TopTop

ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്; ഇവിടെ അവര്‍ അപഹസിക്കപ്പെടില്ല, വലിയൊരു മാറ്റവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്; ഇവിടെ അവര്‍ അപഹസിക്കപ്പെടില്ല, വലിയൊരു മാറ്റവുമായി കോട്ടയം മെഡിക്കല്‍ കോളേജ്
അന്ന് കോട്ടയം മെഡിക്കല്‍ കോളേജിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ അജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഒരു സ്ത്രീയായി മാറാന്‍ കൊതിച്ചെത്തിയതായിരുന്നു അജിത്ത്. പക്ഷെ അജിത്തിന് വ്യക്തമായൊരു മറുപടി പോലും നല്‍കാന്‍ അധികൃതര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ കഴിഞ്ഞില്ല. നൂലാമാലകളും നിയമക്കുരുക്കുകളും പറഞ്ഞ് അവര്‍ അയാളെ ഒഴിവാക്കി വിട്ടു. പക്ഷെ അയാളെ കരയിച്ചത് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ അപഹാസവും അവജ്ഞയുമായിരുന്നു. പെണ്ണാവണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി ജീവിക്കാന്‍ അതോടെ അജിത്ത് തീരുമാനിച്ചു. പക്ഷെ ഒന്നരവര്‍ഷങ്ങള്‍ക്കിപ്പുറം അജിത്ത് വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജിന്റെ പടികള്‍ കയറി. കാരണം ഇന്ന് അത് അജിത്തിനെപ്പോലുള്ളവര്‍ക്കും കൂടിയുള്ള ഇടമാണത്. ഒരിക്കല്‍ അപഹസിച്ച് മടക്കിയയച്ച ഡോക്ടര്‍മാരോ ആശുപത്രി ജീവനക്കാരോ അല്ല, രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ക്ലിനിക്കിന്റെ നേതൃത്വം വഹിക്കുന്ന ഒരുപറ്റം ഡോക്ടര്‍മാരുടെ ചിരിച്ച മുഖമാണ് ഇന്ന് അവരെ വരവേല്‍ക്കുന്നത്.

അജിത് (അജീറ) പറയുന്ന അനുഭവം ഇങ്ങനെ: 'നാല് വര്‍ഷം മുമ്പാണ് ഞാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയെപ്പറ്റി അന്വേഷിക്കാന്‍ പോയത്. ആദ്യം മാനസിക ആരോഗ്യം ഉണ്ടോന്നായിരുന്നു അവര്‍ക്കറിയേണ്ടത്. പിന്നീടങ്ങോട്ട് നിയമതടസങ്ങളുടെ ഘോഷയാത്രയായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. ഇവിടെ ചികിത്സിക്കാന്‍ സംവിധാനമില്ലാത്തതുകൊണ്ട് ചെന്നൈയിലേയ്ക്ക് ജ്യോത്സന മൂര്‍ത്തിയാണ് റെഫര്‍ ചെയ്തത്. പണം കയ്യില്‍ കാര്യമായി ഇല്ലാത്തതിനാല്‍ ആ വഴി ഉപേക്ഷിക്കേണ്ടി വന്നു. ഇതിനെക്കുറിച്ച് പിന്നീട് പല കാര്യങ്ങളും ഞാന്‍ വായിച്ചിരുന്നു. ഫേസ്ബുക് വഴി അമേരിക്കയിലെ ചില ട്രാന്‍സ്ജന്‍ഡര്‍ സുഹൃത്തുക്കളെ ഞാന്‍ ബന്ധപ്പെട്ടിരുന്നു. അമേരിക്കന്‍ സൈക്കാട്രിക് മാന്വല്‍ അനുസരിച്ചുള്ള ചികിത്സാരീതികളാണ് മിക്കയിടത്തും നടത്തുന്നത്. അത് പ്രകാരം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി ആരംഭിച്ച് അടുത്ത വര്‍ഷം തന്നെ സര്‍ജറി ചെയ്യാമെന്നാണ്. ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നത് ശരീരത്തിലെ മസിലുകളുടെ ദൃഢത കുറച്ച് ശരീരപ്രകൃതി മാറ്റിയെടുക്കാനാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഹോര്‍മോണ്‍ തെറാപ്പി കഴിഞ്ഞ് അടുത്ത ഒരുവര്‍ഷം റിയല്‍ ലൈഫ് എക്‌സ്‌പെരിയന്‍സ് എന്ന് പറയുന്ന പരിപാടിയാണ്. സത്യത്തില്‍ ഇതിന്റെ ആവശ്യമില്ല.


അതിനു പുറമെയാണ് നിയമത്തിന്റെ നൂലാമാലകള്‍. അവസാനം ഒരു ജഡ്ജിയുടെ ഒപ്പു വേണം എന്നുവരെ എന്നോടവര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കും എന്നാണ് പ്രതീക്ഷ. എന്റെയൊരു നാട്ടിന്‍പുറം ആയതുകൊണ്ട് തന്നെ നാട്ടുകാരുടെ ഇടപെടല്‍ ഒരു വലിയ പ്രശ്‌നം തന്നെയാണ്. അതിനു പുറമെയാണ് വീട്ടിലെ പ്രശ്‌നങ്ങള്‍. എന്നിരുന്നാലും കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി ഇറങ്ങിച്ചെല്ലണം എന്നുണ്ടെങ്കിലും വരുമാനം ഒരു വലിയ പ്രശ്‌നമായി നില്‍ക്കുന്നു. എന്നെപ്പോലുള്ളൊരാള്‍ക്ക് ജോലി നല്‍കാന്‍ ആര് ധൈര്യപ്പെടും? എന്തൊക്കെയായാലും ഞാന്‍ മുമ്പോട്ട് പോവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടും കല്‍പ്പിച്ച് തന്നെ പുതിയ ക്ലിനിക്കില്‍ ഞാന്‍ പോവാറുണ്ട്, എന്നിരുന്നാലും ആളുകള്‍ എല്ലാം തുറന്നുപറഞ്ഞ് മുന്നോട്ട് വരാന്‍ മടിച്ചാല്‍ ഒരു പക്ഷെ ഈ ക്ലിനിക്കിന്റെ ഭാവി തന്നെ അപകടത്തിലാവും എന്നെനിക്കു ഭയമുണ്ട്. വലിയൊരു ചുവടുവയ്പാണിത്, വലിയ മാറ്റത്തിന്‍റെ.
കഴിഞ്ഞ മെയ് 23 നാണ് കോട്ടയം ജില്ലാ ലീഗില്‍ അതോറിറ്റിയുടെയും എയ്ഡ്‌സ് രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സമൃദ്ധിയുടെയും സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ത്യയിലെതന്നെ ആദ്യത്തെ മള്‍ട്ടി ഡിസിപ്ലിനറി ട്രാന്‍ജന്‍ഡര്‍ ക്ലിനിക് ആരംഭിച്ചത്. മാസത്തിലെ ആദ്യ ചൊവ്വാഴ്ച പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ഇപ്പോള്‍ തന്നെ അമ്പതിലധികം ഭിന്നലിംഗക്കാര്‍ എത്തിയതായാണ് കണക്ക്. വരും ദിവസങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരുടെ നിരക്ക് ഇനിയും ഉയരുമെന്ന്' പ്രതീക്ഷിക്കുന്നവരാണ് ഡോ. സൂ ആന്‍ സഖറിയയെപ്പോലുള്ളവര്‍.

2013 ലാണ് 22 വയസ് പിന്നിട്ട ജോമോള്‍ സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ച് മുന്നോട്ട് വന്നത്. തുടര്‍ന്ന് കുടുംബത്തില്‍ നിന്നും നേരിട്ട യാതനകള്‍ ഒടുവില്‍ അവളെ വീടിന് പുറത്തെത്തിച്ചു. 'വേദനകളില്‍ ജീവിച്ച് മരിക്കാന്‍ വിധിക്കപ്പെട്ട ഞങ്ങളെപ്പോലുള്ളവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍. നാല് വര്‍ഷം മുമ്പ് ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ ഒരു മനോരോഗ വിദഗ്ധനെ കാണാന്‍ ആഗ്രഹിച്ചതാണ്. പക്ഷെ അതിനും പണം തടസമായതിനാല്‍ നടന്നില്ല'
- ജോമോള്‍ പറയുന്നു. ജോമോളെപ്പോലെ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി ട്രാന്‍സജന്‍ഡര്‍ സുഹൃത്തുകള്‍ക്ക് നേരെ സഹായഹസ്തം നീട്ടിയിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍.

ക്ലിനിക്കില്‍ എത്തുന്ന ട്രാന്‍സ്ജന്‍ഡര്‍ രോഗികള്‍ക്ക് ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ജനറല്‍ മെഡിസിന്‍, ഡെര്‍മോട്ടോളജി, പ്ലാസ്റ്റിക് സര്‍ജറി, സൈക്കാട്രി വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടാന്‍ കഴിയുന്ന വിധത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ഈ വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ പാനലാണ് ലിംഗമാറ്റത്തിനെത്തുന്നവരുടെ ചികിത്സാ ക്രമങ്ങള്‍ തീരുമാനിക്കുന്നത്.
'മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച 10 മണി മുതല്‍ രണ്ട് മണി വരെ എല്ലാ ഡോക്ടര്‍മാരുടെയും സേവനം ഉറപ്പാക്കും വിധം പൊതുവായൊരു സന്ദര്‍ശന രീതിയാണ് ഞങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. താത്ക്കാലികമായി പ്ലാസ്റ്റിക് സര്‍ജറി ഒപിയിലായിരിക്കും ക്ലിനിക് പ്രവര്‍ത്തിക്കുക'-
സൈക്ക്യാട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.വര്‍ഗീസ് പി പുന്നൂസ് വിശദീകരിച്ചു.

രേഖകള്‍ പ്രകാരം, ജൂലൈ നാലിന് ചര്‍മത്തിലെ അലര്‍ജിക്ക് ചികിത്സ തേടിയ നഴ്‌സായി ജോലിചെയ്യുന്ന സ്വപ്നയാണ് ക്ലിനിക്കിലെ ആദ്യത്തെ സന്ദര്‍ശക. '
കേവലം ഒരു മണിക്കൂര്‍കൊണ്ട് തന്നെ നാല് വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടാന്‍ എനിക്ക് കഴിഞ്ഞു എന്നത് ക്ലിനിക്കിന്റെ പ്രവര്‍ത്തന രീതികളുടെ കൂടി വിജയമായി അവകാശപ്പെടാം. ആദ്യം ത്വക് രോഗ വിഭാഗത്തിലാണ് ഞാന്‍ എത്തിയത്. പിന്നീട് ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ നിന്ന് വിദഗ്ധരെ കണ്ട ശേഷം പനിക്കും അലര്‍ജിക്കുമുള്ള മരുന്നും വാങ്ങിയാണ് മടങ്ങിയത്. എന്‍ഡോക്രൈനോളജിസ്‌റ് എന്റെ ഹോര്‍മോണ്‍ ചികിത്സ ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ വിദഗ്ദ്ധരെക്കണ്ട് എനിക്ക് ലിംഗ പുനര്‍നിര്‍ണയയ ശസ്ത്രക്രിയ സാധ്യമാകുന്ന വേഗത്തില്‍ നടത്തി തരണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്'
- സ്വപ്ന ഓര്‍ക്കുന്നു.പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ലക്ഷ്മി ജയകുമാറിന്റെ അഭിപ്രായത്തില്‍ 'ചികിത്സക്കായെത്തുന്ന ഭൂരിഭാഗം പേരും ഒരുപോലെ ആവശ്യപ്പെടുന്നത് ലിംഗ പുനര്‍നിര്‍ണയ ശസ്ത്രക്രിയ നടത്തണമെന്നാണ്. എന്നാല്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശൈശവ ദശയിലുള്ളൊരു ക്ലിനിക്കിന്, അതും സര്‍ക്കാര്‍ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിന് അത്തരം മെച്ചപ്പെട്ട ചികിത്സ രീതികള്‍ ഒരു സ്വപ്നം മാത്രമാണ്. മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് ഉള്ളതുകൊണ്ട് വലിയയൊരളവുവരെ ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുമെങ്കിലും ഡോക്ടമാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ട്രെയ്‌നിംഗ് ആവശ്യവുമുണ്ട്
.' എന്നാല്‍ ഡോ. പുന്നൂസ് കൗണ്‍സിലിംഗിന്റെ പ്രാധാന്യം കുറച്ചു കാണുന്നില്ല. 'ശസ്ത്രക്രിയ ആവശ്യപ്പെട്ട് സമീപിക്കുന്നവരെ സമഗ്രമായ കൗണ്‍സിലിംഗിന് വിധേയരാക്കാറുണ്ട്. ഈ കൗണ്‍സിലിംഗിലൂടെ ഇത്തരം ശാസ്ത്രക്രിയകള്‍ ആവശ്യമുള്ളവരെ തിരിച്ചറിയാനും കഴിയാറുണ്ട്. കാരണം ചിലര്‍ക്ക ഇതിന്റെ ആവശ്യം ഉണ്ടാകാനിടയില്ല. തന്റെ ലൈംഗിക അസ്തിത്വം കണ്ടെത്താനാവാതെ വിഷമിക്കുന്നവരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ ദൂരീകരിക്കാനും വലിയൊരളവുവരെ ഇത്തരം കൗണ്‍സിലിംഗുകള്‍ ഉപകരിക്കാറുണ്ട്
'- ഡോ. പുന്നൂസ് പറയുന്നു

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന നിരവധി ആളുകള്‍ക്ക് തങ്ങളുടെ അഭിലാഷം നിറവേറ്റാന്‍ കഴിയാതെ പോകുന്നത് പണത്തിന്റെ അഭാവം കൊണ്ടാണെന്ന് സഞ്ജനയെപ്പോലുള്ളവര്‍ പറയുന്നു. 'കയ്യില്‍ മതിയായ പണമുണ്ടായിരുന്നെങ്കില്‍ ശസ്ത്രക്രിയ മറ്റേതെങ്കിലും ആശുപത്രിയില്‍ നടത്തിയേനെ. അങ്ങേയറ്റത്തെ താത്പര്യത്തോടെയാണ് മുഴുവനായിട്ടുള്ള പരിണാമത്തിനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്നെപ്പോലുള്ളവര്‍ കാത്തിരിക്കുന്നത്'
സഞ്ജന പറഞ്ഞു. സഞ്ജനയെപ്പോലെ നിരവധി പേരാണ് ശസ്ത്രക്രിയ ഒരു സ്വപ്നമായി മാത്രം കാണുന്നത്. 'ചിലര്‍ക്ക് പണമാണ് പ്രശ്‌നമെങ്കില്‍ മറ്റുചിലര്‍ക്ക് തുറന്നു പറയാനുള്ള മടിയും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകാവുന്ന മാനഹാനിയുമാണ്' എന്ന് പറയുന്നത് കോട്ടയം സ്വദേശി ക്ഷേത്രയാണ്. ക്ഷേത്രയുടെ വാക്കുകളിലേക്ക് - 'ആലപ്പുഴയിലുള്ള ഷെറിനെപ്പോലുള്ളവര്‍ ഇത്തരം മാനസിക സംഘര്‍ഷങ്ങളില്‍ കൂടി പോകുകയാണ്. നിരവധിപേര്‍ മാനഹാനി ഭയന്ന് മനസിലെല്ലാം അടക്കിവച്ചിരിക്കുകയാണ്. ഇത്തരക്കാരാണ് മനസിന്റെ താളം തെറ്റി വിഷാദരോഗത്തിനും അവസാനം ആത്മഹത്യയിലും സമാധാനം കണ്ടെത്തുന്നത്. സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ള പലരും തങ്ങളുടെ സ്വത്വം വെളിപ്പെടുത്താനാവാതെ നരകിക്കുകയാണ്'
.

ഡോക്ടറായി ജോലി ചെയ്യുന്ന, ഇപ്പോള്‍ ശാസ്ത്രക്രിയക്ക് മുന്നോടിയായുള്ള ലേസര്‍ ചികിത്സ നടത്തുന്ന ലിയയെപ്പോലുള്ളവര്‍ അത്തരം പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ കാണിക്കുന്ന ആര്‍ജവം മാതൃകാപരമാണ്.-"എന്തൊക്കെ പുരോഗമന സ്വാഭാവം പറഞ്ഞാലും നമ്മുടെ സമൂഹത്തില്‍ എന്നും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരെ ഒരു വലിയ ജനവിഭാഗമെങ്കിലും അവഞ്ജയോടെയാണ് കാണുന്നത്. അവര്‍ ലൈംഗിക അരാജകവാദികളാണെന്ന് പലരും ഇപ്പോഴും വിശ്വസിച്ച് വച്ചിരിക്കുകയാണ്. എന്നാല്‍ കുറച്ച് കാലം കൊണ്ട് കേരളത്തിലെങ്കിലും ഈ പൊതുബോധം മാറുന്ന കാഴ്ച ആശാവഹമാണ്. മുഖ്യധാരയിലേക്ക് കുറച്ചെങ്കിലും എത്തിപ്പെടാനും സമൂഹത്തിന്റെ ശ്രദ്ധ നേടാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ ക്ലിനിക് ഒരു വലിയ ചുവടുവെപ്പാണെന്ന് വേണം പറയാന്‍. ഇടത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന പരിഗണന പറയാതെ വയ്യ. കൊച്ചി മെട്രോയിലടക്കം ഞങ്ങള്‍ക്കിടയില്‍ നിന്നും ജോലിക്കാരുണ്ടായത് എല്ലാരും കണ്ടതാണല്ലോ? പണ്ടൊക്കെ ഏതെങ്കിലും ആശുപത്രികളില്‍ പോകാന്‍ തന്നെ ഞങ്ങള്‍ക്ക് മടിയായിരുന്നു. കാരണം നേരത്തെ പറഞ്ഞ അതേ പ്രശങ്ങള്‍ തന്നെ. ഒന്ന, ഉണ്ടാകാവുന്ന മാനഹാനി, മറ്റേത് കുടുംബം. പലര്‍ക്കും കുടുംബത്തില്‍ത്തന്നെ തുറന്നുപറയാന്‍ ഭയമായിരുന്നു. ഞാന്‍ വീട്ടില്‍ അമ്മയോടാണ് ആദ്യം എന്റെ അവസ്ഥ പറഞ്ഞത്. സ്വാഭാവികമായും അവര്‍ തകര്‍ന്നു പോയി. എന്നിരുന്നാലും കുറച്ചു വര്‍ഷങ്ങള്‍ കൂടി വീട്ടുകാര്‍ പാറയുന്ന പോലെ ജീവിക്കാമെന്ന് ഉറപ്പു നല്‍കിയാണ് പ്രശ്നത്തെ ആദ്യം മറികടന്നത്.


എന്നെക്കൂടാതെ എനിക്കൊരു ചേച്ചിയും ഉണ്ട്, അവളും ഭിന്നലിംഗക്കാരിയാണ്. നിലവില്‍ എരുമേലിയില്‍ നിന്നുള്ള അജിത്തിനും (അജിറ) എന്റെ ചേച്ചി ശ്രീലക്ഷ്മിക്കുമാണ് ക്ലിനിക്കില്‍ ശസ്ത്രക്രിയ തീരുമാനിച്ചിട്ടുള്ളത്. ക്ലിനിക് വരുന്നതിന് മുന്‍പ് മെഡിക്കല്‍ കോളേജില്‍ പോയ എന്നോട് ആദ്യം ആവശ്യപ്പെട്ടത് മനോരോഗ വിഭാഗത്തില്‍ പോകാനാണ്. അവരുടെ വിചാരം എനിക്കൊക്കെ വട്ടാണെന്നായിരുന്നു. പിന്നീട് ചെല്ലുന്ന ചില സ്ഥലങ്ങളിലൊഴികെ എന്നോട് ഒരു അവജ്ഞ പോലായിരുന്നു. പല ഡോക്ടര്‍മാരും കേസ് ഫയല്‍ അല്ലാതെ മുഖത്ത് പോലും നോക്കാറില്ലായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ നിന്ന് അന്നും നല്ല പ്രതികരണമായിരുന്നു. ഇപ്പോള്‍ 15 പേരടങ്ങുന്ന ഒരു പാനലാണ് ഞങ്ങള്‍ക്കുള്ള ചികിത്സ നിശ്ചയിക്കുന്നത്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഡോക്ടര്‍മാരുണ്ടാവും. ക്ലിനിക് തുടങ്ങിയ സമയത്ത് ഞാന്‍ പോയിരുന്നു. നല്ല രീതിയിലുള്ള ചികിത്സയാണ് ഇപ്പോള്‍. പൊതുവില്‍ ഒരു മാറ്റം വന്നിട്ടുണ്ട്. എന്തായാലും മറ്റു ജില്ലകളിലെ സുഹൃത്തുക്കളെപ്പോലെ ഇവിടെയുള്ളവര്‍ക്ക് കാര്യമായ പൊലീസ് പീഡനമൊന്നും ഏല്‍ക്കേണ്ടിവരുന്നില്ല. പൊലീസ് നല്ല സൗഹാര്‍ദ്ദപരമായാണ് പെരുമാറുന്നത്.'

Next Story

Related Stories