ഇടതു സംഘടനക്കാര്‍ പീഡിപ്പിക്കുന്നെന്ന് മഹാരാജാസിലെ ഒന്നാം റാങ്കുകാരന്‍; അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അധ്യാപകര്‍ വനിതാ കമ്മീഷനില്‍

Print Friendly, PDF & Email

ഒപ്പം നിന്നതിന് സുഹൃത്തിന്റെ ടി സി തടഞ്ഞുവെച്ചു; ജാതി അധിക്ഷേപം നടത്തി

A A A

Print Friendly, PDF & Email

പഠനം പൂര്‍ത്തിയാക്കി മടങ്ങിയ വിദ്യാര്‍ഥികള്‍ക്കെതിരെ എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിലെ അധ്യാപകര്‍. വിദ്യാര്‍ഥികള്‍ തങ്ങളെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്നതായാണ് അധ്യാപകരായ ജൂലിയ ഡേവിഡ്, സുമി ജോയി എന്നിവര്‍ പരാതിയുമായി വനിതാ കമ്മീഷനില്‍ എത്തിയത്. എന്നാല്‍ കോളജിലെ ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും വിദ്യാര്‍ഥിയുടെ ടി.സി തടഞ്ഞ് വയക്കുകയും ചെയ്യുന്നയായും വിഷയത്തില്‍ പോലീസിലും, മനുഷ്യാവകാശ കമ്മീഷനിലും, സംസ്ഥാന പട്ടികജാതി കമ്മീഷനിലും പരാതി കൊടുത്തിട്ടും നടപടി ഉണ്ടാകാത്തതിനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന് കോളേജിലെ മുന്‍ എംഎ മലയാളം വിദ്യാര്‍ഥി വി.എസ് ജിനുമോന്‍ അഴിമുഖത്തോട് പറഞ്ഞു. അതേസമയം തന്റെ സുഹൃത്തായ ദിലീപ് ചന്ദ്രന് ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലെന്നും പിന്നെ എങ്ങനെയാണ് അപകീര്‍ത്തിപ്പെടുത്തുന്നതെന്നും ജിനു ചോദിക്കുന്നു.

കോളേജില്‍ അധ്യാപിക നടത്തിയ അഴിമതിയെ ന്യായീകരിക്കുന്നതിന് കൂട്ടുനിന്നില്ല, തിരിമറി കണ്ടെത്തിയ പ്രിന്‍സിപ്പലിനെതിരെ നിന്നില്ല തുടങ്ങിയ കാരണങ്ങളാല്‍ ഭീഷണിപ്പെടുത്തുക, പരീക്ഷ കണ്‍ട്രോളറെ സ്വാധീനിച്ച് മാര്‍ക്ക് വെട്ടിക്കുറക്കുക, ഉത്തരക്കടലാസ് മാറ്റി മൂല്യനിര്‍ണയം നടത്തുക, ഇങ്ങനെ തങ്ങളെ ഉപദ്രവിച്ച അധ്യാപകര്‍ക്കെതിരെ നടപടികള്‍ എടുക്കാത്തതിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. തന്റെ പോസ്റ്റില്‍ പ്രത്യേകിച്ച് ആരുടെയെങ്കിലും പേര് എടുത്തു പറയുന്നില്ലെന്നും ജിനുമോന്‍ പറയുന്നു. എന്നാല്‍ തനിക്കെതിരെ കേസുകള്‍ നല്‍കി ബുദ്ധിമുട്ടിക്കുകയാണ് ഈ അധ്യാപകരുടെ ലക്ഷ്യം. മഹാരാജാസില്‍ തെറ്റ് ചൂണ്ടിക്കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ഇടത് അധ്യാപ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും വളഞ്ഞിട്ട് ആക്രമിക്കുന്നത് പതിവാണെന്നും വി.എസ് ജിനുമോന്‍ പറയുന്നു.

കോളേജിലെ ഭാഷാശാസ്ത്രം അധ്യാപിക കോളജില്‍ സംഘടിപ്പിച്ച സെമിനാറിന്റെ മറവില്‍ പണം തട്ടിയത് പ്രിന്‍സിപ്പലായിരുന്ന എന്‍.എല്‍ ബീന കണ്ടെത്തിയിരുന്നു. ഇതില്‍ നിന്ന് തലയൂരാന്‍ വിദ്യാര്‍ഥികളുടെ ഒപ്പ് ശേഖരിച്ചപ്പോള്‍ സഹകരിച്ചില്ലെന്ന കാരണത്താലും, പ്രിന്‍സിപ്പലിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പങ്കെടുക്കാതിരുന്നതോടെയാണ് കോളേജിലെ ഇടത് അധ്യാപക സംഘടനയിലെ നേതാക്കളും ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയും ചേര്‍ന്ന് ജിനുവിനെയും സുഹൃത്ത് ദിലിപിനെയും ഭീഷണിപ്പെടുത്തുകയും ജിനുവിന്റെ എംഎ രണ്ടാം സെമസ്റ്ററിന്റെ മാര്‍ക്ക് പരീക്ഷ കണ്‍ട്രോളറെയും അധ്യാകരെയും സ്വാധീനിച്ച് വെട്ടിക്കുറക്കുകയും ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. മാര്‍ക്ക് കുറവായതിനെതുടര്‍ന്ന് പുനര്‍മൂല്യ നിര്‍ണയം നടത്തിയപ്പോള്‍ ഭാഷാ സാഹിത്യത്തിന് 39 ഉം നോവല്‍ സാഹിത്യത്തിന് 48 ഉം ആയിരുന്ന സ്ഥാനത്ത് പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം വന്നപ്പോള്‍ അത് 65 ല്‍ 59 ഉം 64 ഉം മാര്‍ക്കായി മാറിയിരുന്നു. സംഭവത്തില്‍ മഹാരാജാസിലെ വനിതാ അധ്യാപകരായ ജൂലിയ ഡേവിഡ്, സുമി ജോയി എന്നിവരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ സ്‌റ്റേ വാങ്ങി കോളേജില്‍ ജോലി ചെയ്യുകയാണ് ഇടതു അധ്യാപക സംഘടനയായ എകെജിസിടിയില്‍ അംഗങ്ങളായ ഈ വനിതാ അധ്യാപകര്‍. കോളേജിലെ ഇടത് സംഘടനകളുടെ ഇഷ്ടത്തിനൊപ്പം ജീവിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളെ അധ്യാപക സംഘടനയും ചേര്‍ന്ന് വളഞ്ഞിട്ടാക്രമിക്കുകയാണ് പതിവെന്ന് ജിനുമോന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. എംഎ നാലു സെമസ്റ്ററുകളിലും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച് ജിനു ഒന്നാം റാങ്ക് നേടിയിരുന്നു. ചേര്‍ത്തലയിലെ നിര്‍ധന കുടുംബത്തിലെ ശിവദാസന്റെയും ഓമനയുടെയും മകനാണ് ജിനു.

തനുവിനൊപ്പം നില്‍ക്കുമോ മഹാരാജാസ്? അവകാശങ്ങള്‍ സംരക്ഷിച്ചും ആവശ്യങ്ങള്‍ അംഗീകരിച്ചും

അധ്യാപിക ജാതി വിളിച്ച് ആക്ഷേപിച്ചെന്ന് വിദ്യാര്‍ഥി

മുന്‍ പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനക്കെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തില്ല, സുഹൃത്ത് ജിനു ഇടത് അധ്യാപക സംഘടനയിലെ നേതാക്കള്‍ക്കെതിരെ പ്രതികരിച്ചു, അവര്‍ക്കെതിരെ പരാതി കൊടുക്കുന്നതിന് ഒപ്പം ചേര്‍ന്നു, ഇതായിരുന്നു എംഎ മലയാളം വിദ്യാര്‍ഥിയായിരുന്ന ദിലീപ് ചന്ദ്രന്‍ ചെയ്തത്. ഇക്കാരണങ്ങളാല്‍ ഗുണ്ടകളെ വിട്ട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോളേജിലെ അധ്യാപിക ജൂലിയ ഡേവിഡ് നീ കുറുവനായതുകൊണ്ട് വിവരം കുറവാണ് അതുകൊണ്ടാണ് പരാതിപ്പെട്ടതെന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നും ദിലീപ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പട്ടികജാതി കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും, പോലീസിലും പരാതിപ്പെട്ടെങ്കിലും ഇതു വരെ കുറ്റക്കാര്‍ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും ദിലീപ് ചന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ കോളേജിലെ അന്വേഷണ കമ്മീഷനില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ലൈബ്രറിയില്‍ നിന്നെടുത്ത ബുക്ക് നശിപ്പിക്കുകയും ചെയ്‌തെന്ന് കോളേജിലെ ഈ മുന്‍ വിദ്യാര്‍ഥി പറയുന്നു. ഇക്കാരണങ്ങളെല്ലാം പറഞ്ഞ് കോളേജ് അധികൃതര്‍ തനിക്ക് ടി.സി നല്‍കുന്നില്ല. കരഞ്ഞ് കാല് പിടിച്ച് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഇപ്പോള്‍ ടി.സി നല്‍കാന്‍ മനസില്ലെന്നും കുറച്ചു സ്ഥലത്തു കൂടി പരാതിപ്പെടാനാണ് കോളേജ് അധികൃതര്‍ പറഞ്ഞതെന്നും ദിലീപ് പറയുന്നു. കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയാണ് ദിലീപിന്റെ സ്വദേശം. കൂലിപ്പണി എടുത്ത് ജീവിക്കുന്ന അമ്മയും അനുജത്തിയും മാത്രമാണ് ദീലീപിനുള്ളത്. ടി.സി ആവശ്യപ്പെട്ട് തന്റെ അമ്മ കോളേജ് അധികൃതരുടെ മുമ്പില്‍ വന്ന് കരഞ്ഞ് പറഞ്ഞിട്ടും അവര്‍ ചെവി കൊണ്ടില്ല. ഇവരൊക്കെ അധ്യാപകരാണോ? ദീലിപ് പറയുന്നു.

വിദ്യാര്‍ഥികള്‍ സമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് അധ്യാപിക

കോളേജിലെ എംഎ മലയാളം വിദ്യാര്‍ഥികളായിരുന്ന വി.എസ് ജിനുമോന്‍, ദിലീപ് ചന്ദ്രന്‍ എന്നിവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് മലയാളം ഭാഷാശാസ്ത്രം വിഭാഗത്തിലെ അധ്യാപിക ജൂലിയ ഡേവിഡ് അഴിമുഖത്തോട് പറഞ്ഞു. വിദ്യാര്‍ഥിയുടെ മാര്‍ക്ക് വെട്ടിക്കുറക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല, ദീലിപ് ചന്ദ്രനെന്ന കുട്ടിയെ താന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ല. ഇതിന് തെളിവുകളോ സാക്ഷികളോ ഇല്ല. കോളേജിലെ സുമിത ജോയി എന്ന അധ്യാപികയ്ക്കും തനിക്കുമെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന അപകീര്‍ത്തിപരമായ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ജൂലിയ ഡേവിഡ് പറഞ്ഞു.

കുറുവടികളും വാക്കത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ളവയല്ല, മരംമുറിച്ചത് സദാചാര പോലീസിങ്ങുമല്ല: മഹാരാജാസ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീന സംസാരിക്കുന്നു

തോമസ് ഐസക്കിനെയായിരുന്നു കെ.എസ്.യുക്കാര്‍ ലക്ഷ്യമിട്ടത്; കൊല്ലപ്പെട്ടത് മുത്തുക്കോയയും

മഹാരാജാസിലെ ചുവരെഴുത്തുകളും സോഷ്യല്‍ മീഡിയ ചുവരെഴുത്തുകളും

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍