TopTop
Begin typing your search above and press return to search.

ഇമ്മിണി വലിയൊരു നന്ദി, അവന്റെ കുഞ്ഞുവരകള്‍ക്ക്, എന്റെ ഉള്ളിലെ ശബ്ദത്തിന്

ഇമ്മിണി വലിയൊരു നന്ദി, അവന്റെ കുഞ്ഞുവരകള്‍ക്ക്, എന്റെ ഉള്ളിലെ ശബ്ദത്തിന്
കൃത്യം ഒരു മാസം മുമ്പേയാണ് ഒമ്പതു വയസ്സുകാരനായ ഒരു കുട്ടിക്ക് 'സോഷ്യൽ ആങ്സൈറ്റി'  എന്ന് വിളിപ്പേരുള്ള ഉത്ക്കണ്ഠരോഗമെന്ന വിധിയുമായി ഒരു ഡോക്ടർ എന്റെടുക്കലേക്ക് റെഫർ ചെയ്യുന്നത്. ഓരോ കേസും ഓരോ പുതിയ വെല്ലുവിളികളാണ്. ഒരു ആത്മാന്വേഷണത്തിന്റെയും സ്വന്തം കഴിവുകളും അറിവുകളും അടുക്കിയും പെറുക്കിയും മെഴുകി മിനുക്കി ഉപയോഗിക്കാനുള്ളവയാണ് ഓരോ അവസരവും. അതുകൊണ്ടു തന്നെ ഒരാളെ കാണുന്നതിന് മുൻപ് ഒരുപാട് കൂട്ടിക്കിഴിക്കലുകൾ ഉള്ളിൽ നടന്നിട്ടുണ്ടാവും. നവീന്റെ (കുട്ടിയുടെ യഥാര്‍ത്ഥ പേരല്ല) കേസിലും അവസ്‌ഥ മറ്റൊന്നായിരുന്നില്ല.

കൈക്കുഞ്ഞുമായി കയറി വന്ന ആ അമ്മയും സൗമ്യഭാവമുള്ള അച്ഛനും ഏറെ നേരം കഴിഞ്ഞാണ് സംസാരിച്ചു തുടങ്ങിയത്. കാരണം എന്നെ കാണാൻ നവീൻ തയ്യാറായില്ല എന്ന് മാത്രമല്ല, ആ മുറിയിലേക്ക് വരാതെ പുറമെ മുകളിലേക്ക് നോക്കി ഒറ്റ നിൽപ്പ്! അച്ഛനും അമ്മയും ഡോക്ടർമാർ. ഒരുപാട് അപരിചിതരെ ദിവസവും കാണുന്നവർ. കുഞ്ഞിന് ഇത്തരം അവസരങ്ങൾ ദുസ്സഹമാണെന്നത് അവർക്കു വലിയൊരു തിരിച്ചടിയായി തോന്നിയിരുന്നു. മാനസികാസ്വാസ്ഥ്യം ഭാവിയിൽ വരാൻ ഇടയുണ്ടായേക്കുമോ എന്ന ചിന്ത ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

കുട്ടി പുറമെ ആരോടും മിണ്ടുന്നില്ല. പഠിക്കാനും കളിക്കാനും ഒക്കെ അതിസമർത്ഥൻ. കക്ഷിക്ക്‌ താല്പര്യമില്ലാത്ത കാര്യങ്ങൾ എത്ര നിര്‍ബന്ധിച്ചാലും ചെയ്യില്ല. സ്റ്റേജിൽ കയറി ചെയ്യാൻ പേടിയൊന്നുമില്ലെങ്കിലും ഇടക്കൊക്കെ മടി, ദുർവാശി...തുടങ്ങി പരാതികൾ ഒരു മന്ത്രവാദിയുടെ ചാര്‍ത്ത് പോലെ വന്നു കൊണ്ടിരുന്നു.

ഞങ്ങൾ സംസാരിച്ച് ഏതാണ്ട് പകുതി വഴിയിലായപ്പൊഴേക്കും പയ്യൻ പതുക്കെ റൂമിനകത്തേക്കു കയറി വന്നു നിന്നു. മുഖത്തേക്ക് നോക്കാതെ അച്ഛന്റെ മറയിൽ തന്നെ നിൽപ്പുറപ്പിച്ചു. എന്തായാലും എല്ലാം കേട്ടതിനു ശേഷം, "നമുക്ക് നോക്കാം, അടുത്ത സെഷന് കുട്ടിയെ ഇവടെ വിട്ടിട്ട്, തീരാൻ ആവുമ്പോഴേക്കും നിങ്ങൾ വന്നാൽ മതി" എന്നു പറഞ്ഞു. ഇങ്ങനെ പറയുമ്പോഴും നവീൻ എങ്ങനെ എന്നോട് പ്രതികരിക്കുമെന്നോ, അവന്റെ ഉള്ളിലെ ഭയം അധികരിക്കുമോ എന്നോ ഉള്ള എന്റെ ഉള്ളിലെ ആധി ഞാൻ അടക്കിവെച്ചു. ഉള്ളിലെവിടെയോ എനിക്ക് അവന്റെ അസുഖത്തെ നിർവചിച്ചത് തെറ്റാണെന്നൊരു തോന്നൽ. അതുകൊണ്ടു തന്നെ സോഷ്യൽ ആങ്സൈറ്റി എന്നതിന്റെ കൂടെ പോണോ അതോ എന്റെ ഉള്ളിലെ ശബ്ദത്തിന്റെ കൂടെ പോണോ എന്നതിൽ ഞാൻ ആശയക്കുഴപ്പത്തിലായി. ആ രാത്രി ഉറക്കത്തിൽ നവീൻ വന്നു. എന്റെ കൈ പിടിച്ചു നടന്നു... ദൂരേക്ക്. എന്റെ ആശങ്ക മാറി. എന്ത് വേണമെന്ന് ഒരു ചട്ടക്കൂടുണ്ടാക്കി.

അങ്ങനെ ആ ദിവസം വന്നെത്തി. പത്തു മണി ആയപ്പോഴേക്കും നവീനെയും കൊണ്ട് അച്ഛൻ വന്നു. കയ്യിൽ ഒരു ബാഗ് കൊടുത്ത് അദ്ദേഹം പോയി. ഞാൻ അവനെ വിളിച്ചില്ല. പതുക്കെ ഒരു പേപ്പർ എടുത്ത് എന്റെ മുൻപിൽ വച്ചു. പിന്നെ ഒരു വലിയ നിറക്കൂടും. ഞാൻ വരയ്ക്കാൻ തുടങ്ങി. ഏകദേശം ഒരു അഞ്ചു മിനിറ്റ് എടുത്തുകാണും. ഞാൻ തല പൊന്തിക്കുമ്പോൾ കൗതുകമൂറുന്ന രണ്ടു കുഞ്ഞിക്കണ്ണുകൾ എന്റെ മുന്നിൽ! അവൻ വന്ന് എന്റെ മുന്നിലെ ചിത്രത്തിൽ കൊതിയൂറി നോക്കുന്നു. പതുക്കെ അവന്റെ കയ്യിലും ബ്രഷ് കൊടുത്തു .അവൻ എന്നെ നോക്കി ഒന്ന് നനുന്നനെ ചിരിച്ചു! വേനൽ മഴ!

പിന്നീടുള്ള നാല് സെഷനും ഇങ്ങനെ തന്നെ. പിന്നീട് എന്ത് വരയ്ക്കണമെന്ന് അവൻ ആദ്യമേ പറയും. ഇതിനിടയിലുള്ള രണ്ടു മൂന്നു സംഭാഷണങ്ങൾ. സ്വഭാവരൂപീകരണത്തിന് അച്ഛനും അമ്മയും ഞാനും ചേർന്നൊരു ചെറിയ കൺകെട്ട് വിദ്യ!

ഒരു മാസത്തിനു ശേഷം... ഇന്നത്തെ നവീൻ മിടുക്കനായി. ഇക്കാലത്തിനിടക്ക് ആദ്യമായി ഒരുപാട് പേര് ഒത്തുചേരുന്ന തന്റെ പിറന്നാൾ ആഘോഷത്തിന് സന്തോഷമായി പങ്കുകൊണ്ടു. ഒറ്റയ്ക്ക് ഒരു മൂലയിൽ ഇരുന്നു കരഞ്ഞിരുന്ന പണ്ടത്തെ നവീൻ അപ്രത്യക്ഷനായി. അപരിചിതരോട് പേര് പറയാൻ മടികൂടാതെ മുഖത്തേക്ക് നോക്കും. കടയിൽ പോയി സാധനങ്ങൾ വാങ്ങാനും പൈസ കൊടുക്കാനുമൊക്കെ ഉഷാർ!

http://www.azhimukham.com/offbeat-i-want-to-become-what-i-am-writes-dwitheeyapathiramanna/

സെഷൻസ് അവസാനിപ്പിച്ചു പോകുന്ന ദിവസമാണ് ഞാനറിയുന്നത് ഈ പ്രശ്നം പരിഹരിക്കാനായി ആ ഡോക്ടർ ദമ്പതികൾ നവീനെ കൊണ്ട് ചെല്ലുന്ന അഞ്ചാമത്തെ ആളാണ് ഞാനെന്ന്! ഇതൊന്നും ആദ്യമേ പറഞ്ഞ് എന്റെയുള്ളിലെ ആന്തൽ കൂട്ടാതിരുന്നതിനു ഞാൻ അവരോടു മനസ്സാൽ നമിച്ചു. കാരണം, എന്റെ മുൻപേ നാല് പേര് ശ്രമിച്ചിട്ട് മാറ്റാൻ പറ്റാത്ത അസുഖം എന്നാൽ അതൊരു വൻ ഭീഷണി ആണെന്ന് മുൻവിധി എഴുതിയേനെ. ഇത് നമ്മുടെ ചിന്തകളെ അല്പമെങ്കിലും സ്വാധീനിക്കും താനും. "ഓരോ സർജറി ചെയ്യുന്നതിന് മുൻപും രോഗിയുടെ ഉറ്റ ബന്ധുക്കൾ വിളിക്കുന്നതിലും ഉറക്കെ, ഇതൊരു വിജയമാകണേ എന്ന് ഞാൻ പ്രാർത്ഥിച്ചു പോകാറുണ്ട്" എന്ന് പറഞ്ഞ എന്റെ സുഹൃത്ത് സർജനെ ഞാൻ ഓർത്തുപോവുകയാണ്.

ഓരോ തവണയും നമ്മൾ നമ്മുടെ കഴിവിനെയും കഴിവുകേടിനെയും ചോദ്യം ചെയ്തുകൊണ്ടാണ് പ്രശ്നങ്ങളെ ഒരറ്റം എത്തിക്കുന്നത്. വിജയകഥകളോളം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് പരാജയഗാഥകളും എന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് മുന്നിൽ വരുന്നവരോട് വൈകാരികമായി അടുക്കരുതെന്നാണ് നിയമം. എന്നാൽ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ഇടക്കെങ്കിലും ഒരു പരിധി വരെ ഈ വൈകാരിക തലത്തിലുള്ള ചിന്ത ചികിത്സയിൽ ഫലം കാണിക്കുമെന്നതാണ്. ഇത്തരത്തിൽ വൈകാരികതയെ ആയുധമാക്കികൊണ്ടുള്ള തെറാപ്പികളും ഏറെ പ്രചാരത്തിലുണ്ട്.

എൻ്റെ മുന്നിലിരുന്ന് ആ സ്ത്രീ ചിരിച്ചുകൊണ്ട് കരഞ്ഞു. അതെ, വായിച്ചത് ശരി തന്നെയാണ്. കണ്ണിൽ നിന്ന് ധാരധാരയായി കണ്ണീർ ഉരുണ്ടു വീഴുമ്പോഴും അവർ ചിരിച്ചും പലതും പറഞ്ഞും കൊണ്ടിരുന്നു. അതിൽ മിക്കതും ഞാൻ കേട്ടതുമില്ല. കാരണം ഞാൻ ആ നിമിഷത്തിന്റെ ഒരു ഉൾക്കുളിർ അനുഭവിച്ചു തീർന്നിട്ടുണ്ടായിരുന്നില്ല. അമ്മയുടെ കണ്ണുനീർ തണുപ്പ് കവിളിൽ വീണ് അവരുടെ കയ്യിൽ ഉറങ്ങിക്കിടന്ന മൂന്നു മാസം പ്രായമുള്ള ആ കുഞ്ഞു പെൺകുട്ടി കൺതുറന്നു.

നവീൻ ആദ്യമായി എന്നെ കാണാൻ വന്നപ്പോൾ അവന്റെ ബാഗിലും കയ്യിലുമൊക്കെ സ്കെച്ച് പേന കൊണ്ടുള്ള കുഞ്ഞു വരകൾ എന്റെ കണ്ണിൽ പെട്ടതിനും എന്റെ ഉള്ളിലെ ശബ്ദത്തിനും ഞാൻ ഇമ്മിണി വലിയൊരു നന്ദി പറഞ്ഞു.

അപ്പോഴും മുറിയുടെ പുറത്ത് ഇതൊന്നും ബാധിക്കാതെ നവീൻ കളിച്ചു കൊണ്ടേയിരുന്നു. കാറ്റിൽ പറക്കുന്ന കർട്ടൻ തുണിയുടെ ഇടയിലൂടെ ഒളിഞ്ഞും മറഞ്ഞും അവന്റെ രൂപം ഞാൻ കൺകുളിർക്കെ കണ്ടിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories