TopTop

പോര്‍ട്ടുഗീസുകാര്‍ പണിത പള്ളി പ്രശ്നത്തില്‍ തരൂരിനെതിരെ മോഹന്‍ദാസ് പൈ; തരംതാഴരുതെന്ന് ട്വിറ്റര്‍ ലോകം

പോര്‍ട്ടുഗീസുകാര്‍ പണിത പള്ളി പ്രശ്നത്തില്‍ തരൂരിനെതിരെ മോഹന്‍ദാസ് പൈ; തരംതാഴരുതെന്ന് ട്വിറ്റര്‍ ലോകം
മുന്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ ഇന്‍ഫോസിസ് മുന്‍ ഡയറക്ടറും ഇപ്പോള്‍ സംഘപരിവാര്‍ സഹയാത്രികനുമായ മോഹന്‍ദാസ് പൈ. ദാമന്‍ & ദിയുവിലെ ദിയുവില്‍ പോര്‍ട്ടുഗീസുകാര്‍ 1601-ല്‍ പണിത പള്ളിയെ പ്രകീര്‍ത്തിച്ചതാണ് തരൂരിനെതിരെ പൈ രംഗത്തുവരാന്‍ കാരണം. ഇരുവരേയും അനുകൂലിച്ചും എതിര്‍ത്തും ട്വീറ്ററില്‍ നിരവധി പേര്‍ രംഗത്തു വന്നിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമാണ് ദിയുവിലെ സെന്റ് പോള്‍സ് ചര്‍ച്ചിനു മുന്നില്‍ നിന്നുള്ള ഫോട്ടോയ്‌ക്കൊപ്പം തരൂര്‍ ട്വീറ്റ് ചെയ്തത്. 1601-ല്‍ പോര്‍ട്ടുഗീസുകാര്‍ പണിത പള്ളി മനോഹരമാണ് എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.എന്നാല്‍ വളരെ നാണക്കേട് എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് പൈ ഇതിനോട് പ്രതികരിച്ചത്. തന്റെ മുന്‍തലമുറക്കാര്‍ ഗോവയില്‍ കൊല്ലപ്പെടുകയും അവിടെ നിന്ന് ആട്ടിയോടിക്കപ്പെടുകയും അവിടുത്തെ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടും നിങ്ങള്‍ പോര്‍ട്ടുഗീസുകാരെ പ്രകീര്‍ത്തിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.എന്നാല്‍ ഇതിനു മറുപടി പറഞ്ഞ തരൂര്‍ താന്‍ ഏതെങ്കിലും വിധത്തില്‍ പോര്‍ട്ടുഗീസുകാരെ വാഴ്ത്തിയിട്ടില്ലെന്നും മറിച്ച് ആ കെട്ടിടകത്തിന്റെ ശില്‍പ്പഭംഗിയെ പ്രകീര്‍ത്തിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി. കൊളോണിയലിസത്തോടുള്ള തന്റെ കാഴ്ചപ്പാട് എന്താണെന്ന് അറിയാമെല്ലോ എന്നും തരൂര്‍ ചോദിക്കുന്നു. പക്ഷേ, ആ കെട്ടിടത്തിന്റെ ഭംഗിയെ പ്രകീര്‍ത്തിക്കുന്നതില്‍ നിന്ന് അതെന്നെ വിലക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.സംഭവം വിവാദമായതോടെ കൂടുതല്‍ പേര്‍ തരുരിനെ അനുകൂലിച്ച് രംഗത്തെത്തി. പൈ ഒരു അവസരവാദിയാണ് എന്നു കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു അതിലൊന്ന്. പൈയുടെ പഴയ ട്വീറ്റുകള്‍ പൊക്കിയെടുത്ത ചിലര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയെ ബലാത്സംഗം ചെയ്യുകയും പുരോഗതി തടയുകയും കൊള്ളയടിക്കുകയും ചെയ്തു എന്നൊരു ട്വീറ്റ് പൈയുടേയായി ഉണ്ടായിരുന്നു. ബംഗാളില്‍ 10 ലക്ഷം കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയ ബ്രിട്ടീഷ് കൊളോണിയലിസം എന്നായിരുന്നു മറ്റൊന്ന്. അതിനു പിന്നാലെയാണ് മറ്റൊരു ട്വീറ്റും അദ്ദേഹത്തിന്റേതായി വീണ്ടും പുറത്തുവന്നത്. അവധിക്കാലം ആഘോഷിച്ചുവെന്നും ലണ്ടന്‍ നഗരം രസമുള്ളതും തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നഗരവുമാണെന്നായിരുന്നു അത്. ഇങ്ങനെ പറഞ്ഞ പൈക്ക് എങ്ങനെ പോര്‍ട്ടുഗീസുകാര്‍ പണിത ഒരു കെട്ടിടം നല്ലതാണെന്നു പറഞ്ഞ തരൂരിനെ അവഹേളിക്കാന്‍ സാധിക്കും എന്നതായിരുന്നു അവരുടെ ചോദ്യം.ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുകയും അവര്‍ക്കെതിരെ ഹിന്ദുക്കളെ എങ്ങനെ പ്രകോപിപ്പിക്കാം എന്നുമാത്രമാണ് പൈയെ പോലുള്ളവര്‍ ചെയ്യുന്നത് എന്നായിരുന്നു ഒരാളുടെ മറുപടി. വൃത്തികെട്ടവനും മനോരോഗിയും അവസരവാദിയുമാണ് പൈ എന്നും ഈ ട്വീറ്റ് വിമര്‍ശിക്കുന്നു.

വിശാലമായ മാനസികാവസ്ഥയുള്ള ബുദ്ധിജീവി എന്നു കരുതിയിരുന്ന മോഹന്‍ദാസ് പൈ ഇത്ര ചെറിയ, താഴ്ന്ന മാനസികാവസ്ഥയുള്ളയാളാണോ എന്ന് സുരേഷ് ശര്‍മ എന്നൊരാള്‍ ചോദിക്കുന്നു.വളരെ ശരിയാണ് പൈ, എന്റെ പൂര്‍വ പിതാക്കന്മാരെ ജാലിയന്‍വാലാബാഗില്‍ വച്ച് ബ്രിട്ടീഷുകാര്‍ കൊന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ പണിത പാര്‍ലമെന്റ് കെട്ടിടവും രാഷ്ട്രപതി ഭവനും തകര്‍ക്കണമെന്ന് അമന്‍ദീപ് ഖുരാന എന്നയാള്‍ വിമര്‍ശിക്കുന്നു.
Next Story

Related Stories