമ്മള്‍ കരുതിയില്ല. പ്രസ്തുത രംഗം കണ്ട അധ്യാപിക 'shout' ചെയ്തു പോലും. പിന്നെയാണ് അതിസൂക്ഷ്മമായ നിരീക്ഷണം അവര്‍ നടത്തുന്നത്, എന്നിട്ടും ആ പിടിത്തം വിടാന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യത്തില്‍ കൂടുതല്‍ സമയമെടുത്തു. കര്‍ത്താവീശോ മിശിഹാ ജനിച്ചതുതന്നെ വെറുതെ മാനം നോക്കി മാത്യൂ മറ്റത്തിന്റെ തുടരനും വായിച്ചു കിടന്നിരുന്ന ഒരു കന്യകയ്ക്കാണ്. അപ്പോ മാര്‍ത്തോമക്കാര്‍ക്ക് ഭയക്കാന്‍ ന്യായമുണ്ട്. പക്ഷേ ഹൈക്കോടതിയുടെ ഭയം നീതിയുടെതല്ല, നീതിരാഹിത്യത്തിന്റെ അശ്ലീലമാണ്.

http://www.azhimukham.com/kerala-high-court-upholds-suspension-of-class-xii-boy-girl-for-hugging-in-public/

വിധിന്യായത്തില്‍ കോടതി ഉടനീളം ഞെട്ടുന്നുണ്ട്, ഈ കെട്ടിപ്പിടിത്തത്തെപ്പറ്റി. അത് സ്‌കൂളിനുണ്ടാക്കിയ മാനഹാനിയെക്കുറിച്ച്. കൌമാരക്കാരായ വിദ്യാര്‍ത്ഥികളോട് എങ്ങനെ സ്‌കൂളില്‍ പെരുമാറണം എന്നതിനെക്കുറിച്ച്. അദ്ധ്യാപകരെയാണ് പഠിപ്പിക്കേണ്ടത്. ഒപ്പം ഈ വക വിക്ടോറിയന്‍ സദാചാര വങ്കത്തങ്ങള്‍ വിളമ്പുന്ന നീതിന്യായ പീഠത്തെയും. സ്‌കൂളിന്റെ നടത്തിപ്പുകാരും പ്രമുഖ വിദ്യാഭ്യാസ വ്യാപാരികളുമായ മാര്‍ത്തോമ സഭയുടെ കാര്യക്കാരനായ സ്‌കൂള്‍ സെക്രട്ടറി രാജന്‍ വര്‍ഗ്ഗീസ് ഉദ്‌ബോധിപ്പിക്കുന്നുണ്ട്, അവരുടെ സ്‌കൂള്‍ പവിത്രമാണെന്നും, സ്‌കൂളില്‍ അഭിനന്ദിക്കാന്‍ ആണെങ്കിലും hug ചെയ്യാനും കൈപിടിച്ചു കുലുക്കാനും സ്വാതന്ത്ര്യമില്ല എന്ന്. അതായത് മാര്‍ത്തോമ സഭ കൂടി നിശ്ചയിക്കുന്ന സദാചാര നിയമങ്ങള്‍ അനുസരിച്ചുവേണം ഈ ജനാധിപത്യ, മതേതര രാജ്യത്തു പഠനം പൂര്‍ത്തിയാക്കാന്‍.

തീര്‍ന്നില്ല, തോമാച്ചന്‍ പുണ്യാളന്‍ സ്‌കൂളിന്റെ ഷെര്‍ലക് ഹോംസ് അന്വേഷണം. വിദ്യാര്‍ത്ഥിയുടെ instagram എക്കൌണ്ട് screen shot തെളിവായി ഹാജരാക്കി. Compromising position ല്‍ രണ്ടു വിദ്യാര്‍ത്ഥികളും ഉള്ള ചിത്രങള്‍ എന്ന് കോടതി. അതായത്, ഒരാളുടെ സ്വകാര്യ എക്കൌണ്ട് അധാര്‍മികവും നിയമവിരുദ്ധവുമായി തുറന്ന്, അതിലുള്ള രണ്ടു പേര്‍ക്കും യാതൊരു പരാതിയുമില്ലാത്ത, ആ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കും പരാതിയില്ലാത്ത ചിത്രത്തിന്റെ പേരിലും ഹൈക്കോടതിക്ക് സദാചാര ഉന്മാദം! അതും സ്‌കൂളിന്റെ മാനം കെടുത്തിയെന്ന്! സ്‌കൂളിനു പുറത്തുള്ള കാര്യങ്ങളിലും സ്‌കൂള്‍ അധികൃതര്‍ക്ക് നടപടിയെടുക്കാമെന്നാണോ? ഇതിലും ഭേദം സ്‌കൂള്‍ മാനേജ്‌മെന്റ് നേരിട്ടു വിധിയെഴുതുകയായിരുന്നു.

http://www.azhimukham.com/offbeat-hug-by-girl-and-boy-in-stthomas-school-controversy/

കൌമാരകാലത്തെ വിദ്യാഭ്യാസ പ്രക്രിയയെ കുറിച്ച്, മനുഷ്യന്റെ ലൈംഗിക അവകാശങ്ങളെക്കുറിച്ച്, സ്വകാര്യതയെക്കുറിച്ച്, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടാകേണ്ട ജനാധിപത്യ ബന്ധത്തെക്കുറിച്ചൊക്കെ മാര്‍ത്തോമ സഭ പോലുള്ള, അതിന്റെ നടത്തിപ്പുകാരായ കുറെ മൂഢപ്രമാണിമാര്‍ക്ക് ഒരു ധാരണയുമില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പക്ഷേ, പുണ്യാളന്‍ തോമാച്ചന്‍ സ്‌കൂള്‍ ഞെട്ടിയ സദാചാര ഞെട്ടല്‍ അതിലും ഗംഭീരമായി നിലയമിട്ടായി ഞെട്ടിയ ഹൈക്കോടതി വിധി, ആത്മാഭിമാനമുള്ള ഏത് മനുഷ്യനെയും ലജ്ജിപ്പിക്കണം.

ലൈംഗിക വൈകൃത ഭാവനകള്‍ക്കനുസരിച്ച് ആണ്‍-പെണ്‍ ഭേദവും ലിംഗഭീതിയും കൊണ്ടുനടക്കുന്ന കുറെ കള്ളപ്പാതിരിമാരും ജാതി മത ഭേദമില്ലാതെ ഇതേ വികാരഭീതിയുമായി ജീവിക്കുന്ന വിദ്യാലയങ്ങളും ഒരു പരിധിവരെ പൊതുസമൂഹവും നീതിയുടെ മാനദണ്ഡങ്ങളെ നിശ്ചയിക്കുന്നത് ഭീതിദമാണ്. ജയഭാരതിയുടെ കണങ്കാലും കുളിമറയുടെ വിടവില്‍ക്കാണിച്ച കുപ്പായമില്ലാത്ത പുറവും കണ്ട് 'ഇതൊരു ഭരതന്‍ ചിത്രം' എന്ന് കയ്യടിച്ചുപോന്ന കാലത്തില്‍ നിന്നും മനുഷ്യന്‍മാര്‍ക്ക് സ്വന്തം ലിംഗങ്ങളെ സ്വതന്ത്രമാക്കേണ്ടതുണ്ട്.

കൌമാരത്തില്‍ ഉമ്മ വെക്കുന്നത് പോയിട്ട്, മനുഷ്യന് ജര വരുന്ന കാലമാകുമ്പോള്‍ കല്യാണമൊക്കെ കഴിച്ച്, അതുവരെ പൂക്കളാടുന്നതും ഞണ്ടുകള്‍ ഇറുക്കുന്നതുമാണ് ആദ്യരാത്രിയിലെ മൃഗയാവിനോദങ്ങള്‍ എന്ന് ധരിച്ചുവശായ നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍, ജീവിതത്തില്‍ ആദ്യമായി മുതിര്‍ന്ന എതിര്‍ലിംഗശരീരം കണ്ട് ബോധം കെടുന്ന രോഗാതുരമായ കാലത്തിന്റെ ബോധത്തിലിരുന്ന് ന്യായാധിപന്മാര്‍ വിധി പറയരുത്.


Next Story

Related Stories