TopTop
Begin typing your search above and press return to search.

ഇനി കണ്ണന്താനത്തെ കോണ്‍ഗ്രസാണ് മന്ത്രിയാക്കിയിരുന്നതെങ്കിലോ?- ഇതാണ് കഥ

ഇനി കണ്ണന്താനത്തെ കോണ്‍ഗ്രസാണ് മന്ത്രിയാക്കിയിരുന്നതെങ്കിലോ?- ഇതാണ് കഥ

അല്‍ഫോന്‍സ്‌ കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നു. വളരെ മികച്ച തീരുമാനം. പക്ഷെ ഇതിന്‍റെ മറ്റൊരു തലം ആണ് ഞാന്‍ അന്വേഷിക്കുന്നത്.

മറ്റൊരു സിനാരിയോ നോക്കുക.

കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ് എന്ന് കരുതുക. അല്‍ഫോന്‍സ്‌ കണ്ണന്താനം ഐഎഎസ് വിട്ടുവന്ന് കോണ്‍ഗ്രസില്‍ എന്തോ അല്ലറ ചില്ലറ സ്ഥാനവും കൊണ്ട് ജീവിച്ചു പോകുന്ന ആള്‍. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രൊഫഷണലുകളെ വേട്ടയാടുന്ന പ്രക്രിയയുടെ ഭാഗമായി അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ മന്ത്രിയാക്കുന്നു.

ജനം ടിവി വാര്‍ത്ത ഇങ്ങനെ തുടങ്ങും

"സഭയുടെ ഇടപെടല്‍, അല്‍ഫോന്‍സ്‌ കണ്ണന്താനം കേന്ദ്ര മന്ത്രി"

തുടര്‍ന്ന് വാര്‍ത്ത ഇങ്ങനെ പുരോഗമിക്കും.

"ഇടുക്കിയിലെ ഒരു പ്രമുഖ ബിഷപ്പാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുമായി നമ്പര്‍, 10 ജന്‍പഥില്‍ പോയി സംസാരിക്കുകയും കണ്ണന്താനത്തെ കേന്ദ്ര മന്ത്രിസഭയില്‍ എടുക്കാന്‍ വേണ്ടി കരുക്കള്‍ നീക്കുകയും ചെയ്തത്. എ.കെ ആന്റണിയെ ഒഴിവാക്കി കേരളത്തിലെ എ ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹാശിസ്സുകള്‍ ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ട് എന്നറിയുന്നു.

അതേ സമയം ക്രൈസ്തവ സഭയുടെ ഇംഗിതത്തിന് ഒത്ത് ചലിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ഐ ഗ്രൂപ്പില്‍ അസ്വസ്ഥത പടരുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ തീരുമാനിക്കുമ്പോള്‍ ഉള്ള സാമുദായിക സന്തുലനം പാലിക്കാത്തതില്‍ പലരും അസ്വസ്ഥരാണ് എന്ന് ഞങ്ങളുടെ തിരുവനന്തപുരം ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു."

അതോടൊപ്പം ചില പ്രമുഖര്‍ എങ്ങിനെ പ്രതികരിക്കാം എന്ന് നമുക്ക് മിമിക് ചെയ്തു നോക്കാം

ശശികല ടീച്ചര്‍

"സോണിയാ ഗാന്ധിയുടെ കുറുക്കന്‍ ക്രിസ്ത്യന്‍ ബുദ്ധി വീണ്ടും പ്രവര്‍ത്തിച്ചു എന്ന് എന്‍റെ പ്രിയപ്പെട്ട ഹിന്ദു സഹോദരങ്ങള്‍ മനസ്സിലാക്കണം. കോണ്‍ഗ്രസുമായി പുലബന്ധം പോലും ഇല്ലാത്ത..., സഭയുടെ ആളാണ് എന്ന ഒരൊറ്റ കാരണത്താലാണ് സുഹൃത്തുക്കളെ അല്‍ഫോന്‍സ്‌ കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നത്. നമ്മള്‍ ഹിന്ദുക്കള്‍ക്ക് ദൈവവും നമ്മളും മാത്രമാണ് എന്ന് തിരിച്ചറിയുകയാണ് സഹോദരീ സഹോദരന്മാരെ..."

(ഇതിന്‍റെ വീഡിയോ അയ്യായിരം കിലോ എടുത്തത് സംഘികള്‍ തലങ്ങും വിലങ്ങും വാട്സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഒട്ടിക്കും)

കെ സുരേന്ദ്രന്‍

"ഇടുക്കി ബിഷപ്പ് മാര്‍ ആനി കുഴിക്കാട്ടില്‍ നേരിട്ട് സോണിയയെ വിളിച്ച് അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ മന്ത്രിയാക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് ഈ തീരുമാനം. ഇതിന്‍റെ എല്ലാ രേഖകളും എന്‍റെ കൈവശമുണ്ട്"

കുമ്മനം രാജശേഖരന്‍

"ഡിഡിഎ കമ്മീഷണര്‍ ആയിരിക്കുമ്പോള്‍ ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങളുടെ വീടും കെട്ടിടവും ഇടിച്ചു നിരത്തിയതിനുള്ള കോണ്‍ഗ്രസിന്‍റെ സമ്മാനമാണ് അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‍റെ മന്ത്രി പദവി"

ഓ രാജഗോപാല്‍

(കുരിശു ചിഹ്നനം ഇടാത്ത ചോദ്യം): "സംസ്ഥാനത്ത് നിന്നും അല്‍ഫോന്‍സ്‌ കണ്ണന്താനം അടക്കം എത്ര കേന്ദ്ര മന്ത്രിമാര്‍ ഉണ്ട്"

(ഉത്തരം- അല്‍ഫോന്‍സ്‌ കണ്ണന്താനം ഇത് വരെ മന്ത്രിയായിട്ടില്ല)

സുകുമാരന്‍ നായര്‍

കേന്ദ്ര മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്ത് നായര്‍ വേണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ കേരളത്തില്‍ നിന്നും പുതിയ ഒരു മന്ത്രിയെ നിശ്ചയിച്ചപ്പോള്‍ സഭയുമായി കൂടിയാലോചന നടത്തുകയും, എന്‍എസ്എസ്സിനെ തഴയുകയും ചെയ്തത് സമുദായ നേതൃത്വം ഗൌരവപൂര്‍വമായി കാണുക തന്നെ ചെയ്യും. അടുത്ത തിരഞ്ഞെടുപ്പിലെ തീരുമാനം ഇതിനനുസരിച്ചായിരിക്കും.

(ഇത് കേട്ട് കോങ്ങി നേതാക്കള്‍ നേരെ പെരുന്നയിലേക്ക് വച്ച് പിടിക്കും, സാമുദായിക ആചാര്യന്‍റെ കാലു തിരുമ്മും)

നാട്ടില്‍ തലങ്ങും വിലങ്ങും ഇങ്ങനെ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ ഇന്ദിരാ ഭവനില്‍ രണ്ടു ഗ്രൂപ്പുകളും കൂടിയാലോചന നടത്തും. എങ്ങനെ രണ്ടു ഗ്രൂപ്പിലും ഇല്ലാത്ത കണ്ണന്താനം മന്ത്രിയായി? നമ്മളൊക്കെ ഇക്കണ്ട ഗ്രൂപ്പ് കളിച്ചു നടന്നതൊക്കെ എന്നാത്തിനാ എന്നൊക്കെ അവര്‍ പരസ്പരം ചോദിക്കും. അവസാനം അടുത്ത പുന:സംഘടന വരുന്നതോടെ കേരളത്തില്‍ നിന്നും ആളെ പരിഗണിക്കും എന്ന വാഗ്ദാനം വരുന്നതോടെ എല്ലാവരും പിരിഞ്ഞു പോകും.

(നാസറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌)

((Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories