നാടകമെഴുതാന്‍ ആര്‍എസ്എസ് ശാഖയില്‍ നുഴഞ്ഞുകയറിയ ഒരു ബംഗാളി കണ്ടത്

Print Friendly, PDF & Email

ഹിന്ദു സംഹിതി പോലുള്ള തീവ്രവാദ സംഘടനകള്‍ ആര്‍എസ്എസുമായി ചേര്‍ന്നാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ തങ്ങള്‍ സംഘപരിവാറുമായി ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനയാണെന്ന് മാത്രമേ ഹിന്ദു സംഹിതിക്കാര്‍ പറയൂ.

A A A

Print Friendly, PDF & Email

വാര്‍ത്തയ്ക്ക് വേണ്ടി ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറായ മാധ്യമപ്രവര്‍ത്തകനെ കുറിച്ച് നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. പല സ്വഭാവത്തിലുള്ള സംഘടനകളിലും പ്രസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും സൈനിക വിഭാഗങ്ങളിലും വിവിധ തരം സ്ഥാപനങ്ങളിലുമെല്ലാം, വിവിധ ഉദ്ദേശങ്ങളോടെ നുഴഞ്ഞുകയറി വിവരം ശേഖരിക്കുന്ന വ്യത്യസ്ത തൊഴില്‍ മേഖലയിലുള്ള ചാരന്മാരെ കുറിച്ചും കേട്ടിട്ടുണ്ട്. എന്നാല്‍ നോവലും നാടകവും എഴുതാന്‍ വേണ്ടി ആര്‍എസ്എസിനുള്ളില്‍ നുഴഞ്ഞുകയറിയ ഒരാളെക്കുറിച്ച് അങ്ങനെ കേട്ടിട്ടുണ്ടാവില്ല. അത്തരമൊരു വിരുതനാണ് പശ്ചിമബംഗാളില്‍ നിന്നുള്ള യുവ നോവലിസ്റ്റും നാടകകൃത്തുമായ സൊയ്ബാല്‍ ദാസ് ഗുപ്ത. എന്തുമാത്രം വിഭാഗീയ താല്‍പര്യങ്ങളും ബുദ്ധിശൂന്യതയുമാണ് ഈ സംഘടന പ്രോത്സാഹിപ്പിക്കുന്നത് എന്ന് അതിന്റെ അകത്ത് നിന്ന് നേരിട്ടുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സൊയ്ബാല്‍ ദാസ് ഗുപ്ത പറയുന്നു. ഹിന്ദു വിശ്വാസങ്ങളേയും ഇന്ത്യാ ചരിത്രത്തേയും കുറിച്ച് പച്ചക്കള്ളങ്ങള്‍ പറഞ്ഞുപഠിപ്പിച്ചാണ് അവര്‍ കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യുന്നതെന്ന് സൊയ്ബാല്‍ ദാസ് ഗുപ്ത പറയുന്നു. ദ ടെലഗ്രാഫാണ് പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയായ സൊയ്ബാലിന്റെ രസകരമായ അനുഭവം പങ്കുവയ്ക്കുന്നത്.

സൊയ്ബാലിന്റെ നുഴഞ്ഞുകയറ്റം നോവലെഴുത്തിലോ നാടകരചനയിലോ നേരമ്പോക്കിലോ തമാശയിലോ ഒതുങ്ങുന്നില്ല. അത് ഗൗരവമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവം തന്നെ കൈവരിച്ചു. സൊയ്ബാലിന്റെ വെളിപ്പെടുത്തല്‍ ദക്ഷിണ 24 പര്‍ഗാന ജില്ലയില്‍ ബിജെപിയുടെ ട്രേഡ് കണ്‍വീനറായ സന്തോഷ് കുമാറിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചു. ഇത്തരത്തില്‍ സംഘപരിവാറിന്റെ പല സോഷ്യല്‍ മീഡിയ സെല്ലുകളേയും സൊയ്ബാല്‍ പൊളിച്ചു. സത്യത്തില്‍ നാടകമോ നോവലോ എഴുതുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള അവരുടെ അജണ്ടയെ പറ്റി തനിക്ക് യാതൊരു അറിവും അവിടെ ചേരുന്നതിന് മുമ്പുണ്ടായിരുന്നില്ലെന്നും സൊയ്ബാല്‍ പറയുന്നു.

2016ലെ വേനല്‍ക്കാലത്താണ് സൊയ്ബാല്‍ ആര്‍എസ്എസില്‍ ചേര്‍ന്നത്. ഒരു വര്‍ഷത്തിലധികം ആര്‍എസ്എസ് പ്രവര്‍ത്തകനായി അഭിനയിക്കുകയായിരുന്നു സൊയ്ബാല്‍. അദ്ദേഹത്തിന്റെ പുസ്തകം എപ്പോള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. എന്നാല്‍ സൊയ്ബാള്‍ പറയുന്ന ചില കാര്യങ്ങള്‍ നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നതിനെ തന്റെ പങ്ക് സന്തോഷ് കുമാര്‍ തുറന്നുപറഞ്ഞിരുന്നു. വിജയദശമി ദിവസത്തെ ആയുധപൂജക്ക് ശേഷം വലിയ കുഴപ്പങ്ങളുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചിരുന്നു. മുഹറവുമായി ബന്ധപ്പെട്ട പ്രകടനവും വരുന്ന സാഹചര്യത്തില്‍ കാളീരൂപം നദിയില്‍ ഒഴുക്കുന്ന ചടങ്ങിന് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് മുതലെടുത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ശ്രമിച്ചിരുന്നു.

2014ല്‍ പഞ്ചാബിലെ കോളേജില്‍ നിന്നു ബിടെക് പഠനം പൂര്‍ത്തിയാക്കിയ ശേഷം സൊയ്ബാല്‍ ദാസ് ഗുപ്ത ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ തെരുവ് നാടക ഗ്രൂപ്പായ ജനനാട്യ മഞ്ചില്‍ ചേര്‍ന്നു. 1970കളില്‍ പ്രമുഖ നാടക പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനുമായിരുന്ന സഫ്ദര്‍ ഹാഷ്മി സ്ഥാപിച്ച നാടകസംഘമാണ് ജനനാട്യ മഞ്ച്. സൊയ്ബാല്‍ അഭിനയിച്ച ഒരു നാടകത്തില്‍ ഒരു മന്ത്രി പറയുന്നുണ്ട് ഗണപതിയാണ് ആദ്യത്തെ തല മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായതെന്ന്. കുത്തബ് മിനാര്‍ വിഷ്ണു സ്തംഭമായിരുന്നു എന്നും പറയുന്നു. സാധാരണനിലയ്ക്ക് കാണികള്‍ക്ക് ചിരി വരേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇത്തരം വികലമായ കാര്യങ്ങളാണ് ആര്‍എസ്എസ് സ്വാധീനമുള്ള സ്‌കൂളുകള്‍ പഠിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി.

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

സൊയ്ബാല്‍ ഞങ്ങള്‍ക്കൊപ്പം വളരെ കുറച്ച് കാലമേ ഉണ്ടായിരുന്നുള്ളൂ എന്ന് സഫ്ദര്‍ ഹാഷ്മിയുടെ ഭാര്യയും ജനം എന്നറിയപ്പെടുന്ന ജനനാട്യ മഞ്ചിന്റെ സെക്രട്ടറിയുമായ മൊളോയശ്രീ ഹാഷ്മി ഓര്‍ക്കുന്നു. സ്വന്തമായി ചില നാടകങ്ങള്‍ എഴുതുന്ന കാര്യം സൊയ്ബാല്‍ പറഞ്ഞിരുന്നു. പക്ഷെ അയാള്‍ ഡല്‍ഹി വിടുകയും ഫോണ്‍ നമ്പര്‍ മാറുകയും ചെയ്തതിനെ തുടര്‍ന്ന് പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. മൊളോയശ്രീ പറയുന്നു. ഇടതുപക്ഷ നാടക ഗ്രൂപ്പായ ജനനാട്യമഞ്ചുമായുള്ള ബന്ധം ഉപേക്ഷിക്കുക എന്നത് ആര്‍എസ്എസില്‍ നുഴഞ്ഞുകയറുന്നതിന് സൊയ്ബാലിന് അനിവാര്യമായിരുന്നു. അതേസമയം സഹ്മതിന്റെ (സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റ്) വെബ്‌സൈറ്റില്‍ സൊയ്ബാലിന്റെ ചില ലേഖനങ്ങള്‍ ഇതിന് മുമ്പ് വന്നിരുന്നു. വിദ്യാഭാരതി, സരസ്വതി ശിശുമന്ദിര്‍ പോലുള്ള സ്‌കൂളുകളിലൂടെ ആര്‍എസ്എസ് എങ്ങനെയാണ് വര്‍ഗീയ അജണ്ട നടപ്പാക്കുന്നത് എന്നത് സംബന്ധിച്ചായിരുന്നു അത്. ഡല്‍ഹിയിലെ ഇത്തരം ചില സ്‌കൂളുകളില്‍ പോയപ്പോള്‍ അദ്ധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും വിശദമായി സംസാരിക്കാന്‍ സൊയ്ബാല്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെപ്പോലെ പുറത്തുനിന്നുള്ളവര്‍ക്ക് ക്യാമ്പസിനകത്ത് കയറാന്‍ പോലും പലപ്പോഴും കഴിയാറില്ലെന്ന് സൊയ്ബാല്‍ മനസിലാക്കി. ഇതേത്തുടര്‍ന്നാണ് ആര്‍എസ്എസ് ക്യാമ്പിലേയ്ക്ക് നുഴഞ്ഞുകയറാന്‍ താന്‍ തീരുമാനിച്ചതെന്ന് സൊയ്ബാല്‍ പറയുന്നു.

സൊയ്ബാല്‍ ദാസ് ഗുപ്ത സായ്ബാല്‍ മജുംദാറായി. എബിവിപി പ്രവര്‍ത്തകനും കറ കളഞ്ഞ സംഘ ഭക്തനുമായി. ബംഗാളില്‍ അവര്‍ പുതിയ റിക്രൂട്ടുകളെ തേടിനടക്കുകയായിരുന്നു. ഞാന്‍ ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്തിരുന്നത് കൊണ്ട് അവര്‍ക്ക് എന്നെ നന്നായി ബോധിച്ചു. ഹിന്ദു പുരാണങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും ആര്‍എസ്എസ് പ്രത്യയശാസ്ത്രവുമെല്ലാം നന്നായി മനസിലാക്കിയ ശേഷമാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. ടെലിഫോണ്‍ വഴി അഭിമുഖങ്ങള്‍ ഉണ്ടായിരുന്നതായി സൊയ്ബാല്‍ പറയുന്നു. തുടക്കത്തില്‍ ഞാനൊരു മാധ്യമപ്രവര്‍ത്തകനാണോ എന്നൊരു സംശയം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഈസ്റ്റ് കൊല്‍ക്കത്തയിലെ ചിനാര്‍പാര്‍ക്കിലുള്ള ശാഖയില്‍ ചേര്‍ന്നോളാന്‍ എന്നോട് പറഞ്ഞു.

ആദ്യത്തെ കുറച്ച് മാസം ചെറിയ കായികാഭ്യാസങ്ങളും അച്ചടക്കം സംബന്ധിച്ച ക്ലാസുകളുമായിരുന്നു. ഹൈന്ദവ സംസ്‌കാരത്തിന്റെ മഹത്വത്തെക്കുറിച്ചാണ് പുതിയ റിക്രൂട്ടുകളെ പഠിപ്പിച്ചിരുന്നത്. ഇതായിരുന്നു ആദ്യ ഘട്ടം. രണ്ടാംഘട്ടം ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍ മഹാത്മ്യവും അവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉന്നത സ്ഥാനമുണ്ട് എന്ന് പഠിപ്പിക്കാന്‍ ശ്രമിക്കലും. അതായത് ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിക്കല്‍. മൂന്നാമത്തെ ഘട്ടം ഭയം ജനിപ്പിക്കലാണ്. നിങ്ങളെ ന്യൂനപക്ഷക്കാര്‍ കൊല്ലാന്‍ പോകുന്നു. തിരിച്ചടിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന് പറയും. ജാതി വ്യവസ്ഥയുടെ അനിവാര്യതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പറയും. ഗ്രാമീണ യുവാക്കളേയും നഗരവാസികളായ യുവാക്കളേയും വ്യത്യസ്ത രീതികളിലാണ് കൈകാര്യം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളോടും വിദ്യാഭ്യാസം കുറഞ്ഞവരോടും കാര്യങ്ങള്‍ വിശദീകരിക്കുന്നത് വ്യത്യസ്തമായാണ്. വിദ്യാഭ്യാസം നേടിയ യുവാക്കളോട് ദേശീയതയെ പറ്റിയും ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലത്തെ പറ്റിയും പറയും. വിദ്യാഭ്യാസം കുറഞ്ഞവരോട് വ്യാജമായ കാര്യങ്ങളും ന്യൂനപക്ഷ വിഭാഗക്കാരോടുള്ള വെറുപ്പും കേന്ദ്രീകരിച്ചായിരിക്കും സംസാരം.

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ – ഭാഗം 1

അങ്ങനെയിരിക്കെ കൊല്‍ക്കത്തയില്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമയത്ത് ആര്‍എസ്എസ് ഒരു സെമിനാര്‍ സംഘടിപ്പിച്ചു. ബംഗാളികളുടെ സംസ്‌കാരത്തേയും ബംഗാളി ബുദ്ധിജീവികളേയും ആര്‍എസ്എസ് നേതാക്കള്‍ എന്തുമാത്രം വെറുക്കുന്നു എന്ന് അന്നാണ് മനസിലായതെന്ന് സൊയ്ബാല്‍ പറയുന്നു. ബംഗാളികള്‍ തരം താണ ഹിന്ദുക്കളാണെന്നും അവര്‍ക്ക് സ്വന്തമായി കൊള്ളാവുന്ന ഒരു സംസ്‌കാരമുണ്ടെന്ന് പറയാനാവില്ലെന്നും ഉള്ളത് വികൃതവും അവലക്ഷണം പിടിച്ചതുമാണെന്നും ഒരു നേതാവ് പറഞ്ഞു. വിഭജന കാലത്ത് ഏറെ അതിക്രമങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടും ന്യൂനപക്ഷങ്ങളോട് (മുസ്ലീങ്ങള്‍) പ്രതികാരം ചെയ്യണമെന്ന് അവര്‍ക്ക് തോന്നുന്നില്ല. ഇത്തരത്തിലുള്ള പ്രസംഗങ്ങളും സംസാരങ്ങളുമെല്ലാം സൊയ്ബാല്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്. വെറുപ്പ് പ്രചരിപ്പിക്കുന്ന ലഘുലേഖകളുടേയും എഴുത്തുകളുടേയും സ്‌ക്രീന്‍ ഷോട്ടുകളുമുണ്ട്. ത്രിപുരയില്‍ ശന്തനു ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകനെ വധിച്ച സംഘടനയ്ക്ക് ബിജെപി നല്‍കിയ സാമ്പത്തിക സഹായത്തിന്റെ രേഖ സൊയ്ബാല്‍ പുറത്തുവിട്ടിട്ടുണ്ട്.

ഹിന്ദു സംഹിതി പോലുള്ള തീവ്രവാദ സംഘടനകള്‍ ആര്‍എസ്എസുമായി ചേര്‍ന്നാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ തങ്ങള്‍ സംഘപരിവാറുമായി ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനയാണെന്ന് മാത്രമേ ഹിന്ദു സംഹിതിക്കാര്‍ പറയൂ. അടിച്ചമര്‍ത്തപ്പെടുന്ന ഹിന്ദുക്കളുടെ മനുഷ്യാവകാശം എന്നെല്ലാ പറഞ്ഞായിരിക്കും ഇക്കൂട്ടര്‍ രംഗത്ത് വരുക. സൊയ്ബാലിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഹിന്ദു സംഹിതി സ്ഥാപക നേതാവ് തപന്‍ ഘോഷുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കോളുകള്‍ക്കോ ഇ മെയിലിനോ ടെക്‌സ്ട് മെസേജുകള്‍ക്കോ ഘോഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് ടെലഗ്രാഫ് പറയുന്നു. ഇസ്ലാമിന്റെ അധിനിവേശത്തിനും വ്യാപനത്തിനും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ബംഗാളിലെ ഹിന്ദു പ്രവര്‍ത്തകന്‍ എന്നാണ് തപന്‍ ഘോഷ് ട്വിറ്റര്‍ പ്രൊഫൈലില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്- ഭാഗം 7

എന്നാല്‍ താന്‍ നേരത്തെ ആര്‍എസ്എസ് അംഗമായിരുന്നു എന്നും അടിസ്ഥാന തത്വങ്ങളില്‍ നിന്ന് സംഘടന വ്യതിചലിക്കുന്നതായി തോന്നിയതിനാല്‍ ആര്‍എസ്എസ് വിട്ടുപുറത്തുപോരുകയുമായിരുന്നു എന്നും ഏപ്രിലില്‍ ഒരു അഭിമുഖത്തില്‍ തപന്‍ ഘോഷ് പറഞ്ഞിരുന്നു. 13ാം വയസ് മുതല്‍ താന്‍ ആര്‍എസ്എസിലുണ്ടായിരുന്നതായി തപന്‍ സമ്മതിച്ചു. തപന്‍ സംഘടന വിട്ട ശേഷം അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആര്‍എസ്എസ് നേതൃത്വം പറയുന്നത്. ഇത് ആര്‍എസ്എസിന്റെ സ്ഥിരം പരിപാടിയാണെന്നാണ് സൊയ്ബാല്‍ ദാസ് ഗുപ്ത പറയുന്നത്. തങ്ങളുടെ തനിനിറം വെളിവാക്കുമെന്ന് തോന്നുന്നതോ അല്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു പ്രവര്‍ത്തകനില്‍ നിന്ന് അകലം പാലിക്കണം എന്ന് തോന്നുമ്പോള്‍ ആര്‍എസ്എസ് അത് ചെയ്യും. അറസ്റ്റിന് ശേഷം സന്തോഷ് കുമാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇത്തരം നേതാക്കളെ മാനസിക നില തെറ്റിയവരായി ആര്‍എസ്എസ് ചിത്രീകരിക്കും.

ലോക ആയുര്‍വേദ കോണ്‍ഗ്രസിന് ശേഷം ആര്‍എസ്എസിനെ തുറന്നുകാട്ടുന്നതിനായും ബംഗാളിലെ അവരുടെ വര്‍ഗീയ ധ്രുവീകരണ, ആക്രമണ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി അനോണിമസ് സെക്കുവലറിസ്റ്റ് എന്ന പേരില്‍ അവര്‍ ഒരു പേജ് തുടങ്ങി. ആയുധങ്ങള്‍ ശേഖരിക്കാനും ബോംബുകള്‍ സ്ഥാപിക്കാനുമുള്ള പദ്ധതികള്‍ സൊയ്ബാലിനെ ഞെട്ടിച്ചു. അതേസമയം ബിജെപിയും ആര്‍എസ്എസും ഈ ആരോപണങ്ങളെ നിഷേധിച്ചു. അവരിപ്പോള്‍ തന്റെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സൊയ്ബാല്‍ പറയുന്നു. അപകടങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. എന്നാല്‍ ഒന്നിനേയും പേടിക്കുന്നില്ല. സംഘപരിവാറിനുള്ള ഇപ്പോളും തന്റെ വിശ്വസ്തരായ സുഹൃത്തുക്കളുണ്ടെന്നും സൊയ്ബാല്‍ പറയുന്നു. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നാണ് സൊയ്ബാല്‍ ദാസ് ഗുപ്ത പറയുന്നത്.

സ്ത്രീകള്‍, ജാതി, സംവരണം, അഹിന്ദുക്കള്‍: സമകാലിക ഇന്ത്യയിലെ ഗോള്‍വാള്‍ക്കര്‍- ഭാഗം 8

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍