Top

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദേശീയ പ്രക്ഷോഭത്തിന്; ശ്രീധരന്‍പിള്ളയുടെ 'നപുംസക' പ്രസ്താവന മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദേശീയ പ്രക്ഷോഭത്തിന്; ശ്രീധരന്‍പിള്ളയുടെ
'എന്റെ പേര് രഞ്ജിനിപിളളയെന്നാണ്. പിള്ള എന്ന ജാതിവാല്‍ ചേര്‍ത്തിരിക്കുന്നത് ജാതിപദവികള്‍ക്കല്ല. പിള്ളമാരിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്ന് പിള്ളമാര്‍ കൂടി അറിയാന്‍ വേണ്ടിയാണ്.' ലൈംഗിക ന്യൂനപക്ഷങ്ങളെ പരിഹസിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ട്രാന്‍സ്‌ജെന്‍ഡറായ രഞ്ജിനിപിള്ള പ്രതികരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്.

സ്വന്തം സ്വത്വത്തിന്റെ അംഗീകാരത്തിനും അവകാശങ്ങള്‍ക്കുമായി നിരന്തരം പോരാടി കൊണ്ട് വിജയം കൈവരിക്കുമ്പോഴും സമൂഹത്തിന്റെ അവഗണന ഏറ്റുവാങ്ങുന്നവരാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍. ഐപിസി 377 വകുപ്പ് സുപ്രീം കോടതി റദ്ദ് ചെയ്തതിന് ശേഷം ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ഒരു സമൂഹമെന്ന നിലയില്‍ ഇന്ത്യ ഏറെ ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തിലാണ് കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അവഹേളിച്ചു കൊണ്ടുള്ള പ്രസ്താവന ഇറക്കുന്നത്.

ശബരിമല യുവതി പ്രവേശനത്തില്‍ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയ കോണ്‍ഗ്രസ് നിലപാട് ആണും പെണ്ണും കെട്ടതാണ് എന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. സുപ്രീംകോടതി വിധി പ്രകാരം ആണും പെണ്ണുമല്ലാത്ത മൂന്നാംലിംഗക്കാര്‍ക്കും അംഗീകാരം കിട്ടിയതുകൊണ്ട് കോണ്‍ഗ്രസിന്റെ അംഗീകാരം നിലനില്‍ക്കട്ടെ. മൂന്നാംലിംഗക്കാരുടെ പട്ടികയിലാണ് കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഭിന്നലിംഗക്കാര്‍ക്ക് നിയമപരമായ അംഗീകാരമുള്ളത് കൊണ്ട് കോണ്‍ഗ്രസിനും അംഗീകാരം തുടരുമെന്നുമാണ് ശ്രീധരന്‍പിള്ള കോണ്‍ഗ്രസിനെതിരെ പരിഹസിച്ചത്.

എന്നാല്‍ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നിരവധി ട്രാന്‍സ്‌ജെന്‍ഡറുകളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും സൈബര്‍ ഇടങ്ങളില്‍ ശക്തമായി വിമര്‍ശനവുമായി രംഗത്തെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു പ്രതികരണവും ശ്രീധരന്‍പിള്ളയുടെ ഭാഗത്ത് നിന്നോ ബിജെപിയുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.'സംസ്ഥാന ബിജെപി പ്രസിഡന്റായ ഒരാള്‍ ഇത്തരത്തിലുള്ള വിവരമില്ലായ്മ പറയുന്നത് വളരെ ഖേദകരമായ വിഷയമാണ്. ഇന്ന് സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പോലും തിരിച്ചറിഞ്ഞൂടാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ബിജെപിയുടെ നേതൃസ്ഥാനത്തിലിരിക്കാനാകുക. ഞങ്ങളും ഒരു മനുഷ്യസമൂഹമാണ്. കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ഇവിടെ ജീവിക്കുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ അവഹേളിക്കുന്നതിനെ എന്തുവിലകൊടുത്തും ഞങ്ങള്‍ എതിര്‍ക്കും. അദ്ദേഹം പരസ്യമായി ഞങ്ങളോട് മാപ്പ് പറയണം.'
ട്രാന്ഡസ്‌ജെന്‍ഡറായ സൂര്യ വിശദീകരിച്ചു.

'ഫേസ്ബുക്ക് പോസ്റ്റിലൂടെയൊക്കെ ഞങ്ങള്‍ പ്രതികരിക്കുന്നുണ്ട്. പക്ഷേ ഇത്രയും നേരമായും ശ്രീധരന്‍പിളളയോ ബിജെപിയോ ഈ വിഷയത്തില്‍ ഞങ്ങളോട് പ്രതികരിച്ചിട്ടില്ല. കൂടാതെ ശബരിമല പ്രശ്‌നവും ഞങ്ങളെയും തമ്മില്‍ വലിച്ചിഴക്കേണ്ട കാര്യമില്ല. വിശ്വാസികള്‍ പോകുകയോ പോകാതിരിക്കുകയോ ചെയ്യുന്നതിന് എന്തിനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ വലിച്ചിഴിക്കുന്നത്. തുല്യഅവകാശങ്ങളാണ് ഞങ്ങള്‍ക്കും വേണ്ടത്. ശ്രീധരന്‍പിള്ളയുടെ പ്രസ്താവന മനുഷ്യാവകാശ ലംഘനമായി കണ്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് ഞങ്ങളുടെ തീരുമാനം.'
അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നും ട്രാന്‍സ്‌ജെന്‍ഡറുകളായ വളരെ പരിഹാസത്തോടെ നോക്കിക്കാണുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. പുറത്തിറങ്ങി നടക്കുമ്പോള്‍ കൗതുകവസ്തുക്കളെ പോലെയാണ് ആളുകള്‍ നോക്കുന്നത്. പ്രതിഷേധ സമരത്തിന് അവര്‍ ഒത്തുചേരുമ്പോഴും പലയിടങ്ങളിലായി ചിതറി നിന്ന് അവരെ നോക്കി ഊറിച്ചിരിക്കുന്നവരാണ് അധികവും.

'ഒന്നാം ലിംഗമെന്നും രണ്ടാം ലിംഗമെന്നും മൂന്നാം ലിംഗമന്നും നിങ്ങള്‍ തന്നെയല്ലേ മനുഷ്യനെ വിഭജിച്ചിരിക്കുന്നത്. മതങ്ങള്‍ കൊണ്ടും ജാതി കൊണ്ടും ലിംഗം കൊണ്ടും വിഭജിക്കപ്പെടുന്ന സമൂഹമാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് അതിനെ മാറ്റി എഴുതാന്‍ കഴിവില്ലെങ്കില്‍ ഞങ്ങള്‍ അതിനെ പൊളിച്ചെഴുതും. അതിനുവേണ്ടി ജീവന്‍ കൊടുക്കാനും ഞങ്ങള്‍ തയാറാണ്. അതാണ് ചരിത്രത്തില്‍ എഴുതപ്പെടേണ്ടതാണ്. ഈ പ്രതിഷേധ പ്രകടനത്തില്‍ ഞങ്ങളുടെ എണ്ണം വളരെ കുറവായിരിക്കാം. പക്ഷേ ഇതൊരു സൂചനയാണ്. പ്രസ്താവന അദ്ദേഹം പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തില്‍ ആകമാനമുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഒരുമിച്ചുകൂടി ശ്രീധരന്‍പിളളയുടെ വീടിന് മുന്നില്‍ ഉപരോധസമരം നടത്തും.'
 സംസ്ഥാന സെക്ഷ്വല്‍ ആന്റ് ജെന്‍ഡര്‍ മൈനോറിറ്റി ഫെഡറേഷന്‍ ഓഫ് കേരളയുടെ (എസ്ജിഎംഎഫ്‌കെ) സംസ്ഥാന പ്രസിഡന്റ് ശ്രീക്കുട്ടി പറഞ്ഞു.'വെളിച്ചം കടന്നിട്ടില്ലാത്ത സംഘപരിവാറുകളിലാണ് ഇവര്‍ ഇപ്പോഴും ജീവിക്കുന്നത്. ആണും പെണ്ണും ട്രാന്‍സ്‌ജെന്‍ഡറും എല്ലാം ഒന്നാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ അക്ഷീണം ശ്രമിക്കുന്നത്. അപ്പോഴാണ് ഒന്നാം ലിംഗം അവരാണെന്നും രണ്ടാം ലിംഗം ഇവരാണെന്നും മൂന്നാം ലിംഗം ഞങ്ങളാണെന്നും പറഞ്ഞുകൊണ്ട് വരുന്നത്. ഇങ്ങനെ ലിംഗപദവി നിര്‍ണയിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഇതെല്ലാം മനുഷ്യനാണെന്ന് പഠിക്കുമ്പോഴേ ഈ നാട് നന്നാകുള്ളൂ.'
ട്രാന്‍സ്‌ജെന്‍ഡറായ ശ്യാമ പറയുന്നു.

'ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇന്ത്യയിലെമ്പാടും ബിജെപി എല്‍ജിബിടിക്യൂഐ കമ്യൂണിറ്റിയോട് സ്വീകരിക്കുന്ന നിലപാടുകള്‍ ഞങ്ങള്‍ എത്തിക്കും. ഇന്ത്യയില്‍ ലക്ഷക്കണക്കിന് ട്രാന്‍സ്‌ജെന്‍ഡറുകളാണ് ഉള്ളത്. അവരെല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കും. ഇത് കേരളത്തിലെ ഒരു രാഷ്ട്രപാര്‍ട്ടിയോട് മാത്രം പറയുന്നതല്ല. ഇന്ത്യയിലെ തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുമായി പറയുന്നതാണ്. അവര്‍ക്ക് കളിയാക്കാനുള്ള ആളുകളല്ല ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം. അതുകൊണ്ട് വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം.'
ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ക്വിയറിഥത്തിന്റെ സ്ഥാപകാംഗം പ്രിജിത്ത് പറഞ്ഞു.

https://www.azhimukham.com/opinion-male-or-female-what-science-tells-and-historic-verdict-by-supreme-court-on-article-377-writes-dr-jimmy/

https://www.azhimukham.com/keralam-three-transgender-students-got-admission-in-maharajas-college-jasmine/

https://www.azhimukham.com/vayicho-if-my-breasts-are-real-can-bear-a-child-a-kolkata-teacher-recalls-bitter-experience-which-she-faced/

https://www.azhimukham.com/trending-facebookdiary-pcgeorge-harrassed-transgender-activist-shyama/

Next Story

Related Stories