Top

ക്ഷേത്രത്തിലെ ദളിത്‌ വിരുദ്ധ പോസ്റ്ററിനു പിന്നില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമമെന്ന് നാട്ടുകാര്‍

ക്ഷേത്രത്തിലെ ദളിത്‌ വിരുദ്ധ പോസ്റ്ററിനു പിന്നില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമമെന്ന് നാട്ടുകാര്‍
'മൈനാപ്പള്ളില്‍ ശ്രീ അന്നപൂര്‍ണേശ്വരീ ദേവീക്ഷേത്രത്തില്‍ ക്ഷേത്രസംബന്ധമായ സേവനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കുറവര്‍, പറയര്‍, പുലയര്‍, മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ആവശ്യമില്ലെന്ന് ദേവീനാമത്തില്‍ തര്യപ്പെടുത്തിക്കൊള്ളുന്നു എന്ന്, ഹിന്ദു കരയോഗ സേവാസമിതി'; ഇത്തരത്തിലുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ അമ്പലക്കമ്മിറ്റിയോ കമ്മിറ്റി അംഗങ്ങളോ അറിയാതെയാണ് വ്യാജസംഘടനയുടെ പേരില്‍ ജാതി അധിക്ഷേപ പോസ്റ്ററുകള്‍ പ്രചരിക്കുന്നതെന്നാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. ഇതിനിടെ പോസ്റ്ററിന്റെ ഉപജ്ഞാതാക്കളെച്ചൊല്ലി നാട്ടില്‍ തര്‍ക്കവും ഉടലെടുത്തിരിക്കുകയാണ്. പോസ്റ്ററുകള്‍ പതിച്ചത് സംഘപരിവാര്‍ ആണെന്ന് സിപിഎമ്മും എന്നാല്‍ സിപിഎമ്മാണെന്ന് ബിജെപിയും ആരോപിക്കുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും അവകാശപ്പെടുന്നു.

മൈനാഗപ്പള്ളി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ജാതിപരമായ യാതൊരു തരംതിരിവും ഇന്നേവരെ നടന്നിട്ടില്ലെന്നും ഇനിയങ്ങോട്ട് നടക്കില്ലെന്നും അമ്പലത്തേയും കമ്മിറ്റിക്കാരെയും കരിവാരിത്തേക്കാന്‍ മാത്രമാണ് ഇത്തരമൊരു നടപടിയെന്നുമാണ് ക്ഷേത്രം വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായ ഭാസ്‌കരന്‍ പറയുന്നത്.

"പോസ്റ്ററില്‍ പറയുന്നതരത്തില്‍ യാതൊരു വിഷയവും ക്ഷേത്രത്തില്‍ ഇല്ല. ഇനിയും അങ്ങനെതന്നെ പോകാനണ് ഞങ്ങളുടെ തീരുമാനം. ഞങ്ങളുടെ നാട്ടിലെതന്നെ സാമൂഹ്യവിരുദ്ധര്‍ ചെയ്തതാകണം, ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനായിട്ട്. ഒരുപക്ഷെ ഹിന്ദുക്കള്‍ തന്നെയാകണം ചെയ്തിട്ടുള്ളത്. പതിനെട്ടു വയസുമുതല്‍ രാഷ്ട്രീയസംഘനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍ പക്ഷെ ഇതുവരെ ഹിന്ദു കരയോഗ സേവാസമിതി എന്ന സംഘടനയെപ്പറ്റി കേട്ടിട്ടു കൂടെയില്ല. നാട്ടിലെ ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലാണ് നോട്ടീസ് കൊണ്ടുവന്നിട്ടിരിക്കുന്നതും, പതിപ്പിച്ചിരിക്കുന്നതും. ഇത്രകാലമായിട്ടും ക്ഷേത്രത്തില്‍ ഇത്തരത്തിലെ ഒരു പ്രശ്‌നവും വന്നിട്ടില്ല. എല്ലാ ജാതിക്കാരും ക്ഷേത്രത്തില്‍ വരാറുണ്ട്. ക്ഷേത്രക്കമ്മറ്റിയില്‍ എല്ലാ ജാതിക്കാരും ഉണ്ടുതാനും. പട്ടികജാതിക്കാര്‍ക്ക് പ്രാതിനിധ്യമുള്ള കമ്മറ്റിയാണ് ഇവിടെയുള്ളതും. ഞാന്‍ ഒരു പട്ടികവര്‍ഗ്ഗക്കാരനാണ്. പോസ്റ്ററില്‍ കണ്ട തരത്തിലാണ് കാര്യമെങ്കില്‍ ഞാന്‍ കമ്മിറ്റിയില്‍ ഉണ്ടാകില്ലല്ലോ.


കഴിഞ്ഞ ഉത്സവസമയത്ത് അമ്പലത്തിലെ എഴുന്നള്ളത്ത് സമയം ചെറിയ രീതിയില്‍ ബിജെപി- സിപിഎം സംഘര്‍ഷം നടന്നിരുന്നു. കാള എഴുന്നെള്ളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കാവിക്കൊടി കെട്ടുകയും, അതിനെ എതിര്‍ക്കാനെന്ന രീതിയില്‍ സിപിഎമ്മുകാര്‍ അവരുടെ കൊടി മറ്റൊരു കാളയുടെ മേലെ കെട്ടുകയും ചെയ്തതാണ് പ്രശ്‌നമായത്. എന്നാല്‍ അത് പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയാണുണ്ടായത്. അതിന്റെ ഭാഗമായി നാട്ടില്‍ പ്രശ്‌നമുണ്ടാക്കാനാണോ ഇത്തരത്തില്‍ പോസ്റ്റര്‍ ഒട്ടിപ്പുമായി ഇറങ്ങിയതെന്നാണ് സംശയം. ആവശ്യമില്ലാത്ത വിഷയമാണ് നടക്കുന്നത്. രസം എന്താണെന്നുവച്ചാല്‍, പോസ്റ്റര്‍ കണ്ടതില്‍പ്പിന്നെയാണ് കമ്മിറ്റിക്കാരുടെ ജാതിയെപ്പറ്റി പരസ്പരം സംസാരം ഉണ്ടായതുപോലും. ഏതായാലും ഞങ്ങളും പോസ്റ്ററിനെപ്പറ്റി അന്വേഷിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റെവിടെയാണെങ്കിലും ചെയ്ത കുറ്റം ഏറ്റെടുക്കാന്‍ ചെയ്തവര്‍ തയ്യാറാകും, പക്ഷെ എന്തോ ഇവിടെ ആരും അങ്ങനെ ചെയ്യില്ല. ഒളിച്ചുനിന്ന് ചെയ്യാനാണ് ആളുകള്‍ക്കിഷ്ടം. അമ്പലത്തേയും കമ്മിറ്റിക്കാരെയും ഉപദ്രവിക്കാനായാണ് ആളുകള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നുവേണം കരുതാന്‍."


രാഷ്ട്രീയ പ്രവര്‍ത്തകനും അമ്പലത്തിന്റെ പ്രവര്‍ത്തനങ്ങളോട് അടുത്തുനില്‍ക്കുന്ന ആളുമായ ശ്രീകുമാര്‍ പറയുന്നതും മറിച്ചൊന്നല്ല. അമ്പലത്തില്‍ ഇന്നേവരെ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും, നാട്ടിലെ ഏതെല്ലാമോ സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനമാണ് ഇത്തരത്തില്‍ നാട്ടുകാര്‍ക്കും അമ്പലത്തിനും നാണക്കേടാകുന്ന തരത്തില്‍ ചര്‍ച്ചയാകുന്നെതെന്നുമാണ് അദ്ദേഹം പറയുന്നത്. "ഹിന്ദു കരയോഗ സേവാസമിതി എന്ന സംഘടനയെപ്പറ്റി ഇന്നേവരെ ധാരണയില്ല. ആ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നതും വീടുകളില്‍ നോട്ടീസ് എന്ന രീതിയില്‍ കൊണ്ടുപോയി ഇടുകയും ചെയ്തിട്ടുള്ളത്. രാഷ്ട്രീയമായി മുതലെടുക്കാനും, നാട്ടുകാരുടെ ഐക്യം ഇല്ലാതാക്കാനുമാണ് ഇത്തരത്തിലെ കാട്ടിക്കൂട്ടലുകള്‍ എന്നതുറപ്പാണ്. നാട്ടിലാകെ സംസാരവിഷയം ആയിട്ടുണ്ട്. ഇത് ആരു ചെയ്തതാണെങ്കിലും കണ്ടെത്തുക തന്നെ ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. നാട്ടുകാരെ തമ്മിലടിപ്പിക്കാനുള്ള ഇത്തരം സംഘടിത നീക്കത്തിനെതിരെ നാട് ഒന്നാകെ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ജാതിയുടെ പേരില്‍ നാട്ടില്‍ ഇന്നേവരെ യാതൊരുവിധ പ്രശ്‌നങ്ങളും നടന്നിട്ടില്ല. കഴിഞ്ഞ കാലത്തായി നാട്ടില്‍ സിപിഎം-ബിജെപി സ്വരചേര്‍ച്ചയില്ലായ്മയ്ക്ക് വേദിയൊരുങ്ങുന്നുണ്ട്. അതിന്റെ ബാക്കിയായി ഈ പ്രശ്‌നത്തെ കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പക്ഷെ ആരാണ് ചെയ്തതെന്ന വ്യക്തമായ ചിത്രം നല്‍കാന്‍ ഇപ്പോള്‍ കഴിയില്ല. പോസ്റ്റര്‍ കിട്ടിയ ഭാഗത്തെ ആളുകളോട് അന്വേഷിച്ചപ്പോളറിയാന്‍ കഴിഞ്ഞത് രാത്രി ബൈക്കില്‍ വന്നവരാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്നാണ്."


http://www.azhimukham.com/trending-rakthabhishekam-to-please-goddess-kali-cancelled/

എന്നാല്‍ ഇത്തരത്തിലൊരു വിഷയം നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു കാലത്ത് ക്ഷേത്രപ്രവേശനസമരം നടത്താന്‍ മുന്‍കയ്യെടുത്തവര്‍ ഇന്ന് സര്‍ണ്ണാധിപത്യമുള്ള ക്ഷേത്രങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതിനുള്ള സമരം നടത്തണമെന്നാണ് ചരിത്രകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ കൊച്ച് അഭിപ്രായപ്പെടുന്നത്. ക്ഷേത്രപ്രവേശനസ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദളിതര്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെടുത്തിമാത്രമേ അമ്പലത്തില്‍ കയറാന്‍ കഴിയുന്നുവെന്നുള്ളത് തീര്‍ത്തും സങ്കടജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

"സവര്‍ണ്ണ ക്ഷേത്രങ്ങള്‍ ഉപേക്ഷിക്കാന്‍, ബഹിഷ്‌ക്കരിക്കാനുള്ള ആര്‍ജവം ദളിതര്‍ കാണിക്കണം. സമരം ചെയ്ത് ക്ഷേത്രപ്രവേശനം വാങ്ങിയെടുത്തിട്ട് കാലങ്ങളേറെയായിട്ടുണ്ട്. പക്ഷെ ഇന്നും അമ്പലങ്ങളില്‍ അവര്‍ മൂന്നാംകിട പൗരന്മാരായിത്തന്നെ നിലകൊള്ളുന്നുവെന്നത് തീര്‍ത്തും സങ്കടജനകമാണ്. ആത്മാഭിമാനം നഷ്ടപ്പെടുത്തി മാത്രമേ അമ്പലത്തില്‍ കയറാന്‍ സാധിക്കുന്നുവെന്നത് വിശ്വാസികളായ ഒരു ജനതയ്ക്കും സഹിക്കാവുന്നതിനേക്കാളേറെ വലുതാണ്. എനിക്കറിയാത്തത് എന്നിട്ടുമെന്തിനാണ് ദളിതര്‍ സവര്‍ണ്ണക്ഷേത്രങ്ങളില്‍ പോയി അവഹേളിതരാവുന്നെതെന്നാണ്. കേരളത്തില്‍ മാത്രമുള്ള ഒരു പ്രശ്‌നമല്ലിത്. ഇന്ത്യയാകെ ഇത്തരം ജാതിചിന്തകളാല്‍ നിറഞ്ഞിരിക്കയാണ്. ദളിതര്‍ക്ക് സവര്‍ണ്ണ മേല്‍ക്കോയ്മ്മയുള്ള ക്ഷേത്രങ്ങളില്‍ പോകാന്‍ പ്രയാസമുണ്ടെങ്കിലത് നിലനില്‍ക്കട്ടെ എന്നല്ല പറയുന്നത്. അത് തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. കേരളത്തില്‍ ഒരുപാട് ദളിത്‌ ക്ഷേത്രങ്ങള്‍ നിലവിലുണ്ട്. പക്ഷെ അവിടങ്ങളിലേക്കാള്‍ ദളിതര്‍ സവര്‍ണ്ണബോധമുള്ള ക്ഷേത്രങ്ങളിലാണ് എത്തുന്നത്. മൈനാഗപ്പള്ളി ക്ഷേത്രം ഒരു സവര്‍ണ്ണ ക്ഷേത്രമാണെന്നു തോന്നുന്നില്ല. സമൂഹത്തില്‍ ദളിതരെ എന്നും മൂന്നാംകിട പൗരന്മാരായി കാണാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇന്നുമുണ്ടെന്നുമാണ് ഈ പോസ്റ്റര്‍ കാണിച്ചുതരുന്നത്. രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കാണ് ഇത്തരം പോസ്റ്ററുകള്‍ വഴിവെക്കുന്നതെന്നതില്‍ സംശയമില്ല."

എന്നാല്‍ അമ്പലക്കമ്മറ്റിക്കാരോ നാട്ടുകാരോ ഇന്നേവരെ ഇതിനെപ്പറ്റി പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടില്ലെന്നാണ് പന്തളം പോലീസ് പറയുന്നത്. ഡിജിപിക്കും മറ്റും പരാതി നല്‍കിയെന്ന് കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ പന്തളം സ്റ്റേഷനില്‍ പരാതിയുമായി ആരുമിതുവരെ വന്നിട്ടില്ലെന്നും പോലീസ് പറയുന്നു.

http://www.azhimukham.com/keralam-symbolic-humansacrifice-to-please-goddess-kali-bidhun/

Next Story

Related Stories