TopTop
Begin typing your search above and press return to search.

കുത്തൊഴുക്കിന്റെ ആഴങ്ങളില്‍ ജീവന്‍ തിരയുന്ന വയനാട്ടിലെ തുര്‍ക്കി ഗ്രാമക്കാര്‍

കുത്തൊഴുക്കിന്റെ ആഴങ്ങളില്‍ ജീവന്‍ തിരയുന്ന വയനാട്ടിലെ തുര്‍ക്കി ഗ്രാമക്കാര്‍

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മീന്‍പിടിക്കുന്നതിനിടെ കുട്ടത്തോണി മറിഞ്ഞ് വയനാട് ബാണാസുരസാഗര്‍ ഡാമില്‍ ഏഴ് യുവാക്കളെ കാണാതായത്. സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ കല്‍പ്പറ്റയ്ക്കടുത്ത തുര്‍ക്കി ഗ്രാമത്തിലേക്ക് വിളിയെത്തി. വയനാട്ടിലിതു പുതുമയല്ല. വയനാട്ടിലെ ഏത് പുഴയില്‍ അപകടമുണ്ടായാലും ഫയര്‍ഫോഴ്‌സിനും മുമ്പെ സഹായ അഭ്യര്‍ത്ഥനയെത്തുക ഈ ഗ്രാമത്തിലേക്കാണ്. എത്ര ആഴത്തിലും കുത്തൊഴുക്കുള്ള പുഴയിലും ധൈര്യവും അര്‍പ്പണ മനോഭാവവും മാത്രം കൈമുതലാക്കി ജീവന്‍ പണയം വെച്ചും ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തും. ഇത് വയനാട്ടുകാരുടെ കാലങ്ങളായുള്ള വിശ്വാസം കൂടിയാണ്. കല്‍പ്പറ്റ ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെ തുര്‍ക്കി പുഴയുടെ തീരത്തുള്ള

ഈ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ ഒരാളെങ്കിലും മഹത്തായ ഈ സേവന പ്രവര്‍ത്തനത്തില്‍ സജീവമാണ്. വയനാട്ടിലെ പല പുഴകളും അപകടം പതിയിരിക്കുന്ന മരണക്കയങ്ങളാണ്. മരണത്തിന്റെ ആഴങ്ങളിലേക്ക് വീണുപോയവരുടെ ശരീരമെങ്കിലും അവസാനമായി ഒന്നു കാണുക എന്ന ഉറ്റവരുടെ ആഗ്രഹമാണ് ഇവരിലൂടെ പൂര്‍ത്തിയാകുന്നത്.

മുങ്ങി മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന പ്രവര്‍ത്തനത്തില്‍ സജീവമാണ് നാലു പതിറ്റാണ്ടിലധികമായി തുര്‍ക്കി ഗ്രാമക്കാര്‍. ഫയര്‍ഫോഴ്‌സും നേവിയും പോലും പിന്‍മാറിയ പല പുഴകളുടെയും ആഴങ്ങളിലേക്ക് അതിസാഹസികമായി ഊളിയിട്ട് പലപ്പോഴും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് ഇവര്‍. ഇതിനുപുറമേ മഴക്കാലത്ത് വെള്ളം കയറി ദുരിതത്തുരുത്തില്‍ ഒറ്റപ്പെടുന്ന വയനാട്ടിലെ മനുഷ്യര്‍ക്കു മുന്‍പിലും രക്ഷകരായി ഇവര്‍ എത്താറുണ്ട്. ഇതെല്ലാം സേവനം മാത്രം, പ്രതിഫലം വാങ്ങില്ല.

1970-കളുടെ തുടക്കത്തില്‍ തുര്‍ക്കി കുഞ്ഞിമുഹമ്മദ്, മുഹമ്മദ് വലിയാപ്പു, പുത്തലത്ത് ഉസ്മാന്‍ എന്നിവര്‍ തുടങ്ങിയ പ്രവര്‍ത്തനം ഇപ്പോള്‍ തലമുറകളിലൂടെ വളര്‍ന്ന് 'തുര്‍ക്കി ജീവന്‍ രക്ഷ സമിതി' എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. 1996ല്‍ രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തനം. പ്രായം ഇവര്‍ക്ക് ഒരു പ്രശ്‌നമേയല്ല. 16-നും 70-നും ഇടയില്‍ പ്രായമുള്ള എണ്‍പതിലധികം ഗ്രാമവാസികള്‍ ഇന്ന് സംഘടനയില്‍ അംഗങ്ങളാണ്. ഗ്രാമത്തിലൂടെ ഒഴുകുന്ന തുര്‍ക്കി പുഴയാണ് ഇവരെ വെള്ളത്തിലെ രാജാക്കന്‍മാരാക്കിയത്. എത്ര ഒഴുക്കിലും തളരാതെ നീന്താനും ആഴങ്ങളിലേക്ക് അനായാസേനെ മുങ്ങാംകുഴിയിടാനും ഇവരെ പ്രാപ്തരാക്കിയത് ഈ പുഴയാണ്. ജീവിതത്തില്‍ നീന്തലിന്റെ പ്രാധാന്യം അനുഭവം കൊണ്ട് ബോധ്യപ്പെട്ട ഇവര്‍ നന്നെ ചെറുപ്പത്തിലെ തങ്ങളുടെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കും.

തുര്‍ക്കി ജീവന്‍ രക്ഷാസമിതിയുടെ സ്ഥാപകരിലൊരാളും ആദ്യകാല പ്രവര്‍ത്തകനുമായ തുര്‍ക്കി കുഞ്ഞഹമ്മദ് ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു: "1970-കളുടെ തുടക്കം തൊട്ടാണ് പുഴയില്‍ കാണാതാകുന്നവരെ തിരയാന്‍ പോകാന്‍ തുടങ്ങിയത്. ഇങ്ങനെ പോകാന്‍ ഇടയായ ഒരു സാഹചര്യം എന്തെന്നാല്‍, ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു പുഴയുണ്ട്. പണ്ട് കാലത്ത് പുഴയ്ക്ക് പാലമില്ലായിരുന്നു. പുഴയുടെ അക്കരെയുള്ള എസ്റ്റേറ്റിലക്ക് പുഴയിലൂടെ പോയിരുന്ന ആദിവാസികളും തൊഴിലാളികളും ഒഴുക്കില്‍പ്പെടുക പതിവായിരുന്നു. അന്നത്തെ കാലത്ത് ഫയര്‍ഫോഴ്‌സോ പോലീസോ രക്ഷാപ്രവര്‍ത്തനം നടത്താനോ മൃതദേഹം കണ്ടെടുക്കാനോ കാര്യമായി ഇടപെട്ടിരുന്നില്ല. ഞങ്ങള്‍ ഗ്രാമത്തിലേ ചെറുപ്പക്കാര്‍ തന്നെയായിരുന്നു ഇങ്ങനെ പുഴയില്‍ കാണാതാകുന്നവരുടെ മൃതദേഹങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ചിരുന്നത്.

പുഴത്തീരത്ത് ജനിച്ചു വളര്‍ന്നതിനാല്‍ ഞങ്ങള്‍ മിക്കവരും നന്നായി നീന്തുന്നവരും പുഴയില്‍ മുങ്ങിത്തപ്പാന്‍ കഴിവുള്ളവരുമായിരുന്നു. തുര്‍ക്കി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിക്കുന്നവരുടെ മൃതദേഹം തിരയലായിരുന്നു ആദ്യം ചെയ്തിരുന്നത്. പീന്നിട് വേറെ പല സ്ഥലങ്ങളിലും പോയിത്തുടങ്ങി. 1984ല്‍ വയനാട്ടിലുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ ജില്ലയുടെ പല ഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ആളുകള്‍ പോയിരുന്നു. കല്‍പ്പറ്റക്കടുത്ത് ഓണിവയലില്‍ കനത്ത മഴയില്‍ വെള്ളം കയറി ഒറ്റപ്പെട്ടുപോയ നാല് കുടുംബങ്ങളെ രക്ഷിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്. ആദ്യം ജനങ്ങള്‍ വിചാരിച്ചിരുന്നത് ഞങ്ങള്‍ പ്രതിഫലം വാങ്ങിയിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ്. അങ്ങനെയല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാവര്‍ക്കും വലിയ സ്‌നേഹമായി. വെള്ളപ്പോക്കത്തില്‍ കുടുങ്ങിപ്പോയ പലരെയും രക്ഷിച്ചിട്ടുണ്ടെങ്കിലും പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരാളെ പോലും ഇന്നുവരെ രക്ഷിക്കാനായിട്ടില്ലെന്നത് ഒരു സങ്കടമാണ്.

പലപ്പോഴും വിവരം കിട്ടി ഞങ്ങള്‍ എത്തുമ്പോഴേക്കും സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കും. പിന്നെ ശവം തിരഞ്ഞ് കണ്ടുപിടിക്കുക എന്നതുമാത്രമാകും ഞങ്ങള്‍ക്ക് ചെയ്യാനുണ്ടാകുക. കാണാതായവരുടെ ബന്ധുക്കളുടെ കരച്ചിലും സങ്കടവും കാണുമ്പോള്‍ എന്ത് ത്യാഗം സഹിച്ചും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. പുഴയില്‍ മുങ്ങാംകുഴിയിട്ട് തിരച്ചില്‍ നടത്താനുള്ള പരീശിലനമൊന്നും ഫയര്‍ഫോഴ്‌സിനു കിട്ടിയിട്ടില്ല. അതിനാല്‍ ഇന്നും ഞങ്ങളെയാണ് വിളിക്കാറുള്ളത്. സഹായം ആവശ്യപ്പെട്ട് ഏത് രാത്രിയില്‍ വിളി വന്നാലും ഉടനെ പുറപ്പെടും. അവിടെ എത്തിയാല്‍ പിന്നെ എന്ത് ത്യാഗം സഹിച്ചും മൃതദേഹം കണ്ടെടുത്തിട്ടെ മടങ്ങാറുള്ളു."

നാലു പതിറ്റാണ്ടിലധികമായി ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. സാഹസികതയുടേയും ത്യാഗത്തിന്റെയും നൂറ് കണക്കിന് അനുഭവങ്ങള്‍ ഇവര്‍ക്ക് പറയാനുണ്ട്. ബാണാസുര സാഗര്‍ അപകടം തുടങ്ങി കടലുണ്ടി ട്രെയിന്‍ അപകടത്തില്‍ വരെ രക്ഷാപ്രവര്‍ത്തകരായി ഇവരെത്തിയിട്ടുണ്ട്. കോഴിക്കോട് കടലുണ്ടി പുഴയില്‍ ട്രെയിന്‍ മറിഞ്ഞതറിഞ്ഞ് വയനാട്ടില്‍ നിന്ന് അവിടെയെത്തി ട്രെയിനിന്റെ ബോഗി വെട്ടിപ്പോളിച്ച് ആളുകള രക്ഷിച്ചത് ഇന്നും അഭിമാനത്തോടെ ഇവര്‍ ഓര്‍ക്കുന്നു. വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന പല പ്രായത്തിലുള്ളവര്‍ ഒത്തുരുമയോടെയാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്.

"മുണ്ടക്കയം ഉരുള്‍പൊട്ടലിനാണ് ഞാന്‍ ആദ്യമായി പോകുന്നത്. അന്ന് എനിക്ക് പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളു. ഞങ്ങളെ ചെറുപ്പത്തിലേ നീന്തല്‍ പഠിപ്പിച്ചിരുന്നു. പിന്നെ മുങ്ങാംകുഴിയിടാനും പാറയുടെ ഇടുക്കില്‍ നൂണ്ട് മൃതദേഹം തിരയാനുമൊക്കെ ചെറുപ്പത്തിലേ തന്നെ മുതിര്‍ന്നവര്‍ പരിശീലിപ്പിച്ചിരുന്നു. എനിക്കിപ്പോള്‍ മുപ്പതു വയസ്സിനു മുകളില്‍ പ്രായമുണ്ട്. ഈ പ്രായത്തിനിടക്ക് പല സ്ഥലങ്ങളില്‍ രക്ഷപ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. ഇന്നും ഒരു വിളി വന്നാല്‍ ഉടന്‍ പോകും. നമ്മളെ പോലത്തെ ഒരാളാണ് പോയത് എന്ന് കരുതിയാണ് ഇത് ചെയുന്നത്. കാണാതായവരുടെ ബന്ധുക്കളുടെ വിഷമം കാണുമ്പോള്‍ ജീവന്‍ പണയം വെച്ചു പുഴയിലേക്ക് ചാടും"- സമിതിയുടെ പ്രസിഡണ്ട് ഹാരീസ് പറയുന്നു.

പുഴ സംരക്ഷണം,രക്തദാനം, നീന്തല്‍ പരിശീലനം തുടങ്ങി മറ്റു പല മേഖലകളിലും സജീവമാണ് ഇന്ന് തുര്‍ക്കി ജീവന്‍ രക്ഷ സമിതി.


Next Story

Related Stories