TopTop

ഫേസ്ബുക്കില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നവരോട്

ഫേസ്ബുക്കില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നവരോട്
2014ലെ കണക്കനുസസരിച്ച് കേരളത്തിൽ 48 ലക്ഷത്തിൽ അധികം ഫേസ്ബുക്ക് ഉപഭോക്താക്കൾ ഉണ്ട്. കൗമാരക്കാർ മുതൽ മധ്യവയസു പിന്നിട്ടവര്‍ വരെ സജീവമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇവിടെ ഒരു കുടുംബത്തിലെ അംഗങ്ങൾ, കൂട്ടുകാർ, അയൽക്കാർ, ഒരേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവർ, ഒരേ ജില്ലക്കാർ മുതൽ ഒരേ ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നവർ വരെ ഉണ്ട്. നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരു മനുഷ്യന്റെ വ്യക്തിത്വവികസനത്തിനും, തൊഴില്‍പരവും സാമൂഹിക പരമായുള്ള ഉന്നമനത്തിനും ഫേസ്ബുക്ക് വളരെ അധികം സഹായകരം ആണ്.

നിര്‍ഭാഗ്യവശാൽ ഇതേ ഫേസ്ബുക് ഉപയോഗിക്കുന്നവരിൽ സാമൂഹിക വിരുദ്ധരും, പെഡോഫൈൽ മാനസികാവസ്ഥ ഉള്ളവരും, ബ്ലാക്മെയ്ൽ ചെയ്യുന്നവരും, ചാരിറ്റി തട്ടിപ്പുകാരും ഒക്കെ ഉണ്ട്. ഇത്രയും തന്നെ മോശമായ മറ്റൊരു പ്രവണതയാണ് ഫേസ്ബുക്കിൽ കണ്ടു വരുന്ന ആത്മഹത്യ ഭീഷണി പോസ്റ്റുകൾ.

കുറച്ചു കാലങ്ങൾക്കു മുൻപ് ഫേസ്ബുക്കിൽ വൈറൽ ആയ ഒരു സംഭവം വിവരിക്കാം. രണ്ടു കൂട്ടർ പരസ്പരം മത്സരിച്ചു ചെളിവാരി എറിഞ്ഞു പോസ്റ്റ് ഇടുന്നു. അവിഹിത കഥകളും, തെറി വിളികളും പരസ്പരം യഥേഷ്ടം തൂകുന്നു. അവസാനം ഫേസ്ബുക്കിലെ കളി കാര്യമായി. പരസ്പരം കേസ് കൊടുക്കുന്ന ഘട്ടം വരെ എത്തി. അവിടം കൊണ്ടും തീർന്നില്ല കാര്യങ്ങൾ. ഒരു കൂട്ടത്തിലെ സ്ത്രീ 'തനിക്കു എതിരെ മോശം പ്രസ്താവനകൾ ഇറക്കിയ വ്യക്തികളെ ഉടനടി അറസ്റ്റ് ചെയ്തില്ല എങ്കിൽ ആത്മഹത്യ ചെയ്യും' എന്ന് ഫേസ്ബുക് വഴി വിളംബരം ഇറക്കി. ഇത് വളരെ അധികം പ്രചാരം നേടുകയും മാധ്യമങ്ങള്‍ വരെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അവസാനം മറുപക്ഷത്തെ ചിലർക്കെതിരെ കേസ് എടുത്തു ഭീഷണിക്കാരിയെ സമാധാനിപ്പിക്കുകയായിരുന്നു.

ഒരു വ്യക്തി ആത്മഹത്യ ഭീഷണി മുഴക്കി സംസ്ഥാനത്തെ പോലീസിനെ കൊണ്ട് കേസ് എടുപ്പിച്ച സംഭവം ചിലപ്പോൾ കേരള പോലീസിന് തന്നെ അപമാനകരം ആയിരിക്കും. ഇപ്പോൾ ആർക്കും വിരോധമുള്ളവരുടെ മേൽ എടുത്തു പ്രയോഗിക്കാൻ കഴിയുന്ന ഒരു ബ്രഹ്മാസ്ത്രം ആയി മാറിയിരിക്കുന്നു ആത്മഹത്യ ഭീഷണി പോസ്റ്റുകൾ. ഇത് അത്യന്തം അപകടം ആയ ഒരു പ്രവണതയാണ്. ഇങ്ങനെ ഉള്ള പോസ്റ്റുകളിൽ സ്ത്രീകൾ ആകുമ്പോൾ അതിന്റെ വിശ്വസനീയത വർധിക്കുകയും ചെയ്യുന്നുണ്ട്.ആത്മഹത്യ ഭീഷണികൾ സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കപ്പെടുമ്പോൾ വിഷാദരോഗം, ആത്മഹത്യ പ്രവണത എന്നീ മാനസിക അവസ്ഥയിൽ ഉള്ള രോഗികളെ അത് ആത്മഹത്യയിലേക്കു തള്ളിവിടും എന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു പ്രശ്നം വന്നാൽ അതിനെ നേരിടാൻ ശ്രമിക്കാതെ പ്രതികാര നടപടി ആയി ഇങ്ങനെ ഉള്ള ആത്മഹത്യ നാടകങ്ങൾ കളിക്കുന്നവർ മനസിലാക്കുന്നില്ല മാനസിക പക്വത എത്തിയിട്ടില്ലാത്ത കൗമാരപ്രായക്കാർ മുതൽ മുകളിൽ പറഞ്ഞ വിഷാദ രോഗത്തിന് അടിമപ്പെട്ടവർ വരെ ഉപയോഗിക്കുന്ന ഒരു സാമൂഹിക മാധ്യമം ആണ് ഫേസ്ബുക്ക് എന്നത്. തല്പര നേട്ടങ്ങൾക്കു ആയി ആത്മഹത്യ നാടകങ്ങളിൽ അഭിനയിക്കുമ്പോൾ, അവർ ഇങ്ങനെ ഉള്ള കുറച്ചു മനുഷ്യരെ കൂടി ആത്മഹത്യക്കു പ്രേരിപ്പിക്കുക ആണ് ചെയ്യുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് തായ്ലൻഡിൽ പതിനൊന്നു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്നെ സ്വന്തം പിതാവ് കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യുന്ന ഫേസ്ബുക് ലൈവ് വീഡിയോ ഇട്ടത്. ഭാര്യയോട് ഉള്ള വിരോധം തീർക്കാൻ ആണത്രേ അയാൾ ലോകം മുഴുവൻ കാൺകെ ഈ ക്രൂരത ചെയ്തത്. മറ്റൊരാളെ വേദനിപ്പിക്കാൻ, ശിക്ഷിക്കാൻ സ്വന്തം മരണം പോലും ആയുധമാക്കുന്ന ആ അച്ഛനോട് ആർക്കും സഹതാപം തോന്നാൻ വഴിയില്ല. ഈ മനുഷ്യനിൽ നിന്നും അധികം അകലം തോന്നുന്നില്ല ഫേസ്ബുക്കിൽ ആത്മഹത്യ നാടകങ്ങൾ മുഴക്കി നിറഞ്ഞാടുന്ന ചില മനുഷ്യ മനസുകൾക്ക്.

ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് കപട ആത്മഹത്യാ നാടകങ്ങൾ ആടുവാൻ ഫേസ്ബുക്ക് ഉപയോഗിക്കുന്ന ചില മാനസികരോഗികളെ കുറിച്ച് മാത്രമാണ്. ഇങ്ങനെ ഉള്ള വ്യക്തികളുടെ നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയോട് മൃദു സമീപനം സ്വീകരിച്ചാൽ താമസിയാതെ നമ്മുടെ നാട്ടിൽ ആർക്കും ആരോടും എടുത്തു പ്രയോഗിക്കാവുന്ന ഒരായുധം ആയി ആത്മഹത്യാ ഭീഷണി മാറും. ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾ പോലും ഉപയോഗിക്കുന്ന ഒരു മാധ്യമ ആണ് ഫേസ്ബുക് എന്ന ഓര്‍മ്മ ഉണ്ടാകണം. നാളെ ഒരു പ്രശ്നം ഉണ്ടായാൽ ആത്മഹത്യ ആണ് പരിഹാരം എന്ന ചിന്ത ഉണ്ടാക്കുന്ന ഇങ്ങനത്തെ ആത്മഹത്യാ ഭീഷണി പോസ്റ്റുകൾ ഒരു തലമുറയെ തന്നെ തെറ്റായ രീതിയിൽ ചിന്തിപ്പിച്ചേക്കാം. തീർച്ചയായും സഹതാപവും സഹായവും അർഹിക്കുന്നവർക്കു അത് എത്തിച്ചു കൊടുക്കുക തന്നെ വേണം. മറിച്ചു ഇന്ന വ്യക്തിയെ അറസ്റ്റ് ചെയ്തില്ല എങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും എന്നിങ്ങനെ ഉള്ള ഭീഷണികൾ സ്വന്തം നേട്ടത്തിനു വേണ്ടി ഫേസ്ബുക് വഴി പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികളെ നിയമം കൊണ്ട് നേരിടുക തന്നെ വേണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories