Top

മുഖത്ത് നോക്കി വര്‍ത്തമാനം പറയുന്ന, നാല് തെറി പറയുന്ന പെണ്ണുങ്ങളോട് ജോയിക്ക് ബഹുമാനമായിരുന്നു-ജോളി ചിറയത്ത് സംസാരിക്കുന്നു

മുഖത്ത് നോക്കി വര്‍ത്തമാനം പറയുന്ന, നാല് തെറി പറയുന്ന പെണ്ണുങ്ങളോട് ജോയിക്ക് ബഹുമാനമായിരുന്നു-ജോളി ചിറയത്ത് സംസാരിക്കുന്നു
'ഈ കറുത്ത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാനുള്ള ഏറ്റവും പ്രധാന രാഷ്ട്രീയ ദൗത്യം ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്നുള്ളതാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ബാക്കിയുള്ള ശരീരവും അതിന്റെ പിന്നിലെ സര്‍വ ഊര്‍ജവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി സമര്‍പ്പിക്കുകയാണ്. ചേരമാന്‍ പള്ളിയില്‍ ഖബറടക്കുക എന്നഭ്യര്‍ഥിച്ചപ്പോള്‍ ഞാന്‍ എന്റെ ശരീരത്തെ അതിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. മുസ്ലിം സമൂഹത്തിന്റെ ഭാഗമായപ്പോള്‍ ഞാന്‍ എന്റെ ആത്മാവിനെയും ശേഷിക്കുന്ന ജീവിതത്തെയും സമര്‍പ്പിക്കുകയാണ്. ഫാഷിസത്തിനെതിരെ അനുരഞ്ജനം ആത്മഹത്യാപരമാണ്. ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഞാന്‍ ഇസ്ലാം മതത്തെ ആശ്ലേഷിക്കുന്നു.'
അന്തരിച്ച മുന്‍ നക്‌സലൈറ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ടി.എന്‍ ജോയ് തന്റെ മതപരിവര്‍ത്തനത്തിനെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നജ്മല്‍ എന്‍ ബാബു എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ച അദ്ദേഹം സ്വയം ഫാസിസത്തിനെതിരെയുള്ള പ്രതിരോധമാകുകയായിരുന്നു. ചേരമാന്‍ ജുമാമസ്ജിദ് പള്ളിയില്‍ തന്റെ ഖബറടക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പോലും അങ്ങനെയൊരു പ്രതിരോധമായിരുന്നു. തന്റെ മരണം പോലും ഒരു വിപ്ലവമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുള്ള നിര്‍ബന്ധത്താല്‍ അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാകാതെ പോയി. ടി. എന്‍ ജോയിയെക്കുറിച്ച്, അദ്ദേഹത്തിന്റെ തീവ്രരാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് സുഹൃത്തായ
ജോളി ചിറയത്ത്
അഴിമുഖത്തോട് സംസാരിക്കുന്നു.


സ്ഥലം എംഎല്‍എയും സിപിഎം നേതാക്കളും കുടുംബക്കാരും ചേര്‍ന്ന് ജോയി എഴുതിവെച്ചതിനെ പോലും മാനിക്കാതെ സംസ്‌കാരം നടത്തുകയായിരുന്നു. ജോയിയുടെ സുഹൃത്തുക്കളായ എന്‍എസ് മാധവന്‍, കെ. വേണു, നക്‌സലൈറ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും സംസാരിച്ചിട്ടും അവര്‍ വകവെക്കാതെ പിടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. ജോയിയുടെ രാഷ്ട്രീയം മനസിലാക്കുന്നവര്‍ പ്രതിഷേധം അറിയിച്ചെങ്കിലും പോലീസിന്റെ സഹായത്തോടെ നിര്‍ബന്ധപൂര്‍വം മൃതദേഹം സംസ്‌കരിച്ചു. കേരളത്തിന്റെ തന്നെ മതേതരബോധ്യത്തിന്റെ കാപട്യമായിരുന്നു അവിടെ കണ്ടത്. നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുരോഗമന ഇടതുപക്ഷം എന്ന് പറയുന്നവര്‍ എത്രത്തോളം യാഥാസ്ഥിതികത്വം പേറുന്നവരാണെന്നും അവരുടെ ഉള്ളില്‍ എത്രമാത്രം ഇസ്ലാമോഫോബിയോ ഉണ്ടെന്നും ഉള്ളതിന്റെ ലക്ഷണമായാണ് എനിക്ക് വ്യക്തിപരമായി അതിനെ വായിച്ചെടുക്കാനായത്. ഫാസിസത്തിനെതിരെ നിലപാടെടുത്ത ഒരു മനുഷ്യന്റെ മരണം പോലും അങ്ങനെയൊരു പ്രതിരോധത്തിന്റെ ഭാഷയാകേണ്ടതാണ്. കൂടാതെ സൈമണ്‍ മാഷിനുണ്ടായത് പോലെ ഒരു ഗതി തനിക്ക് ഉണ്ടാകരുതെന്ന് പരസ്യമായി എഴുതിയ ആളുകൂടിയാണ് ജോയ്. മതേതരമൂല്യത്തിനോടുള്ള ഇടതുപക്ഷത്തിന്റെ നിലപാട് തന്നെയാണ് ഇന്നലെ അവിടെ കണ്ടതും. പൊന്നാനിയില്‍ പോയിട്ട് മതം മാറുകയെന്നതല്ലായിരുന്നു നജ്മല്‍ ബാബുവിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം. ഇന്ത്യയിലെ മുസ്ലീം വിഭാഗം വല്ലാതെ അടിച്ചമര്‍ത്തപ്പെടുന്നു എന്ന് മനസിലാക്കി അയാളെടുത്ത തീരുമാനമായിരുന്നു അത്. കമലാസുരയ്യയെ പോലെ നടപടികള്‍ അനുസരിച്ചൊന്നുമല്ലല്ലോ ജോയ് മതം മാറിയത്.

ജോയ് വീട് വിട്ടിറങ്ങിയതിന് ശേഷം വീടിനെ ഒരു കാര്യത്തിലും ആശ്രയിച്ചിട്ടില്ല. അയാളുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി, പൊളിറ്റിക്കല്‍ കമ്മിറ്റ്‌മെന്റ് എന്നിവ വെച്ചാണ് അയാളൊരു പൊതുവ്യക്തിയായി ജീവിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ ചികിത്സക്കും മറ്റു കാര്യങ്ങള്‍ തുടങ്ങിയവയിലെല്ലാം സുഹൃത്തുക്കളാണ് എല്ലാ തരത്തിലുമുള്ള സഹായങ്ങളും ചെയ്തിരുന്നത്. മരിക്കുമ്പോള്‍ പോലും ബന്ധുക്കളാരും അടുത്തില്ലായിരുന്നു. ഒരു ഇടതുപക്ഷ ആഭിമുഖ്യമുള്ള പഴയ കമ്യൂണിസ്റ്റ് കുടുംബമാണ് ജോയിയുടേത്. അവര്‍ ജോയിയുടെ തീവ്രവിപ്ലവരാഷ്ട്രീയവും നിലപാടുകളും മനസിലാക്കിയിരുന്നതുമാണ്. എന്നിട്ടും മതാചാരപ്രകാരം പള്ളിയില്‍ അടക്കാന്‍ സമ്മതിക്കില്ല എന്ന് അവര്‍ വാശി പിടിക്കുകയാണുണ്ടാത്. ചേരമന്‍ പള്ളി എന്ന് പറയുന്നത് ഒരു സാംസ്‌കാരിക പൈതൃകം അവകാശപ്പെടുന്ന പൊതു ഇടം കൂടിയാണ്. അവിടെ ഖബറടക്കണമെന്ന് ജോയ് ആവശ്യപ്പെടുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. രാജ്യമൊട്ടാകെ മുസ്ലീം സമുദായത്തില്‍ പെട്ട മനുഷ്യരെ ബീഫിന്റെ പേരിലും മറ്റും തല്ലിക്കൊല്ലുന്ന ഈ കാലത്ത് ഫാസിസത്തിനെതിരെ അവരില്‍ ഒരാളായാണ് ജോയി സ്വയം മതം മാറുന്നത്. അതേ സമയം അയാളൊരു മതവിശ്വാസിയോ മതാചാരപ്രകാരം കഴിയുന്നവനോ ആയിരുന്നില്ല. അതൊരു പ്രതിരോധഭാഷയായിരുന്നു അയാള്‍ക്ക്.

എന്റെ കൗമാരകാലത്താണ് ടി എന്‍ ജോയിയെക്കുറിച്ച് അറിയുന്നത്. പിന്നെയും ഒരുപാട് കാലം കഴിഞ്ഞ് ഒരു പൊതുപരിപാടിയില്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. നാട്ടില്‍ എത്തിയതില്‍ പിന്നെ ഒരുപാട് പൊതുവേദികളില്‍ കാണാനും ഒന്നിച്ച് പങ്കെടുക്കാനുമായി. പതിയെ അതൊരു നല്ല സൗഹൃദമായി മാറുകയായിരുന്നു. വിപ്ലവത്തിനായി ഒരുപാട് ത്യാഗം ചെയ്ത് ഒറ്റപ്പെട്ട് ജീവിച്ച ജോയിക്ക് സ്വപ്‌നം കണ്ട രീതിയിലേക്കൊന്നും ത്യാഗങ്ങള്‍ പോയില്ല എന്ന നിരാശയുണ്ടായിരുന്നു. കൂടാതെ ആരോഗ്യ, സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തിരുന്നു അദ്ദേഹം.

അവശനായിരുന്ന സമയത്ത് സുഹൃത്തുക്കള്‍ സഹായത്തിനായി ഉണ്ടായിരുന്നുവെങ്കിലും തനിക്കായി എന്തെങ്കിലും സമ്പാദ്യം ഒതുക്കി വെക്കാന്‍ അദ്ദേഹം മറന്നുപോയി. ഓട്ടോറിക്ഷയില്‍ കയറി 100 രൂപയ്ക്ക് യാത്ര ചെയ്താല്‍ അഞ്ഞൂറു രൂപ ഓട്ടോറിക്ഷക്കാരന് കൊടുക്കും. അങ്ങയേറ്റം ഉദാരതയായിരുന്നു അദ്ദേഹത്തിന്റെ ലോകത്തിനെ സൗന്ദര്യപ്പെടുത്തുന്നത്. വിപ്ലവവും രാഷ്ട്രീയവും കൊണ്ട് എങ്ങനെ ആളുകളെ ഒരുമിച്ച് കൊണ്ടുപോകണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ദീര്‍ഘദര്‍ശിയായിരുന്നു ടി എന്‍ ജോയി. ഏതൊരു ചെറിയ സംഭവത്തിന് പിറകിലും ഉണ്ടായേക്കാവുന്ന അലകള്‍ അദ്ദേഹത്തിന് അറിയാം. ഒരു കാര്യത്തില്‍ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ കണിശക്കാരനാണ്. കൃത്യസമയത്ത് പ്രസ് റിലീസ് കൊടുത്തോ മീറ്റിങ് സംഘടിപ്പിച്ചോ തുടങ്ങി ഇങ്ങനെ ഓരോ കാര്യവും അന്വേഷിച്ചു കൊണ്ടേയിരിക്കും. അത് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.

കൂടെയുള്ളവരെക്കുറിച്ചാണ് അയാള്‍ എപ്പോഴും ചിന്തിച്ചിരുന്നത്. അതേസമയം തന്നെ വിളിച്ചില്ല, കണ്ടില്ല എന്നുള്ള പരാതികളൊന്നും ഇല്ല. ഇപ്പോഴുള്ള ആണ്‍-പെണ്‍ സൗഹൃദങ്ങളില്‍ അദ്ദേഹം വിഷമിച്ചിരുന്നു. പുരോഗമനം എന്നു പറയുന്ന ആണുങ്ങള്‍ പോലും എന്തുകൊണ്ട് കാര്യങ്ങള്‍ മനസിലാക്കുന്നില്ല എന്നൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു. സ്ത്രീകളോട് ഇക്കാലയളവ് വരെ പുരുഷന്‍മാര്‍ കാണിച്ച ആണധികാരങ്ങളോട് എതിര്‍പ്പുള്ള ആളായിരുന്നു. അതുകൊണ്ട് തന്നെ മുഖത്ത് നോക്കി വര്‍ത്തമാനം പറയുന്ന, നാല് തെറി പറയുന്ന പെണ്ണുങ്ങളോട് അദ്ദേഹത്തിന് വലിയ ബഹുമാനമായിരുന്നു.

അവസാനകാലത്തൊക്കെ വിവാഹം കഴിക്കാതിരുന്നതിലും, സ്വന്തമായി വീട് ഇല്ലാത്തതിലും, ഒരു സപ്പോര്‍ട്ടിങ് സിസ്റ്റം ഉണ്ടാക്കാത്തതിലും അദ്ദേഹത്തിന് വലിയ നിരാശയുണ്ടായിരുന്നു. അങ്ങനെയുള്ള കടുത്ത നിരാശയിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കൊന്നും മാറ്റമില്ലാതെ തുടര്‍ന്നു. ഈയടുത്ത കാലത്ത് നടന്നിരുന്ന കന്യാസ്ത്രീ സമരങ്ങളില്‍ പോലും അദ്ദേഹം പങ്കെടുക്കുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ആ സമയത്തും അദ്ദേഹത്തിന്റെ ആരോഗ്യം അത്ര നല്ല നിലയില്‍ ആയിരുന്നില്ല. മൂന്ന് നേരവും ഇന്‍സുലിന്‍ എടുക്കണമായിരുന്നു. കിഡ്‌നി പ്രശ്‌നവും ഹൈ ഷുഗറൊക്കെയുള്ളത് കൊണ്ട് യാത്ര ചെയ്യാനൊക്കെ ബുദ്ധിമുട്ടായിരുന്നു.

അടിയന്തരാവസ്ഥക്കാലത്തെ തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്നതിനായിരുന്നു അദ്ദേഹം നിരന്തരം പോരാടിക്കൊണ്ടിരുന്നത്. അതിന്റെ പുനരാലോചന യോഗത്തിന് എന്നെ വിളിച്ചിരുന്നു. അന്ന് കൊടുങ്ങല്ലൂരില്‍ വെച്ച് കാണുമ്പോഴും അവശനായിരുന്നു അദ്ദേഹം. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിലെ ഒരു റൂമിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അതിനെ സ്വന്തം 'ഡെന്‍' എന്നാണ് അദ്ദേഹം തന്നെ വിശേഷിപ്പിച്ചിരുന്നത്. അത് കെട്ടുന്ന സമയത്ത് തന്നെ അവിടെ ഒരു റൂം വേണമെന്ന് ജോയ് പറഞ്ഞിരുന്നു. ചെറിയ വയസില്‍ തന്നെ വീട് വിട്ടിറങ്ങിയതല്ലേ...

ഒരു ദിവസം എന്നെ വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു. 'ജോളീ എനിക്കൊരു ബൈ-സ്റ്റാന്‍ഡറെ വേണ്ടിവരും. എനിക്ക് തീരെ വയ്യ.' അപ്പോള്‍ ഞാന്‍ തമാശയ്ക്ക് ചോദിച്ചു. 'ജോയ് ഞാന്‍ വന്ന് നിന്നാല്‍ മതിയോ?'

'അയ്യയ്യോ അതൊന്നും പറ്റില്ല. ഞാന്‍ അവിവാഹിതനായ ഒരാളല്ലേ... എന്നിലെ ആസക്തനായ മനുഷ്യന്‍ ഉണരും... കാര്യം സംഗതി പലതും വര്‍ക്ക് ചെയ്യുന്നില്ലെങ്കിലും' എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

'അതല്ലേ എന്റെ ധൈര്യം' എന്നും ഞാനും തമാശയായി പറഞ്ഞു. സദാചാരികളുടെയും ശരീരവിരോധികളുടെയും മുഖമുദ്ര ജീവിതനിരാശയാണ് എന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/keralam-k-venu-about-t-n-joy-and-his-demand-for-emergency-pension/

https://www.azhimukham.com/trending-relatives-oppose-funeral-of-najmal-babu-and-cremated-at-home/

https://www.azhimukham.com/offbeat-fond-memory-of-tnjoy-alias-najmalbabu-writes-safiya-fathima/

https://www.azhimukham.com/offbeat-memory-of-t-n-joy-alias-najmal-babu-story-by-sreeshma/

Next Story

Related Stories