TopTop
Begin typing your search above and press return to search.

മലബാറിലെ തെയ്യക്കാവുകളില്‍ ബ്രാഹ്മണ കൈകടത്തിനു പിന്നില്‍ ഇടതു രാഷ്ട്രീയത്തിന്റെ പിന്‍വാങ്ങലോ?

മലബാറിലെ തെയ്യക്കാവുകളില്‍ ബ്രാഹ്മണ കൈകടത്തിനു പിന്നില്‍ ഇടതു രാഷ്ട്രീയത്തിന്റെ പിന്‍വാങ്ങലോ?
മലബാറിന്റെ തെയ്യം കേവലമൊരു കാലാരൂപം മാത്രമല്ല. നിലനില്‍പ്പിന്റെ, പരിസ്ഥിതിയുടെ, വിശ്വാസത്തിന്റെ, സംസ്‌ക്കാരത്തിന്റെ, കാര്‍ഷിക ജീവിതത്തിന്റെ, അതിജീവനത്തിന്റെ, പ്രതിഷേധത്തിന്റെ, സാമൂഹ്യ ബോധത്തിന്റെ, മതസൗഹാര്‍ദ്ദത്തിന്റെ... അങ്ങനെയങ്ങനെ ഒളിഞ്ഞും തെളിഞ്ഞും പലതിന്റെയും കേന്ദ്ര ബിന്ദുവാണ്.

ഒരു ജനതയുടെ നാനാതരത്തിലുള്ള ക്ഷേമത്തിനും പരിപാലനത്തിനും സൗഹാര്‍ദ്ദത്തിനുമായി നിലകൊള്ളുന്ന ശക്തിയെ വിശ്വാസികള്‍ ദൈവം എന്ന് വാഴ്ത്തുന്നു. ദൈവം എന്ന പദത്തില്‍ നിന്ന് പിറവികൊണ്ട 'തെയ്യം' സങ്കല്‍പ്പത്തേക്കാള്‍ വളര്‍ന്ന യാഥാര്‍ത്ഥ്യം തന്നെ.

ഉള്ളു തുറന്ന് സങ്കടങ്ങള്‍ പറയുമ്പോള്‍ ഭക്തന്റെ കണ്ണീര് തുടക്കുന്ന തെയ്യക്കാരന്‍ ഭക്തിമാര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ പറയുമ്പോഴും കോലത്തിനകത്തെ മനുഷ്യ ജീവന്‍ നിസ്സഹായന്‍ തന്നെയാണ്. എന്നിരിക്കിലും ഒരു സൈക്കോളജിക്കല്‍ തന്ത്രം തെയ്യക്കാരന്‍ പയറ്റും. എല്ലാം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസത്തിലേക്ക് ജനങ്ങളെ കൊണ്ടുചെന്നെത്തിക്കാന്‍ നേര്‍ച്ചകളെയും മറ്റും അവര്‍ കൂട്ടു പിടിക്കുന്നു. അതാണ് ഒരു തെയ്യക്കാരന്റെ യഥാര്‍ത്ഥ ധര്‍മ്മം.

തെയ്യക്കഥകളെ വിവരിക്കുന്ന ഈണത്തിലുള്ള സാഹിത്യമാണ് തോറ്റം പാട്ടുകള്‍. തോറ്റത്തില്‍ ആദ്യാന്തം വരേയ്ക്കും തെയ്യം തന്റെ കഥ പറയുകയാണ്. ഞാന്‍, എനിക്ക്, എന്റെ... ഇങ്ങനെ നീളുന്ന തോറ്റം കേട്ട് കേട്ട് ഇടയ്‌ക്കെപ്പോഴോ തെയ്യക്കാരന്‍ തെയ്യമായി മാറുന്നു... പിന്നെ അവനില്‍ നിന്നും പുറപ്പെടുന്ന വാക്കുകളത്രയും തെയ്യത്തിന്റെ അരുളപ്പാടുകളാണ് എന്ന് വിശ്വാസികള്‍.

http://www.azhimukham.com/offbeat-theyyam-artists-and-the-discriminatory-life-in-brahmanical-society-by-dilna/

ഓരോ വര്‍ഷവും കാത്തിരുന്നെത്തുന്ന മൂന്ന് മാസങ്ങളാണ് തെയ്യാട്ടക്കാലം. കളിയാട്ടങ്ങളും പെരുങ്കളിയാട്ടങ്ങളുമായി തെയ്യക്കാരന്‍മാര്‍ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക്... ഇതുപറയുമ്പോഴും, തെയ്യക്കാലവും, അല്ലാത്ത മാസങ്ങളും ജീവിതം എങ്ങനെയെന്ന് തെയ്യക്കാരന്‍ തന്നെ പറയട്ടെ... നാടും സമൂഹവും തങ്ങളെ നോക്കിക്കാണുന്ന വിധവും, തെയ്യാട്ട ജീവിതവും അവര്‍ പറയട്ടെ, കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത ഒരു ചെറിയ ഗ്രാമത്തില്‍ തെയ്യം അനുഷ്ഠാന പഠന കേന്ദ്രത്തില്‍ കുറച്ച് തെയ്യക്കാരുടെ യോഗം നടക്കുന്നു...

പതിമൂന്ന് തവണ ഒറ്റക്കോലം കെട്ടി റിക്കോര്‍ഡിട്ട കുഞ്ഞിരാമപ്പെരുവണ്ണാന്‍ പറഞ്ഞുതുടങ്ങി... "എനിക്കിപ്പം വയസ് 67. തെയ്യം കെട്ടലില്ല... സാഹസം നിറഞ്ഞ തെയ്യങ്ങളാണ് ആദ്യ കാലങ്ങളില്‍ കെട്ടിയവയില്‍ അധികവും. പിന്നീട് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ആയാസം കുറഞ്ഞ കോലങ്ങള്‍ കെട്ടിത്തുടങ്ങി. ഇപ്പോ ഒന്നും ചെയ്യാന്‍ കയ്യ. ഞാന്‍ ബല്യ ഒര് സങ്കടത്തിലാന്ന് ഉള്ളത്... ഇപ്പഴത്തെ ഫേസ്ബുക്കിലെല്ലാം എന്റെ ഫോട്ടം കാണുന്ന്‌ണ്ടോലും.. പരിച്യക്കാരെല്ലം വിളിച്ച് ചോയിക്ക്ന്ന്... ഞാല് കൊറച്ചാള് ഡല്‍ഹീല് പൈത്യകോല്‍സവത്തിന് പോയിനേനും... തെയ്യത്തിന്റെ കോലത്തില്‍ ആ വേദിയില്‍ പോയതിന് എന്ന തെറി പറഞ്ഞോണ്ടേനും പോലും അയിലെ എഴ്ത്ത്... തെയ്യം കലാകാരന്മാരുടെ മൂത്ത ഉപ്പാപ്പന്നും, എന്റെ കുറ്റപ്പേരും എല്ലം ചേര്‍ത്തിറ്റാന്ന് അവരെ കളിയാക്കല്.. കുഞ്ഞ്യളായിരിക്കുംന്ന് വിജാരിക്കാ... എന്നാലോ.. മാതൃഭൂമി പത്രത്തിലും ഇത് വാര്‍ത്തയായി. എന്നരം വെല്ലാത്ത സങ്കടം തോന്നീന്.


മൂന്നും നാലും ദിവസത്തെ കളിയാട്ടം കയിഞ്ഞാല് ഒര് പത്തായിരം ഉര്‍പ്യ മുറിയാണ്ട് കിട്ടാന്‍ പണിയാന്ന്... ഒരു തെയ്യം സീസണില് അഞ്ചോ, ആറോ തെയ്യം കെട്ടാനാകും... ബാക്കിയുള്ള മാസം തേച്ചും ഈനക്കൊണ്ടാന്ന് ജീവിക്കണ്ടത്. കുഞ്ഞ്യളെയെല്ലം പട്ടിണിയാക്കാന്‍ കയ്യോ?... മാസാമാസം ഒരി 15000 ഉര്‍പ്യ തെയ്യത്തിന്റെ വകയില് കിട്ടിയാ.. നമ്മളേട്യും തെയ്യം കെട്ടാന്‍ പോകൂലാ... കാവ് വിട്ട് എങ്ങും പോകില്ല. ഇതിപ്പൊ, സര്‍ക്കാര്‍ വിളിക്കുമ്പം ഞാള്‍ക്ക് പോകാണ്ട് കയ്യൂലാ... ഫോക്ലോര്‍ അക്കാദമീന്ന് കൊറച്ച് സഹായെല്ലം കിട്ടലിണ്ട്. അങ്ങനെ പോയത്..."


"കളിയാട്ടത്തിന്റെ സമയത്ത് തെയ്യത്തിനെ വീഡിയോ പകര്‍ത്താനും ഫോട്ടോ എടുക്കാനുമെല്ലാം പൈശ വേണിക്കിന്നവരല്ലേ ശരിക്കും ദൈവത്തിന വിക്ക്ന്നത്... വല്യ ഫ്‌ളക്‌സും ബോര്‍ഡും കെട്ട്ന്നതൊന്നും കച്ചോടല്ലാ?.... തെയ്യം തീരുന്നതിന് മുന്നേ.. നാടകം കളിക്കാന്‍ വേണ്ടി എത്രസ്ഥലങ്ങളില്‍ കമ്മറ്റിക്കാര്‍ പറഞ്ഞത് അനുസരിച്ച് തോറ്റം പാടുന്ന സമയം കുറച്ചിറ്റ്ണ്ട്... സമയാകുന്നതിന് മുന്‍പ് ഉറയാന്‍ പറഞ്ഞ സാഹചര്യങ്ങളും കൊറേ ഇണ്ടായിന്... ജവഹര്‍ലാല്‍ നെഹ്രുന്റെ കാലത്ത് തെയ്യം സ്‌റ്റേജിലെത്തീന് എന്നെരാന്ന് ഈ കാലത്തും തെയ്യക്കാരോട് ഇങ്ങനെ കാണ്ന്നത്...",
 യോഗത്തിനെത്തിയ മറ്റൊരു തെയ്യക്കാരന്‍ പറയുന്നു.

http://www.azhimukham.com/kerala-new-brahmanic-invasion-on-pulaya-dalit-community-in-north-malabar-by-kr-dhanya/

"ഞാന്‍ ബാലകൃഷ്ണന്‍, കൊല്ലം കൊറേയായി തെയ്യം കെട്ട്ന്ന്... ഞാന്‍ തെയ്യം കെട്ടിവര്ന്ന ഒര് കാവിലെനി ഞാന്‍ വേണ്ടാന്ന് അവര് തീരുമിനിച്ച്റ്റ്ണ്ട്. കാവ് മാത്രേ... ഓറതുള്ളൂ... തെയ്യം അന്റ്യാന്ന്.. എനിക്ക് തെയ്യം കെട്ടാന്‍ കാവില്ലെങ്കിപ്പിന്ന ഞാന്‍ റോഡ്മ്മല് തെയ്യം കെട്ടും. പൈതൃകോത്സവത്തിന് പോയ തെയ്യക്കാറെല്ലാം തെയ്യം കെട്ട്ന്ന കാവുകളില് തെയ്യം സംരക്ഷണ സമിതീന്റെ നോട്ടീസ് ചെന്നിറ്റിണ്ട് എന്നാന്ന് കേട്ടത്. തെയ്യത്തിനെ സ്‌റ്റേജില് കയറ്റിയ ഇവരെ വിലക്കണം എന്നതാണ് അവരെ ആവശ്യം. ഇതെല്ലാന്ന് നമ്മളെ കഥ.


നാല്‍പത് വയസിന് ശേഷം രോഗികളാകാത്ത തെയ്യക്കാരില്ല. ഊണും, ഉറക്കവും, മലമൂത്ര വിസര്‍ജനവും ഇല്ലാതെ ഒന്നും, രണ്ടും ദിവസത്തിനടുത്ത് എടുത്താല്‍ പൊങ്ങാത്ത ഭാരവും, ദേഹം മുഴുവന്‍ മുറുക്കിക്കെട്ടി കയറുകളുമായി നില്‍ക്കുന്ന ഈ മനുഷ്യന്‍മാര്‍ രോഗികളായില്ലെങ്കിലേ അത്ഭുതമുള്ളൂ. തെയ്യം കെട്ടുന്നതിനിടെ തെങ്ങിന്‍ മുകളില്‍ നിന്ന് വീണ തെയ്യക്കാരന് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ സാമ്പത്തിക സഹായം കുറച്ച് കിട്ടിയിട്ടുണ്ട്. ആ സംഭവത്തിന് മുന്‍പും പിന്‍പും രോഗാവസ്ഥയിലായിട്ടുണ്ട്... എല്ലാവര്‍ക്കും ഒരേ പരിഗണന ലഭിക്കുന്നുണ്ടോ? തെയ്യം കെട്ടി തികഞ്ഞ കലാകാരനെന്ന് പേരെടുത്ത എത്ര പേര്‍ അവസാനകാലത്ത് അനാഥരായിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും വല്ല പിടിയുമുണ്ടോ?... മരിച്ച് പോയിട്ട് അടക്കം ചെയ്യാന്‍ ഒരു പിടി മണ്ണുപോലുമില്ലാത്തവര്‍... നാല് കൊല്ലം മുന്‍പ് മരിച്ച ഒര് തെയ്യക്കാരന്റെ ശരീരം കൊണ്ടോവാന്‍ സ്ട്രക്ച്ചറില്ലാഞ്ഞിട്ട് തെയ്യത്തിന്റെ രണ്ട് തിരുമുടി കൂട്ടിക്കട്ടി, അതില്‍ കിടത്തിയാണ് ശരീരം മറവ് ചെയ്യാന്‍ കൊണ്ട്‌പോയത്..."


നാടിന് വേണ്ടി ചോര വറ്റിച്ച് തീര്‍ത്തിട്ടും, ജാതിയും സമ്പത്തും സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയ സമൂഹമാണ് തെയ്യക്കാരുടേത്... കിട്ടേണ്ട കൂലി ചോദിച്ചു വാങ്ങുന്നത് അവകാശമാണെന്ന് പോലും മറന്ന് വിധേയപ്പെടലില്‍ നിന്ന് ഇനിയും മുക്തിനേടിയിട്ടില്ലാത്ത ഒരു സമൂഹം ഇവര്‍ക്കിടയിലിന്നുമുണ്ട്. അവര്‍ തെയ്യം കാവില്‍ ഒതുങ്ങേണ്ടതാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ചെറുത്തു നില്‍പ്പിനായി തെയ്യത്തെ സ്റ്റേജില്‍ കയറ്റിയ കലാകാരന്‍മാര്‍ പറയുന്നു.

http://www.azhimukham.com/offbeat-radicalization-of-theyyam-shifting-its-cultural-functions-from-day-today-life-to-after-life/

തെയ്യക്കാര്‍ക്കൊപ്പം എന്നും നിന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല മേഖലകളിലും നിന്ന് അകന്നുപോയതാണ് കാവുകള്‍ തീണ്ടിയതിന് ഏറ്റവും വലിയ കാരണമെന്നും, അല്ലായിരുന്നുവെങ്കില്‍ പുലയന്‍ അവന്റെ ആരാധനയ്ക്കായി നാട്ടിയ കല്ലില്‍ പോലും പുന:പ്രതിഷ്ഠയുടെ പേരില്‍ ബ്രാഹ്മണര്‍ ഇടിച്ചു കയറില്ലായിരുന്നുവെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. അംഗസംഖ്യ അത്ര വലുതൊന്നുമില്ലാത്ത വിവിധ കുലങ്ങളില്‍ പെട്ട തെയ്യം കലാകാരന്‍മാരെ സംഘടിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ മുതിരാത്തതിന്റെ പ്രധാന കാരണം കാവുകളുടെ ഉടമകള്‍ തെയ്യക്കാരേക്കാള്‍ വരുന്ന മഹാഭൂരിപക്ഷമായതിനാലാണ്. കാവുകാരെ ചൊടിപ്പിച്ചാല്‍ അത് അവരുടെ നിലനില്‍പിനെ തന്നെ ബാധിക്കും, തെയ്യക്കാര്‍ പറയുന്നു. ദശാവതാരത്തിലെ ഒരു ദൈവത്തിന്റെ പേരിലും തെയ്യങ്ങളില്ല. എന്നാല്‍ ഇന്ന് അണ്ടല്ലൂര്‍ കാവില്‍ ശ്രീരാമനാണത്രേ മുഖ്യ പ്രതിഷ്ഠ. മുച്ചിലോട്ട് ഭഗവതി സീതയാണെന്ന വാദം വരുന്നു.

വിപ്ലവം പിറന്ന മണ്ണില്‍ നിന്ന് പതുക്കെ കച്ചവട താല്‍പര്യങ്ങളിലേക്ക് ജനതയുടെ മനസ്സ് മാറിമറിഞ്ഞപ്പോള്‍ വന്ന തലമുറകള്‍ അരാഷ്ട്രീയവാദികളും മറ്റ് പല രാഷ്ട്രീയങ്ങളിലേക്കും പ്രത്യയശാസ്ത്രങ്ങളിലേക്കും തിരിഞ്ഞപ്പോള്‍ കീഴാളന്റെ കാവുകള്‍ക്ക് മതിലുകളും, മതിലിനകത്ത് പ്രതിഷ്ഠകളുമുണ്ടാകുന്നു. ജനകീയ ദൈവങ്ങള്‍ പതുക്കെ വഴിമാറി സഞ്ചരിച്ചു തുടങ്ങുന്നു.

http://www.azhimukham.com/offbeat-various-political-power-agencies-influenced-in-the-shaping-of-kerala-temple-and-worship-by-shibi/

Next Story

Related Stories