TopTop
Begin typing your search above and press return to search.

'ദുരിതങ്ങൾക്കിടയിൽ ജീവിക്കാനാവുന്നതും ഒരർത്ഥത്തിൽ നല്ലതാണ്. ഓരോ നിമിഷവും ജീവിച്ചു എന്നു തോന്നും': സുനിൽ പി ഇളയിടം ക്യാമ്പ് അനുഭവങ്ങൾ പങ്കു വെക്കുന്നു

ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകനും, എഴുത്തുകാരനും, അധ്യാപകനുമായ സുനിൽ പി ഇളയിടവും പ്രളയക്കെടുതിയുടെ രൂക്ഷതയാൽ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി. അദ്ദേഹത്തിന്റെ ക്യാമ്പ് അനുഭവങ്ങൾ ഇന്നലെ ഫെയ്സ്ബൂക് പോസ്റ്റിൽ കുറിച്ചത്.

ഇന്ന് ഉച്ചയോടെ ക്യാമ്പ് പിരിഞ്ഞു.
ഒൻപതു ദിവസങ്ങൾക്കു ശേഷം.

ആഗസ്റ്റ് 15 ന് വൈകുന്നേരം ആരംഭിച്ച ക്യാമ്പാണ്. അന്ന് ഞങ്ങളുടെ ചുറ്റുവട്ടത്ത് ഈയൊരു ക്യാമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. 20-25 കുടുംബങ്ങൾ മാത്രം. പിറ്റേ ന്നായപ്പോഴേക്കും അത് പൊടുന്നനെ പെരുകി. അര കിലോമീറ്റർ ദൈർഘ്യത്തിനുള്ളിൽ 6 ക്യാമ്പുകൾ. ആയിരത്തിലധികം കുടുംബങ്ങൾ. നാലായിരത്തിലധികം ആളുകൾ.

പ്രളയജലം എന്റെ വീട്ടിലേക്കെത്തിയില്ല. വീടിന് കിഴക്കും പടിഞ്ഞാറുമായി ഏതാണ്ട് പത്തു പതിനഞ്ചു മീറ്റർ അകലെ വരെ അതു വന്നു മടങ്ങി.എങ്കിലും പരിസരത്താകെ വെള്ളമുയർന്നു. തൊട്ടടുത്ത് തന്നെ ചില വീടുകളെ മുക്കിത്താഴ്ത്തി. പല വീടുകളെയും തകർത്തു.

ക്യാമ്പിന്റെ ആദ്യദിവസങ്ങൾ പ്രയാസകരമായിരുന്നു. വിഭവങ്ങൾ കുറവ്. വൈദ്യുതിയില്ല. റോഡ് മുറിച്ച് കുത്തിയൊഴുകിയ വെള്ളം പുറത്തേക്കുള്ള യാത്ര മിക്കവാറും അസാധ്യമാക്കിയിരുന്നു. സമീപത്തെ സഹകരണ സംഘത്തിലെ അരി കൊണ്ടാണ് ഭക്ഷണമൊരുക്കിയത്. കഞ്ഞിയും ചെറുപയറും തന്നെ സമൃദ്ധിയുടെ അടയാളമായിരുന്നു. ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞ് മുതൽ ക്യാൻസറിന് കീമോ ചികിൽസലായിരുന്ന ഒരു അമ്മ വരെ സ്കൂളിലെ ബഞ്ചുകളിലും തണുത്ത നിലത്തും ഉറങ്ങി.

മഴയുടെ ആദ്യ ദിവസങ്ങളിൽ കിഴക്കും പടിഞ്ഞാറുമുള്ള പുഴകളിൽ വെള്ളമുയർന്നിരുന്നില്ല. പെരിയാറിൽ നിന്ന് ബണ്ടു മുറിച്ച് ജലമൊഴുക്കിയതോടെയാണ് കിഴക്കുള്ള പുഴ ഭയാനകമായി ഒഴുകാൻ തുടങ്ങിയത്. പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ എട്ട് കാലുകൾ പ്രളയത്തിൽ ഒഴുകിപ്പോയി. രണ്ട് കിലോമീറ്ററിനപ്പുറം പുഴ രണ്ടു പുഴകളായി പിളർന്നു പാഞ്ഞു.ഒന്ന് വീടുകൾക്കു മുകളിലൂടെ നിറഞ്ഞൊഴുകി. റോഡു മുറിച്ച് പടിഞ്ഞാറേക്കു പാഞ്ഞ പ്രളയ ജലത്തെ കിലോമീറ്ററുകളോളം പരന്നു പടർന്ന പൊക്കാളിപ്പാടങ്ങളാണ് പിടിച്ചുകെട്ടിയത്. അങ്ങനെ ഞങ്ങൾ മുങ്ങിത്താഴാതെ നിന്നു.

വെള്ളം കുറഞ്ഞതോടെ വിഭവങ്ങൾ എത്തിത്തുടങ്ങി. അവസാന ദിവസങ്ങളിൽ അത് ഏറെയായി എന്നു തന്നെ പറയാം. അധികം വന്നവ സമീപത്തെ ക്യാമ്പുകൾ മുതൽ ചെങ്ങന്നൂർ ക്ക് വരെ എത്തിച്ചു. ഇന്ന് ക്യാമ്പ് അവസാനിച്ചപ്പോൾ ബാക്കിയുണ്ടായിരുന്നവ കുട്ടനാട്ടിലേക്ക് പൊയ്ക്കഴിഞ്ഞു.

പ്രളയം പെരുങ്കടൽ പോലെയാണ് പറവൂരിന്റെ വടക്കൻ മേഖലകളെ മുക്കിത്താഴ്ത്തിയത്. ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര, ഗോതുരുത്ത് തുടങ്ങിയ പ്രദേശങ്ങൾക്കു മുകളിലൂടെ പെരിയാർ പാഞ്ഞൊഴുകി. ഒരു മഹായുദ്ധം കഴിഞ്ഞ പ്രേതഭുമി പോലെയാണ് അതിൽ പല പ്രദേശങ്ങളും ഇപ്പോൾ. തകരാത്തതായി അവിടെ ഏറെയൊന്നുമില്ല... വീടുകൾ, മതിലുകൾ, റോഡുകൾ, വീട്ടുപകരണങ്ങൾ...
എല്ലാം

ഞങ്ങളുടെ പ്രദേശത്ത് താരതമ്യേന കുറഞ്ഞ തോതിലേ പ്രളയം നാശം വിതച്ചിട്ടുള്ളൂ. തിരിച്ചു പിടിക്കാനാവാത്ത വിധം ഇവിടെ എല്ലാം തകർന്നു പോയിട്ടില്ല. ഏറെപ്പേരും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണുപോയവരാണെങ്കിലും, ഞങ്ങളുടെ നാട്ടുകാർ ഉണർവ്വോടെ വീണ്ടും ജീവിതത്തിന്റെ മുഖത്തു നോക്കിത്തുടങ്ങുന്നു .

താരതമ്യേന തൃപ്തികരമായ സൗകര്യങ്ങൾ ക്യാമ്പിന്റെ അവസാന ദിനങ്ങളിൽ ഉണ്ടായിരുന്നു. ഇന്ന് വീടുകളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് ഏകദേശം ഒരാഴ്ചയ്ക്കുള്ള അരിയും മറ്റു സാധനങ്ങളും കൊടുത്തു വിടാൻ കഴിഞ്ഞു. ജീവിതവുമായുള്ള അവരുടെ മുഖാമുഖം വീണ്ടും തുടങ്ങാൻ അത് തുണയായേക്കും.

ഒരാഴ്ചയിലേറെയായി ക്യാമ്പിലായിരുന്നു ജീവിതം. ഇന്നലെയാണ് പത്രം വായിച്ചു തുടങ്ങിയത്.രാവിലെ തുടങ്ങിയാൽ രാത്രി പതിനൊന്നുവരെ നീളുന്ന ദിവസങ്ങൾ.അതിനിടയിൽ എല്ലാവരും ചേർന്ന് ആകാവുന്നതെല്ലാം ഒരുമിച്ചു ചെയ്തു. അരി ചുമക്കൽ മുതൽ ചവറു വാരൽ വരെ. രാത്രി വീട്ടിൽ മടങ്ങിയെത്തിയാൽ കിടന്ന നിമിഷം തന്നെ ഉറങ്ങി.

കോട്ടുവള്ളി യു.പി. സ്കൂളിലെ ക്യാമ്പിന്റെ ജീവനാഡിയായിരുന്നത് പി.കെ. സോമനാണ്. ലിജോ മാഷ്, വാർഡ് മെമ്പർ സജിന, ജോർജ്, അജി, ഡെൻസിൽ.. അങ്ങിനെ ഒരു പാടു പേർ എല്ലാ ഭേദങ്ങൾക്കുമപ്പുറം ഉടനീളം ഒരുമിച്ചു നിന്നു. സ്കൂളിലെ മുതിർന്ന കുട്ടികൾ ഉറങ്ങാതെ പണിയെടുത്തു കൊണ്ടേയിരുന്നു. കരുണയാലും ഒരു ത ലാലും ഒരുമിച്ചു നിൽക്കുന്ന മനുഷ്യർ.

റൊമൈൻ റോളൻഡിന്റെ ജീൻ ക്രിസ്റ്റഫിൽ നായക കഥാപാത്രം പറയുന്ന ഒരു വാക്യമുണ്ട്:
" ദുരിതങ്ങൾക്കിടയിൽ ജീവിക്കാനാവുന്നതും ഒരർത്ഥത്തിൽ നല്ലതാണ്. ഓരോ നിമിഷവും ജീവിച്ചു എന്നു തോന്നും "

പൂർണ്ണമായും ജീവിച്ച നിമിഷങ്ങളായിരുന്നു കഴിഞ്ഞ ഏഴെട്ടു ദിവസങ്ങളിലേത് .

നമ്മൾ അതിജീവിക്കുന്നു!!

എല്ലാവരോടും സ്നേഹം.
ഈ കുഞ്ഞിനോട് പരമമായ സ്നേഹം!


Next Story

Related Stories