TopTop
Begin typing your search above and press return to search.

കോലമഴിച്ചാല്‍ മലയനും പുലയനുമാകുന്ന വയറെരിയുന്ന ദൈവങ്ങള്‍; ബ്രാഹ്മണ്യ ദാസ്യത്തിന്റെ കേരള മാതൃകകള്‍

കോലമഴിച്ചാല്‍ മലയനും പുലയനുമാകുന്ന വയറെരിയുന്ന ദൈവങ്ങള്‍; ബ്രാഹ്മണ്യ ദാസ്യത്തിന്റെ കേരള മാതൃകകള്‍
സവര്‍ണ മേധാവിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും എതിരെയുള്ള അവര്‍ണന്റെ പ്രതിഷേധം നിറഞ്ഞു നിന്ന കാവുകള്‍, മിത്തെന്നും തിര്യക്കെന്നും (പരേതാത്മാക്കള്‍) വിളിക്കുന്ന ജീവിത കഥകളുടെ പുനരവതരണം...

"കാവുകളിലും കോട്ടങ്ങളിലും തെയ്യാട്ടത്തിന് മുന്‍പേ പുന:പ്രതിഷ്ഠയും ശുദ്ധികലശവും നടക്കുന്നു. നാരായണീയ പാരായണവും സപ്താഹ യഞ്ജവും നടത്തുന്നു. ഇതിനായി രണ്ട് മണിക്കൂര്‍ ചിലവഴിക്കുന്ന ബ്രാഹ്മണന് ലക്ഷങ്ങള്‍ പ്രതിഫലം, രണ്ടോ അതിലധികമോ ദിവസം മുഴുവന്‍ കോട്ടത്തില്‍ കഴിച്ചുകൂട്ടുന്ന തെയ്യക്കാരന് അതിന്റെ പത്തിലൊന്നു പോലുമില്ലാത്ത തുക പ്രതിഫലം. ബ്രാഹ്മണനെ എഴുന്നള്ളിക്കാന്‍ ജനങ്ങള്‍ ഘോഷയാത്രകള്‍ നടത്തുമ്പോഴും തെയ്യം കെട്ടുന്ന മലയനും പുലയനും കോട്ടത്തിന്റെ ഏതെങ്കിലും മൂലയില്‍ ചുരുണ്ടിരിപ്പായിരിക്കും", തെയ്യം വിഷയത്തില്‍ റിസര്‍ച്ച് സ്‌കോളറും തെയ്യക്കാരനുമായ സി.വി അനില്‍കുമാര്‍ പറയുന്നു.

വ്രത പരിശുദ്ധിയോടെ തെയ്യാട്ടത്തിനെത്തുന്ന തെയ്യക്കാരനോടുള്ള വിവേചനം ഇവിടെ തീരുന്നില്ല, ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ സാധ്യമല്ലാത്ത തെയ്യക്കാരന് തറവാട്ടുകാര്‍ നല്‍കുന്നത് അവലോ, ഉപ്പുമാവോ ആയിരിക്കും. ഒരു ദിവസം മുഴുവനോ, അതില്‍ കൂടുതലോ നീണ്ടു നില്‍ക്കുന്ന തെയ്യാട്ടത്തിനിടയില്‍ കോലക്കാര്‍ക്ക് മറ്റൊരു സമയമില്ല, ആഹാരം കഴിക്കാന്‍... വയറ് കത്തുമ്പോഴും തറവാട്ടുകാര്‍ക്കും ഭക്തര്‍ക്കും വേണ്ടി കോലത്തിനകത്തെ മനുഷ്യന്‍ ആട്ടം തുടരും. സങ്കടങ്ങളും ആവലാതികളുമായി നീണ്ട നിരയായി ഭക്തജനങ്ങള്‍ വരി നില്‍ക്കുമ്പോള്‍ തെയ്യം വയറ് കരിഞ്ഞ് നില്‍ക്കുകയാകുമെന്ന് ആരറിയുന്നു. തെയ്യാട്ടത്തിന് ശേഷം തറവാട്ടുകാര്‍ കൊടുക്കുന്ന കോളിലാകും നാട്ടുകാരുടെ നോട്ടം. നല്ല കോള് കിട്ടിക്കാണുമെന്ന് മുറുമുറുക്കുന്നവരും വിരളമല്ല...

http://www.azhimukham.com/kerala-new-brahmanic-invasion-on-pulaya-dalit-community-in-north-malabar-by-kr-dhanya/

കോലത്തിനുള്ളിലെ മനുഷ്യജീവനെ പരിഗണിക്കുന്ന കാര്യത്തില്‍, അവന്റെ വേദനകള്‍ തിരിച്ചറിയുന്ന കാര്യത്തില്‍ മലബാര്‍ ഇന്നും വളരെ പിന്നില്‍ തന്നെയാണ്. കോലമണിഞ്ഞ് തിരുമുടിയുമായി നില്‍ക്കുന്ന തെയ്യത്തെ, ദൈവത്തെ ഭയഭക്തി ബഹുമാനപൂര്‍വ്വം നോക്കുമ്പോഴും, തെയ്യക്കാരനെ ഇന്നും ജാതീയമായ കണ്ണുകളോടെ നോക്കുന്നവരാണ് അധികവും. നൂറ്റിയൊന്ന് പ്രാവശ്യം അഗ്നിപ്രവേശം ചെയ്യേണ്ടുന്ന ഒറ്റക്കോലം കെട്ടുന്ന തെയ്യക്കാരന് ഒരു തെയ്യാട്ടത്തിന് ശേഷം അനുഭവിക്കുന്ന യാതനകള്‍ തിരിച്ചറിയാന്‍ പാകത്തിന് ഈ സമൂഹം വളര്‍ന്നിട്ടില്ല.

നെഞ്ച് അടിച്ചാണ് ഒറ്റക്കോലം കെട്ടിയ മനുഷ്യന്‍ അഗ്നിപ്രവേശം ചെയ്യുന്നത്. അരഭാഗത്തിന്റെ ഇരുവശത്തും നീട്ടിയ ചരടില്‍ നിന്നും രണ്ട് പേര്‍ ഓരോ തവണയും ആഞ്ഞ് വലിക്കും. തെയ്യാട്ടം കഴിഞ്ഞ് മാസങ്ങളോളം മലമൂത്ര വിസര്‍ജ്ജനം പോലും വളരെ കഷ്ടമാണെന്നും ശരീരം പുറംതള്ളുന്ന മാലിന്യങ്ങള്‍ക്കെല്ലാം വെണ്ണീറിന്റെ (കരി) കട്ടിക്കറുപ്പാണെന്നും തെയ്യക്കാരന്‍മാര്‍ പറയുന്നു.രാജവാഴ്ചയുടെ കാലത്ത് നല്‍കിപ്പോന്ന 21 പണം (21 പണം = ഇരുപത്തൊന്ന് ഇരുപത് പൈസ) എന്ന രീതിയായിരുന്നു എണ്‍പതുകളിലെ തെയ്യക്കാരന്റെ കൂലി. പിന്നീട് വരുന്ന ഓരോ തെയ്യക്കോലത്തിനും ഇരുപത്തൊന്ന് രൂപ എന്ന നിരക്കായി. അടുത്ത കൊല്ലം 25, പിന്നെ 30 അങ്ങനെ കോള് കൂട്ടാം എന്നായി പിന്നീട്. മൂന്നും നാലും ദിവസം തന്റെ ചോര കത്തിച്ച് കോലം കെട്ടുന്ന തെയ്യക്കാരന് ലഭിച്ചിരുന്ന പ്രതിഫലം ആ കാലത്ത് മറ്റ് തൊഴിലുകള്‍ക്ക് ലഭിച്ചിരുന്നതിനേക്കാള്‍ വളരെ കുറഞ്ഞതായിരുന്നു.

http://www.azhimukham.com/offbeat-various-political-power-agencies-influenced-in-the-shaping-of-kerala-temple-and-worship-by-shibi/

കണ്ണൂര്‍ എഴോം പ്രദേശത്ത് ഒരു പുലയന്റെ കുടിയില്‍ (വീട്ടില്‍) വെള്ളാട്ടം (മുത്തപ്പന്‍ തെയ്യം) കെട്ടിയതിന് മണക്കാടന്‍ രാമ പെരുവണ്ണാനെയും, പുലയനേയും ഊരുവിലക്കി. അന്ന് കെ.വി.ആര്‍ ഏഴോം എന്നയാളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ശാസ്ത്ര എന്ന സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വൈ.വി കണ്ണന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, വി.ആര്‍.വി എഴോം എന്നിവരുടെ നേതൃത്വത്തില്‍ മലബാര്‍ ഏരിയ തെയ്യം ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (മാത) 1990കളില്‍ രൂപം കൊണ്ടു. കൃഷ്ണന്‍ അഞ്ഞൂറ്റാന്‍ പ്രസിഡന്റും, കെ.പി.സി പണിക്കര്‍ സെക്രട്ടറിയായും മാതയെ നയിച്ചു.

"നാല് കൊല്ലം മാത്രം ആയുസ്സുണ്ടായിരുന്ന സംഘടനയ്ക്ക് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലാകെ വേരോട്ടമുണ്ടായി. തെയ്യക്കാര്‍ക്കിടയിലുള്ള ജാതീയമായ പിണക്കങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്ന ഇടം എന്നതിനപ്പുറം തെയ്യക്കാരെ മുഴുവന്‍ ബാധിച്ച ദാരിദ്രവും ജാതീയമായ ഉപദ്രവങ്ങളും ശ്രദ്ധിക്കാന്‍ കഴിയാതെ പോയതും സംഘടന ഇല്ലാതാക്കി. മാതയ്‌ക്കെതിരെ അന്ന് പിത എന്ന പേരില്‍ മറ്റൊരു സംഘടന രൂപം കൊണ്ടുവെങ്കിലും ഒറ്റ യോഗത്തോടെ അത് അവസാനിക്കുകയായിരുന്നു", മാതയുടെ സ്ഥാപക നേതാക്കളിലൊരാളായ വൈ.വി കണ്ണന്‍ മാസ്റ്റര്‍ പറയുന്നു.

http://www.azhimukham.com/offbeat-radicalization-of-theyyam-shifting-its-cultural-functions-from-day-today-life-to-after-life/

പിന്നീട് സമുദായ സംഘടനകളല്ലാതെ തെയ്യക്കാര്‍ക്കായി ഒരു സംഘടനയും രൂപം കൊണ്ടില്ല. ജാതീയ, സാമ്പത്തിക, ആരോഗ്യ ചൂഷണങ്ങളില്‍ക്കിടന്ന് നട്ടം തിരിയുന്ന വളരെ ചെറിയ ഒരു വിഭാഗത്തിനെ സംഘം ചേര്‍ക്കാന്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്കും വലിയ താല്‍പര്യമൊന്നുമില്ല എന്നതാണ് വാസ്തവം.

http://www.azhimukham.com/mangad-rathnakaran-yatra-theyyam-perumkaliyattam-folklore-festival-north-malabar/

http://www.azhimukham.com/mangad-rathnakaran-karivellur-yatra-a-v-kunjampu-karivellur-murali-theyyam-communist-party-travel-kerala/

Next Story

Related Stories