UPDATES

ശബരിമലയുടെ ക്ഷേത്ര തന്ത്രത്തിന്റെ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ മഠവും അവിടുത്തെ തന്ത്രിന്മാരുടെയും ചരിത്രം എന്താണ്? ചില ഐതിഹ്യങ്ങളും കഥകളും ചരിത്രവും

കേരള ബ്രാഹ്മണ ആചാര പ്രകാരം മക്കത്തായ (ആണ്‍മക്കള്‍ക്ക് അവകാശം വരുന്ന) സമ്പ്രദായമാണ് പിന്തുടരുന്നത്

Avatar

ഇന്ദിര

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേരളത്തിലെ വിശ്വാസി സമൂഹത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസിന്റെയും ബിജെപിയുടെ പിന്തുണയോടെ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തിലെ അവസാന വാക്ക് ശബരിമല ക്ഷേത്രം തന്ത്രിയുടേതാണ്. ഈ തന്ത്രിമാര്‍ അടക്കമാണ് ‘നാമ ജപ ഘോഷയാത്ര’ എന്നു പേരിട്ട പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ശബരിമലയുടെ ക്ഷേത്ര തന്ത്രത്തിന്റെ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ മഠവും അവിടുത്തെ തന്ത്രിന്മാരുടെയും ചരിത്രം എന്താണ്? ചില ഐതിഹ്യങ്ങളും കഥകളും ചരിത്രവും പരിശോധിക്കാം.

പരശുരാമനാണ് കേരളത്തിലേക്ക് ബ്രാഹ്മണരെ എത്തിച്ചതെന്നാണ് കഥകള്‍ (ചരിത്രമല്ല). കടല്‍ തെളിച്ച് കേരളക്കര സൃഷ്ടിച്ച പരശുരാമന്‍ 108 ശാസ്താ ക്ഷേത്രങ്ങളും 108 ദുര്‍ഗാക്ഷേത്രങ്ങളും നിര്‍മ്മിച്ചു. ഈ ക്ഷേത്രങ്ങളുടെ പൂജയും മറ്റ് അവകാശങ്ങളും ഏല്‍പ്പിക്കുവാന്‍ ബ്രാഹ്മണ കുടുംബങ്ങള്‍ ഇല്ലാത്തതിനാല്‍ ദ്രാവിഡ ദേശത്തിന് വടക്ക് നിന്ന് (ഇന്നത്തെ ആന്ധ്രപ്രദേശ്, തെലങ്കാന) രണ്ട് ബ്രാഹ്മണരെ കൊണ്ടു വരുവാന്‍ തീരുമാനിച്ചു. തെരഞ്ഞെടുത്ത രണ്ട് പേരുമായി പരശുരാമന്‍ കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ കൃഷ്ണ നദി മുറിച്ച് കടക്കേണ്ടതായി വന്നു. കൂടെയുള്ളവരുടെ കഴിവ് പരിശോധിക്കാനായി കൃഷ്ണ നദി മുറിച്ച് കടക്കാന്‍ അവരോട് പരശുരാമന്‍ ആവശ്യപ്പെട്ടു. ഇതില്‍ ഒരാള്‍ കൃഷ്ണ നദിയുടെ മുകളിലൂടെ മറുകരയിലെത്തി. മറ്റെയാള്‍ നദിയെ വകഞ്ഞ് മാറ്റി അടിത്തട്ടിലൂടെ നടന്ന് മറുകരയിലെത്തി. നദിയുടെ മുകളിലൂടെ പോയ ആള്‍ തരണനെല്ലൂര്‍ എന്നും അടിത്തട്ടിലൂടെ എത്തിയ ആള്‍ താഴമണ്‍ എന്നും അറിയപ്പെട്ടു. കേരളത്തിലെ ക്ഷേത്രങ്ങളുടെ അവകാശം തരണനെല്ലൂരിനും താഴമണ്ണിനുമായി പരശുരാമന്‍ വീതിച്ചു നല്‍കി. കാലക്രമത്തില്‍ കേരളത്തിലുണ്ടായ പുതിയ ക്ഷേത്രങ്ങളുടെ അവകാശങ്ങളും ഇവരിലെത്തി. ഇവര്‍ പിന്നീട് ഓരോ ക്ഷേത്രങ്ങളിലേക്ക് ഓരോരുത്തരെ നിയോഗിച്ചു (താഴമണ്ണും തരണനെല്ലൂരുമല്ലാതെ ചില ക്ഷേത്രങ്ങള്‍ക്ക് തന്ത്രികള്‍ എന്ന് അവകാശപ്പെടുന്ന വെറെ കുടുംബക്കാരുമുണ്ട്).

താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ക്കാണ് ക്ഷേത്രങ്ങളുടെ തന്ത്രവകാശം. തന്ത്രവകാശം എന്നാല്‍ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ ആചാരനുസരണം പ്രതിഷ്ഠിക്കുക, പൂജാദികര്‍മങ്ങള്‍ ശാസ്ത്രാനുസരണം നിശ്ചയിക്കുക, നടത്തുക, നടത്തിക്കുക എന്നതാണ്. ക്ഷേത്രത്തിലെ ദൈവികമായ കാര്യങ്ങളെക്കുറിച്ചുള്ള വിധി പറയുന്നതിനുള്ള അധികാരം തന്ത്രിക്കാണ്. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്‍/ ദേവിയുടെ പിതാവിന്റെ സ്ഥാനമാണ് തന്ത്രി സ്ഥാനം വഹിക്കുന്നവര്‍ക്ക് കല്‍പ്പിച്ച് കൊടുത്തിരിക്കുന്നത്. സ്വയം തന്ത്രി സ്ഥാനം (ആചാരനുസരണം) ഒഴിവാക്കുകയല്ലാതെ മറ്റൊരാള്‍ക്കും ഇത് മാറ്റാന്‍ സാധിക്കില്ലെന്നാണ് വൈദികശാസ്ത്രം.

ഉപനയനത്തോടെയാണ് താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ക്ക്, പാരമ്പര്യമായി കൈമാറി വരുന്ന അവരുടെ ക്ഷേത്രങ്ങളുടെ തന്ത്രവകാശം ലഭിക്കാന്‍ പ്രാപ്തനാവുന്നത്. താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ അവരുടെ പേരിനൊപ്പം ‘കണ്ഠരര്’ എന്നതും കൂടി ചേര്‍ക്കും. കുടുംബത്തിലെ സ്ഥാനം കൊണ്ട് മൂത്ത് ആളാണ് തന്ത്രിമാരില്‍ പ്രധാനിയാവുക. ഇദ്ദേഹമായിരിക്കും ഇവര്‍ക്ക് അവകാശമുള്ള ക്ഷേത്രങ്ങളുടെ അവസാന വാക്ക്. കാലക്രമത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് തന്ത്രക്ഷേത്രങ്ങള്‍ കുടുംബത്തിലെ മറ്റ് പുരുഷന്മാരുമായും പങ്കിട്ട് എടുക്കുകയാണ് ഇപ്പോള്‍ പതിവ്. ശബരിമല പോലെയുള്ള വലിയ ക്ഷേത്രങ്ങളുടെ തന്ത്രവകാശം ഇത്രനാള്‍ ഇന്ന ആള്‍ക്ക് എന്ന് തിരിച്ച് ചുമതലയേല്‍ക്കുന്ന സമ്പ്രദായമായിരുന്നു പാലിച്ചു പോന്നിരുന്നത്.

പാരമ്പര്യവും പ്രധാന്യമുള്ള ക്ഷേത്രത്തിലേക്ക് തന്ത്രവകാശം ഏറ്റെടുക്കുമ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന തന്ത്രി പ്രധാനിയില്‍ നിന്നും ‘രഹസ്യ ഉപദേശം’ (പ്രത്യേക മന്ത്രങ്ങള്‍, ക്ഷേത്ര ദേവന്റെ ധ്യാനശ്ലോകം എന്നിവ മനസ്സിലാക്കുക) സ്വീകരിക്കണം. ശബരിമല, ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയിടങ്ങളിലെ തന്ത്രവകാശം ഏറ്റെടുക്കുമ്പോള്‍ ‘രഹസ്യ ഉപദേശം’ സ്വീകരിക്കണം. ബ്രാഹ്മണ വിഭാഗക്കാര്‍ ആചരിക്കേണ്ട കര്‍മ്മങ്ങള്‍ താഴമണ്‍ കുടുംബത്തിനും ബാധകമാണ്. ഇതില്‍ പ്രധാനം ഷോഡശക്രിയകളാണ് (16 കാര്യങ്ങള്‍). ഗര്‍ഭധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്‌ക്രാമണം, അന്നപ്രാശനം, ചൂഡാകര്‍മം, ഉപനയനം, വേദാരംഭം, സമാവര്‍ത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി എന്നിവയാണ് ഷോഡശക്രിയകള്‍.

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

കേരളത്തിലെ ബ്രാഹ്മണരുടെ മേല്‍ ആധിപത്യമുളള ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്ക് മുന്നില്‍ (ഇവരെ കേരളത്തിലെ ഏറ്റവും ‘ആഢ്യന്മാ’രായ ബ്രാഹ്മണരായി കണക്കാക്കുന്നു) താഴമണ്‍ കുടുംബത്തിനും തരണനെല്ലൂരിനും മറ്റ് പലര്‍ക്കുമില്ലാതെ ഇളവുകള്‍ ഉണ്ടെന്ന് പറയുന്നു. ശ്രീശങ്കരാചാര്യര്‍ പുനര്‍നിശ്ചയിച്ച കേരളത്തിലെ ബ്രാഹ്മണ പൂജാവിധികളും ആചാരങ്ങളും അധികം മാറ്റങ്ങളില്ലാതെയാണ് താഴമണ്‍ കുടുംബവും പിന്തുടരുന്നത്. താഴമണ്‍ മഠത്തിലെ സ്ത്രീകള്‍ക്ക് മറ്റ് ബ്രാഹ്മണ സ്ത്രീകള്‍ ആചരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണുള്ളത്. മറ്റുള്ളവരില്‍ നിന്ന് ഇവര്‍ക്കുള്ള പ്രത്യേക പരിഗണന ലഭിക്കുന്നത് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്താകുമ്പോഴാണ് (തൃപ്പൂത്ത് – ദേവിക്ക് ആര്‍ത്തവമുണ്ടാക്കുന്നുവെന്നാണ് വിശ്വാസം).

ചെങ്ങന്നൂര്‍ ദേവിയുടെ ഉടയാടയില്‍ (വസ്ത്രം) രക്തക്കറ കാണുമ്പോള്‍ പൂജാരി അത് ക്ഷേത്ര തന്ത്രിയുടെ കുടുംബത്തിലെ (താഴമണ്‍) മുതിര്‍ന്ന സ്ത്രീയെ ഏല്‍പ്പിക്കും. അവര്‍ അത് പരിശോധിച്ചതിന് ശേഷമാണ് ദേവി തൃപ്പൂത്തായി (ആര്‍ത്തവം) എന്ന് പ്രഖ്യാപിക്കുന്നത്. ഇതിനാല്‍ താഴമണ്‍ കുടുംബത്തിലെ സ്ത്രികള്‍ക്കും പ്രധാന്യമുണ്ട്. ഈ സ്ത്രീകളെല്ലാം മറ്റ് കുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കും. അതായത് താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ വിവാഹം കഴിച്ച് കൊണ്ട് വരുന്നവരായിരിക്കും എന്ന്. താഴമണ്‍ കുടുംബത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് കേരളത്തിലെ മറ്റ് ബ്രാഹ്മണ സത്രീകളെപ്പോലെയുളള അവകാശങ്ങളെയുള്ളൂ. വിവാഹം കഴിച്ച് എത്തുന്ന കുടുംബമായിരിക്കും അവരുടേത്. ജനിച്ച കുടുംബവുമായുള്ള ബന്ധം (ആചാര പ്രകാരം) എന്ന് പറയുന്നത് മാതാപിതാക്കള്‍ മരിച്ചാല്‍ ആശൂലം ആചരിക്കുകയും ശ്രാദ്ധം ഊട്ടുകയും ചെയ്യുകയുമെന്നത് മാത്രമാണ്.

അപ്പോള്‍, ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് തന്റെ നെഞ്ചില്‍ ചവിട്ടിയായിരിക്കും എന്നു പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിന് ആചാരപ്രകാരം നോക്കിയാല്‍ ശബരിമല കാര്യത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്നാണ് ഉത്തരം. ശബരിമല തന്ത്രി കുടുംബമാണെന്ന് തരംപോലെ അവകാശം ഉന്നയിക്കുന്ന രാഹുല്‍ ഇശ്വരറിന് താഴമണ്‍ മഠവുമായി ഒരു ബന്ധവും ഇല്ല. കണ്ഠര് മഹേശ്വരരുടെ മകളായ മല്ലിക നമ്പൂതിരിയുടെ മകനാണ് എന്നത് മാത്രമാണ് രാഹുല്‍ ഈശ്വറിന് താഴമണ്‍ കുടുംബവുമായി ഉള്ള ബന്ധം. കേരള ബ്രാഹ്മണ ആചാര പ്രകാരം മക്കത്തായ (ആണ്‍മക്കള്‍ക്ക് അവകാശം വരുന്ന) സമ്പ്രദായമാണ് പിന്തുടരുന്നത് (പയ്യന്നൂര്‍ ദേശത്തെ ബ്രാഹ്മണ വിഭാഗത്തില്‍ മരുമക്കത്തായം ആചരിച്ചിരുവെന്ന് വാദമുണ്ട്). അതില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ആണ്‍മക്കള്‍ ഉണ്ടെങ്കില്‍ മൂത്ത ആളിനായിരിക്കും അവകാശം. എന്നാല്‍ ഇതിനെല്ലാം കാലക്രമത്തില്‍ മാറ്റം വന്നു. ‘നമ്പൂതിരിയെ മനുഷ്യനാക്കിയ’ യോഗക്ഷേമ സഭയുടെയും അതിന് നേതൃത്വം നല്‍കിയ കുറൂര്‍ ഉണ്ണി നമ്പൂതിരിപ്പാടിനെയും വി.ടി. ഭട്ടതിരിപ്പാടിനെയും പോലുള്ളവരുടെ പ്രയത്‌നത്തില്‍ മാറിയ കേരള ബ്രാഹ്മണ ആചാരങ്ങളിലെ ഏറെക്കുറെ താഴമണ്‍ കുടുംബത്തിനെയും സ്വാധീനിക്കുകയും മാറ്റങ്ങള്‍ വരുകയും ചെയ്തിട്ടുണ്ട്.

താഴമണ്‍ മഠത്തിന് കേരളത്തിലും പുറത്തുമായി ഏകദേശം 800-ഓളം ക്ഷേത്രങ്ങളുടെ തന്ത്രവകാശമുണ്ട്. കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര് എന്നിവരാണ് നിലവിലെ താഴമണ്‍ കുടുംബത്തിലെ തന്ത്രികളിലെ പ്രധാനികള്‍.

കേരള ബ്രാഹ്മണ ചരിത്രം ചുരുക്കത്തില്‍

ആര്യ അധിനിവേശത്തിന്റെ തുടര്‍ച്ചയായിട്ട് ഗംഗാ സമതലം വഴിയാണ് വടക്കെ ഇന്ത്യയിലേക്ക് ബ്രാഹ്മണര്‍ എത്തിയത് എന്നാണ് ചരിത്രം പറയുന്നത്. ഇവരെ പഞ്ചഗൗഡ ബ്രാഹ്മണര്‍ (സാരസ്വതര്‍, കന്യാകുബ്ജര്‍, ഗൗഡര്‍, ഉത്കലര്‍, മൈഥിലി) എന്നാണ് വിളിക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് ബ്രാഹ്മണര്‍ എത്തുന്നത് സൗരാഷ്ട്ര മേഖലയില്‍ (ഇന്നത്തെ ഗുജറാത്ത്, മഹാരാഷ്ട്ര) നിന്നാണെന്നാണ് അനുമാനിക്കുന്നത്. ഇവരെ പഞ്ച ദ്രാവിഡ ബ്രാഹ്മണര്‍ (ആന്ധ്ര, ദ്രാവിഡം, കര്‍ണാടകം, മഹാരാഷ്ട്രം, ഗുജറാത്ത്) എന്നുവിളിക്കുന്നു. കേരളത്തിലെ ബ്രാഹ്മണരില്‍ ആന്ധ്ര, ദ്രാവിഡം, കര്‍ണാടകം വിഭാഗത്തിലുള്ളവരെയാണ് കൂടുതല്‍ കാണുക.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതി ബായ് ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

കേരള ബ്രാഹ്മണരുടെ ഇടയിലെ ഏറ്റവും ഉയര്‍ന്ന വിഭാഗമായി കണക്കാക്കുന്നത് നമ്പൂതിരിമാരെയാണ് (നമ്പൂതിരിപ്പാട്, ഭട്ടതിരി, പട്ടേരി ഇവരും ഈ ഗണത്തില്‍പ്പെട്ടതാണെന്ന് പറയപ്പെടുന്നു). ഇതുകഴിഞ്ഞാല്‍ പോറ്റി എന്നറിയപ്പെടുന്ന മധ്യവര്‍ഗം. അതിന് ശേഷം അമ്പലവാസി ബ്രാഹ്മണര്‍ (നമ്പീശന്‍, ഇളയത്, ഉണ്ണി, മൂത്തത്, ചാക്യാര്‍ തുടങ്ങിയവ). ഇവരെയെല്ലാം സ്വദേശി ബ്രാഹ്മണരായിട്ടാണ് കണക്കാക്കുന്നത്. ഇതുകൂടാതെ
പരദേശി ബ്രാഹ്മണര്‍ എന്ന വിഭാഗത്തില്‍ എമ്പ്രാന്തിരി (തുളു), ഗൗഡസാരസ്വതബ്രാഹ്മണര്‍ (കൊങ്കിണി), പട്ടര്‍, ശര്‍മ്മ എന്നിവരുമുണ്ട്.

ബ്രാഹ്മണര്‍ക്കും മുമ്പേ നമ്പൂതിരി എന്ന ഒരു വിഭാഗം കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും ചേരരാജാക്കന്മാരുടെ കാലത്ത് ബുദ്ധമതക്കാരായിരുന്ന ഇവര്‍ ഒരോ ദേശത്തേയും പ്രധാന ന്യായാധിപ സ്ഥാനത്തുണ്ടായിരുന്നുവെന്നും ഒരു വാദമുണ്ട്. ഇന്ന് കാണുന്ന നമ്പൂതിരി വിഭാഗങ്ങള്‍ ഈ പദവി പിടിച്ചുപറ്റിയ ബ്രാഹ്മണ സമൂഹമായിരുന്നിരിക്കണം. നമ്പൂതിരി എന്ന സ്ഥാനപ്പേര്‍ അവര്‍ ജാതിപ്പേരാക്കി മാറ്റിയെന്നും പറയുന്നു. കര്‍ണ്ണാടക വഴിയാണ് കേരളത്തിലേക്ക് ബ്രാഹ്മണ സമൂഹം കുടിയേറിയതെന്നാണ് പ്രധാന അനുമാനം.

ഒരു പക്ഷെ പരശുരാമന്‍ എന്ന ഗോത്രത്തിന്റെയോ തലവന്റെയോ നേതൃത്വത്തില്‍ ആയിരിക്കാം കേരളത്തില്‍ ബ്രാഹ്മണര്‍ എത്തിയിരിക്കുന്നതെന്നും അവരില്‍ സ്വാധീനമുള്ളവര്‍ മുന്‍ നിരയിലേക്ക് ഉയര്‍ന്ന് വന്നതാണെന്നും അനുമാനങ്ങള്‍ ഉണ്ട്. ഇതില്‍പ്പെട്ട പ്രബലരായ വിഭാഗമായിരിക്കാം താഴമണ്ണും തരണനെല്ലൂരും. കേരളത്തിലെ ബ്രാഹ്മണരുടെ ആചാരരീതിയുള്ള മറ്റു ബ്രാഹ്മണര്‍ ഇന്ത്യയിലോ മറ്റ് പ്രദേശങ്ങളിലോ ഇല്ല. ഈ ആചാരവ്യത്യാസത്തിന് കാരണം കേരളത്തിലേക്കുള്ള അധിനിവേശത്തിനുശേഷം വരുത്തിയ മാറ്റങ്ങള്‍ ആണെന്നും മറ്റ് ബ്രാഹ്മണ രീതികളില്‍ നിന്നെല്ലാം വ്യത്യസ്തരായ പാരമ്പര്യമുള്ളവരാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള കാര്യങ്ങളാവും ഇതെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌വീഡിയോ കാണാം

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ – ഐതിഹ്യം -ചരിത്രം

പെണ്‍കുഞ്ഞുങ്ങളെ മുതലയ്‌ക്കെറിഞ്ഞ് കൊടുക്കുന്ന ആചാരം നിരോധിച്ചപ്പോഴും കലാപമുണ്ടായ നാടാണ് ഇത്: മുഖ്യമന്ത്രി

Avatar

ഇന്ദിര

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍