TopTop
Begin typing your search above and press return to search.

ദിവ്യഭാരതിയെ തേടി വീണ്ടും പോലീസ്; ലക്ഷ്യം പുതിയ ഡോക്യുമെന്ററി പുറത്തിറങ്ങാതിരിക്കല്‍

ദിവ്യഭാരതിയെ തേടി വീണ്ടും പോലീസ്; ലക്ഷ്യം പുതിയ ഡോക്യുമെന്ററി പുറത്തിറങ്ങാതിരിക്കല്‍

'കക്കൂസ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ദിവ്യ ഭാരതിക്ക് അതിന് പ്രതിഫലമായി ലഭിച്ചത് നൂറായിരം ഭീഷണി കോളുകളും, പോലീസ് കേസുകളുമാണ്. ബലാത്സംഗ ഭീഷണികളും ജീവിക്കാന്‍ അനുവദിക്കില്ലെന്നുമെല്ലാം ഭീഷണി മുഴക്കി സംഘപരിവാര്‍ സംഘടനകളും 'ഉന്നത' ജാതിക്കാരും രംഗത്തെത്തുകയും ആ ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കക്കൂസ് എന്ന ഡോക്യുമെന്ററി സ്വയം ഒരു സമരമായി മാറി ഇന്ത്യയിലുടനീളം പ്രദര്‍ശിപ്പിക്കുകയാണുണ്ടായത്. ജാതി വിവേചനത്തെ ചോദ്യം ചെയ്യുന്ന കക്കൂസിലെ പ്രമേയത്തിന്റെ പേരില്‍, സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമൊക്കെയായ ദിവ്യഭാരതിയെ കേസുകളില്‍ കുടുക്കി വേട്ടയാടുകയും ഒടുവില്‍ ഒളിവില്‍ പോകേണ്ട സ്ഥിതിവരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും അടിപതറാതെ മുന്നോട്ട് പോയ ദിവ്യ അടുത്ത ഡോക്യമെന്ററി തയ്യാറാക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 28-നാണ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. എന്നാല്‍ പോലീസ് വീണ്ടും ദിവ്യഭാരതിയെ വേട്ടയാടാന്‍ തുടങ്ങിരിക്കുകയാണ്.

"കഴിഞ്ഞ ജൂണ്‍ 28-നാണ് എന്റെ പുതിയ ഡോക്യുമെന്ററിയായ "ഒരുത്തരും വരേല"യുടെ ട്രെയ്ലര്‍ പുറത്തു വന്നത്. പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഞാന്‍ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. കാരണം ''കക്കുസ്'' പുറത്ത് വന്നതിന് പിന്നാലെ അത്രയധികം പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാല്‍ ഡോക്യുമെന്ററി റീലിസ് ആയതിന് ശേഷമേ പ്രശ്‌നങ്ങളുണ്ടാകൂവെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ട്രെയ്ലര്‍ കൊണ്ട് തന്നെ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല"- ദിവ്യ പറയുന്നു.

"ട്രയ്ലര്‍ പുറത്ത് വന്ന് കുറച്ച് ദിവസങ്ങള്‍ക്കകമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജൂലൈ മൂന്നിന് എന്റെ ഒരു സുഹൃത്തിനെ കാണാന്‍ ഞാന്‍ മധുരയ്ക്ക് പുറത്ത് പേരംബല്ലൂര്‍ ജില്ലയില്‍ പോയിരിക്കുമ്പോഴാണ് വീട്ടില്‍ ആദ്യം പോലീസ് വരുന്നത്. അന്ന് അതിരാവിലെ 5.45-ന് ഇരുപതോളം പോലീസുകാര്‍ വീട്ടില്‍ വന്നു. ആരും തന്നെ പോലീസ് യൂണിഫോം ധരിച്ചിരുന്നില്ല. ഞാന്‍ വീട്ടിലില്ലെന്ന വ്യക്തമായ അറിവോടെയാണ് അവര്‍ എത്തിയത്, 13 വനിതാ പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. സെര്‍ച്ച് വാറന്റൊ, യാതൊരു വിധ ഓര്‍ഡറുകളോ, കാരണമെന്തെന്ന് പറയുകയൊ കൂടി ചെയ്യാതെ അവര്‍ വീട് മുഴുവന്‍ തിരയുകയി. മുകളിലെ വാട്ടര്‍ ടാങ്കില്‍ വരെ ഇറങ്ങി അവര്‍ സെര്‍ച്ച് ചെയ്തു. ആ സമയത്ത് വീട്ടിലുണ്ടായിരുന്നത് എന്റെ അച്ഛനും പാര്‍ട്ട്ണറും ആയിരുന്നു. അവര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പോലീസുകാര്‍ ഉത്തരമൊന്നും നല്‍കിയില്ല. തുടര്‍ന്ന് ഞങ്ങളുടെ അയല്‍വാസിയും സുഹൃത്തും ഒരു വക്കീലും വന്ന് ചോദിച്ചിട്ട് പോലും റൂറല്‍ ഇന്റലിജന്‍സില്‍ നിന്നാണെന്ന ഉത്തരം മാത്രം നല്‍കി തിരിച്ച് പോവുകയാണവര്‍ ചെയ്തത്''- മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ പ്രാക്ടീസ് ചെയ്യുന്ന ദിവ്യക്ക് വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അതിലും മോശമായ അനുഭവമാണുണ്ടായത്.

അന്ന് വൈകിട്ട് മധുര ജില്ലാ കോടതിയില്‍ പോയ ദിവ്യ തിരിച്ച് വരുമ്പോള്‍ യൂണിഫോമിലല്ലാത്ത ഒരാള്‍ പോലീസാണെന്ന് പറഞ്ഞ് ദിവ്യയുടെ വണ്ടിയുടെ കീ ഊരിയെടുക്കുകയും അന്വേഷിക്കണമെന്നും പറഞ്ഞ് കൈ പിടിച്ച് വലിക്കുകയും ചെയ്തു. തുടര്‍ന്ന് ബഹളമാവുകയും മറ്റുള്ള അഭിഭാഷകര്‍ അവിടെയെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അയാള്‍ ഐഡി കാണിക്കാന്‍ പോലും തയ്യാറായതെന്ന് ദിവ്യ പറയുന്നു. വെങ്കിടേശന്‍ എന്നു പേരുള്ള ഒരു ഇന്‍സ്‌പെക്ടര്‍ ആയിരുന്നു അയാള്‍. ഒരു അഭിഭാഷകയായ തനിക്കാണ് കോടതി വളപ്പില്‍ വെച്ച് ഇത്തരമൊരു അവസ്ഥ നേരിട്ടതെന്നത് ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണെന്ന് ദിവ്യ പറയുന്നു. ഐഡി കാര്‍ഡില്‍ സേലം സിറ്റി പോലീസ് എന്നെഴുതിയ ആ ഇന്‍സ്‌പെക്ടറോട് കാരണം ചോദിച്ചെങ്കിലും പറയാന്‍ കൂട്ടാക്കിയില്ല, എന്നാല്‍ സമന്‍സ് തരൂ, ഞാന്‍ ഒരു വക്കിലാണെന്നും സ്വയം ഹാജരായിക്കോളാമെന്ന് പറഞ്ഞെങ്കിലും അയാളുടെ പക്കല്‍ ഒന്നുമില്ലായിരുന്നെന്നും ദിവ്യ പറയുന്നു.

Read More: ദിവ്യ ഭാരതി/അഭിമുഖം; ആദ്യം തകര്‍ക്കേണ്ടത് വീടിനുള്ളിലേയും പാര്‍ട്ടിക്കുള്ളിലേയും ഹിന്ദുത്വയെയാണ്

പോലീസ് തന്നെ വേട്ടയാടുകയാണെന്നാണ് ദിവ്യഭാരതി ആരോപിക്കുന്നത്. ജാതി വിവേചനത്തെ ചോദ്യം ചെയ്യുന്ന കക്കൂസിലെ പ്രമേയത്തിന്റെ പേരില്‍ ദിവ്യഭാരതിയെ കേസുകളില്‍ കുടുക്കി വേട്ടയാടുന്നു എന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പുതിയ ഡോക്യൂമെന്ററിയുടെ പേരിലും തന്റെ വീട്ടിലും മധുരയിലെ ഓഫിസിലും അനാവശ്യമായി പൊലീസ് കയറി ഇറങ്ങുകയാണെന്നും തനിക്ക് ഭീഷണികള്‍ ലഭിക്കെുന്നുണ്ടന്നും ദിവ്യ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ എന്ത് കേസിന്റെ പേരിലാണ് ഈ അന്വേഷണം നടക്കുന്നതെന്ന് യാതൊരു വ്യക്തതയുമില്ലായിരുന്നു. അതിനാല്‍ ഹൈക്കോടതിയില്‍ ഈ കാര്യങ്ങല്‍ കാണിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയാണ് ദിവ്യ ചെയ്തത്.

ജൂലൈ നാലിന് കേസ് വിചാരണക്ക് വരികയും അടുത്ത രണ്ട് ദിവസത്തേക്ക് തമിഴ്നാട്ടിലുള്ള ഒരു പോലീസ് സ്‌റ്റേഷന്‍ പരിധിയിലും ദിവ്യയെ അറസ്റ്റ് ചെയ്യരുതെന്നും, ഈ രണ്ട് ദിവസത്തിനുള്ളില്‍ ദിവ്യയുടെ മേലുള്ള കേസിന്റെ വിവരങ്ങള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെടുകയായിരുന്നു. ജൂലൈ ആറിന് കേസ് വിചാരണയ്ക്ക് വന്നപ്പോള്‍ മധുര ഹൈക്കോടതി ബഞ്ചിന് കീഴിലുള്ള സൗത്ത് തമിഴ് നാട്ടില്‍ ദിവ്യയുടെ പേരില്‍ കേസുകളൊന്നും ഇല്ലെന്ന മറുപടിയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ജഡ്ജിയോട് പറഞ്ഞത്. അപ്പോല്‍ സൗത്തില്‍ ഇല്ലെന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നും അപ്പോള്‍ നോര്‍ത്തില്‍ ഉണ്ടോയെന്നും ജഡ്ജി ചോദിക്കുകയും അതിന് മറുപടിയായി അത് മധുര ഹൈക്കോടതി ബഞ്ചിന്റെ നിയമപരിധിയില്‍ വരുന്നതെല്ലെന്നു വാദിക്കുകയാണ് ഉണ്ടായതെന്നും ദിവ്യ പറയുന്നു.എന്നാല്‍ അതില്‍ തൃപ്തനാവാത്ത ജഡ്ജി തമിഴ് നാട്ടില്‍ എവിടെ കേസുണ്ടെങ്കിലും പറയണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാത്രമാണ് നീലഗിരി ജില്ലയിലെ ഗൂഡല്ലുരില്‍ ഒരു പരാതി ലഭിച്ചതിന്റെ പേരില്‍ എഫ്ഐആര്‍ നിലവിലുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ എഫ്‌ഐആറിലെ വിവരങ്ങളെ കുറിച്ച് തനിക്ക് പോലും അറിയില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ നിലപാട്. അതേ സമയം ജൂണ്‍ രണ്ടിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും 520/2018 എന്നാണ് എഫ്ഐആര്‍ നമ്പറെന്നും പറഞ്ഞ അഡ്വക്കറ്റ് ജനറലിന് അതിലെ ഉള്ളടക്കമോ വകുപ്പുകളോ അറിയില്ലെന്നാണ് ഓപ്പണ്‍ കോര്‍ട്ടില്‍ പറഞ്ഞതെന്നും ദിവ്യ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്ന് മധുര ബഞ്ച് ദിവ്യയ്ക്ക് അനുകൂലമായി വിധിക്കുകയും സ്ത്രീയും അഭിഭാഷകയും സംവിധായികയും കൂടിയായ ദിവ്യക്ക് 10 ദിവസത്തേക്ക് കൂടി മുന്‍കൂര്‍ ജാമ്യം ദീര്‍ഘിപ്പിച്ച് നല്‍കുകയും, ഗൂഡല്ലൂരിലെ കേസ് ചെന്നൈ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

"എന്നാല്‍ ഇതിലെ പ്രധാന പ്രശ്‌നം എഫ്ഐആര്‍ എന്താണെന്നറിയാത്തതാണ്, ഗൂഡല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പോയി ചോദിച്ചിട്ട് പോലും അവര്‍ തരാന്‍ തയ്യാറാവുന്നില്ല. അതില്‍ ഏത് സമയത്തും അവര്‍ക്കിഷ്ടമുള്ള വകുപ്പുകള്‍ ചേര്‍ക്കാനാകും, ഇത് വ്യക്തമായി എന്റെ ഡോക്യുമെന്ററി ആളുകളിലേക്കെത്തുന്നത് തടസ്സപ്പെടുത്താനുള്ള നീക്കം തന്നെയാണ്," ദിവ്യ ആരോപിക്കുന്നു.

ഓഖി സൈക്ലോണ്‍ ദുരന്തത്തെ ആസ്പദമാക്കിയുള്ളതാണ് ദിവ്യയുടെ "ഒരുത്തരും വരേല" എന്ന പുതിയ ഡോക്യുമെന്ററി. "ഓഖി ഒരു പോയിന്റ് മാത്രമാണ്, അതിന്റെ പശ്ചാത്തലത്തില്‍ തമിഴ് നാട്ടിലും കേരളത്തിലും കടലോര മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജിവിതങ്ങളെ കുറിച്ചും, ഈ മേഖലയില്‍ നടക്കുന്ന വന്‍കിട കോര്‍പ്പറേറ്റ് ചൂഷണങ്ങളെ കുറിച്ചുമാണ് പ്രധാനമായും ഡോക്യുമെന്ററി പറയുന്നത്. മത്സ്യത്തൊഴിലാളി വര്‍ഗത്തെ കടല്‍ മേഖലകളില്‍ നിന്നും കുത്തകകള്‍ക്ക് വേണ്ടി മാറ്റാനുള്ള മനപ്പൂര്‍മായ ഒരു ശ്രമം നടക്കുന്നുണ്ട്. കേരളത്തില്‍ വിഴിഞ്ഞം, പൂന്തുറ തുടങ്ങി തമിഴ് നാട്ടിലെയും പല കടലോര മേഖലകളിലും ഈ ഡോക്യുമെന്ററിക്ക് വേണ്ടി ഷൂട്ടിങ്ങ് നടത്തിയിട്ടുണ്ട്. നാഷണല്‍ ഫിഷര്‍മാര്‍ ഫോറം (എന്‍എഫ്എഫ്) പ്രസിഡന്റ് പീറ്ററുടെ അഭിമുഖം തുടങ്ങി, തീരദേശ മേഖല ആസ്ഥാനമാക്കി നടത്തുന്ന ചൂഷണങ്ങളെ നല്ല രീതിയില്‍ തന്നെ വിമര്‍ശിക്കുന്നതാണ് ഡോക്യുമെന്ററി. അത് ടീസറിലും പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതിറങ്ങാതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നത്'', ദിവ്യാ ഭാരതി പറയുന്നു.

Also Read: ‘കക്കൂസി’ന്റെ സംവിധായിക ദിവ്യ ഭാരതി ജീവനുമായി ഓടുകയാണ്; കേസുകള്‍, വധ-ബലാത്സംഗ ഭീഷണി; പോകാനുമിടമില്ല

"എന്റെ ഡോക്യുമെന്ററിയെ തമിഴ് നാട് സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും ഭയക്കുന്നുണ്ട്. ഓഖിയിലെ നാശനഷ്ടങ്ങള്‍ പറഞ്ഞ് സഹതാപം സൃഷ്ടിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. അത് ഡോക്യുമെന്ററിയുടെ ഒരു ചെറിയ ഭാഗമാണ്, അതിലുപരി ഓഖിയുണ്ടായ സമയത്ത് ഐഎംഡിയുടെ പരാജയങ്ങളെ പറ്റി, രക്ഷാ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളെ പറ്റി, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, സ്റ്റേറ്റ് ഡിസാസ്‌ററര്‍ മാനേജ്‌മെന്റ് അതോറിറ്റി എന്നിവയുടെ പരാജയങ്ങളെ പറ്റിയും ഡോക്യുമെന്ററി സംസാരിക്കുന്നു. ഇവിടെ അദാനിക്കും അംബാനിക്കും വേണ്ടി തുടച്ച് മാറ്റപ്പെടുന്ന, മത്സ്യബന്ധനം ഉപജീവനമാക്കിയ ഒരു സമൂഹത്തെ പറ്റിക്കൂടിയാണ് ആ ഡോക്യുമെന്ററി സംസാരിക്കുന്നത്. ഇതവരെ ഭയപ്പെടുത്തുന്നു", ദിവ്യഭാരതി പറഞ്ഞു.

2017 ഡിസംബറില്‍ കേരളത്തെയും തമിഴ് നാടിനെയും കണ്ണീരിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റില്‍ 200-ലേറെ ആളുകള്‍ മരിക്കുകയും അഞ്ഞുറിലേറെ പേരെ കാണാതായിട്ടുമുണ്ട്. ഇപ്പോഴും സര്‍ക്കാരിന്റെ കയ്യില്‍ പോലും ഇതിനുള്ള കൃത്യമായ കണക്കുകള്‍ ഇല്ല. വീട്ടില്‍ വന്ന് സെര്‍ച്ച് ചെയ്തവര്‍ ഡോക്യുമെന്ററിയുടെ ഡിവിഡിക്കാണ് വന്നതെന്ന് ദിവ്യ ഉറപ്പിച്ച് പറയുന്നു. ആര്‍ക്കാണ് സത്യങ്ങള്‍ പുറത്ത് വരുന്നതില്‍ പേടി?

അതേസമയം, അത്തരത്തില്‍ ഒരു എഫ്ഐആര്‍ നിലവിലില്ലെന്നും ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുമെന്നുമാണ് ഗൂഡല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ എസ് ഐ പ്രകാശന്‍ അഴിമുഖത്തോട് പറഞ്ഞത്. അഡ്വക്കറ്റ് ജനറല്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കോടതിയില്‍ പോയില്ലെന്നും, അത്തരത്തിലുള്ള വിവരങ്ങള്‍ അറിയില്ലെന്നുമായിരുന്നു പ്രതികരണം. എന്നാല്‍ എഫ്ഐആറില്‍ ഉള്ള വിവരങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അതീവ രഹസ്യമുള്ളതാണെന്നും പങ്ക് വെക്കാനാവില്ലെന്നുമാണ് ന്യൂസ് മിനിറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പോലീസ് അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച്ചയോടെ ചെന്നൈ ഹൈക്കോടതിയില്‍ ഇവര്‍ക്ക് കൃത്യമായ മറുപടി പറയേണ്ടി വരുമെന്നാണ് ദിവ്യയുടെ പക്ഷം.


Next Story

Related Stories