ട്രെന്‍ഡിങ്ങ്

ഡിഎംകെയില്‍ സ്റ്റാലിനിസം വാഴുമോ?

2014-മുതല്‍ അഴഗിരി പാർട്ടിക്ക് പുറത്തായിരുന്നില്ലെങ്കിലും കരുണാനിധിയുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹം കൂടുതല്‍ ശക്തനായി തിരിച്ചു വന്നേക്കാം

ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ വിയോഗം തമിഴ്നാട്ടിൽ ഒരു വലിയ രാഷ്ട്രീയ ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്. ഒരുപാട് ഉയര്‍ച്ച-താഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അഞ്ച് പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ ഊർജ്ജസ്വലമാക്കി നിർത്താൻ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ ഡിഎംകെ-യുടെ ഭാവി ഇനി എന്തായിരിക്കും?

കരുണാനിധിയുടെ മകൻ എം.കെ. സ്റ്റാലിനെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിന് ഡി.എം.കെ. ജനറൽ കൗൺസിൽ ഒരാഴ്ചയ്ക്കുള്ളിൽ ചേര്‍ന്നേക്കും. അത് വേഗത്തിൽ ചെയ്യേണ്ടതാണെന്നും അല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും ഡിഎംകെ-യിലെ മുതിർന്ന അംഗങ്ങള്‍ വരെ അഭിപ്രായപ്പെട്ടു കഴിഞ്ഞു. പാർട്ടിക്കകത്ത് നേരത്തേതന്നെ നേതൃമാറ്റം നടന്നുകഴിഞ്ഞതായി പലരും ഉറച്ചു വിശ്വസിക്കുന്നു. 2017-ന്‍റെ തുടക്കത്തിൽ, കരുണാനിധിയുടെ
ആരോഗ്യം കൂടുതല്‍ മോശമായ സാഹചര്യത്തില്‍തന്നെ സ്റ്റാലിൻ പാർട്ടിയുടെ പ്രവർത്തക പ്രസിഡന്റായി ചുമതലയേറ്റതാണ്. ബാറ്റൺ ഔപചാരികമായി കൈമാറുന്ന ചടങ്ങാണ് നടക്കേണ്ടത്, സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2008-ല്‍ സ്റ്റാലിന് പാർട്ടിയുടെ ട്രഷററെന്ന ആരെയും മോഹിപ്പിക്കുന്ന പദവി നൽകിയിരുന്നു. കരുണാനിധിയുടെ മകനായതിനാല്‍ മക്കള്‍ രാഷ്ട്രീയത്തിന്‍റെ മറപറ്റി പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച നേതാവല്ല എം കെ സ്റ്റാലിന്‍. 2013 വരെ അദ്ദേഹം പൂർണമായും കരുണാനിധിയുടെ നിഴലായി കൂടെ ഉണ്ടായിരുന്നു. എന്നാൽ, ആ വർഷം പാർട്ടിയുടെ അടുത്ത പ്രസിഡന്‍റ് സ്റ്റാലിൻ തന്നെയായിരിക്കുമെന്ന കരുണാനിധിയുടെ നിർണായകമായ പ്രസ്താവന വന്നു. തൊട്ടടുത്തവർഷം സ്റ്റാലിന്‍റെ മുതിർന്ന സഹോദരൻ എം.കെ. അഴഗിരിയെ സ്റ്റാലിനെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിനാല്‍ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അന്നുമുതല്‍ സ്റ്റാലിൻ ഡിഎംകെ എന്ന പാര്‍ട്ടിയെ ശ്രദ്ധാപൂർവ്വം തന്‍റെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാരംഭിച്ചു. പാർട്ടിയുടെ എല്ലാ തലത്തിലും തന്‍റെ വിശ്വസ്തരുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. അഴഗിരിയെ പിന്തുണയ്ക്കുന്നവരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയോ പാർട്ടിയിൽ നിന്ന് പുറത്താക്കുകയോ ചെയ്തു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പാർട്ടിയുടെ മുഖമായിരുന്നു സ്റ്റാലിൻ. തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. പരാജയപ്പെട്ടെങ്കിലും, സ്റ്റാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ അഭിനന്ദിക്കപ്പെട്ടു. തമിഴ്നാടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിപക്ഷത്തിന്‍റെ നേതാവായി അദ്ദേഹം മാറി. എന്നാൽ, വരും മാസങ്ങളിൽ കരുണാനിധിയുടെ കുടുംബത്തിലെ ചില പടലപ്പിണക്കങ്ങളെങ്കിലും പുറത്തുവന്നേക്കാം.

കരുണാനിധിയെ വലച്ചതും പലപ്പോഴും സ്വന്തം കുടുംബാംഗങ്ങൾ തന്നെയായിരുന്നു. ആദ്യം മൂത്തമകൻ മുത്തു, പിന്നെ അഴഗിരി, പിന്നെ സ്റ്റാലിൻ. 2014-മുതല്‍ അഴഗിരി പാർട്ടിക്ക് പുറത്തായിരുന്നില്ലെങ്കിലും കരുണാനിധിയുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹം കൂടുതല്‍ ശക്തനായി തിരിച്ചു വന്നേക്കാം. അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും നിര്‍ണ്ണായകമാണ്. ഡിഎംകെ വളരെ ശക്തമായ പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ സ്റ്റാലിന്‍റെ നില പരുങ്ങലിലാകും. രജനീകാന്തിനെ പോലുള്ള സിനിമാ താരങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാല്‍ അദ്ദേഹം നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍