UPDATES

ട്രെന്‍ഡിങ്ങ്

തലയിലേക്ക് തോക്ക് വെച്ച് ഒപ്പിടാന്‍ പറഞ്ഞു; ബേജാറായി ഒരു ബന്ധവുമില്ലെന്ന് അവൾ ഒപ്പിട്ട് കൊടുത്തു; കര്‍ണ്ണാടക പോലീസ് ഒരു മലയാളി യുവാവിന്റെ പ്രണയം തകര്‍ത്തത് ഇങ്ങനെ

കേരള പോലീസ് സഹായിച്ചെന്നു ആരോപണം; ഫാസിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കേരള ഹൈക്കോടതി ഈയാഴ്ച പരിഗണിക്കും

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിച്ച മലയാളി യുവാവിന് കർണ്ണാടക പോലീസിന്‍റെ ക്രൂരമർദ്ദനം. കൂട്ട് നിന്നത് കേരള പോലീസെന്ന് ആരോപണം. ബംഗളൂർ ബെന്നാർഘട്ടയിൽ ടീ ഷോപ്പ് നടത്തിക്കൊണ്ടിരുന്ന കുറ്റ്യാടി സ്വദേശിയായ ഫാസിൽ തൊട്ടടുത്തുണ്ടായ മാർവാഡി കുടുംബത്തിലെ പിങ്കി ചൗധരിയെ വിവാഹം കഴിച്ചതാണ് പ്രശ്നങ്ങളുടെ ആരംഭം.

പ്രണയിച്ച് തുടങ്ങി ഒന്നരവർഷം കഴിഞ്ഞ് പെൺകുട്ടി പ്രായപൂർത്തിയായതിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. നാട്ടിലെത്തി അഭിഭാഷകന്‍റെ നിർദ്ദേശത്തെ തുടർന്ന് ഇസ്ളാം മതത്തിലേക്ക് മാറിയതായി ഫാസിൽ പറയുന്നു. “മൈസൂരിൽ വെച്ച് മുസ്ലിം മതാചാര പ്രകാരമാണ് വിവാഹം കഴിച്ചത്. രജിസ്റ്റർ ചെയ്യാനായി ഒരാളുടെ സ്റ്റേഷൻ പരിധിയിൽ പോകണമെന്ന് പറഞ്ഞത് കേട്ടാണ് നാട്ടില്‍ വന്നത്. ഇവിടെയെത്തിയപ്പോ ഉമ്മാനെ കാണാൻ പൂതിയായിട്ട് ജസ്റ്റ് ഫോൺ ഒന്ന് ഓണാക്കി. ഉമ്മാനെ വിളിച്ചപ്പോഴാണ് അറിഞ്ഞത് രണ്ട് ദിവസമായി വീട്ടിൽ കർണ്ണാടക പോലീസും ചിലയാളുകളും രണ്ട് വണ്ടിയിലായി വീടിന് മുന്നിൽ തമ്പടിച്ചിരിക്കുകയാണെന്ന്. രജിസ്ട്രേഷൻ കഴിയാതെ വരൂല, അത് വരെ ഒന്ന് സഹിച്ചു പിടിച്ച് നിക്കാൻ ഉമ്മാട് പറഞ്ഞു. നിങ്ങൾ രണ്ടാളും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതാണെങ്കിൽ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്ന് കുറ്റ്യാടി പോലീസ് ഉറപ്പ് തന്നിട്ടുണ്ട് ഇങ്ങോട്ട് പോരാൻ ഉമ്മ പറഞ്ഞു.

സ്റ്റേഷനില്‍ പോയി ഒപ്പിട്ട് കൊടുത്താ പ്രശ്നം തീരും എന്നും പറഞ്ഞു. കുറ്റ്യാടി പോലീസിന്‍റെ ഉറപ്പ് കേട്ടത് കൊണ്ടാണ് അങ്ങോട്ട് പോയത്. കള്ളനോ തീവ്രവാദിയോ ആയിട്ടൊന്നുമല്ലല്ലോ. പിന്നെ നമ്മുടെ നാട്ടിലുള്ള പോലീസുകാരനല്ലേ വിളിക്കുന്നത് എന്നും കരുതി. റിയാസ് എന്ന പോലീസുകാരനാണ് വീട്ടിൽ ബന്ധപ്പെട്ടിരുന്നത്. ഒരു വനിതാ പോലീസോ സെർച്ച് വാറന്‍റോ ഒന്നുമില്ലാതെയാണ് പെണ്ണുങ്ങള്‍ മാത്രമുള്ള വീട്ടിൽ കയറി പോലീസ് പരിശോധന നടത്തിയത്.

എന്‍റെ വീട്ടുകാരെയും കൂട്ടി സ്റ്റേഷനില്‍ ചെന്നു. അവിടെ വെച്ച് കർണ്ണാടക പോലീസ് ഒന്ന് ബാംഗ്ളൂർ വരെ വന്ന് ഒപ്പിട്ട് പോകാൻ ആവശ്യപ്പെട്ടു. അങ്ങോട്ട് വരണമെങ്കിൽ പോലീസ് സംരക്ഷണം വേണമെന്ന് പിങ്കി ആവശ്യപ്പെട്ടു. തിരിച്ച് വരാൻ പറ്റോ എന്ന് അറിയാത്തതുകൊണ്ടാണ് രജിസ്റ്റർ ചെയ്യാൻ പോലും ബംഗളൂരു പോകാതിരുന്നത്. ഒരു പരാതി പോലും എൻറെ പേരിൽ കർണ്ണാടക സ്റ്റേഷനില്‍ കിട്ടിയിട്ടില്ല. അല്ലെങ്കില്‍ അവിടെ നിന്ന് വിടുമ്പോൾ ജാമ്യം നൽകുകയോ ഒപ്പിടീക്കുകയോ എന്തെങ്കിലും ചെയ്യണ്ടേ?

കർണ്ണാടക പോലീസും അവളുടെ അമ്മയുടെ ആങ്ങളയും ഉൾപ്പെടെയുള്ള സംഘത്തിന്‍റെ കൂടെയാണ് ഞങ്ങൾ പുറപ്പെട്ടത്. ഹൂളിമാവ് സ്റ്റേഷനില്‍ എത്തിയപ്പോൾ രാത്രിയായി. രാവിലെ കാര്യങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് അവളെ ഒരു വനിത പോലീസിന്‍റെ ഒപ്പം അയച്ചു. എന്നോട് സെല്ലിൻറെ അടുത്ത് കിടന്നോളാൻ പറഞ്ഞു.”

ഈ ദിവസം മുതല്‍ തുടർച്ചയായി മൂന്ന് ദിവസമാണ് ഫാസിലിനെ കര്‍ണ്ണാടക പോലീസ് മർദ്ദനത്തിനിരയാക്കിയത്.

“ചന്ദ്രു എന്ന പോലീസുകാരൻ വന്നപ്പോൾ മുതലാണ് അടി തുടങ്ങി. രാത്രി മുഴുവന്‍ ദ്രോഹിച്ചു. ബൂട്ട് കൊണ്ട് കാലു മുഴുവന്‍ ചവിട്ടി പൊട്ടിച്ചു. കാലിൽ കയറ് കെട്ടി തലകീഴായി കിടത്തിയാണ് അടിക്കുനത്. മൂന്ന് ദിവസം തുടർച്ചയായി അടി. ഭക്ഷണം പോയിട്ട് വെള്ളം പോലും കുടിക്കാന്‍ തന്നില്ല. മാനസികമായി അത്രേം തകർന്നൂ.
ഏറ്റവും കൂടുതല്‍ വിഷമിച്ചത് ഇവർ മുളക് തേച്ചപ്പോഴാണ്. അടിച്ച് മുറിഞ്ഞിടത്തൊക്കെ മുളക് അരച്ച് തേക്കും. കണ്ണിൽ മുളക് പൊടി പാറ്റും. രണ്ടാം ദിവസമായപ്പോൾ ശരീരം മരവിച്ച് അടിക്കുന്നതൊന്നും അറിയുന്നു പോലും ഉണ്ടായില്ല. രണ്ടാം ദിവസം അവളേയും വിളിപ്പിച്ചു. ഇവനെ ഉപേക്ഷിച്ച് തിരിച്ച് പോകാൻ ആവശ്യപ്പെട്ടു. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം എന്ന് പറഞ്ഞതോടെ എൻറെ തലയിൽ തോക്ക് വെച്ചു. വെള്ളക്കടലാസിൽ ഒപ്പിട്ടില്ലെങ്കിൽ ഇവൻ നാട്ടിലെത്തില്ല എന്നായി. നിന്‍റെ അച്ഛനും പറഞ്ഞത് നിങ്ങളെ രണ്ടാളേം പിരിക്കുമെന്നാണ്. അത് നിന്നെ കൊന്നിട്ടായാലും നടത്തുമെന്ന് പറഞ്ഞു.

ചുമരിനോട് ചേർത്ത് വെച്ച് എന്‍റെ തലയിലേക്ക് തോക്ക് വെച്ച് ഇപ്പോള്‍ ഒപ്പിടണമെന്ന് പറഞ്ഞ്. കർണ്ണാടക പോലീസിനെ കുറേക്കാലമായി അവളും കാണുന്നതല്ലേ. ബേജാറായി ഒരു ബന്ധവുമില്ലെന്ന് അവൾ ഒപ്പിട്ട് കൊടുത്തു. പാച്ചൂനെ എവിടെയെങ്കിലുും പോയി ജീവിക്കാൻ വിടണമെന്ന് അപേക്ഷിച്ചു. നാട്ടില്‍ ചെല്ലുമ്പോൾ ഒരു മറവിന് വേണ്ടി, ആരും തിരിച്ചറിയാതിരിക്കാൻ അവളൊരു പർദ്ദയാണ് ഇട്ടിരുന്നത്. അത് മുഴുവന്‍ കീറിപ്പറിച്ചാണ് അവളുടെ ഫാമിലിക്കാർ കൊണ്ട് പോയത്. രണ്ട് പവന്‍റെ ഒരു മഹർ ഞാനിട്ടിരുന്നു. അത് പൊട്ടിച്ചെടുത്ത് എന്‍റെ മൊബൈലും ഐഡി പ്രൂഫുമൊക്കെ കൈക്കലാക്കിയാണ് അവർ പോയത്.”

രണ്ടാഴ്ചയോളമായി തന്‍റെ ഭാര്യയെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഫാസിലിന്‍റെ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിങ്കിയുടെ കുടുംബാംഗങ്ങൾക്കും രാജസ്ഥാനിലെ നാട്ടുകാർക്കും ഒക്കെ സന്ദേശം എത്തിക്കുകയാണ് ഫാസിലിന്‍റെ ഉദ്ദേശം. പിങ്കിയെ വീട്ടുകാര്‍ കൊണ്ടുപോകുമ്പോൾ ഒരു മാസം ഗർഭിണിയായിരുന്നു. അത് വീട്ടുകാര്‍ ഇടപെട്ട് നശിപ്പിച്ചു കാണുമോ എന്ന് ഇയാൾ ഭയക്കുന്നുണ്ട്.

ഫാസിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കേരള ഹൈക്കോടതി ഈയാഴ്ച പരിഗണിക്കും. പിങ്കിയെ കൊണ്ടുപോയതിന് ശേഷം ഒരു ദിവസം കൂടി കഴിഞ്ഞാണ് ഫാസിലിനെ കർണ്ണാടക പോലീസ് വിട്ടത്. ഇതിനിടെ കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ മാതാവ് പരാതി നൽകിയിരുന്നു. ഇങ്ങനെ പ്രശ്നങ്ങൾ കൈവിട്ട് പോകുമെന്ന് തുടങ്ങിയപ്പോഴാണ് ഒരു സ്വകാര്യ വാഹനത്തിൽ ഇവിടെ കൊണ്ടാക്കിയതെന്ന് ഫാസിൽ പറയുന്നു. യാത്രാ മധ്യേ കേരള പോലീസിനും കർണ്ണാടക പോലീസിനും പിങ്കിയുടെ വീട്ടുകാര്‍ പണം നൽകിയിട്ടുണ്ടെന്ന് മദ്യലഹരിയിലായ പോലീസുകാർ പറയുന്നതു കേട്ടതായും ഫാസില്‍ പറയുന്നു. കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റിയാസ് അമ്പതിനായിരം രുപ കൈക്കൂലി വാങ്ങിയിട്ടാണ് തങ്ങളെ കുരുക്കിലാക്കിയതെന്നും ഫാസിൽ ആരോപിക്കുന്നുണ്ട്.

എന്നാൽ ഈ ആരോപണങ്ങളെയെല്ലാം റിയാസ് നിഷേധിക്കുന്നു. “മുമ്പ് ചില കേസുകളുടെ പേരിൽ ഫാസിലിനെ അറസ്റ്റ് ചെയ്യാൻ ചെന്ന പരിചയത്തിലാണ് കർണ്ണാടക പോലീസിന് വീട് കാണിക്കാൻ അവിടെ ചെന്നത്. ഭാഷ പ്രശ്നമായപ്പോൾ വീട്ടുകാർക്കും പോലീസിനും ഇടയിൽ സഹായകമായി നിന്നതും ഞാനാണ്. ഡ്യൂട്ടിയുടെ ഭാഗമായി അവരുടെ കൂടെ പോകുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. കൈക്കൂലി ആരോപണത്തിനെതിരെ ഞാൻ നിയമപരമായി നീങ്ങുന്നതാണ്. മറ്റ് വിവരങ്ങള്‍ ഡിപ്പാർട്ട്മെൻറ് അനുമതിയില്ലാതെ എനിക്ക് പറയാനാകില്ല.” റിയാസ് അഴിമുഖത്തോട് പ്രതികരിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍