TopTop

ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്‍ ആര്‍ മാധവ മേനോന്‍ ഓര്‍മ്മയാകുമ്പോള്‍

ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്‍ ആര്‍ മാധവ മേനോന്‍ ഓര്‍മ്മയാകുമ്പോള്‍
ഇന്നലെ അര്‍ധരാത്രിയില്‍ അന്തരിച്ച നീലകണ്ഠ രാമകൃഷ്ണ മാധവ മേനോന്‍ (84) എന്ന എന്‍ ആര്‍ മാധവ മേനോന്‍ അറിയപ്പെടുന്നത് ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവായിട്ടാണ്. രാജ്യത്തെ നിയമ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. എന്‍ ആര്‍ മാധവമേനോന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ഒട്ടേറെ മികച്ച നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിതമായത്. ഇന്ത്യന്‍ നിയമ വിദ്യാഭ്യാസ വിദഗ്ദ്ധനായ മാധവ മേനോന്‍ നാഷണല്‍ ലോ സ്‌ക്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെയും നാഷണല്‍ ജുഡിഷ്യല്‍ അക്കാദമിയുടെയും സ്ഥാപകനും ഡറക്ടറുമായിരുന്നു. കൂടാതെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡിഷ്യല്‍ സയന്‍സിന്റെ സ്ഥാപകനും വൈസ് ചാന്‍സലറുമായിരുന്നു.

നിയമപണ്ഡിതനെന്ന നിലയിലും അധ്യാപനരംഗത്തും രാജ്യാന്തര പ്രശസ്തനായിരുന്നു മാധവ മേനോന്‍. 1998 മുതല്‍ 2003 വരെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സിന്റെ സ്ഥാപക വൈസ് ചാന്‍സലറായിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ്, തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ചെയര്‍മാന്‍, അലിഗഡ്, ഡല്‍ഹി സര്‍വകലാശാലയിലും പോണ്ടിച്ചേരി ലോ കോളേജിലും അധ്യാപകനായിരുന്നു. അഞ്ചുവര്‍ഷത്തെ എല്‍എല്‍ബി എന്ന ആശയം മുന്നോട്ട് വെച്ചത് മാധവമേനോന്‍ ആയിരുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച കമ്മീഷന്‍ അംഗമായിരുന്നു ഇദ്ദേഹം.

ഭവാനിയമ്മ രാമകൃഷ്ണ മേനോന്‍ ദമ്പതികളുടെ ആറുമക്കളില്‍ നാലാമത്തെ മകനായി 1935ല്‍ തിരുവനന്തപുരത്തായിരുന്നു മാധവ മേനോന്റെ ജനനം. മാധവ മേനോന്റെ പിതാവ് നിയമ ബിരുദധാരിയും ട്രാവിന്‍കൂര്‍ കോര്‍പ്പറേഷന്റെ റെവന്യു ഓഫിസറുമായിരുന്നു. ശ്രീമൂലം വിലാസം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ വിദ്യാഭ്യാസത്തിന് (1949) ശേഷം ആലപ്പുഴ എസ് ഡി കോളേജില്‍ ബി എസ് സി സുവോളജിയില്‍ ബിരുദം (1953) നേടി. ശേഷം എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ ചേരുകയും അവിടെ നിന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലേക്ക് മാറി നിയമ പഠനം പൂര്‍ത്തിയാക്കുകയും (1955) ചെയ്തു.

1955ല്‍ നാഗപ്പന്‍ നായരുടെ അസിസ്റ്റന്റ്ായി പ്രാക്ടീസ് തുടങ്ങിയ മാധവ മേനോന്‍ ഒന്നര വര്‍ഷത്തിന് ശേഷം കേരള ഹൈക്കോടതില്‍ രജിസ്റ്റര്‍ ചെയ്യുകയും പൂവപ്പള്ളി നീലകണ്ഠന്‍ പിള്ളയുടെ അസി. ആയി പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 1957ല്‍ സിവില്‍ സര്‍വീസിന് പരിശ്രമിച്ചെങ്കിലും താഴ്ന്ന ഗ്രേഡുമായി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സര്‍വീസില്‍ ന്യൂഡല്‍ഹിയില്‍ എത്തി. ജോലി ചെയ്യുന്നതിനിടെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ എംഎയും നേടി. ശേഷം അലിഗണ്ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍എമും അവിടുന്ന് തന്നെ പിഎച്ച്ഡിയും കരസ്ഥാക്കി. തുടര്‍ന്ന് അലിഗണ്ഡില്‍ പ്രൊഫസറായും (1968) അവിട് നിന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കും എത്തി. പിന്നീട് രാജ്യത്തെ നിയമ വിദ്യാഭ്യാസ മേഖലയിലേക്ക് പല തരത്തിലുള്ള സംഭാവനങ്ങള്‍ അദ്ദേഹം നല്‍കി.

നിയമരംഗവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങളും മാധവ മേനോന്‍ എഴുതിയിട്ടുണ്ട്. ആദ്യ ബുക്ക് സഹപ്രവര്‍ത്തകന്‍ ജി നരസിംഹ സ്വാമിയുമായി ചേര്‍ന്ന് എഴുതിയ 'ലോ റിലേറ്റിംഗ് ടു ഗവണ്‍മെന്റ് കണ്‍ട്രോള്‍ ഓവര്‍ പ്രൈവറ്റ് എന്റര്‍പ്രൈസസ്' ആണ്. രണ്ടാമത്തെ ബുക്ക് 'ലോ ആന്‍ഡ് പ്രൊപ്പര്‍ട്ടി' ആണ്. 2003ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ലിവിംഗ് ലെജന്‍ഡ് ഓഫ് ലോ, പ്ലേക്യു ഓഫ് ഹോണര്‍ തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.


Read: വോക്സ്വാഗന്‍ വാഹനങ്ങളുടെ കാര്‍ബണ്‍ വിസര്‍ജ്ജനത്തെ സംബന്ധിച്ച തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ബംഗലുരു സ്വദേശിയെ ജനറല്‍ മോട്ടേഴ്‌സ് പിരിച്ചുവിട്ടു

Next Story

Related Stories