TopTop
Begin typing your search above and press return to search.

അധ്യാപകന്റെ പ്രതികാരം; ആര്‍എല്‍വി കോളേജ് വിദ്യാര്‍ത്ഥികളുടെ ഉപരി പഠനം പ്രതിസന്ധിയില്‍

അധ്യാപകന്റെ പ്രതികാരം; ആര്‍എല്‍വി കോളേജ് വിദ്യാര്‍ത്ഥികളുടെ ഉപരി പഠനം പ്രതിസന്ധിയില്‍

അധ്യാപകനെ ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഇന്റേണല്‍മാര്‍ക്ക് നല്‍കാതെ വകുപ്പ് മേധാവി പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതി. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ഫൈന്‍ആര്‍ട്‌സ് വിദ്യാര്‍ഥികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇന്റേണല്‍ മാര്‍ക്ക് നല്‍കാത്തതോടൊപ്പം പരീക്ഷകളിലെ മാര്‍ക്കും കുറച്ചിട്ട് തങ്ങളെ ഉന്നതവിദ്യാഭ്യാസത്തിന് പോലും പോവാന്‍ കഴിയാത്ത തരത്തില്‍ വകുപ്പ് മേധാവി ആന്റണി പ്രവര്‍ത്തിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റീവാല്യൂവേഷന്‍ നടത്താന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉത്തരവായി. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇന്റേണല്‍ അസ്സസ്സ്‌മെന്റിനായി സമര്‍പ്പിച്ച ആര്‍ട് വര്‍ക്കുകള്‍ ആരുടെ വര്‍ക്കാണെന്ന് പോലും മനസ്സിലാവാത്ത തരത്തില്‍ അലക്ഷ്യമായാണ് വകുപ്പ് മേധാവി സൂക്ഷിച്ചിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അര്‍ഹമായ മാര്‍ക്ക് ലഭിക്കാത്തതിനാല്‍ 14 വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതയാണ് ഇല്ലാതായത്.

അവസാനവര്‍ഷം നാല് പ്രാക്ടിക്കല്‍ പരീക്ഷയടക്കം ആറ് പരീക്ഷകളാണുള്ളത്. ഇതില്‍ നാല് പ്രാക്ടിക്കല്‍ പരീക്ഷയിലും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഇന്റേണല്‍ മാര്‍ക്ക് അമ്പത് ശതമാനത്തില്‍ കുറവാണ്. ഇത് ആകെ മാര്‍ക്കിന്റെ ശതമാനത്തിലും കുറവുണ്ടാക്കി. ബിരുദാനന്തരബിരുദത്തിന് പ്രവേശനം ലഭിക്കാന്‍ ആവശ്യമായ ശതമാനത്തിലും കുറവാണ് പല വിദ്യാര്‍ഥികള്‍ക്കും ലഭിച്ചത്. ആകെ 19 പേരില്‍ നാല് പേര്‍ക്ക് മാത്രമാണ് അമ്പത്തിയഞ്ച് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത്. ഇവരില്‍ പലരും ലളിതകലാ അക്കാദമിയുടെ സെലക്ഷനും അവാര്‍ഡും കിട്ടിയ വിദ്യാര്‍ഥികളാണ്. സ്റ്റുഡന്റ്‌സ് ബിനാലെയിലും ലളിതകലാ അക്കാദമി സംസ്ഥാനതല ക്യാമ്പിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചവരുമുണ്ട്.

ഈ വിദ്യാര്‍ഥികളുടെ ബാച്ചിലുണ്ടായിരുന്ന സുഭാഷ് എന്ന വിദ്യാര്‍ഥിയെ അനാവശ്യ കാര്യത്തിന് വകുപ്പ് മേധാവി ആന്റണി ശകാരിച്ചു. കോളേജിന്റെ ചുമരില്‍ പേപ്പര്‍ പതിച്ച് ചിത്രം വരക്കാന്‍ കഴിയില്ലെന്നും അതെല്ലാം ഉടനെ മാറ്റണമെന്നും രോഷത്തോടെ ആവശ്യപ്പെട്ട് സുഭാഷിനെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ച അധ്യാപകന്റെ പ്രവൃത്തിയെ വിദ്യാര്‍ഥികളില്‍ ചിലര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് തറയില്‍ പേപ്പറൊട്ടിച്ച് ചിത്രം വരച്ച് വിദ്യാര്‍ഥികള്‍ ഈ നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഇത് അധ്യാപകനെ ചൊടിപ്പിക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥികളോട് നിസ്സഹകരണ മനോഭാവം പ്രകടിപ്പിക്കുകയുമായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

http://www.azhimukham.com/kerala-rlv-college-caste-discrimination-continus-and-hemalatha-teachers-experience/

കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കുഞ്ഞിക്കുട്ടന്‍ പറയുന്നു; 'സുഭാഷിന്റെ പ്രശ്‌നത്തോടെയാണ് സാറ് ഞങ്ങളോട് മോശമായി പെരുമാറാന്‍ തുടങ്ങിയത്. എല്ലാവര്‍ഷവും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ നടത്തുന്ന 'ഡിഗ്രി ഷോ' നടത്താന്‍ പോലും അദ്ദേഹം പിന്തുണ നല്‍കിയില്ല. കോളേജില്‍ ഏത് പരിപാടി നടക്കുമ്പോഴും ഞങ്ങളും കൂടി പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്ന സാറ് തന്റെ ഡിപ്പാര്‍ട്‌മെന്റിലെ കുട്ടികള്‍ പ്രദര്‍ശനം നടത്തിയപ്പോള്‍ കോളേജില്‍ നിന്ന് അവധിയെടുത്തു. മുസിരിസ് ബിനാലെ നടക്കുന്ന സമയത്തായിരുന്നു ഞങ്ങളുടെ പ്രദര്‍ശനവും. അതിനാല്‍ ബിനാലെയുടെ ഭാഗമായ റിയാസ് കോമു തുടങ്ങിയവരെ പങ്കെടുപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ആന്റണി സാറ് താന്‍ പറയുന്ന ചിലരെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്ന് വാശിപിടിക്കുകയായിരുന്നു. ഈ നിലപാടിനോട് ഞങ്ങള്‍ പ്രതിഷേധിച്ചു. ഇതെല്ലാം കൊണ്ട് മനഃപൂര്‍വ്വം ഞങ്ങളുടെ മാര്‍ക്ക് കുറച്ചതാണ്. എന്തുകൊണ്ടും മാര്‍ക്ക് ലഭിക്കാന്‍ അര്‍ഹരായവരാണ്. പലര്‍ക്കും ലളിതകലാ അക്കാദമി സെലക്ഷനുള്ളവരും അവാര്‍ഡുകള്‍ വരെ കിട്ടിയവരുമുണ്ട്. പക്ഷെ അവര്‍ക്ക് പോലും ഉപരിപഠന സാധ്യത ഇല്ലാതാക്കുന്ന തരത്തിലാണ് സാറ് മാര്‍ക്ക് നല്‍കിയത്. എംജി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഞങ്ങളുടെ കോളേജ് മാത്രമേയുള്ളൂ. അതിനാല്‍ ആന്റണി സാറ് തന്നെയാണ് പരീക്ഷ നടത്തിപ്പും മാര്‍ക്കിടലുമെല്ലാം.

ഞങ്ങള്‍ പരാതി പോയപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അന്വേഷണത്തിന് വന്നിരുന്നു. അവരോട് സാറ് പറഞ്ഞത് ഇന്റേണല്‍ മാര്‍ക്ക് കുറവായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ പരാതി പറയണമായിരുന്നു എന്നാണ്. ആദ്യ മൂന്ന് വര്‍ഷങ്ങളിലും ഇതുപോലെ താന്‍ മാര്‍ക്ക് കുറച്ചാണ് ഇട്ടിരുന്നത് എന്നിട്ടും വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞിട്ടില്ല എന്നാണ്. പക്ഷെ സത്യത്തില്‍ ഞങ്ങള്‍ തുടക്കവര്‍ഷം മുതല്‍ സാറിനോട് മാര്‍ക്ക് കുറച്ചിടുന്നതിനെപ്പറ്റി ചോദിച്ചിരുന്നു. അപ്പോഴൊക്കെ 'ഇപ്പോള്‍ തന്നെ കൂടുതല്‍ മാര്‍ക്ക് തന്നാല്‍ നിങ്ങളൊന്നും പിന്നെ വര്‍ക്ക് ചെയ്യില്ല. അവസാന വര്‍ഷം പുറത്തുനിന്നുള്ളവരാണ് നിങ്ങളെ വിലയിരുത്താന്‍ വരുന്നത്. ഇപ്പോള്‍ മാര്‍ക്ക് കുറച്ചിട്ടാല്‍ നിങ്ങള്‍ നന്നായി വര്‍ക്ക് ചെയ്യും. അപ്പോള്‍ അവസാന വര്‍ഷം നിങ്ങള്‍ക്ക് നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയും' എന്നാണ് ഞങ്ങളെ ആശ്വസിപ്പിക്കാന്‍ സാറ് പറഞ്ഞുകൊണ്ടിരുന്നത്. ഞങ്ങളത് വിശ്വസിച്ചു. പക്ഷെ ഇപ്പോ എവിടെയും പഠിക്കാന്‍ പോവാന്‍ കഴിയാത്ത അവസ്ഥയാണ്.

http://www.azhimukham.com/art-dalit-dance-teacher-hemalatha-facing-cast-atrocities-in-rlv-college-tripunithura/

ഇപ്പോള്‍ സാറ് ചെയ്യുന്നത് മറ്റൊരു ദ്രോഹമാണ്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റീവാല്യൂവേഷന്‍ അംഗീകരിച്ചു. അവര്‍ ഞങ്ങളുടെ പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ നോക്കി മാര്‍ക്കിടാനെത്തും. ഞങ്ങള്‍ 15 പേരുടെ 16 വര്‍ക്കുകള്‍ വീതമുണ്ട്. ഓയില്‍പെയിന്റിങ്ങുണ്ട്, ക്ലേ വര്‍ക്കുണ്ട്, വാട്ടര്‍കളറുണ്ട്, അങ്ങനെ പല മീഡിയത്തില്‍ ചെയ്ത വര്‍ക്കുകളുണ്ട്. ബബിള്‍ ഷീറ്റില്‍ പൊതിഞ്ഞ് ഞങ്ങള്‍ കൊടുത്തിരുന്ന വര്‍ക്കുകള്‍ ഇപ്പോള്‍ ഒരു ക്ലാസ് മുറിയില്‍ ഒന്നിച്ച് കൂട്ടിയിട്ടിരിക്കുകയാണ്. ഒന്നാമത്തെ കാര്യം, അങ്ങനെ കൂട്ടിയിട്ടാല്‍ വര്‍ക്കുകള്‍ നശിച്ചുപോവാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും ഓയില്‍ പെയിന്റിങ്. രണ്ടാമത്തെ കാര്യം, ഒരാളുടെ പതിനാറ് വര്‍ക്കുകള്‍ ഇതില്‍ നിന്ന് റീവാല്യൂവേഷന്‍ നടത്തുന്ന അംഗങ്ങള്‍ക്ക് കണ്ടെത്താന്‍ പ്രയാസമായിരിക്കും. ഞങ്ങള്‍ ഓരോരുത്തരുടേതായി അടുക്കി നല്‍കിയ വര്‍ക്കുകള്‍ ആരുടേതെന്ന് പോലും മനസ്സിലാവാത്ത തരത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്. റീവാല്യൂവേഷനിലും മാര്‍ക്ക് കുറക്കാനായി ആന്റണി സാറ് മനഃപൂര്‍വം ചെയ്യുന്ന പ്രവൃത്തിയാണിത്.'

തിരുവനന്തപുരം ഫൈന്‍ആര്‍ട്‌സ് കോളേജില്‍ പ്രവേശനം ലഭിച്ചിട്ടും തിരികെ പോരേണ്ടി രേഷ്മ സംസാരിക്കുന്നു; 'ഒത്തിരി പ്രതീക്ഷയോടെയാണ് തിരുവനന്തപുരം ഫൈന്‍ആര്‍ട്‌സില്‍ അപേക്ഷിച്ചത്. പക്ഷെ എന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് ഒന്നാം വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് മാത്രമാണ്. യൂണിവേഴ്‌സിറ്റിയാണ് പരീക്ഷ നടത്തുന്നതെങ്കിലും ആന്റണി സാറ് തന്നെയാണ് അതിന്റെ അതോറിറ്റി. അവസാന വര്‍ഷത്തെ ഫലം യൂണിവേഴ്‌സിറ്റി പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ രണ്ടും മൂന്നും വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഫൈന്‍ആര്‍ട്‌സ് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി ഏതാണ്ട് ഒരു മാസത്തിലധികം സാറിന്റെ ഓഫീസ് മുറി കയറിയിറങ്ങി, ഒടുവില്‍ തന്ന സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്കുകളില്‍ നല്ല വ്യത്യാസമുണ്ടായിരുന്നു. ഒരു വിഷയത്തിന് ഒരു മാര്‍ക്ക് കൂടുതല്‍ തന്നപ്പോള്‍ മറ്റ് പലവിഷയങ്ങള്‍ക്കുമായി ഏതാണ്ട് 30മാര്‍ക്കിലധികം കുറവുമുണ്ടായിരുന്നു. എന്നാല്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റുമായി ഞാന്‍ ഫൈന്‍ആര്‍ട്‌സില്‍ ചെന്നു. അവര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്‌തോളാന്‍ പറഞ്ഞു. പക്ഷെ ഇന്റര്‍വ്യൂ സമയത്ത് അവസാനവര്‍ഷ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പറഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ അന്വേഷിച്ചപ്പോള്‍ ഇതേവരെ ആന്റണി സാറ് മാര്‍ക്കലിസ്‌റ്റൊന്നും നല്‍കിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. മാര്‍ക്ക് കുറവായതിനാല്‍ പാസ്‌ബോര്‍ഡ് മീറ്റിങ് കൂടേണ്ടി വരുമെന്നും അതുകഴിഞ്ഞേ ഫലം പ്രഖ്യാപിക്കൂ എന്നാണ് പിന്നീടൊരു ദിവസം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച വിവരം. മാര്‍ക്ക്‌ലിസ്റ്റ് കൊടുക്കേണ്ടതും പാസ്‌ബോര്‍ഡ് ചേരേണ്ടതുമെല്ലാം ആന്റണിസാറ് തന്നെയാണ്. ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റിനായി നില്‍ക്കുമ്പോളെല്ലാം സാറ് എന്നോടും അമ്മയോടും 'ഓ, അവിടെയെന്നും അപേക്ഷിച്ചിട്ട് കാര്യമില്ല. റിസള്‍ട്ടൊന്നും വരില്ല. അവിടെയെങ്ങും അഡ്മിഷന്‍ കിട്ടാന്‍ പോണില്ല. വെറുതെ നിങ്ങള്‍ ഓടും എന്നേയുള്ളൂ' എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് ഇത് മനഃപൂര്‍വമുള്ള കളിയായി എനിക്ക് തോന്നിയത്.

പക്ഷെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ എന്നെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ കോളേജ് അധികാരികള്‍ സമ്മതിച്ചു. ഇന്റര്‍വ്യൂവില്‍ അവര്‍ക്ക് എന്റെ വര്‍ക്കുകള്‍ ഇഷ്ടപ്പെട്ടതിനാല്‍ ലിസ്റ്റ് ഇടുന്നത് വരെ അവര്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നും ലിസ്റ്റ് ഇടുന്ന ദിവസമെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ ലിസ്റ്റ് ഇട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഫലപ്രഖ്യാപനം വരുന്നത്. അതോടെ ആ സാധ്യതയും അസ്തമിച്ചു. മാര്‍ക്ക് ലിസ്റ്റിലെ ഇന്റേണല്‍ മാര്‍ക്ക് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആകെ 440 മാര്‍ക്കില്‍ എനിക്ക് കിട്ടിയത് 180 മാര്‍ക്ക്. സാറിനോട് ചോദിച്ചപ്പോള്‍ ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ല, അപ്പോള്‍ തന്നെ പറയേണ്ടതല്ലായിരുന്നോ എന്നാണ് ചോദിക്കുന്നത്. പക്ഷെ അവസാന വര്‍ഷ ഇന്റേണല്‍ മാര്‍ക്ക് സാറ് പ്രസിദ്ധീകരിച്ചിരുന്നില്ല. 'ഡിഗ്രി ഷോ നടത്തണ്ടന്ന് ഞാന്‍ പറഞ്ഞതല്ലേ. നിങ്ങള്‍ നടത്തി. അപ്പോ ഇങ്ങനെയിരിക്കും' എന്നാണ് പലപ്പോഴും ആന്റണി സാറ് എന്നോട് പറഞ്ഞത്. അവസാനം ഫലം വന്നപ്പോള്‍ എനിക്ക് തേഡ് ക്ലാസേയുള്ളൂ. സ്റ്റുഡന്റ്‌സ് ബിനാലെയിലും അക്കാദമി സംസ്ഥാന ക്യാമ്പിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചയാളാണ് ഞാന്‍.'

എന്നാല്‍ വിദ്യാര്‍ഥികള്‍ ആരോപിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമല്ലെന്ന് വകുപ്പ് മേധാവി ആന്റണി പറയുന്നു. 'വിദ്യാര്‍ഥികളുടെ വര്‍ക്കുകളെല്ലാം വളരെ സുരക്ഷിതമായി എന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് വച്ചിരിക്കുന്നത്. സൂക്ഷമില്ലാതെയിട്ടാല്‍ ആ വര്‍ക്കുകള്‍ നശിച്ചുപോകുമെന്ന് എനിക്കറിയില്ലേ? ഒരു ക്ലാസ് മുറിയില്‍ അതെല്ലാം സുരക്ഷിതമായി വച്ചിട്ടുണ്ട്. പിന്നെ ഇന്റേണല്‍ മാര്‍ക്കിന്റെ വിഷയം, അവര്‍ മുമ്പൊന്നും പരാതി പറഞ്ഞിട്ടില്ല. ഒരു വര്‍ഷം മൂന്ന് ടേമിലായി ഇന്റേണല്‍ മാര്‍ക്ക് വാല്യൂ ചെയ്യും. ഇവിടെ പരാതി നല്‍കാനായി ഇന്റേണല്‍ സെല്ലുണ്ട്. വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞിട്ടില്ല. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റീവാല്യൂവേഷന് വരുന്നെങ്കില്‍ വന്നോട്ടെ. എനിക്ക് യാതൊരു എതിര്‍പ്പുമില്ല. ഞാന്‍ എല്ലാ കാര്യങ്ങളും സുതാര്യമായാണ് ചെയ്തിട്ടുള്ളത്'.

http://www.azhimukham.com/rlv-collage-caste-hemalatha-teacher-issue-k-somaprasad-mp-react/


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories