UPDATES

മലയാളത്തിലെ ആദ്യ ചാനല്‍ ഷോ ആങ്കര്‍ ട്രാന്‍സ്ജന്‍ഡര്‍ ടി.ജി ശ്യാമ സംസാരിക്കുന്നു; നിങ്ങള്‍ക്കിതൊരു വേഷം കെട്ടലായിരിക്കും, ഞങ്ങള്‍ക്കിത് ഐഡന്റിറ്റിയുടെ വിഷയമാണ്

മംഗളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മാരിവില്‍ പോല്‍ മനസിജര്‍’ എന്ന പരിപാടിയുടെ അവതാരകയും ട്രാന്‍സ്ജന്‍ഡര്‍ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ക്യൂര്‍ റിഥം ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റുമാണ് ശ്യാമ

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ചാനല്‍ പരിപാടിയുടെ അവതരാകയായി ട്രാന്‍സ്ജന്‍ഡര്‍ എത്തുന്നു എന്ന സവിശേഷതയാണ് ടി.ജി ശ്യാമയോട് ചേര്‍ത്തു പറയേണ്ടത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരെന്ന് ഒരു വിഭാഗം കരുതുമ്പോഴും മുഖ്യധാര സമൂഹത്തിന്റെ മധ്യത്തില്‍ തന്നെ തങ്ങള്‍ നില്‍ക്കുന്നൂ എന്ന പ്രഖ്യാപിക്കാന്‍ കൂടിയാണ് ശ്യാമ ഈ അവസരത്തെ ഉപയോഗിക്കുന്നത്. മംഗളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മാരിവില്‍ പോല്‍ മനസിജര്‍’ എന്ന പരിപാടിയുടെ അവതാരകയും ട്രാന്‍സ്ജന്‍ഡര്‍ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ക്യൂര്‍ റിഥം ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റുമായ ടി.ജി ശ്യാമ സംസാരിക്കുന്നു.

എന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തം ഐഡന്റിറ്റിയില്‍ ഒരു സ്ഥലത്തേക്ക് പോവുക, ഒരു ഷോ ചെയ്യുക… മനസ്സിന് വലിയ സന്തോഷമാണ്. നമ്മുടെ കഴിവ് എപ്പോഴും അതിന്റെ എല്ലാ സാധ്യതകളോടും കൂടി തെളിയിക്കാന്‍ പലപ്പോഴും പറ്റുന്നത് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പറ്റുന്ന സമയത്ത് മാത്രമായിരിക്കും. ഞാനൊരു ട്രാന്‍സ്ജന്‍ഡറാണെങ്കില്‍, ആ ഐഡന്റിറ്റിയില്‍ തന്നെ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ അത് പരിപൂര്‍ണ സന്തോഷത്തോടെ ചെയ്യാന്‍ സാധിക്കൂ. പലപ്പോഴും എനിക്കതിനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ നില്‍ക്കേണ്ട അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഥവ അത് വെളിപ്പെടുത്തുന്ന സമയത്ത് അത്തരത്തിലൊരാളെ സ്വീകരിക്കാനുള്ള വിമുഖത പലരും കാണിച്ചിട്ടുണ്ട്. അങ്ങനെ അവസരങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ‘മാരിവില്‍ പോലെ മനസിജര്‍’ എന്ന പരിപാടി അവതരിപ്പിക്കാന്‍ സാധിച്ചത് മംഗളം ടെലിവിഷന്‍ നല്‍കിയ വലിയ അവസരമാണ്. ടെലിവിഷനിലെ ഉദ്യോഗസ്ഥയായ സുനിത ദേവദാസിനോടാണ് അതിന് നന്ദി പറയേണ്ടത്. അവരാണ് എന്നെ തിരഞ്ഞെടുക്കുന്നതും എല്ലാതരത്തിലും പിന്തുണയും നല്‍കിയത്. മംഗളം ടെലിവിഷനില്‍ എനിക്കിതു വരെ യാതൊരു വിധത്തിലുള്ള വേര്‍തിരിവുകളും അനുഭവിക്കേണ്ടി വന്നിട്ടില്ല. എല്ലാവരും വളരെ സൗഹാര്‍ദ്ദപൂര്‍വമാണ് ഇടപെടുന്നത്.

ഈ അവസരത്തെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത് ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ ദിയ സനയാണ്. ട്രാന്‍സ്ജന്‍ഡറായ ഒരാളെ ടെലിവിഷനിലേക്ക് അന്വേഷിക്കുന്നുണ്ട്, പോണം എന്ന് സന പറഞ്ഞിരുന്നു. എന്നാല്‍ ആ സമയത്ത് ചില പരിപാടികള്‍ക്കായി മറ്റിടങ്ങളിലേക്ക് പോവേണ്ടി വന്നത് കൊണ്ട് എനിക്ക് പോവാനായില്ല. പിന്നീട് ശീതള്‍ ശ്യാമാണ് എന്നെ വിളിച്ച് തീര്‍ച്ചയായും ഈ അവസരം ഏറ്റെടുക്കാനായി പോവണം എന്ന് പറയുന്നത്. അങ്ങനെയാണ് മംഗളം ടെലിവിഷനിലെത്തുന്നത്. ചാനലുകാര്‍ ഒരു ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഒടുവില്‍ ഞാന്‍ തന്നെ ആ പരിപാടി അവതരിപ്പിച്ചാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. വളരെയധികം പിന്തുണ നല്‍കിക്കൊണ്ടാണ് ആദ്യം മുതല്‍ ചാനലുകാര്‍ സംസാരിച്ചത്. സുനിത മാഡം എന്നെ പലതവണ വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. അവരുടെ വലിയ പരിശ്രമമുണ്ട് ഈ ഷോയ്ക്ക് പിന്നില്‍. എനിക്ക് അവതാരക എന്ന നിലയില്‍ മുന്‍പരിചയവുമില്ല. ആദ്യമായി ആ ജോലി ചെയ്യുന്നതിന്റെ കുഴപ്പങ്ങള്‍ എനിക്കുണ്ട്.

"</p

ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ‘ക്യൂര്‍ റിഥം’ എന്ന ഓര്‍ഗനൈസേഷന്റെ വൈസ് പ്രസിഡന്റാണ് ഞാന്‍. ഓര്‍ഗനൈസേഷനിലെ എല്ലാവരും വലിയ പിന്തുണ നല്‍കുന്നുണ്ട്. ഹെയര്‍സ്റ്റൈലും മേക്കപ്പും ചെയ്ത് എന്നെ തയ്യാറാക്കി വിട്ടത് എന്റെ സുഹൃത്ത് അപൂര്‍വ്വയാണ്. അങ്ങനെ കമ്മ്യൂണിറ്റിയിലെ തന്നെ ഒരുപാട് പേരുടെ പിന്തുണ ഒരു ടി.വി അവതാരകയെന്ന സ്ഥാനത്തേക്കെത്താന്‍ എനിക്ക് വഴിയായി.

ട്രാന്‍സ്ജന്‍ഡര്‍മാരുടെ വിഷയത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു ഷോ അല്ല ‘മാരിവില്‍ പോലെ മനസിജര്‍’. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അല്ലെങ്കില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട നിരവധി ആളുകളുണ്ട്. സമൂഹത്തില്‍ തുറന്നുപറയപ്പെടേണ്ട അവരുടെ പ്രശ്‌നങ്ങള്‍ ഷോയില്‍ ചര്‍ച്ച ചെയ്യുന്നു. പലപ്പോഴും ഒരു സ്ത്രീയോ പുരുഷനോ വന്ന് അവരുടെ കാഴ്ചപ്പാടിലൂടെയാണ് ഒരു പരിപാടി അവതരിപ്പിക്കാറ്. അവരുടേതായ കാഴ്ചപ്പാടുകളും ആശയങ്ങളും അവര്‍ അതിലൂടെ വ്യക്തമാക്കാറുണ്ട്. ഒരു ട്രാന്‍സ്ജന്‍ഡറിന്റെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ നോക്കിക്കണ്ടിട്ട്, അവരുടെ ഒരു ആശയം കൂടിയാണ് ഈ പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തി എങ്ങനെയാണ് സമൂഹത്തിലെ ഒരു വിഷയത്തെ നോക്കിക്കാണുന്നത്, അതില്‍ അവരുടെ വ്യക്തിപരമായ ആശയങ്ങള്‍ എന്തൊക്കെയാണെന്ന കാര്യങ്ങള്‍ അതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഞങ്ങളുടെ രാഷ്ട്രീയം, ആശയങ്ങള്‍ സംസാരിക്കാനുള്ള വേദികള്‍ ഒരിടത്തും ലഭിക്കാറില്ല. പലപ്പോഴും ഞങ്ങളെ ചര്‍ച്ചകളില്‍ ക്ഷണിക്കുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചോ, സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി അനുഭവിക്കുന്ന വിഷയങ്ങളെക്കുറിച്ചോ സംസാരിക്കാനായിരിക്കും. അതിന് വേണ്ടി മാത്രം ഒതുക്കി നിര്‍ത്തപ്പെടുന്നു അല്ലെങ്കില്‍ അതിന് വേണ്ടി മാത്രം ക്ഷണിക്കപ്പെടുകയും സംസാരിക്കുകയും ചെയ്യുന്നു. അല്ലാത്ത വിഷയങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായി ഒരു ട്രാന്‍സ്ജന്‍ഡറെ ക്ഷണിക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടന്നിട്ടില്ല എന്നതാണ് സത്യം. മംഗളം ടെലിവിഷനിലെ ഷോ അതിനുള്ള ഒരു വേദിയായിട്ടുകൂടിയാണ് എനിക്ക് തോന്നുന്നത്. കാരണം എല്ലാ വിഷയങ്ങളേയും സംസാരിക്കുന്ന കൂട്ടത്തില്‍, ഒരു ട്രാന്‍സ്ജന്‍ഡര്‍ വ്യക്തി ആ പ്രശ്‌നങ്ങളെ എങ്ങനെ നോക്കിക്കാണുന്നു അല്ലെങ്കില്‍ സംസാരിക്കുന്നു എന്ന രീതിയിലാണ് ഷോ മുന്നോട്ട് പോവുന്നത്. ഷോയുടെ പേര് തന്നെ അങ്ങനെയാണ്. മനസിജര്‍ എന്ന് പറയുന്നത് ഒരുപക്ഷേ വേണമെങ്കില്‍ ട്രാന്‍സ്ജന്‍ഡറിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കുതന്നെയാവാം. കാരണം ഒരു ട്രാന്‍സ്ജന്‍ഡറിന്റെ ജനനം നടക്കുന്നത് പലപ്പോഴും മനസ്സിലാണ്. പലപ്പോഴും ഭിന്നലിംഗക്കാരെന്നും മൂന്നാംലിംഗക്കാരെന്നും ഉപയോഗിക്കുന്ന മാധ്യമങ്ങളോട് കടുത്ത എതിര്‍പ്പും വിയോജിപ്പുമുണ്ട്. അതിന് പകരം ഈ വാക്ക് തന്നെ അവിടെ കൊണ്ടുവരാനായി എന്നതാണ് പ്രധാന കാര്യം. ആ വാക്ക് നിര്‍ദ്ദേശിക്കുന്നത് ഞങ്ങളുടെയെല്ലാം ഒരു സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകയുമായ വി.എസ്. ബിന്ദുവാണ്. ആ വാക്ക് വേണമെങ്കില്‍ എല്ലാവര്‍ക്കും സ്വീകരിക്കാവുന്നതേയുള്ളൂ. ആ വാക്കിന് ജന്‍ഡറില്ല. അത്തരത്തില്‍ ഒരുപാട് പ്രത്യേകതകളുള്ള ഒരു പരിപാടിയാണ് ഞാന്‍ അവതരിപ്പിക്കുന്നത്.

എനിക്ക് പലപ്പോഴും എന്റെ ഐഡന്റിറ്റി വെളുപ്പെടുത്താതെയിരിക്കേണ്ടി വന്നിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ഐഡന്റിറ്റി എനിക്ക് മറച്ചുവക്കേണ്ടി വന്നു എന്നത് സത്യമാണ്. കാരണം എനിക്ക് പഠനം പൂര്‍ത്തീകരിക്കണമായിരുന്നു. അല്ലാതായിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായേനെ. മലയാളം എം.എഡും പൂര്‍ത്തിയാക്കിയയാളാണ് ഞാന്‍. ഐഡന്റിറ്റി വെളിപ്പെടുത്തിയില്ലെങ്കില്‍ പോലും പലര്‍ക്കും അത് മനസ്സിലായിട്ടുണ്ട്. അങ്ങനെ മനസ്സിലാക്കിയവര്‍ വളരെ മോശമായാണ് പെരുമാറിയിട്ടുള്ളത്. നമ്മള്‍ ട്രാന്‍സ്ജന്‍ഡറാണെന്ന് അറിഞ്ഞാല്‍ സ്വീകരിക്കാന്‍ മടിയുള്ളവരുണ്ട്. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍, ട്രാന്‍സ്ജന്‍ഡര്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിനെ സ്വീകരിക്കാനോ, എന്നെ അവരിലൊരാളായി കാണാനോ പലരും ശ്രമിച്ചിട്ടില്ല. ട്രാന്‍സ്ജന്‍ഡര്‍ എന്ന് പറഞ്ഞാല്‍ എന്താണെന്ന് പോലും സ്‌കൂളിലും കോളേജിലും പഠിപ്പിക്കുന്ന പല അധ്യാപകര്‍ക്കുമറിയില്ല. ആ വിഷയത്തെ അഡ്രസ്സ് ചെയ്യാന്‍ അവര്‍ താത്പര്യപ്പെടുന്നുമില്ല എന്നതാണ്. അത്തരം അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ നാളെ ലൈംഗിക ന്യൂനപക്ഷങ്ങളെ വ്യക്തികളായി അംഗീകരിക്കുമോ എന്ന കാര്യം പോലും സംശയമാണ്. എന്റെ സംസാരം കൊണ്ടോ, പെരുമാറ്റം കൊണ്ടോ പലതരത്തിലുള്ള അവസരങ്ങളും നഷ്ടമായിട്ടുമുണ്ട്. ബി.എഡ്. പഠനം പൂര്‍ത്തിയായതിന് ശേഷം ഒരു സ്‌കൂളുകളില്‍ ഇന്റര്‍വ്യൂന് പോയി. എന്നാല്‍ എന്റെ ട്രാന്‍സ്ജന്‍ഡര്‍ ഐഡന്റിറ്റിയില്‍ എന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്റെ പെരുമാറ്റങ്ങള്‍ സ്‌കൂളില്‍ പ്രശ്‌നമാവും തുടങ്ങിയ പല കാര്യങ്ങളും പറഞ്ഞുകൊണ്ട് ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. മറ്റ് പല വേദികളില്‍ പോവുമ്പോഴും, എന്റെ ഐഡന്റിറ്റി ഇതാണെന്ന് പറയുമ്പോള്‍ സ്വീകരിക്കാന്‍ പലരും മടികാണിക്കുന്നുണ്ട്. അങ്ങനെ പലവിധ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്തും ട്യൂഷനെടുത്തുമാണ് ഇതുവരെ ജീവിച്ചത്.

സംസ്ഥാനത്ത് ട്രാന്‍സ്ജന്‍ഡേഴ്‌സിനായി ഒരു പോളിസി വന്നു എന്നത് തന്നെ വലിയ കാര്യം. എന്നാല്‍ അത് വ്ന്നിട്ട് പോലും ഒരു വിഭാഗം ആളുകള്‍ സ്വീകരിക്കാന്‍ മടിയുള്ളവരായി നില്‍ക്കുന്നുണ്ട്. എന്നാല്‍ പോളിസി വന്നത് വലിയ ഒരു കാര്യമായിട്ട് തന്നെയാണ് ഞാനടക്കമുള്ള പലരും കാണുന്നത്. കാരണം അതിന് ശേഷം സമൂഹത്തിന് കൂടുതല്‍ കൃത്യമായ അറിവ് ലഭിക്കുന്നതും, കമ്മ്യൂണിറ്റിയിലുള്ള പലര്‍ക്കും പല അവസരങ്ങള്‍ കിട്ടുന്നതും. ഒരു പാട് കളിയാക്കലുകളുണ്ടായിരുന്ന ഒരു സമയത്തില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. പോലുള്ള സംഘടനയില്‍ ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്ക് അംഗത്വം നല്‍കിയത് തന്നെ വലിയ മാറ്റമാണ്. അതെല്ലാം പോളിസിയുടെ പിന്‍ബലത്തിലാണെന്നാണ് തോന്നുന്നത്.

"</p

പല ചാനലുകളിലും പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷം കെട്ടി കോമഡി പരിപാടികളുണ്ടാവാറുണ്ട്. ഈ അഭിനേതാക്കളോട് പലരും നിങ്ങള്‍ ട്രാന്‍സ്ജന്‍ഡേഴ്‌സ് ആണോ എന്ന് ചോദിക്കാറുണ്ട്. ട്രാന്‍സ്ജന്‍ഡേഴ്‌സല്ല ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടി ഈ വേഷം ചെയ്യുന്നവരാണെന്നാണ് പറയാറ്. എന്നാല്‍ അക്കൂട്ടര്‍ പലപ്പോഴും മോശമായി ഞങ്ങളെ ചിത്രീകരിക്കാറുണ്ടെന്നുള്ളതാണ്. അങ്ങനെ ചെയ്യരുതെന്ന് പലവട്ടം ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇപ്പോഴും അത് തുടരുന്നു. ഒരു ട്രാന്‍സ്ജന്‍ഡര്‍ ഒരിക്കലും അങ്ങനെ വേഷംകെട്ടി നടക്കുന്നയാളല്ല. ജീവിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യുന്നവരുമല്ല. ജീവിതത്തിന്റെ ഏതെങ്കിലും ഒരു പരിണാമ ഘട്ടത്തില്‍ തന്റെ ജെന്‍ഡര്‍ ഇതാണ് എന്ന് തിരിച്ചറിഞ്ഞ വ്യക്തികളാണവര്‍. ആ തിരിച്ചറിവോടുകൂടി ജീവിക്കുകയാണ് ചെയ്യുന്നത്. എനിക്ക് സാരിയുടുക്കാന്‍ തോന്നിയാല്‍ ഞാന്‍ സാരിയുടുക്കും, പാന്റ്‌സും ഷര്‍ട്ടുമിടാന്‍ തോന്നിയാല്‍ അങ്ങനെ ചെയ്യും. എന്റെ വസ്ത്രധാരണത്തിലല്ല, അല്ലെങ്കില്‍ എന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ ഒന്നുമല്ല എന്റെ ജെന്‍ഡര്‍ ഇരിക്കുന്നത്. അത് എന്റെ ഉള്ളിലുള്ളതാണ്. എന്റെ തലച്ചോറിന്റെ തീരുമാനമാണത്. ആരെങ്കിലും നിര്‍ബന്ധിച്ചിട്ടോ, അല്ലെങ്കില്‍ ഒരു ദിവസം രാവിലെ എഴുന്നേറ്റിട്ട് ഇന്ന് മുതല്‍ സാരിയുടുത്ത് ജീവിക്കാമെന്ന ഒരു തോന്നലില്‍ നിന്നോ അല്ല ട്രാന്‍സ് വ്യക്തിത്വങ്ങള്‍ ഉണ്ടാവുന്നത്. ഇവരെല്ലാം വേഷം കെട്ടുന്നവണെന്ന ഒരു ധാരണയും പൊതുസമൂഹത്തിന് ഉണ്ട്.

മുഖ്യധാരയിലേക്ക് കുറേയധികം ആളുകള്‍ക്ക് വരാനുള്ള ഒരു പ്രചേദനം തന്നെയാണ് മംഗളം ടെലിവിഷന്‍ തുടങ്ങിയ പോലുള്ള പരിപാടികള്‍. ആ പരിപാടി എങ്ങനെ ചെയ്യണം എന്നത് സംബന്ധിച്ച തീരുമാനങ്ങളെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും എനിക്ക് തന്നിട്ടുണ്ട്. കമ്യൂണിറ്റിയില്‍ നിന്ന് തന്നെ ഉന്നത വിജയങ്ങള്‍ നേടിയ ആളുകളുണ്ട്. എന്റെ പദ്ധതിയനുസരിച്ച് അത്തരം ആളുകളെ പുറംലോകത്തിന് പരിചയപ്പെടുത്താന്‍ കഴിയണമെന്നതാണ്. ഒരാളെയെങ്കിലും ഒരു ദിവസത്തെ ഷോയില്‍ പരിചയപ്പെടുത്താന്‍ കഴിയണം. അത് കമ്മ്യൂണിറ്റിയിലെ മറ്റ് ആളുകള്‍ക്ക് വലിയ പ്രചോദനമാവും. ഈ പരിപാടി വഴി എനിക്കും മറ്റ് അവസരങ്ങള്‍ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നല്ലതിന് വേണ്ടി പ്രതീക്ഷിക്കുക എന്നതാണല്ലോ.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍