TopTop
Begin typing your search above and press return to search.

ഈ പ്രിന്‍സിപ്പല്‍ തുടരണമെന്ന് മഹാരാജാസിലെ ഒരു വിദ്യാര്‍ഥിയും ആഗ്രഹിക്കുന്നുണ്ടാകില്ല

ഈ പ്രിന്‍സിപ്പല്‍ തുടരണമെന്ന് മഹാരാജാസിലെ ഒരു വിദ്യാര്‍ഥിയും ആഗ്രഹിക്കുന്നുണ്ടാകില്ല

കേരളത്തിന്റെ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു കലാലയമാണ് എറണാകുളം മഹാരാജാസ് കോളേജ്. സാംസ്‌കാരിക കേരളത്തിനും രാഷ്ട്രീയ കേരളത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ കലാലയത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. സ്വയംഭരണ പദവി അടിച്ചേൽപ്പിച്ച ശേഷം വിദ്യാർത്ഥി വിരുദ്ധ നിലപാടുകളുടെ ഘോഷയാത്ര തന്നെയായിരുന്നു മഹാരാജാസിൽ അരങ്ങേറിയത്. നിലവിലെ പ്രിൻസിപ്പൽ എൻ.എൽ ബീന അധികാരമേറ്റ ശേഷം സ്വീകരിച്ചിട്ടുള്ള വിദ്യാർഥിവിരുദ്ധ നയങ്ങൾ അനവധിയാണ്.

പ്രിൻസിപ്പലിന്റെ വിദ്യാർഥി വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ കഴിഞ്ഞ ദിവസം നടന്ന ആയുധവേട്ട എന്ന നാടകം. കഴിഞ്ഞ മാസം 30-ന് അടച്ച മുറിയിൽ നിന്ന് മൂന്നുദിവസത്തിനു ശേഷം ആയുധങ്ങൾ കണ്ടെടുക്കുകയായിരുന്നു. എന്നാൽ സംഭവത്തിലെ ദുരൂഹത ഇന്നും പുറത്തു വന്നിട്ടില്ല. എന്നും മഹാരാജാസിനെ കരിവാരത്തേക്കാൻ ശ്രമിക്കുന്ന ചില മാധ്യമങ്ങളും പ്രതിപക്ഷവും ഇതിൽനിന്നും ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നുമുണ്ട്. തനിക്കെതിരെ ഉയർന്ന ശബ്ദങ്ങൾ നിശബ്ദമാക്കാൻ ഇതിന് മുൻപും കള്ളക്കേസുകൾ പടച്ചുണ്ടാക്കിയിട്ടുണ്ട് നിലവിലെ പ്രിന്‍സിപ്പല്‍. ഇതുകൊണ്ട് തന്നെയാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും ഈ വാർത്ത‍ അംഗീകരിക്കാൻ തയ്യാറാകാത്തത്.

വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളോട് പോലും മുഖം തിരിക്കുന്ന നിലപാടാണ്‌ ഇവർ സ്വീകരിച്ചത്. കുറച്ചു മാസങ്ങൾക്കു മുൻപാണ് വിദ്യാർത്ഥിനികൾ കോളേജിൽ വരുന്നത്‌ ആൺകുട്ടികളുടെ ചൂട് പറ്റാനാണെന്ന വിവാദ പരാമർശം ഇവർ നടത്തുന്നത്. അതിനെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ ഫലമായി മാപ്പ് എഴുതി തന്നെങ്കിലും തന്റെ വാക്കുകളിൽ നിന്നു പിന്നോട്ട് പോകാൻ തയ്യാറല്ല എന്ന നിലപാടാണ്‌ പിന്നീട് സ്വീകരിച്ചത്. മതസ്പർദ്ധ വളർത്തുന്ന വാചകങ്ങൾ ചുവരിലെഴുതിയതി എന്നാരോപിച്ച് കേസ് കൊടുക്കുകയും പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയും ചെയ്തു. ഇത്തരം നെറികേടുകൾക്കെതിരെ പ്രതിഷേധസ്വരം ഉയർത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സ്ത്രീപീഡനത്തിനും ദളിത്‌ പീഡനത്തിനും പോലും കേസ് കൊടുത്താണ് പ്രിൻസിപ്പൽ പകരം വീട്ടിയത്.

ക്യാമ്പസ്സിലെ വസ്തുവകകൾ നശിപ്പിച്ചു എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം വിദ്യാർത്ഥികൾക്കെതിരെ കേസ് കൊടുക്കുകയുണ്ടായി. ജാമ്യത്തിലിറങ്ങിയ വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ നിശ്ചയിച്ച ദിവസം പ്രിൻസിപ്പൽ ക്യാമ്പസ്സിൽ വരാത്ത സാഹചര്യത്തിലുണ്ടായ പ്രതിഷേധമാണ് കസേര കത്തിക്കുന്നതിൽ വരെ എത്തിയത്.

ക്യാമ്പസിന്റെ സർഗാത്മകത ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമവും പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്നും പലതവണ ഉണ്ടായിട്ടുണ്ട്. കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് അനുവദിക്കപ്പെട്ട സമയം വൈകിട്ട് 3.30-ന് ശേഷം മാത്രം. ചുവരെഴുത്ത് വിവാദവും ഇതിനോട് ചേർത്തു വായിക്കാം. യൂണിവേഴ്സിറ്റി കലോത്സവത്തിന് പങ്കെടുത്ത കുട്ടികൾക്ക് അർഹമായ അറ്റന്‍ഡൻസ് നിഷേധിച്ചു. പരീക്ഷ എഴുതാൻ അനുവദിക്കണം എങ്കിൽ ഇനി ഒരിക്കലും കലോത്സവത്തിന് പങ്കെടുക്കില്ല എന്ന് എഴുതി നൽകാൻ നിർബന്ധിക്കുകയുമുണ്ടായി. ഒരു ഓൺലൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും സംഘാടകരെയും പറ്റി വളരെ മോശമായാണ് അവര്‍ സംസാരിച്ചത്. ഇത്തരത്തിൽ വിദ്യാർത്ഥികളോട് തികഞ്ഞ ശത്രുതാനിലപാടാണിവർ സ്വീകരിച്ചിരിക്കുന്നത്.

ഇതൊന്നും പോരാതെയാണ് മഹാരാജാസിലെ മരങ്ങളെയും പരിസ്ഥിതിയെയും ഇല്ലാതാക്കാൻ അവർ ശ്രമിക്കുന്നതും. ക്യാമ്പസ്‌ ബ്യൂട്ടിഫിക്കേഷൻ എന്ന പേരും പറഞ്ഞുകൊണ്ട് മരങ്ങളുടെ ചുവട്ടിൽ കെമിസ്ട്രി ലാബിൽ നിന്നുള്ള മാരകമായ രാസവസ്തുക്കൾ ഇട്ടു നിറയ്ക്കുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ വിദ്യാർഥികൾ അറിവില്ലായ്മ കൊണ്ട് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നു പറഞ്ഞു തള്ളിക്കളയുകയാണുണ്ടായത്. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് ഈ മാലിന്യങ്ങൾ നീക്കം ചെയ്യുകയും വേണ്ട രീതിയിലുള്ള മാലിന്യസംസ്ക്കരണം ഉണ്ടാവുകയും ചെയ്തത്.

പുതിയ വിവാദത്തിന്റ പുകമറയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് മഹാരാജാസിന് തണൽ നല്‍കുന്ന മരങ്ങൾ ഓരോന്നോരോന്നായി മുറിച്ചു മാറ്റാനും അവര്‍ ശ്രമിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ്, കേടുവന്ന മരങ്ങൾ മുറിക്കാനെത്തിയ സംഘത്തിന് വേണ്ട നിർദേശം നൽകാത്തതിനാൽ രണ്ടു തണൽ മരങ്ങളാണ് ക്യാമ്പസ്സിൽ നിന്നും ഇല്ലാതായത്. ഇതിനെതിരെയെല്ലാം പ്രതിഷേധം ഉയർത്താൻ എസ്എഫ്ഐ തയ്യാറായി എന്നതാണ് ഇന്ന് ആറു വിദ്യാർത്ഥികളുടെ പുറത്താക്കലില്‍ വരെ എത്തി നില്‍ക്കുന്നത്.

ചുരുക്കത്തിൽ മഹാരാജാസിന്റെ പ്രിൻസിപ്പൽ കസേരയിലിരിക്കുന്ന ഇവർ തുടർച്ചയായി വിദ്യാർത്ഥി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്. മഹാരാജാസിലെ ഒരു വിദ്യാർത്ഥിയും ഈ പ്രിൻസിപ്പൽ തുടരണം എന്ന് ആഗ്രഹിക്കുന്നുണ്ടാകില്ല. സ്വയംഭരണം ഇല്ലാതാക്കിയ കലാലയങ്ങളുടെ പട്ടികയിലേക്ക് ഈ കലാലയം കൂടി ഇടം പിടിക്കരുതെന്ന് ആഗ്രഹിച്ചു പോകുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(മഹാരാജാസിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ലഭ്യമാകുന്നതിന് അനുസരിച്ച് അക്കാര്യം പ്രസിദ്ധീകരിക്കുന്നതയിരിക്കും- എഡിറ്റര്‍)


Next Story

Related Stories