TopTop

ഇനി കറുത്തവരും പൊക്കം കുറഞ്ഞവരുമൊന്നും വേണ്ട; ഉത്തമസന്തതികളെ ആര്‍എസ്എസ് ഉണ്ടാക്കും

ഇനി കറുത്തവരും പൊക്കം കുറഞ്ഞവരുമൊന്നും വേണ്ട; ഉത്തമസന്തതികളെ ആര്‍എസ്എസ് ഉണ്ടാക്കും
ഇനിമുതല്‍ ഇന്ത്യയില്‍ ഏത് തരത്തിലുള്ള കുട്ടികള്‍ എപ്പോള്‍, എങ്ങനെ പിറക്കണമെന്ന് ആര്‍എസ്എസ് തീരുമാനിക്കും. 'ഉത്തമ സന്തതികള്‍' അഥവ വാര്‍പ്പ് മാതൃകയിലുള്ള കുട്ടികളെ സൃഷ്ടിച്ചുകൊണ്ട് ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഒരുങ്ങുകയാണ് ആര്‍എസ്എസിന്റെ ആരോഗ്യവിഭാഗമായ ആരോഗ്യ ഭാരതിയുടെ ഗര്‍ഭ വിജ്ഞാന സംസ്‌കാരം പദ്ധതി. ദമ്പതികള്‍ക്ക് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ശുദ്ധീകരണ പ്രക്രിയ, ജാതകവും നക്ഷത്രങ്ങളുടെ നിലയും നോക്കി ബന്ധപ്പെടാനുള്ള സമയം, ഗര്‍ഭകാലത്തില്‍ പൂര്‍ണമായും ലൈംഗീക ബന്ധത്തില്‍ നിന്നും വിട്ടുനില്‍ക്കല്‍, ഭക്ഷണ ക്രമീകരണം എന്നിവയിലൂടെ ഉത്തമ ശിശുക്കളെ സൃഷ്ടിക്കാന്‍ ഉദ്ദേശം വച്ചുള്ളതാണ് പദ്ധതിയെന്നാണ് ഇവരുടെ വാദം.

ഉത്തമ സന്തതികളെ സൃഷ്ടിച്ചുകൊണ്ട് ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്ന് പദ്ധതിയുടെ ദേശീയ കണ്‍വീനര്‍ ഡോ. കരിഷ്മ മോഹന്‍ദാസ് നര്‍വാനി, ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 2020-ഓടെ ഇത്തരത്തിലുള്ള 1000 കുഞ്ഞുങ്ങളെ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. താഴ്ന്ന ബൗദ്ധീക നിലവാരമുള്ളവരും വിദ്യാഭ്യാസ നിലവാരം കുറഞ്ഞവരുമായ മാതാപിതാക്കള്‍ക്ക് പുതിയ പരീക്ഷണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ പോലും ഉന്നത ബൗദ്ധീകനിലവാരമുള്ളവരായിരിക്കുമത്രെ. ഉദാഹരണത്തിന്, കറുത്തവരും പൊക്കം കുറഞ്ഞവരുമായ മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികള്‍ പൊക്കമുള്ളവരും വെളുത്തവരും ആയിരിക്കുമെന്ന് ആരോഗ്യഭാരതിയുടെ ദേശീയ കണ്‍വീനര്‍ ഡോ. ഹിതേഷ് ജാനി അവകാശപ്പെടുന്നു.

മുതിര്‍ന്ന സ്വയംസേവകനായ ജാനി ഇപ്പോള്‍ ജാംനഗറിലുള്ള ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയുടെ പഞ്ചകര്‍മ്മ വിഭാഗം തലവനാണ്. ഹിന്ദു ശാസ്ത്രങ്ങളില്‍ ഇത്തരത്തിലുള്ള ഉത്തമ ശിശുക്കളെ കുറിച്ച് പറയുന്നുണ്ടെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇതിനകം 450 വാര്‍പ്പ് മാതൃകയിലുള്ള കുഞ്ഞുങ്ങളെ പദ്ധതിയിലൂടെ നിര്‍മ്മിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. 2020 ഓടെ എല്ലാ സംസ്ഥാനങ്ങളിലും ഗര്‍ഭ വിജ്ഞാന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനും പദ്ധതി ലക്ഷ്യമിടുന്നു.

[caption id="attachment_78424" align="aligncenter" width="550"] ഡോ. കരിഷ്മ മോഹന്‍ദാസ് നര്‍വാനി, ഡോ. ഹിതേഷ് ജാനി[/caption]

ഗര്‍ഭവിജ്ഞാന സംസ്‌കാരത്തെ കുറിച്ചുള്ള സെമിനാറുകളും കൗണ്‍സിലിംഗും ഡല്‍ഹി, മുംബെ, ഉടുപ്പി, കാസറഗോഡ്, വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച് കഴിഞ്ഞതായി നര്‍വാനി പറഞ്ഞു. കൊല്‍ക്കത്ത, റോത്തക്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ഉടനടി യോഗങ്ങള്‍ സംഘടിപ്പിക്കും. ആയൂര്‍വേദത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ചികിത്സ നടത്തുന്നതെന്നും നര്‍വാനി വിശദീകരിക്കുന്നു. ആഗ്രഹിക്കുന്ന തരത്തില്‍ ശാരീരിക, മാനസിക ഗുണങ്ങളുള്ള കുട്ടികളെ എങ്ങനെ സൃഷ്ടിക്കാമെന്ന് ആയുര്‍വേദം വിശദീകരിക്കുന്നതായി അവര്‍ പറയുന്നു. ജീനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി കുറ്റവും കുറവുമില്ലാത്ത കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയാണ് ഈ പ്രക്രിയയിലൂടെ ചെയ്യുന്നതെന്നും അവര്‍ അവകാശപ്പെട്ടു.

ജാംനഗറിലെ സര്‍വകലാശാല കൂടാതെ ഗാന്ധിനഗറിലെ ശിശുക്കളുടെ സര്‍കലാശാലയും ഭോപ്പാലിലെ അടല്‍ ബിഹാരി വാജ്‌പേയ് ഹിന്ദി സര്‍വകലാശാലയും ഗര്‍ഭ വിജ്ഞാന സംസ്‌കാരം തങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യഭാരതിയുടെ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അശോക് കുമാര്‍ വര്‍ഷനേയി പറഞ്ഞു. 40 വര്‍ഷം മുമ്പ് ഒരു ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജര്‍മ്മനി സന്ദര്‍ശിച്ചപ്പോഴാണ് ഈ ആശയം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ജര്‍മ്മനിയുടെ അമ്മ' എന്ന് വിശേഷിപ്പിക്കുന്ന ഒരു സ്ത്രീയെ അദ്ദേഹം കണ്ടെന്നും അവരാണ് ഈ ആശയം പറഞ്ഞുകൊടുത്തതെന്നും വര്‍ഷനേയി പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മ്മനിയിലെ കുട്ടികള്‍ ഗര്‍ഭ സംസ്‌കാരത്തിലൂടെയാണ് പിറന്നതെന്നും അതിനാലാണ് ആ രാജ്യം ഇത്രയും വികസിച്ചതെന്നുമാണ് വിശദീകരണം. ചക്രവ്യൂഹം എങ്ങനെ ഭേദിക്കണമെന്ന് അഭിമന്യു ഗര്‍ഭത്തില്‍ കിടന്ന് പഠിച്ച കഥയും അവര്‍ ആര്‍എസ്എസ് സൈദ്ധാന്തികന് പറഞ്ഞുകൊടുത്തുവത്രെ.

ഗര്‍ഭം ധരിക്കുന്നതിന് വേണ്ടി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ചില നിശ്ചിത സമയങ്ങള്‍ ഹിന്ദു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ് വര്‍ഷനേയി പറയുന്നത്. ദമ്പതിമാരുടെ ജാതകവും ഗ്രഹങ്ങളുടെ നിലയും വച്ച് ഉത്തമമായ സമയം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും. എന്നാല്‍ ഗര്‍ഭം ധരിച്ച ശേഷം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അമ്മയ്ക്കും കുഞ്ഞിനും ആത്മഹത്യാപരമാണെന്നും അലഹബാദ് സര്‍വകലാശാലയില്‍ നിന്നും 1986-ല്‍ ബയോകെമിസ്ട്രിയില്‍ പിച്ച്ഡി നേടിയ വര്‍ഷനേയി വിശദീകരിക്കുന്നു. പദ്ധതിയിലുള്ള നര്‍വാനിയും ജാനിയും ആയുവേദത്തില്‍ ബിരുദം നേടിയവരാണ്.പദ്ധതിക്ക് രണ്ട് ഘട്ടങ്ങളാണുള്ളതെന്ന് നര്‍വാനി വിശദീകരിക്കുന്നു. ആദ്യഘട്ടത്തില്‍ ദമ്പതികളുടെ നാഡീ ശുദ്ധിയും ദേഹശുദ്ധിയും വരുത്തുന്നു. ഇത് 90 ദിവസം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണ്. ആ സയത്ത് അണ്ഡവും ബീജവും ശുദ്ധീകരിക്കുന്നു. അതോടെ കുട്ടിക്ക് ജനിതക വൈകല്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാവുന്നു. ഗര്‍ഭം ധരിച്ച ശേഷം മാതാവിന്റെ ഭക്ഷണത്തിലാണ് ശ്രദ്ധിക്കുന്നത്. ആദ്യത്തെ മൂന്ന് മാസങ്ങളില്‍ എല്ലുകള്‍ വളരാന്‍ തുടങ്ങുമെന്നും ആ സമയത്ത് കൂടുതല്‍ കാല്‍ഷ്യം ലഭിക്കുന്നതിനായി പാലും പാലിന്റെ ഉല്‍പന്നങ്ങളും നല്‍കുന്നു. അഞ്ചാം മാസത്തില്‍ ബുദ്ധിയുറച്ച് തുടങ്ങും. അപ്പോള്‍ നെയ്യാണ് ഉത്തമം. കണ്ണ് വികസിച്ച് തുടങ്ങുന്ന ആറ്, ഏഴ് മാസങ്ങളില്‍ വൈറ്റമിന്‍ എ കലര്‍ന്ന ഭക്ഷണം ധാരാളമായി നല്‍കുന്നു. ഇതുകൊണ്ടും തീര്‍ന്നില്ല. കുട്ടിയുടെ മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതിനായി മാതാവ് ഗര്‍ഭകാലത്ത് ശ്ലോകങ്ങളും മന്ത്രങ്ങളും ചൊല്ലുകയും വേണം. വേദനയില്ലാത്ത പ്രസവത്തിനും കുട്ടിക്ക് തൂക്കം വര്‍ദ്ധിക്കാനും ഇത് ഉത്തമമാണത്രെ.

മുസ്ലീങ്ങളും ദളിതരും ആദിവാസികളും ഭിന്നലിംഗക്കാരും ഭിന്നശേഷിയുള്ളവരും ഇല്ലാത്ത വാര്‍പ്പ് മാതൃകയിലുള്ള മനുഷ്യര്‍ മാത്രമുള്ള ഒരു സ്വച്ഛഭാരതം എന്ന ലക്ഷ്യത്തിലേക്ക് ആര്‍എസ്എസ് സൈദ്ധാന്തികമായും പ്രാവര്‍ത്തികമായും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വേണം പുതിയ പദ്ധതിയില്‍ നിന്നും മനസിലാക്കാന്‍.

Next Story

Related Stories