TopTop

ഒരു കഥ സൊല്ലട്ടുമാ... ഒരു സംവിധായികയുടെ കഥ സൊല്ലട്ടുമാ...

ഒരു കഥ സൊല്ലട്ടുമാ... ഒരു സംവിധായികയുടെ കഥ സൊല്ലട്ടുമാ...
ഒരു വര്‍ഷം മുമ്പാണ് സജിത് എന്ന സുഹൃത്ത് ഖത്തറിൽ നിന്നും വിളിക്കുന്നത്. "നിങ്ങൾ വേഗം തിരുവനന്തപുരത്തെത്തണം. അവിടെ റെജി എന്ന ഒരു മനുഷ്യൻ നിങ്ങളെ കാത്ത് നിക്കും. ഒരു കഥ കേക്കണം. കേട്ടിട്ട് ചെയ്യാൻ പറ്റുവോ എന്ന് നോക്കണം". മറ്റേ സിനിമയിൽ ധർമജൻ പറയുന്നത് പോലെ, "ഇതെത്ര കേട്ടതാ, ഇതെത്ര കണ്ടതാ..." എന്ന ലെവലിൽ കഥ കേട്ടാലും ചെയ്യാൻ നമ്മുടെ കയ്യിൽ പൈസ ഉണ്ടാകുവോ എന്ന ചോദ്യമാണ് സജിത്തിനോട് തിരിച്ചു ചോദിച്ചത്. ഇതിനു മുന്നേ നമ്മൾ ഒന്നു രണ്ട് സിനിമ പ്രോജക്ടുകൾ പ്ലാൻ ചെയ്ത് സിനിമയുടെ തിരക്കഥ വരെ പൂർത്തിയാക്കി പ്രൊഡ്യൂസർമാർ ഇല്ലാതെ നിർത്തിവെച്ച് നിരാശപ്പെടേണ്ടി വന്ന അനുഭവം ഉണ്ടായിരുന്നത് കൊണ്ടാണ് അത്തരത്തിലുള്ള ഒരു ചോദ്യം ചോദിച്ചത്. വല്ലതും നടക്കുമോ എന്ന സംശയം തന്നെയായിരുന്നു ആ ചോദ്യത്തിലേക്ക് എത്തിച്ചത്. പക്ഷെ ഇപ്രാവശ്യം "ഈ കഥ കേട്ടാൽ, ഇഷ്ടപ്പെട്ടാൽ നമ്മൾക്ക് ചെയ്യാം" എന്ന് തന്നെ സജിത്ത് ഉറപ്പ് നൽകി.

അങ്ങനെ റെജികുമാർ എന്ന മനുഷ്യനെ ആദ്യമായി തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച് കണ്ടു, പരിചയപ്പെട്ടു. അദ്ദേഹം ആ സിനിമയുടെ ത്രെഡ് പറയുകയായിരുന്നു. ഒട്ടും ക്ഷമ ഇല്ലാത്ത ഒരാളായാണ് കൊണ്ട് തന്നെ ഏറ്റവും വേഗം മറ്റുള്ളവരെ ബോർ അടിപ്പിക്കുന്ന ബോറൻ സ്വഭാവം ഉള്ളത് കൊണ്ട് തന്നെ പൂർണശ്രദ്ധയൊന്നും കൊടുക്കാതെ തന്നെയാണ് ആ കഥ കേട്ടത്. പക്ഷെ ആ മനുഷ്യൻ കഥ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ എവിടെയൊക്കെയോ ഒരു സ്പാര്‍ക്. സ്വതവേ ഉള്ള തർക്ക സ്വഭാവവും അഹങ്കാരവും കൊണ്ട് തന്നെ ആ കഥയിൽ പല ചോദ്യങ്ങളും മുന്നോട്ടു വെച്ച് പല തർക്കങ്ങളും മുന്നോട്ട് വെച്ചു. പക്ഷെ റെജികുമാർ എന്ന ആ മനുഷ്യൻ വളരെ ക്ഷമയോടെ ആ ചോദ്യങ്ങൾക്കും തർക്കങ്ങൾക്കും ഒക്കെ മറുപടി പറഞ്ഞു. ആ മനുഷ്യൻ തന്റെ കാർ കനകക്കുന്ന് കൊട്ടാരത്തിൽ നിന്ന് ഓടിച്ച് പോകുമ്പോൾ ഈ സിനിമ ചെയ്യണം എന്നൊക്കെ ഇങ്ങനെ സ്വയം പറഞ്ഞു കൊണ്ടിരുന്നു. സജിത്തിനെ വിളിച്ച്, 'സ്റ്റോറി ലൈൻ കിടുക്കി. ഇത് ഉറപ്പിച്ചോ...' എന്നും കാച്ചി.

ജീവ എന്ന ഞങ്ങളുടെ കൂട്ടുകാരി അപ്പോഴേക്കും ഞാവൽ പഴങ്ങൾ എന്ന ഒരു ഷോർട്ട് ഫിലിം ചെയ്തു കഴിഞ്ഞു നിൽക്കുകയായിരുന്നു. സജിത്തിന്റെ ഖത്തറിൽ നിന്നുള്ള സ്ഥിരം ഫോൺ കോളുകൾക്കിടയിലാണ് ജീവയെക്കുറിച്ച് പറയുന്നത്. വല്ലാത്ത സിനിമാ പ്രാന്തുള്ള ഒരു സ്ത്രീയാണ് ജീവ. പലരും സിനിമയുടെ രാഷ്ട്രീയവും റിവ്യൂവും ഒക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ജീവ സജിത്തിനോട് പറഞ്ഞത്, "എനിക്ക് ഒരു സിനിമ ചെയ്യണം എന്നായിരുന്നു". ആ ഒരു വാചകം സജിത്ത് ഏറ്റെടുത്ത് ഞാവൽ പഴങ്ങൾ എന്ന സിനിമ നിർമ്മിക്കാൻ തുടങ്ങുകയായിരുന്നു. പലപ്പോഴും ആ സിനിമയുടെ ഇടയിൽ പോയി സഹായിക്കണം എന്ന് പറഞ്ഞപ്പോൾ എനിക്ക് പോകാനും പറ്റിയില്ല, ഒട്ട് സഹായിക്കാനും പറ്റിയില്ല. കറുപ്പിനെയും വെളുപ്പിനേയും ഒക്കെ കുറിച്ചും കുട്ടികളെക്കുറിച്ചും പറഞ്ഞ ആ സിനിമയിൽ ഒരു ഞാവൽമരം കണ്ടു പിടിച്ച കഥയൊക്കെ സജിത്ത് പിന്നീട് എന്നോട് പറഞ്ഞിരുന്നു. ആരും സഹായിക്കാനില്ലാതെ ജീവ തന്നെ ഒരു ഞാവൽമരം തേടിയിറങ്ങുകയായിരുന്നു. അവസാനം ഒരു തീവണ്ടി യാത്രക്കിടയിൽ ഒരു റെയിൽവേ പാളത്തിനരികിലായി ഒരു ഞാവൽ മരം കണ്ടപ്പോൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങി, അതുതന്നെ ജീവ ഷൂട്ടിങ്ങിനായി ഉറപ്പിക്കുകയായിരുന്നു. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിൽ ആ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി. കുറച്ച് ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചു. ഈ സിനിമയുടെ ഇടയിൽ നടന്ന ഒരു മനോഹരമായ കാര്യം, നല്ല രസമുള്ള  കാര്യം ഇതായിരുന്നു. ആ സിനിമയുടെ സംഗീത സംവിധായകൻ ആയ നിഷാന്ത്, ജീവയോട് ഒരു കാര്യം ചോദിച്ചു; "മ്യൂസിക് ഒക്കെ ചെയ്യുന്ന ഒരാളെ കല്യാണം കഴിക്കാൻ താല്പര്യമുണ്ടോ" എന്ന്. കാര്യം മനസ്സിലായ ജീവ സമ്മതിച്ചു, വളരെ മനോഹരമായ ഒരു ജീവിതം ആരംഭിച്ചു. സിനിമ തലയിൽ കേറിയ ജീവ കൂടുതൽ സിനിമ ചെയ്യാൻ വേണ്ടി തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ജോലി രാജി വെച്ചു. അങ്ങനെ ജീവയ്ക്ക് ചെയ്യാനുള്ള രണ്ടാമത്തെ സിനിമയുടെ കഥയാണ് തിരുവനന്തപുരത്ത് വെച്ച് റെജികുമാർ എന്നോട് പറയുന്നത്.

ജീവയും തിരക്കഥാകൃത്ത് റെജികുമാറും 

എറണാകുളത്ത് സിനിമയുടെ പ്രൊഡ്യൂസർ ആയ ഷാജി ചേട്ടന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ ഞങ്ങൾ അതിന്റെ ആദ്യ ഡിസ്കഷനിൽ പങ്കു ചേർന്നു. രണ്ടു പ്രധാന കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. ഒരു അച്ഛനും ഒരു മകനും. അച്ഛൻ കഥാപാത്രം ചെയ്യാൻ ക്രൈം നമ്പർ 89  എന്ന സിനിമയിൽ അഭിനയിച്ച അശോകേട്ടനെ സജിത്ത് സജസ്റ്റ് ചെയ്തു. എല്ലാവരും അത് അംഗീകരിക്കുകയായിരുന്നു. മകന്റെ കഥാപാത്രം ചെയ്യാൻ മുരുകനെയാണ് കണ്ടെത്തിയത്. മുരുകൻ അങ്കമാലി ഡയറീസ് ഒക്കെ ചെയ്തു നിക്കുന്ന കാലമായിരുന്നു. ഞങ്ങളുടെ ഡിസ്കഷൻ സ്ഥലത്തേക്ക് മുരുകൻ വരാമോ എന്ന് ചോദിച്ചു. മുരുകൻ തന്റെ ബാഗും തൂക്കി ഒരു ബൈക്കിൽ അവിടെ എത്തി. പ്ലോട്ട് കേട്ട് ഇഷ്ടപ്പെട്ട മുരുകൻ പടം ചെയ്യാമെന്നേറ്റു. ശമ്പളം ഒക്കെ കമ്മിയായിരിക്കും എന്ന കണ്ടീഷനും സമ്മതിച്ചു. അതിനിടയിൽ അശോകേട്ടന്റെ വീട് തപ്പി പാലക്കാടേക്ക്‌ പോയ ജീവയും സജിത്തും ടീമും ഗൂഗിൾ മാപ്പ് വെച്ച് ദിശ നോക്കി മൂന്നു മണിക്കൂർ ദൂരെ മറ്റേതോ ദേശത്ത് നട്ടപ്പാതിരാക്ക് എത്തിച്ചേർന്ന് നട്ടപ്രാന്തായി.

പ്രൊഡക്ഷൻ മാനേജർ ശ്യാമും ഷാജി ചേട്ടനും ഒക്കെ ചേർന്ന് ഈ സിനിമയുടെ ലൊക്കേഷൻ അന്വേഷിക്കാൻ തുടങ്ങി.  ഒരു കുടിലിന്റെ അകം ആണ് പ്രധാന ലൊക്കേഷൻ; അങ്ങനെ ആ ലൊക്കേഷൻ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമമായി. ഒടുവില്‍ തിരുവനതപുരത്ത് മംഗലപുരം എന്ന സ്ഥലത്തെ ഷാജി ചേട്ടന്റെ വീടിന്റെ അടുത്ത് തന്നെ ഞങ്ങൾ ലൊക്കേഷൻ കണ്ടു പിടിച്ചു. അതിന്റെ അടുത്തു തന്നെ ഒരു വീടും കണ്ടെത്തി അശോകേട്ടൻ മുതൽ യൂണിറ്റ് ബോയ്സ് അടക്കമുള്ളവർ ആ വീട്ടിൽ താമസം തുടങ്ങി. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് പാട്ടു പരിശീലനവും അഭിനയ പഠനവും ഒക്കെ നടന്നു. അതിന്റെ ഇടയിൽ ഞങ്ങൾ, നടീനടന്മാരെ ആവശ്യമുണ്ട് എന്നൊരു പരസ്യം ഇറക്കി. ബാംഗ്ളൂരിൽ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ബിനി എന്ന പെൺകുട്ടിയേയും സോഷ്യൽ സയൻസിൽ പി.ജി കഴിഞ്ഞ് സോഷ്യൽ വർക്ക് ചെയ്യുന്ന കൃപ എന്ന പെൺകുട്ടിയേയും മുഖ്യ സ്ത്രീകഥാപാത്രങ്ങളിലേക്കും തിരഞ്ഞെടുത്തു. കിരൺ എന്ന ദന്ത ഡോക്ടറെയും അരുൺ മൈക്കിൾ എന്ന സുഹൃത്തിനെയും എന്റെ നാട്ടുകാരനായ തെയ്യം കലാകാരൻ ദേവദാസിനെയും അച്ചുതൻ ചങ്കൂറിനെയും ഒക്കെ അഭിനേതാക്കളായി തിരഞ്ഞെടുത്തു. ഷൂട്ടിങ് തുടങ്ങാൻ തീരുമാനമായി. ഇടയിലുള്ള കളിയാക്കലുകളും ഇവർക്ക് പ്രാന്താണ് എന്ന പല ഡയലോഗുകളും പലയിടത്ത് നിന്ന് വരുന്നുണ്ട്.സുജിത് ലാൽ എന്ന ഞങ്ങളുടെ സുഹൃത്താണ് ക്യാമറാമാന്‍; കുറഞ്ഞ ചെലവിൽ അദ്ദേഹം ഒരു യൂണിറ്റും റെഡ് ക്യാമറയും സംഘടിപ്പിച്ചു ഷൂട്ടിങ് തുടങ്ങാൻ തീരുമാനിച്ചു. അവിടെയാണ് പുതിയ ഒരു പ്രശ്നം തുടങ്ങുന്നത്. ഞങ്ങൾ ഇട്ട സെറ്റ് ഒട്ടും ഒറിജിനാലിറ്റി ഇല്ലാത്തതാണ് എന്ന് എല്ലാവര്‍ക്കും തോന്നി. നാളെ ഷൂട്ട് ആണെങ്കിൽ ഇന്നാണ് സെറ്റ് കൊളമായ കാര്യം ഞങ്ങൾ തിരിച്ചറിയുന്നത്. ഇനിയെന്ത്‌ എന്ന ചോദ്യം ഇല്ല. അന്ന് രാത്രി തന്നെ, മഴയുള്ള ആ രാത്രിയിൽ തന്നെ ആ സെറ്റ് പൊളിച്ച് പണിയാൻ തീരുമാനിച്ചു. നന്ദു എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ മഴയുള്ള രാത്രിയിൽ ശ്യാംലാലും പ്രേംജിത്തും നന്ദുവും ഞങ്ങളും ഒക്കെ ചേർന്ന് പുലർച്ചെ ആകുമ്പോഴേക്കും സെറ്റ് പണിഞ്ഞു. ഷാജി ചേട്ടന്റെ ബന്ധുവായ ജോയും, ബൈജുവും മംഗലാപുരത്തെ സി പി ചേട്ടനും സീറ്റിലുള്ളവർക്ക്‌ ഫുഡ് എത്തിക്കുന്നതിലും ഒക്കെ ഞങ്ങളെ സഹായിച്ചു. മംഗലപുരത്തെ ജനങ്ങൾ ശരിക്കും ആ സിനിമയുടെ കൂടെ നിന്നു.

അങ്ങനെ ഷൂട്ട്‌ തുടങ്ങി. വളരെ പ്രൊഫഷണലായി കൃത്യമായ കാല്‍ക്കുലേഷനിലൂടെ ജീവ ആ സിനിമ സംവിധാനം ചെയ്തു പൂർത്തിയാക്കി. നിജ എന്ന പെൺകുട്ടിയും ജീവയുടെ തന്നെ വിദ്യാർത്ഥികളും ആ സിനിമയിൽ അവരുടെ അസിസ്റ്റന്റുമാരായി. മുരുകനും അശോകേട്ടനും മത്സരിച്ച് തകർത്തഭിനയിച്ചു. ലാൽ മീഡിയയിൽ വെച്ച് ആ സിനിമയുടെ ഡബ്ബിങ്ങും മറ്റു പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ, എഡിറ്റിങ് ജോലിക്കിടയിൽ സുജിത്ത് എന്ന ഞങ്ങളുടെ എഡിറ്ററുമായി പലപ്പോഴും രാഷ്ട്രീയം പറഞ്ഞ് ഞങ്ങൾ തല്ലു കൂടി. ആ ഷൂട്ടിങ്ങിന്റെ സമയം നിഷാന്ത് വന്ന് സ്വകാര്യമായി ഞങ്ങളോട് പറഞ്ഞു; "ഞാനൊരു അച്ഛനാകാൻ പോവുകയാണ്". ഞങ്ങൾ ജീവയുമായി സന്തോഷം പങ്കു വെച്ചു. ഒരു സിനിമയിൽ നിങ്ങൾ പ്രണയിച്ചു. മറ്റൊരു സിനിമയിൽ നിങ്ങ അച്ഛനും അമ്മയും ആയി. എന്തായാലും പിറക്കാൻ പോകുന്ന ഞങ്ങളുടെ ആ കൊച്ചൂട്ടി ശരിക്കും സിനിമാക്കാരനോ സിനിമാക്കാരിയോ ആയിരിക്കും എന്ന് ഞങ്ങൾ പറഞ്ഞു. തിരക്കഥാകൃത്ത് റെജിചേട്ടനും സിനിമയുടെ മൊത്തം പോക്കില്‍ സന്തോഷവാനായി.

പ്രൊഡക്ഷൻ ജോലികൾ ഒക്കെ കഴിഞ്ഞതിനു ശേഷം ഉടനെ തന്നെ എനിക്ക് കടുത്ത ദാരിദ്ര്യം മൂലം ദുബായിലേക്ക് ഒരു ജോലി അന്വേഷണത്തിനായി പോകേണ്ടി വന്നു. നാട്ടിൽ നിന്ന് സിനിമയെക്കുറിച്ചുള്ള വാർത്തകൾ കേട്ട് അതിന്റെ സന്തോഷത്തിലും അതിൽ പങ്കെടുക്കാൻ പറ്റിയില്ലല്ലോ എന്ന സങ്കടത്തിൽ ജീവിച്ചു. സജിത്ത് ആ സിനിമ ബാംഗ്ളൂരിൽ സ്‌ക്രീൻ ചെയ്തു. പ്രകാശ് ബാരെ മുതൽ നടൻ രവീന്ദ്രൻ വരെയുള്ളവര്‍ സിനിമയെക്കുറിച്ച് ഗംഭീര അഭിപ്രായങ്ങൾ പറഞ്ഞു. ഒരിക്കൽ സജിത്ത്, രവീന്ദ്രനെ വിളിച്ച് എനിക്ക് ഫോൺ തന്നു. ഇങ്ങളെ പഴേ ഡിസ്ക്കോ ഡാൻസ് കണ്ടാണ് ഞങ്ങളൊക്കെ സിനിമയെ ഇഷ്ടപ്പെട്ടത് എന്ന് അദ്ദേഹത്തിനോട് പറഞ്ഞു. ആ സിനിമ കൂടുതൽ സ്ഥലങ്ങളിൽ കളിക്കണം എന്ന് പ്രകാശ് ബാരെയും രവീന്ദ്രനും ഒക്കെ സജിത്തിനെ പിരികേറ്റി. സജിത്ത് ആകെ ആക്റ്റീവ് ആയി. ഞങ്ങള്‍ ഐ എഫ് എഫ് കെയ്ക്ക് സിനിമ അയച്ചു. സിനിമ സെലക്റ്റ് ചെയ്യപ്പെട്ടില്ല. പക്ഷെ തിരുവനന്തപുരത്തെ കാഴ്ച ഫിലിം ഫെസ്റ്റിവലിൽ സിനിമ കാണിച്ചു. സെക്സി ദുര്‍ഗ എന്ന സിനിമയുടെ ക്യാമറമാൻ പ്രതാപ് ജോസഫ് ആ സിനിമ കോഴിക്കോട് ഒരു ഫെസ്റ്റിവലിൽ കളിപ്പിച്ചു.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നടക്കുന്നു

ദുബായിലെ ജോലി അന്വേഷണത്തിൽ പരാജയപ്പെട്ട് തിരിച്ചെത്തിയപ്പോഴാണ് കോഴിക്കോട് വച്ച് ഞാൻ ഈ സിനിമ കണ്ടത്. പേടിച്ച് പേടിച്ച്, സിനിമ നന്നാകുമോ എന്ന് പേടിച്ചാണ് സിനിമ കണ്ടത്. അവസാനം സംവിധാനം ജീവ കെ.ജെ എന്ന പേര് വരുമ്പോൾ സ്പൊണ്ടേനിയസ് ആയ ഒരു കൂട്ടത്തിന്റെ കൈയടി കേട്ടപ്പോഴാണ് ഈ സിനിമ പൊളിക്കും എന്ന് ഞങ്ങൾക്ക് മനസ്സിലായത്. പാലക്കാടുള്ള ഡയലോഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ കളിക്കുമ്പോൾ അവിടെയൊരു പടിക്കെട്ടിൽ ഇരിക്കുമ്പോഴാണ് സജിത് പറയുന്നത്. "രൂപേഷേ, ഒരു സന്തോഷ വാർത്തയുണ്ട്. നോയിഡ ഇന്റർനാഷൻ ഫെസ്റ്റിവലിൽ ജീവ ഏറ്റവും നല്ല പുതുമുഖ സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു"; ഞങ്ങൾ വിജയിച്ചു.

ഇതാണ് കഥ. ഒരു സംവിധായികയുടെ വിജയത്തിന്റെ കഥ. റോസിയെ ഓടിച്ചു വിട്ട കേരളത്തിൽ ഒരു ദളിത് സ്ത്രീ കസേര പിടിച്ചെടുത്ത കഥ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/cinema-passion-acting-kali-movie-rupesh-kumar-azhimukham/

http://www.azhimukham.com/dissent-on-dr-biju-movie-director-criticism-movies-audience-rupesh-kumar/

http://www.azhimukham.com/sh-college-movies-students-schools-people-journey-cinemakottaka-rupeshkumar/

http://www.azhimukham.com/kerala-theater-movie-malayalam-thamil-jackie-chan-jet-li-rupesh-kumar/

http://www.azhimukham.com/kammattippadam-movie-dalit-life-kerala-rupeshkumar/


Next Story

Related Stories