TopTop
Begin typing your search above and press return to search.

ട്രാന്‍സ് ജീവിതങ്ങള്‍; ലിംഗ അസമത്വത്തിനെതിരേ ജീവിതം കൊണ്ട് പടപൊരുതുന്നവര്‍

ട്രാന്‍സ് ജീവിതങ്ങള്‍; ലിംഗ അസമത്വത്തിനെതിരേ ജീവിതം കൊണ്ട് പടപൊരുതുന്നവര്‍

നമുക്കിവിടെ സംവദിക്കാനുള്ളത് ചില മനുഷ്യരെ കുറിച്ചാണ്. എല്ലാവരെയും പോലെ ചോരയും മജ്ജയും മാംസവുമുള്ള ചില പച്ച മനുഷ്യരെ കുറിച്ച്. നിങ്ങള്‍ അവര്‍ക്കിട്ട പേര് മൂന്നാം ലിംഗം, ഹിജഡ, ശിഖണ്ഡി, ഒമ്പത്, ചാന്ത് പൊട്ട് എന്നിങ്ങനെ പലതാണ്. മലയാളത്തില്‍ അവരെ കുറിക്കുന്ന ശരിയായ പദം നിലവിലില്ല എന്നതാണ് സത്യം. തത്ക്കാലത്തേക്ക് ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് വാക്കാണ് ഞാനിവിടെ അവര്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്.

സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആളുകളെ പോലെ ഞാനും ട്രാന്‍സ്, ലെസ്ബിയന്‍, ബൈ, ഗേ, വിഭാഗങ്ങളെ വളരേയേറെ അസഹിഷ്ണുതയോടും വെറുപ്പോടും പുച്ഛത്തോടുമായിരുന്നു ഒരു കാലം വരെ നോക്കിക്കണ്ടിരുന്നത്. ട്രെയിനില്‍ പത്ത് രൂപ ചോദിച്ച് കൈമുട്ടി വന്നിരുന്ന അവരുടെ ചേഷ്ടകള്‍ കൗതുകത്തേക്കാളേറെ എന്നെപ്പോലെയുള്ളവര്‍ക്ക് വെറുപ്പാണുണ്ടാക്കിയത്. പാതിരാവായി കഴിഞ്ഞാല്‍ റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ ശൃംഗാര ഭാവത്തില്‍ നിന്നിരുന്ന അവരോട് കാമമായിരുന്നില്ല, ഒരു തരം അറപ്പായിരുന്നു. ഈ അറപ്പും വെറുപ്പം ദേഷ്യവും അസഹിഷ്ണുതയുമെല്ലാം എന്റേതടക്കമുള്ള പലരിലും ചെറുപ്പം മുതലെ, നമ്മള്‍ പോലുമറിയാതെ, മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നായിരുന്നു. അവരെ കാണുമ്പോള്‍ അറപ്പോടെ മുഖം തിരിക്കുന്ന നമ്മള്‍ എന്തുകൊണ്ടവരിങ്ങനെയെന്ന് അന്വേഷിച്ചിട്ടില്ല. അവരെന്തു കൊണ്ട് ഇത്തരത്തില്‍ ഒരു ജീവിതം തെരഞ്ഞെടുത്തുവെന്ന് ആലോചിച്ചിട്ടില്ല.

എന്റെ ഇത്തരം ചിന്താഗതികള്‍ക്ക് മാറ്റം വരാന്‍ കാരണമായത് എന്റെ ഒരു കൂട്ടുകാരനാണ്. അവന്റെ റിസര്‍ച്ചിന്റെ ഭാഗമായി തെരഞ്ഞെടുത്ത സബ്ജക്റ്റ് എല്‍.ജി.ബി.ടി ജീവിതങ്ങളായിരുന്നു. റിസര്‍ച്ചിന് സഹായിക്കാനെന്നോണം മനസില്ലാ മനസോടെ എല്‍.ജി.ബി.ടി അംഗങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നപ്പോള്‍, പലരുടേയും ജീവിതങ്ങള്‍ അവര്‍ തന്നെ പറഞ്ഞ് കേട്ടറിഞ്ഞപ്പോള്‍ മനസ്സില്‍ അന്ന് വരെയുണ്ടായിരുന്ന വെറുപ്പം വിദ്വേഷവും അലിഞ്ഞില്ലാതാവുകയും പകരം കൗതുകവും സഹതാപവും സ്‌നേഹവും സൗഹൃദവും ഉടലെടുക്കുകയും ചെയ്തു. അതു കൊണ്ടാവും അവന്‍ റിസര്‍ച്ച് അവസാനിപ്പിച്ച് പോയിട്ടും ഞാന്‍ വീണ്ടും അവരുടെ ജീവിതം കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിച്ചത്. പലരും കഥകള്‍ പറഞ്ഞു തീരുന്നതിനിടക്ക് പല തവണ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു. അവരനുഭവിച്ച മാനസിക പിരിമുറുക്കങ്ങളും ശാരീരിക പീഢനങ്ങളും അളവില്ലാത്തതായിരുന്നു. അന്നവരുന്നയിച്ച പല ചോദ്യങ്ങളും എന്നെ വല്ലാതെ ചിന്തിപ്പിച്ചു.

http://www.azhimukham.com/kerala-recent-transgender-issues-and-supreme-court-order-what-is-the-reality/

ഹെട്രോസെക്ഷല്‍ ആയിട്ടുളള ഒരു പുരുഷന്റെ അടുത്ത് മറ്റൊരു പുരുഷനെ കൊണ്ട് നിര്‍ത്തി ഭോഗിക്കുവാന്‍ പറഞ്ഞാല്‍ ഉണ്ടാവുന്ന വികാരം എന്തായിരിക്കും? അതു പോലെ തന്നെയല്ലേ ലെസ്ബിയനോ ഗേയോ ആയിട്ടുള്ള ഒരാളുടെ അടുത്ത് എതിര്‍ലിംഗ സെക്‌സിനെ പ്രണയിക്കാനും ഭോഗിക്കാനും പറയുമ്പോഴുണ്ടാകുക. പുരുഷന് സ്ത്രീയുടെ വസ്ത്രം ധരിക്കുമ്പോളുണ്ടാകുന്ന കംഫര്‍ട്ട് ഇല്ലായ്മ തന്നെയല്ലേ സ്ത്രീ മനസുള്ള ഒരു പുരുഷന് പുരുഷ ശരീരം പേറി നടക്കുമ്പോളുണ്ടാവുക. അവളിലേക്ക് പുരുഷ ശരീരത്തെ അടിച്ചേല്‍പ്പിക്കുമ്പോഴുണ്ടാവുന്ന മാനസിക സംഘര്‍ഷം എത്രത്തോളമായിരിക്കുമെന്ന് വെറുതെയൊന്നു ചിന്തിച്ചു നോക്കൂ. അവരങ്ങനെ ജനിച്ചത് അവരുടെ കുറ്റമല്ലല്ലോ, അവര്‍ അവര്‍ക്ക് ലഭിച്ച സ്വത്വത്തെ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം. കുടുംബവും കുട്ടികളും ആയാല്‍ മാറ്റം വരുമെന്ന് പറഞ്ഞ് നിര്‍ബദ്ധിച്ച് വിവാഹം കഴിപ്പിച്ച് രണ്ട് പേരുടേയും ജീവിതം നരകതുല്ല്യമാക്കുന്ന സാഹസം നമ്മള്‍ എത്ര കണ്ടതാണ്.

ഇന്ത്യക്കാര്‍ മുഴുവന്‍ സഹോദരി സഹോദരന്മാരാണെന്ന് പലപ്പോഴായി മുഷ്ടി ചുരുട്ടി പ്രതിജ്ഞ എടുത്തിട്ടുള്ള നമ്മള്‍ എല്‍.ജി.ബി.ടി വിഭാഗത്തിലുള്ളവരെ പ്രത്യേകിച്ച് ട്രാന്‍സ് സൊസൈറ്റിയില്‍ ഉള്ളവരെ അന്യഗ്രഹ ജീവികളെ പോലെയാണ് നോക്കി കണ്ടത്. അവരും നമ്മുടെ സഹോദരീ, സഹോദര വൃത്തത്തിലുള്ളവരാണെന്ന് അംഗീകരിക്കുവാനുള്ള ഒരു മനസ് നമുക്ക് ഇപ്പോഴും ഒരു പരിധി വരെ ഉണ്ടായിട്ടില്ല. മതവും സംസ്‌കാരവും നമ്മളെ ഇത്തരക്കാരില്‍ നിന്ന് ബഹുദൂരം അകറ്റി നിര്‍ത്തി. മതത്തിന്റേയും പുരോഹിത വൃന്ദത്തിന്റേയും കണ്ണുകളില്‍ സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റവും ഇത്തരക്കാര്‍ ക്രിമിനലുകളുമായിരുന്നു. സ്വവര്‍ഗ്ഗ പ്രേമികളായെന്ന ഒരൊറ്റ കാരണം കൊണ്ട് ദൈവം നേരിട്ട് മാലാഖമാരേ അയച്ച് ഒരു സമൂഹത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്ത കഥകള്‍ ബൈബിളിലും ഖുര്‍ആനിലും ആയിരമാവര്‍ത്തി കേട്ടു പഠിച്ചവര്‍ക്ക് അതങ്ങനെ കാണുകയേ നിവൃത്തിയുള്ളു. അതു കൊണ്ടു തന്നെ എല്‍.ജി.ബി.ടിക്കാരായ വ്യക്തികളെയും വിഭാഗങ്ങളേയും അവര്‍ ട്രീറ്റ് ചെയ്യുന്ന വിധം സ്വാഭാവികമായും മ്ലേച്ഛ മനോഭാവത്തിലായി. സാമൂഹികമായും മതപരമായും ചരിത്രപരമായും നമ്മളിലേക്ക് അടിച്ചേല്‍പ്പിക്കപ്പെട്ട ഈ ചിന്താഗതികളുടെ പ്രകടനങ്ങളാണ് ട്രാന്‍സ്ജന്‍ഡറുകള്‍ക്കു നേരെയുള്ള പോലീസിന്റെയും സദാചാര വാക്താക്കളുടേയം കൈയ്യേറ്റ ശ്രമങ്ങള്‍.

http://www.azhimukham.com/moral-policing-attack-against-transgenders-police-torture/

പഠിച്ചിരുന്ന കാലത്തെ ഒരു സംഭവം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. കൂടെയുണ്ടായിരുന്ന് ഒരു പയ്യന്‍ ഗേ ആണെന്നും പലരുമായും ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അറിഞ്ഞ് അന്നത്തെ സദാചാര പോലീസിങ്ങിന്റെ ഭാഗമായി ഞാനും രണ്ട് കൂട്ടുകാരും ചേര്‍ന്ന് അവനെ ഒരു റൂമിലിട്ട് ലോക്ക് ചെയ്ത് ചോദ്യം ചെയ്യുകയുണ്ടായി. ഞങ്ങളെ സംബന്ധിച്ചിടത്തോളും ഗേ എന്നു വെച്ചാല്‍ ഒരു വലിയ കുറ്റകൃത്യമായിരുന്നു, സംസ്‌കാരത്തിന് നിരക്കാത്തതായിരുന്നു. കുറേ സമയത്തെ ചോദ്യം ചെയ്യലിന്റെ അവസാനം അവന്‍ പറഞ്ഞ കാര്യങ്ങള്‍ അന്ന് ഞങ്ങള്‍ക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കാരണം അവനെ മുഴുസമയവും കുറ്റം പറയുകയും അവഹേളിക്കുകയും ചെയ്തിരുന്ന പലരും അവനുമായ് ശാരീരിക ബന്ധം പുലര്‍ത്തുന്നവരായിരുന്നു. ഏറ്റവും രസകരമായ സംഭവമെന്താണെന്ന് വെച്ചാല്‍ അവനെതിരെ പ്രിന്‍സിപ്പാളിന്റെ അടുത്ത് കംപ്ലയ്ന്റ് കൊടുത്ത പയ്യന്‍ ഇവന്റെ അടുത്ത് ആവശ്യപൂര്‍ത്തീകരണത്തിന് സമീപിച്ചപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ് മടക്കി അയച്ചവനാണ്. ആ നിരാശയിലായിരുന്നത്രെ അവന്‍ കംപ്ലയ്ന്റ് നല്‍കിയത്. ചുരുക്കി പറഞ്ഞാല്‍ ഗേ എന്നും ലെസ്ബിയന്‍ എന്ന് കേട്ടാല്‍ ഉടന്‍ കുരുപൊട്ടുന്ന പലരും ഏതെങ്കിലും ഒരു വിധത്തില്‍ ഇത്തരത്തില്‍ ഉള്ള പ്രവര്‍ത്തികളില്‍ ഇടപെട്ടിട്ടുള്ളവരായിരിക്കും എന്നുള്ളതാണ്.

http://www.azhimukham.com/7th-kerala-queer-pride-queerala-sexuality-caste-identity-transgender-vaikhari-aryat/

സുഹൃത്തുക്കളുമായ് ട്രാന്‍സ്ജന്‍ഡര്‍ വിഷയത്തില്‍ സംസാരിക്കേണ്ടി വരുമ്പോള്‍ പലരും ഉന്നയിക്കുന്ന ഒരു കാര്യമാണ് ലൈംഗിക ത്വര. ചുരുക്കം ചിലരൊഴിച്ചാല്‍ ട്രാന്‍സജന്‍ഡറുകള്‍ അവരുടെ ജീവിതത്തിനിടെ പല വ്യക്തികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവും. ഇതിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് നടന്നപ്പോള്‍ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവയാണ്. ട്രാന്‍സ് ആയി അല്ലെങ്കില്‍ അവരുടെ 'പൊതുസമൂഹ'ത്തില്‍ നിന്ന് വ്യത്യസ്തമായി വേഷമൊക്കെ ധരിക്കുന്നതു കൊണ്ടും വ്യതിരിക്തതകള്‍ കൊണ്ടും സമൂഹം മൊത്തം അവരെ ഒറ്റപ്പെടുത്താറാണ് പതിവ്. പരിഹാസവും അവഹേളനവും മാത്രം എല്ലാവരും നല്‍കുമ്പോള്‍ ഇവര്‍ക്ക് അല്‍പ്പം സ്‌നേഹവും പരിഗണനയും ലഭിക്കുന്നത് ഒരേയൊരു സമയത്ത് മാത്രമാണ്. അത് അവര്‍ അവരുടെ ശരീരം മറ്റുള്ളവരുടെ ആവശ്യപൂര്‍ത്തീകരണത്തിന് വിട്ടുകൊടുക്കുമ്പോഴാണ്. ആ പരിഗണനയ്ക്കും സ്‌നേഹത്തിനും വേണ്ടിയാണ് പലരും കളിപ്പാട്ടം പോലെ പലര്‍ക്കും വഴങ്ങി കൊടുക്കുന്നത്.

പണത്തിനു വേണ്ടി ലൈംഗിക വൃത്തി നടത്തുന്നവരും ട്രാന്‍സില്‍ ഉണ്ട് എന്നതും പലരെയും അവരുമായി സംവദിക്കുന്നതില്‍ നിന്ന് തടയുന്നുണ്ട്. പലപ്പോഴും ട്രാന്‍സ് ഇഷ്ടപ്രകാരമല്ല ഇത്തരത്തില്‍ ഒരു ജോലി തെരഞ്ഞെടുക്കുന്നത്. അവര്‍ക്കും വിശപ്പും ദാഹവുമുണ്ട്, അവര്‍ക്കും ഈ ലോകത്തില്‍ ജീവിക്കാനാഗ്രഹമുണ്ട്. ജീവന്‍ നിലനിര്‍ത്താനും വിശപ്പും ദാഹവും തീര്‍ക്കാനുമൊക്കെ മറ്റൊരു പ്ലാറ്റഫോമും കാണാതെ നിവൃത്തികേടു കൊണ്ട് സെക്‌സ്, 10 രൂപ യാചനയും ഒരു ജോലിയായി തിരഞ്ഞെടുത്തവരാണ് പലരും എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കുന്നില്ല.

http://www.azhimukham.com/vayicho-kamisid-pakistani-transgender-model-pakistan-life/

എന്റെ ഒരു ലെസ്ബിയന്‍ കൂട്ടുകാരിയുണ്ട്. ബാംഗ്ലൂരില്‍ അവളും അവളുടെ പാര്‍ട്ട്ണറും വളരെ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണ്. പലപ്പോഴും അവരുടെ ജീവിതം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാധാരണ കുടുംബങ്ങളില്‍ കാണുന്ന അധീശത്വ മനോഭാവമോ അധികാരഭാവമോ ഇല്ലാതെ അവര്‍ രണ്ട് പേരും വളരെ സന്തോഷപൂര്‍വം ജീവിക്കുന്നു. പലപ്പോഴും അവളോട് ഞാന്‍ കേരളത്തിലേയും മറ്റും എല്‍.ജി.ബി.ടി അവസ്ഥകളെ കുറിച്ച് സംസാരിക്കാറുണ്ട്. ഒരിക്കല്‍ ഞാന്‍ അവരോട് ഇങ്ങനെ പറഞ്ഞു; ട്രാന്‍സ് വിഭാഗത്തിലുള്ള ആളുകളെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കാനുള്ള ശ്രമം അതാത് സര്‍ക്കാറുകള്‍ കൈകൊണ്ടിരുന്നുവെങ്കില്‍ എത്ര നന്നായേനെ. അതിന് അന്ന് അവള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു; ഞങ്ങളെ പോലുള്ളവര്‍ക്ക് വേണ്ടത് സംവരണമോ പുനരധിവാസമോ അല്ല, നിങ്ങളുടെ പലരുടേയും അംഗീകാരമാണ്. ഒരു ഇന്ത്യന്‍ പൗരനായി, അതല്ലെങ്കില്‍ സമൂഹത്തിലെ സാധാരണക്കാരായി ഞങ്ങളെ നിങ്ങള്‍ എന്നംഗീകരിക്കുന്നോ അന്ന് ഈ കമ്മ്യൂണിറ്റി രക്ഷപ്പെടും. അതു വരെ എന്തൊക്കെ പുനരധിവാസവും സംവരണവും പ്രഖ്യാപിച്ചിട്ടും ഒരു കാര്യവുമില്ല. താമസിക്കാനുള്ള ഒരിടമോ നല്ല ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കാനുള്ള അവകാശമോ ഇപ്പോഴും ലഭിച്ചിട്ടില്ലാത്ത ട്രാന്‍സിന് എന്ത് സംവരണം ലഭിച്ചിട്ടെന്ത്. സമൂഹം മനസിലെ മുന്‍ധാരണകള്‍ മാറ്റി വെച്ച് ഞങ്ങളെ അംഗീകരിച്ചാല്‍ മറ്റാരുടേയും ഉദ്ധരിക്കലില്ലാതെ തന്നെ അവര്‍ നോര്‍മല്‍ ജീവിതത്തിലേക്ക് മടങ്ങിവരും.

http://www.azhimukham.com/kerala-transgenders-struggling-with-their-lives-in-kochi-krdhanya/

സര്‍ക്കാര്‍ ട്രാന്‍സിന് മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്തപ്പോള്‍, പുരോഗമനത്തിന്റെ വലിയ പ്രതീക്ഷകള്‍ നല്‍കിയപ്പോള്‍, ജോലി മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചത്; തല ചായ്ക്കാന്‍ ഒരു കൂര എവിടെയും ലഭിക്കാത്തത് കാരണം കിട്ടിയ ജോലി വേണ്ടെന്ന് വെച്ച് അവരില്‍ പലര്‍ക്കും മടങ്ങി പോകേണ്ടി വന്നു. അവര്‍ക്ക് താമസിക്കാന്‍ ഹോസ്റ്റലുകളോ വാടകയ്ക്ക് മുറികളോ നല്‍കാന്‍ മാത്രം വിശാലമനസ്‌കത അവിടുള്ളവര്‍ക്കുണ്ടായില്ല. കാരണം ഇനിയും നമ്മള്‍ അവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അപ്പോള്‍ മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്. നമ്മുടെ പാഠ്യവിഷയങ്ങളില്‍ മറ്റെല്ലാ മേഖലകളിലും കൃത്യമായ ബോധവത്കരണം നടക്കേണ്ടതുണ്ട്.

ബഹുഭൂരിപക്ഷം പേരുടേയും ഒരു ധാരണ, ശാരീരിക ദാഹം തീര്‍ക്കാന്‍ അല്ലെങ്കില്‍ പലരുടേയും വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ 'കഴപ്പ്' തീര്‍ക്കാന്‍ വേണ്ടി ഇത്തരത്തില്‍ ഒരു ജീവിതം തെരഞ്ഞെടുത്തവരാണ് ഇവര്‍ എന്നതാണ്. തികച്ചും തെറ്റായ ഒരു മുന്‍ധാരണയാണത്. യഥാര്‍ത്ഥത്തില്‍ ഒരോ എല്‍.ജി.ബി.ടി വ്യക്തിയും ഒരു പോരാളിയാണ്. സമൂഹത്തിന്റെ മുന്‍ധാരണകളെയും കാഴ്ച്ചപ്പാടുകളെയും ലംഘിച്ച് സ്വത്വത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍. സ്വത്വത്തിന് വേണ്ടി എല്ലാ അവഹേളനവും സഹിച്ച് തലയുയര്‍ത്തി നില്‍ക്കുന്നവര്‍. ശരീരത്തിനൊപ്പം നില്‍ക്കണമോ മനസ്സിനൊപ്പം നില്‍ക്കണമോ എന്ന നിരന്തരമായ ആശയക്കുഴപ്പത്തിന് ശേഷം മനസ്സിനൊപ്പം നില്‍ക്കാന്‍ ധീരമായ് തീരുമാനമെടുത്തവര്‍. ശരീരത്തെ മനസ്സിനൊപ്പം അണിയിച്ചൊരുക്കിയവര്‍. മനസ്സിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനാണവര്‍ ചുണ്ടുകളില്‍ ചായം പൂശുന്നതും, വര്‍ണ്ണ വസ്ത്രങ്ങള്‍ അണിയുന്നതും. സമൂഹം ഒന്നടങ്കം അവരുടെ ശരീരത്തെ അവരുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അവര്‍ സ്വന്തം തീരുമാനത്തില്‍ അടിയുറച്ച് നിന്നു. അവര്‍ യഥാര്‍ത്ഥത്തില്‍ പോരാളികളാണ്; സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തിനെതിരേ ജീവിതം കൊണ്ട് പടപൊരുതുന്നവര്‍.

ചികിത്സിച്ചാല്‍ മാറ്റാന്‍ സാധിക്കുന്ന ഒരു മാനസിക രോഗമാണ് ഈ അവസ്ഥ, അതു കൊണ്ട് അതിന് ചൂട്ടു പിടിക്കുകയല്ല, അവരെ കൗണ്‍സില്‍ ചെയ്ത് ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരികയാണ് വേണ്ടതെന്നാണ് പലരും വലിയ ജ്ഞാനികളെ പോലെ പറയാറുള്ളത്. അവരോട് പറയാനുള്ളത്, ഇതൊരിക്കരും ഒരു മാനസിക വൈകല്യല്ലെന്ന് ശാസ്ത്രീയമായ് തെളിയിച്ചിട്ടുണ്ട് എന്നാണ്. അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ഞാനിവിടെ വിശദീകരിക്കുന്നില്ല. ഒന്നു ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ഈ കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ആണും പെണ്ണും പിറപ്പിനാല്‍ അവരായത് പോലെ ലെസ്ബിയന്‍സ്, ഗേ, ട്രാന്‍സ് എന്നിവര്‍ പിറപ്പിനാലെ അവരായവരാണ്. അവര്‍ പ്രകൃതിവിരുദ്ധരല്ല, ഞാനും നിങ്ങളും പ്രകൃതിയുടെ ഭാഗമായത് പോലെ തന്നെ അവരും പ്രകൃതിയുടെ ഭാഗമാണ്. നമ്മളെ പോലെ തന്നെ അന്തസ്സോടെയും അഭിമാനത്തോടെയും ഈ ലോകത്ത് ജീവിക്കാന്‍ അര്‍ഹതപ്പെട്ടവരാണ്. ഭൂരിപക്ഷത്തിന്റെ വിശ്വാസ പ്രമാണങ്ങളെ നമ്മളറിയാതെ നമ്മളിലും അവരിലും അടിച്ചേല്‍പ്പിക്കുകയാണ് ഇവിടെ നടക്കുന്നത്.

http://www.azhimukham.com/five-myths-about-transgender-issues/

കൃത്യമായ കൗണ്‍സിലിംഗ് കിട്ടേണ്ടത് എല്‍.ജി.ബി.ടി സുഹൃത്തുക്കള്‍ക്കല്ല, അവരുടെ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണെന്ന് പലപ്പോഴും തോന്നി പോയിട്ടുണ്ട്. ഒരിക്കല്‍ ഒരു ട്രാന്‍സ്ജന്‍ഡര്‍ സുഹൃത്തിന്റെ അമ്മയുമായ് സംസാരിക്കേണ്ടി വന്നു. അവര്‍ക്ക് പറയാനുണ്ടായിരുന്നത് മകന്റെ ഈ അവസ്ഥയില്‍ അവരും കുടുംബവും അനുഭവിക്കുന്ന നാണക്കേടിനെക്കുറിച്ചായിരുന്നു. പുറത്തിറങ്ങി നടക്കാന്‍ വയ്യാതെയായെന്നും, എല്ലായിടത്തു നിന്നും കുത്തു വാക്കുകളും പരിഹാസവും മാത്രമാണെന്നും ആ അമ്മ എന്നോട് പങ്കു വെച്ചു. പ്രായമായ ആ അമ്മയ്ക്കും ഹൃദ്വോഗിയായ അച്ഛനും ആകെയുള്ള അത്താണി ആയിരുന്നത്രെ ആ മകന്‍. നിങ്ങള്‍ അവനെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് പറഞ്ഞ് അവര്‍ എന്നോട് അഭ്യര്‍ത്ഥിച്ചു. അവരോട് സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ച കാര്യം അവന്റെ അച്ഛനും അവനെ പോലെ സ്ത്രീത്വം അടങ്ങിയിട്ടുള്ള വ്യക്തിയായിരുന്നു. പക്ഷെ കുടുംബത്തിലെ എല്ലാവരും കൂടെ അയാളെ വിവാഹം കഴിപ്പിച്ചു. കുടുംബമായി, കുട്ടികളായി. പക്ഷെ അയാളിന്നൊരു ഹൃദ്രോഗിയാണ്. എല്ലാത്തില്‍ നിന്നും ഒതുങ്ങിക്കൂടി, സൗഹൃദങ്ങളില്ലാതെ, കിട്ടിയ ജീവിതം അങ്ങനെ ജീവിച്ച് പോകുമ്പോള്‍ ഉണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളാകാം ഒരു പക്ഷെ അയാളെ ഹൃദ്രോഗിയാക്കിയത്. അത് പോലെ നിങ്ങളുടെ മകനേയും ഒരു ഹൃദ്രോഗിയാക്കേണ്ടതുണ്ടോയെന്ന് ഞാന്‍ അവരോട് ചോദിച്ചു. മൗനമായിരുന്നു മറുപടി. പിന്നീട് കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് കുറച്ചൊക്കെ മകന്റെ നിലപാടിനോടൊപ്പം നില്‍ക്കാനുള്ള മാനസിക സ്ഥൈര്യം ഉണ്ടായി.

http://www.azhimukham.com/trending-woman-beat-man-who-hug-her-mistakenly-think-she-is-a-transgender/

വോട്ടവകാശം പോയിട്ട് ഉച്ചത്തില്‍ കരയാന്‍ പോലും സ്വാതന്ത്രമില്ലാതിരുന്ന, മനുഷ്യരായിട്ട് പോലും കണക്കാക്കാന്‍ ആളുകള്‍ക്ക് മടിയുണ്ടായിരുന്ന ഒരു വിഭാഗം ഇന്ന് പല പ്രമുഖ ചാനലുകളിലേയും ചര്‍ച്ചാമുറികളില്‍ അതിഥികളുടെ ഇരിപ്പിടത്തിലിരുന്ന് സംവദിക്കാന്‍ ഉള്ള സാഹചര്യം താനേ ഉണ്ടായതല്ല, പലവിധത്തിലുള്ള സമര പോരാട്ടങ്ങളിലൂടെ അവര്‍ നേടിയെടുത്ത അവകാശങ്ങളാണ്. നാലാള്‍ കൂടുന്നിടത്ത് നിന്ന് സംസാരിക്കാന്‍ മടി കാണിച്ചിരുന്ന ഒരു വിഷയം, അരുതാത്തതെന്തോ പറയുന്നു എന്ന ധാരണയില്‍ ശബ്ദം താഴ്ത്തി മാത്രം ചര്‍ച്ച ചെയ്യാറുണ്ടായിരുന്ന ഒരു വിഷയം, ഇന്ന് പലയിടങ്ങളില്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. എന്നാലും ഇന്നും വളരെ ദയനീയമാണ് പല ട്രാന്‍സ് വിഭാഗങ്ങളുടേയും അവസ്ഥ. പട്ടികളെ തല്ലി ചതക്കും പോലെ ചതക്കുകയും പല വിധത്തിലുള്ള കേസുകള്‍ ചുമത്തി ജയിലറകള്‍ക്കുള്ളില്‍ നിര്‍ദാക്ഷിണ്യം അടയ്ക്കുകയും മാത്രമല്ല, ഭീകരമാം വിധത്തിലുള്ള സദാചാര പോലീസിംഗിന് ഇരകളാകേണ്ടി വരികയും ചെയ്യുന്ന ഒരവസ്ഥ ഇന്നും നിലനില്‍ക്കുന്നു.

ഇപ്പോഴും എല്‍.ജി.ബി.ടി വിഭാഗക്കാരോട് അസഹിഷ്ണുത അനുഭവപ്പെടുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം, നിങ്ങള്‍ ഏതെങ്കിലും ഒരു ട്രാന്‍സ് സുഹൃത്തിന്റെ കൂടെ മുന്‍ധാരണകളില്ലാതെ ഒരല്‍പം നേരം ഇരുന്ന് സംസാരിക്കൂ. അവരെ കുറിച്ച് മറ്റുള്ളവരില്‍ നിന്നല്ല, അവരില്‍ നിന്ന് മനസ്സിലാക്കാന്‍ ശ്രമിക്കൂ. നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സിലെ വിദ്വേഷങ്ങള്‍ അലിഞ്ഞില്ലാതാകുന്നത് കാണാം. ജാതി അസമത്വങ്ങളെ ഒരു പരിധി വരെ നമ്മള്‍ മറി കടന്നത് പോലെ ലിംഗ അസമത്വങ്ങളെയും മറികടന്ന് പുതിയ ലോകം പടുത്തുയര്‍ത്തുന്ന കാലം വിദൂരത്തല്ലെന്ന് പ്രതീക്ഷിക്കാം.

http://www.azhimukham.com/kerala-transgender-gauri-murder-police-inaction-society-silence-by-dhanya/

http://www.azhimukham.com/seema-vineeth-transgender-bridal-make-up-artist-life-profession-story-unnikrishnan-azhimukham/

https://www.azhimukham.com/trending-attack-on-transgender-laya-in-kottakkal/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories