Top

ഇനിയൊരു മറിയയോ താരയോ ഉണ്ടാകാന്‍ പാടില്ല; ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദ പോളിസിയുള്ള കേരളത്തിലെ അവസ്ഥ ഇതാണ്

ഇനിയൊരു മറിയയോ താരയോ ഉണ്ടാകാന്‍ പാടില്ല; ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദ പോളിസിയുള്ള കേരളത്തിലെ അവസ്ഥ ഇതാണ്
കഴുത്തിലും വയറിലുമേറ്റ ആഴത്തിലുള്ള മുറിവുകളില്‍ മുളകുപൊടി വിതറിയ നിലയില്‍ നിശ്ചലയായി കിടന്ന മറിയ, കഴുത്തില്‍ കയറിട്ടുമുറുക്കി കൊല ചെയ്ത ശേഷം ആസ്ബറ്റോസ് ഷീറ്റ് ഇട്ടു മൂടിയ നിലയില്‍ കാണപ്പെട്ട ഗൗരി, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ തന്റെ ശരീരത്തെ സ്വത്വത്തിനുതകും വിധം പരിവര്‍ത്തനം ചെയ്യാനാകാതെ ട്രാന്‍സ്‌ഫോബിയയുടെ ഇരയായ പാച്ചു, എറണാകുളത്ത് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഹിമ, തിരുവനന്തപുരം വലിയതുറയില്‍ വച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ ചന്ദന... മുഖ്യാധാരാ സമൂഹത്തില്‍ സ്വന്തം സ്വത്വത്തിന്റെ ദൃശ്യതയ്ക്കായി പോരാടുന്ന ഓരോ ലിംഗ ന്യൂനപക്ഷക്കാര്‍ക്കും കൊടിയ ശാരീരിക മാനസിക പീഡനങ്ങളുടെ കഥ പറയാനുണ്ടാകും.

1999-ല്‍ ട്രാന്‍സ്‌ജെന്‍ഡറും അഡ്വക്കേറ്റുമായ ജെന്‍ഡോളിന്‍ ആന്‍ സ്മിത്താണ് നവംബര്‍ 20 അന്താരാഷ്ട്ര ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദൃശ്യതാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1998 നവംബര്‍ 28ന് മാസച്യുസെറ്റ്‌സിലെ സ്വന്തം അപ്പാര്‍ട്‌മെന്റില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട അമേരിക്കന്‍ ആഫ്രിക്കന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ റിത ഹെസ്റ്ററിനോടുള്ള ആദരണീയാര്‍ത്ഥമാണ് ഒരു ദിനാചരണം എന്ന ആശയം അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകുന്നത്. ഇതിനോടനുബന്ധിച്ച് കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ദൃശ്യതാ ദിനം ആചരിച്ചു.

'ലൈംഗിക ന്യൂനപക്ഷങ്ങളായ മനുഷ്യര്‍ അനുഭവിക്കുന്ന തീവ്രമായ യാതനകളും ആക്രമങ്ങളും ഞങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ദൃശ്യത അത്യാവശ്യം കൈവന്നിട്ടുണ്ട്. അപ്പോഴും സാമൂഹ്യ വിരുദ്ധരുടെയും പോലീസുകാരുടെയും വീട്ടുകാരുടെയുമൊക്കെ അവഗണന ഞങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു. ട്രാന്‍സ് വ്യക്തിത്വങ്ങള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പൊതുസമൂഹം അറിയേണ്ടതും മനസിലാക്കേണ്ടതുമുണ്ട്. സ്ത്രീ പുരുഷന്മാര്‍ സമൂഹത്തില്‍ ദൃശ്യത കൈവരിക്കുന്നത് പോലെ തന്നെ പ്രാധാന്യമാണ് ട്രാന്‍സ്‌ജെന്‍ഡറുകളായുള്ളവരുടെ ദൃശ്യത. അതൊരു മാനുഷിക പരിഗണനയാണെന്നും ഞങ്ങള്‍ വ്യക്തികളും പൗരന്മാരാണെന്നും പൊതുസമൂഹം മനസിലാക്കണം. അതിന് വേണ്ടി ഇത്തരത്തിലുള്ള പൊതുകൂട്ടായ്മകളിലൂടെ തീവ്രമായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. വരുന്ന തലമുറ വിവേചനവും പീഡനവും അനുഭവിക്കാതെ സ്വാഭിമാനം ജീവിക്കാന്‍ കഴിയണം.'
കേരള സ്റ്റേറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ പ്രോജക്ട് ഓഫീസര്‍ ശ്യാമ പറയുന്നു.

സ്വത്വം തിരിച്ചറിയുക, അത് പുറത്തു പറയുക, സദാചാര ഗുണ്ടായിസത്തിന് ഇരയാകുക, വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുത്തുക, ശാരീരികമായി അക്രമിക്കപ്പെടുക എന്നിവയെല്ലാം ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദപരമായ കേരളത്തില്‍ ഇന്നും തുടരുന്ന കാര്യങ്ങളാണ് ഇത്. ദൃശ്യത കൈവരിച്ച് ഒട്ടനവധി പേര്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും ട്രാന്‍സ്ഡജെന്‍ഡറുകളെ നോക്കി കാണുന്ന രീതിയില്‍ കേരളസമൂഹം ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്.

എറണാകുളത്ത് മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റിലായ ഹിമ ജയിലില്‍ കൊടിയ മര്‍ദ്ദനത്തിനാണ് ഇരയായത്. എറണാകുളം സബ്ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹിമയുടെ ചുരിദാര്‍ വലിച്ചുകീറി നിര്‍ബന്ധിച്ച് മുണ്ടും ഷര്‍ട്ടും ധരിപ്പിക്കുകയും മുതുകില്‍ കൈമുട്ട് കൊണ്ട് ഇടിക്കുകയും ചെയ്തു. പോലീസ് ഓഫീസര്‍ ഹിമയെ നിരന്തരമായി ഉപദ്രവിക്കുന്നതായും ഹിമ വെളിപ്പെടുത്തി. ഹിമയെ സന്ദര്‍ശിക്കാന്‍ പോയ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളോടാണ് ജയിലിലെ കൊടിയ പീഡനം വെളിപ്പെടുത്തിയത്. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി തൃശൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്‌പെഷ്യല്‍ ജയില്‍ ഉള്ളപ്പോഴാണ് എറണാകുളം സബ്ജയിലില്‍ ഹിമയെ പാര്‍പ്പിച്ചത്.

'നമ്മുടെ ഇടയില്‍ നിന്ന് സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി രക്തസാക്ഷികളായിട്ടുള്ള, പോലീസ് ക്രിമിനലായി കരുതി മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊന്ന താരയടക്കമുള്ള, സ്വത്വം പുറത്ത് പറയാനാകാതെ ആത്മഹത്യ ചെയ്തിട്ടുള്ള പൊതുസമൂഹത്തെ പേടിച്ച് ഇരുട്ടറകളിലായിട്ടുള്ള അകറ്റി നിര്‍ത്തിയിട്ടുള്ള ഒരു ജനസമൂഹത്തെ ഓര്‍ക്കുന്ന ദിവസമാണിത്. ഞാനടക്കമുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ ദൃശ്യത കൈവരിച്ച് സമൂഹത്തിന് മുന്നോട്ട് എത്തുമ്പോഴും പലരും ഇപ്പോഴും തുരുത്തുകളിനുള്ളിലാണ്. സ്വാതന്ത്ര്യവും ദൃശ്യതയും നമുക്ക് വിലക്കപ്പെട്ടിരിക്കുകയാണ്. അതിന് വേണ്ടി നമ്മള്‍ വീണ്ടും ശക്തമായി തന്നെ പൊതുസമൂഹത്തിലേക്കിറങ്ങേണ്ടിയിരിക്കുന്നു.'
കേരള സ്റ്റേറ്റ് ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സൂര്യ പറയുന്നു.

'മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ലോകത്ത് കൊല്ലപ്പെടുന്നുണ്ട് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കണക്കാണ് അത്. അതില്‍ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ല. മറിയ, താര, ഗൗരി, പാച്ചു നമ്മുടെ മുന്നില്‍ തന്നെ എത്ര ഉദാഹരണങ്ങളാണ് ഉള്ളത്. പോലീസ് അതിക്രമങ്ങള്‍, സദാചാര ഗുണ്ടായിസം തുടങ്ങി ജീവനോടെ കത്തിക്കുന്ന ഉള്‍പ്പെടെയുള്ള ക്രൂരമായ അവസ്ഥ ഇപ്പോഴും ഇന്ത്യയില്‍ നിലവിലുണ്ട്. അതുകൊണ്ട് ട്രാന്‍സ് വ്യക്തികള്‍ക്ക് വേണ്ടി അവര്‍ തന്നെ പുറത്തോട്ട് വന്നു അവകാശങ്ങള്‍ക്കായി പോരാടേണ്ടിയിരിക്കുന്നു. ഓര്‍മ ദിവസത്തേക്കാളുപരി നമുക്കായി പ്രവര്‍ത്തിക്കേണ്ട ഒരു ദിനമായാണ് ഇത് മാറേണ്ടത്.'
ക്വിയറിഥം എക്‌സിക്യൂട്ടീവ് അംഗം അക്കു വിശദീകരിച്ചു. 'ലോക പുരുഷ ദിനത്തിന് പുരുഷന്മാര്‍ പുരുഷദിനം ആചരിക്കുന്നില്ലല്ലോ എന്ന പോസ്‌റ്റൊക്കെ കണ്ടിരുന്നു. എല്ലാ പ്രിവിലേജുകളും സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന ആളുകള്‍ അവരുടെ ദിനങ്ങള്‍ ആചരിക്കുന്നില്ല എന്ന് കരുതി നമുക്ക് നമ്മുടേതായ ദിനങ്ങള്‍ ആചരിക്കാതിരിക്കാതിരിക്കാന്‍ കഴിയില്ല. നമ്മുടെ അവകാശങ്ങള്‍ പറയാന്‍ കിട്ടിയ അവസരം, നമ്മളെ വിട്ട് പോയവരെ ഓര്‍മ്മിക്കാനുള്ള ദിനം നമ്മള്‍ ആചരിക്കേണ്ടത് തന്നെയാണ്. ട്രാന്‍സ് വ്യക്തിത്വങ്ങളുടെ ദൃശ്യതയൊക്കെ വിദൂരഭാവിയാണെങ്കില്‍ കൂടി ആ ഭാവിയിലേക്ക് നടന്നു കയറുകയാണ് വേണ്ടത്.'


'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് സമൂഹങ്ങളോട് കൂടി നമ്മള്‍ ഐക്യപ്പെടേണ്ടതുണ്ട്. രണ്ടാഴ്ചയ്ക്ക് മുമ്പ് പോലും കേരളത്തില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി മാത്രമേയുള്ളൂ അത് ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ ആക്കണമെന്ന ആവശ്യമാണ് ഞങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നടപടിയെടുക്കാനുള്ള സംവിധാനമില്ല. വരുന്ന നിയമസഭ യോഗത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ആക്ട് എന്ന നിലയില്‍ പോളിസി രൂപീകരിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ട് ഇനി ഒരു ആത്മഹത്യയയോ ആത്മഹത്യാ ശ്രമമോ ഉണ്ടാകാന്‍ പാടില്ല. ഈ ആശയം മുന്‍നിര്‍ത്തി കൊണ്ട് ക്വിയറിഥം നവംബര്‍ 20ന് 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരുന്നു. ഇതുവരെ 2000 കോളുകളാണ് ലഭിച്ചത്. 30തോളം പേരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും കഴിഞ്ഞു. ഇനിയും കൂടുതലായി ട്രാന്‍സ് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം. പാഠ്യപദ്ധതിയില്‍ സെക്ഷ്വല്‍ ഓറിയന്റേഷനെക്കുറിച്ചും, ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ചും ഉള്‍പ്പെടുത്തണം. എന്നാല്‍ മാത്രമേ സാമൂഹികമാറ്റം സാധ്യമാകുകയുള്ളൂ.'
ക്വിയറിഥം പ്രസിഡന്റ് പ്രിജിത് അഭിപ്രായപ്പെട്ടു.

മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദ്ദപരമായി നില്‍ക്കുമ്പോഴും എവിടെയൊക്കെയോ ഇനിയും തിരുത്തലുകള്‍ തിരിച്ചറിവുകള്‍ നടത്തേണ്ടിയിരിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ഇവര്‍. ഇനിയൊരു മറിയയോ താരയോ ഉണ്ടാകാന്‍ പാടില്ല. അങ്ങനെയൊരു ഓര്‍മദിവസമല്ല അവര്‍ക്ക് വേണ്ടതും. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും കൂടിയുള്ള ഇടങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്.

https://www.azhimukham.com/trending-facebookdiary-pcgeorge-harrassed-transgender-activist-shyama/

https://www.azhimukham.com/offbeat-death-threat-to-transgender-radio-jockey-ananya-by-deeshna/

https://www.azhimukham.com/five-myths-about-transgender-issues/

https://www.azhimukham.com/kerala-recent-transgender-issues-and-supreme-court-order-what-is-the-reality/

https://www.azhimukham.com/kerala-transgender-gauri-murder-police-inaction-society-silence-by-dhanya/

Next Story

Related Stories