TopTop
Begin typing your search above and press return to search.

തിരുവനന്തപുരം സ്പെന്‍സറിലെ ഇന്ത്യന്‍ കോഫീ ഹൗസ് പൂട്ടിച്ചവരോട്, അതൊരു ഹോട്ടല്‍ മാത്രമല്ല

തിരുവനന്തപുരം സ്പെന്‍സറിലെ ഇന്ത്യന്‍ കോഫീ ഹൗസ് പൂട്ടിച്ചവരോട്, അതൊരു ഹോട്ടല്‍ മാത്രമല്ല

പാരിസിലും മറ്റും ഒരു കാലത്ത് പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളായിരുന്നു അവിടുത്തെ കോഫീ ഹൗസുകള്‍. ഴാങ് ഴെനെയും ജീന്‍-പോള്‍ സാര്‍ത്രും എല്ലാം ഇത്തരം കോഫീഹൗസുകളില്‍ ഒത്തുകൂടി നടത്തിയ ചര്‍ച്ചകളാണ് പിന്നീട് ലോകം ആഘോഷിച്ച മഹത്തായ കൃതികളുടെ അടിത്തറയും. 1936-ല്‍ കോഫീ സെസ് കമ്മിറ്റിക്ക് കീഴില്‍ ബോംബയിലാണ് ഇന്ത്യാ കോഫീഹൗസുകള്‍ ആരംഭിച്ചത്. 1940-കള്‍ ആയപ്പോഴേക്കും അമ്പതോളം ഇന്ത്യാ കോഫീ ഹൗസുകള്‍ ബ്രിട്ടീഷ് ഇന്ത്യയിലെമ്പാടും സ്ഥാപിക്കപ്പെട്ടു. 1950കളുടെ മധ്യത്തില്‍ കോഫീ സെസ് കമ്മിറ്റി നയവ്യതിയാനങ്ങളുടെ പേരില്‍ കോഫീ ഹൗസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലന്റെ ശ്രമഫലമായി കോഫീ ബോര്‍ഡിനെതിരെ ജീവനക്കാര്‍ നടത്തിയ സമരം ഫലംകാണുകയും ഇന്ത്യാ കോഫീ ഹൗസുകളുടെ ഉടമസ്ഥാവകാശം ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്തു. ജീവനക്കാര്‍ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ്‌സ് എന്ന പേരില്‍ സഹകരണ സംഘം തുടങ്ങിയതോടെ ഇന്ത്യാ കോഫീ ഹൗസുകള്‍ ഇന്ത്യന്‍ കോഫീ ഹൗസുകള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇക്കാരണത്താല്‍ തന്നെ ഇന്ത്യന്‍ കോഫീ ഹൗസുകളുടെ സ്ഥാപകനായി എകെജിയെയാണ് കരുതുന്നത്. ഭക്ഷണത്തോടൊപ്പം ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും ഒരിടം എന്നതു തന്നെയായിരുന്നു എകെജിയുടെയും ലക്ഷ്യം.

കേരളത്തിലെ ആദ്യ ഇന്ത്യന്‍ കോഫീ ഹൗസ് തൃശൂരില്‍ 1958 മാര്‍ച്ച് എട്ടിന് എകെജിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ നാലാമത്തെ കോഫീ ഹൗസും ഇതാണ്. എന്‍എസ് പരമേശ്വര പിള്ള എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ശ്രമഫലമായിരുന്നു ഇത്. ഇന്ത്യന്‍ കോഫീ ഹൗസിന്റെ ചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ട ഏക പുസ്തകവും പരമേശ്വര പിള്ളയുടേതാണ്. തൃശൂര്‍ ആസ്ഥാനമായും കണ്ണൂര്‍ ആസ്ഥാനമായുമാണ് ഇന്ന് കേരളത്തില്‍ കോഫീ ഹൗസ് സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ സൊസൈറ്റിക്ക് കീഴില്‍ 58 കോഫീ ഹൗസുകളും കണ്ണൂര്‍ സൊസൈറ്റിക്ക് കീഴില്‍ 23 സൊസൈറ്റികളുമാണ് നിലവിലുള്ളത്. ഈ കോഫീ ഹൗസുകളില്‍ പലതും ഇന്നും ഭക്ഷണശാലയോടൊപ്പം സാംസ്‌കാരിക വേദികളായി തന്നെ തുടരുകയും ചെയ്യുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരു കോഫീ ഹൗസാണ് തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിന് സമീപം സ്‌പെന്‍സര്‍ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ കോഫീ ഹൗസ്.

1959-ലാണ് ഈ കോഫീ ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യം ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോഫീഹൗസ് പിന്നീട് 20 വര്‍ഷം മുമ്പ് കെട്ടിടം പുതുക്കി പണിതപ്പോള്‍ നിലവിലുള്ള കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് ജീവിക്കുന്ന ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഇവിടെ എത്തിച്ചേരുകയും ഭക്ഷണം കഴിക്കുകയും ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടുകയും ചെയ്യുന്നു. അതില്‍ രാഷ്ട്രീയക്കാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്. സിനിമകളെക്കുറിച്ചും സാഹിത്യസൃഷ്ടികളെക്കുറിച്ചും വാര്‍ത്തകളെക്കുറിച്ചും എന്നുവേണ്ട ആകാശത്തിന് കീഴിലുള്ള എല്ലാ വിഷയങ്ങളിലുമുള്ള ചര്‍ച്ചകള്‍ക്ക് ഈ കോഫീ ഹൗസ് സാക്ഷിയായിട്ടുണ്ട്. ചുരുക്കത്തില്‍ തിരുവനന്തപുരത്തിന്റെ പ്രധാന സാംസ്‌കാരിക ഇടമായി തന്നെയാണ് ഈ കോഫീ ഹൗസ് നിലനില്‍ക്കുന്നത്; അല്ല, നിലനിന്നിരുന്നത് എന്ന് ഇനി പറയേണ്ടി വരും.

കാരണം ഈ കോഫീ ഹൗസ് അടച്ചുപൂട്ടിയിട്ട് ഇപ്പോള്‍ രണ്ട് മാസത്തോളമായിരിക്കുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ച ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ഭക്ഷണത്തില്‍ അരുചി തോന്നിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 20-ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇവിടെ പരിശോധന നടത്തി. തുടര്‍ന്ന് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ നോട്ടീസായി കോഫീ ഹൗസിന് നല്‍കുകയും ചെയ്തു. ഒക്ടോബര്‍ 23ന് ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ അനുസരിച്ച് മോടി പിടിപ്പിച്ച വിവരം ഭക്ഷ്യസുരക്ഷ വകുപ്പിനെ രേഖാമൂലം അറിയിച്ചതായി ഇന്ത്യ കോഫീ ബോര്‍ഡ് വര്‍ക്കേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങള്‍ പറയുന്നു. എന്നാല്‍ തുറക്കാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല ലൈസന്‍സ് റദ്ദാക്കുന്നതായുള്ള അറിയിപ്പും ലഭിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഫുഡ് സേഫ്റ്റി കമ്മിഷണര്‍ വീണാ മാധവന്‍ നേരിട്ടാണ് ഫയല്‍ കൈകാര്യം ചെയ്യുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഫുഡ് സേഫ്റ്റി കമ്മീഷണറെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജയുമായി സംസാരിച്ച് കോഫീ ഹൗസ് തുറക്കാനുള്ള നിര്‍ദ്ദേശം നേരിട്ട് നല്‍കിയിട്ടും ഫുഡ് സേഫ്റ്റി കമ്മിഷണര്‍ അതിനും തയ്യാറായില്ലെന്നാണ് ഇവരുടെ പരാതി.

അതേസമയം 1500-ലേറെ പേര്‍ ഭക്ഷണം കഴിച്ച ദിവസം മറ്റാര്‍ക്കുമില്ലാത്ത പ്രശ്‌നം ഒരു കുടുംബത്തിന് മാത്രമുണ്ടായതില്‍ നിഗൂഢതയുണ്ടെന്നാണ് മുന്‍ ബോര്‍ഡ് മെമ്പര്‍ രാമചന്ദ്രന്‍ പറയുന്നത്. "ഏതാനും ടൈലുകള്‍ പൊട്ടിക്കിടന്നിരുന്നു, അതെല്ലാം ശരിയാക്കണമെന്നാണ് അന്ന് അവര്‍ പറഞ്ഞത്. അതനുസരിച്ച് കോഫീ ബോര്‍ഡ് ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് ഒക്ടോബര്‍ 23ന് ഭക്ഷ്യ സുരക്ഷ കമ്മീഷന് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയൊന്നുമില്ലെന്ന് കണ്ട് അന്വേഷണം നടത്തിയപ്പോഴാണ് ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി അറിയാന്‍ കഴിഞ്ഞത്. ജില്ലാ ഫുഡ് സേഫ്റ്റി കമ്മിഷണറാണ് ഇതു സംബന്ധിച്ച് കത്ത് നല്‍കിയത്. ഇതനുസരിച്ച് ഒക്ടോബര്‍ 27ന് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് ഞങ്ങള്‍ ഒരു പരാതി നല്‍കുകയും ചെയ്തു. കെട്ടിടത്തിന്റെ പെര്‍മിറ്റും ലൈസന്‍സും മറ്റും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുന്ന കെട്ടിടമാണ് അത്. 4500 രൂപ വാടകയ്ക്കാണ് കരാര്‍. രേഖകളെല്ലാം ഹാജരാക്കിയെങ്കിലും ഇതുവരെയും അവിടെ നിന്നും ഒരു മറുപടിയും ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്നലെ ഒരു കത്ത് അവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഈ മാസം 22-ന് 11.45ന് ഫുഡ് സേഫ്റ്റി കമ്മിഷണറുടെ ഓഫീസില്‍ ഹാജരാകാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പത്രവാര്‍ത്തകളെല്ലാം വന്നതിന്റെ ഫലമായാണ് അത്.

45-ഓളം ജീവനക്കാരാണ് സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഇന്ത്യന്‍ കോഫീ ഹൗസിലുള്ളത്. രണ്ട് മാസമായി അടച്ചിട്ടിരിക്കുന്നതിനാല്‍ അവരെയെല്ലാം താത്ക്കാലികമായി മറ്റ് ബ്രാഞ്ചുകളില്‍ നിര്‍ത്തിയിരിക്കുകയാണ്. അതങ്ങനെ തുടരാന്‍ സാധിക്കില്ല. ഇപ്പോള്‍ തന്നെ സൊസൈറ്റി സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരുമാസം പത്ത് ലക്ഷത്തോളം രൂപയാണ് ഇത്രയും പേരുടെ ശമ്പളം. വിവിധ ബ്രാഞ്ചുകളില്‍ നിന്നാണ് ഇപ്പോള്‍ അത് കൊടുക്കുന്നത്. ആ ബ്രാഞ്ചുകളെ കൂടി ഇത് നഷ്ടത്തിലാക്കും. ഈ കോഫീ ഹൗസ് തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത്രയും ജീവനക്കാരെ മാറ്റി നിര്‍ത്താന്‍ മാത്രമേ സാധിക്കൂ. അത് അവരുടെ കുടുംബങ്ങളെ ബാധിക്കും. അതിനാല്‍ തന്നെ അടിയന്തരമായി ഈ കോഫീ ഹൗസ് തുറക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. 22ന് നടക്കുന്ന ഹിയറിംഗില്‍ അത് പരിശോധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ"; അദ്ദേഹം പറഞ്ഞു.

http://www.azhimukham.com/anoop-varghese-indian-coffee-house-food-masala-dosa-kerala/

അതേസമയം കോഫീ ഹൗസ് അധികൃതരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 22ന് ഹാജരാകാന്‍ കത്തയച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ വീണാ മാധവന്‍ പറയുന്നു. "രണ്ട് തവണയില്‍ കൂടുതല്‍ നിയമലംഘനമുണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കാനാണ് ചട്ടം. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഉള്‍പ്പെടെ നടക്കുന്ന സെല്ലാറിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്; ഇത് ചട്ടവിരുദ്ധമാണ്. ശാസ്ത്രീയമല്ലാത്ത അഴുക്കുചാലുകളുടെ പ്രശ്‌നങ്ങളും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു". മന്ത്രിക്ക് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

എന്നാല്‍2 2 വര്‍ഷമായി ഈ സെല്ലാറില്‍ തന്നെയാണ് കോഫീ ഹൗസ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. അതിന് നിയമപരമായി ഫുഡ് സേഫ്റ്റിയുടെയും കോര്‍പ്പറേഷന്റെയും എല്ലാം ലൈസന്‍സ് ഉണ്ട്. കെട്ടിട ഉടമ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി തങ്ങളെ ഒഴിവാക്കാനാണ് ഇത്തരം ന്യായങ്ങള്‍ നിരത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. 4500 രൂപ വാടക 75,000 രൂപയാക്കി കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അടുത്തകാലത്ത് ഉടമസ്ഥന്‍ കത്ത് നല്‍കിയിരുന്നു. സെല്ലാറില്‍ പ്രവര്‍ത്തിക്കുന്നത് ചട്ടവിരുദ്ധമാണെങ്കില്‍ എന്തുകൊണ്ട് നേരത്തെ തന്നെ ലൈസന്‍സ് റദ്ദാക്കിയില്ലെന്നും അദ്ദേഹം ചോദിക്കുന്നു. അഴുക്കുചാല്‍ സ്ഥാപിച്ചിരിക്കുന്നത് അടുക്കളയുടെ പിന്‍ഭാഗത്താണ്. കെട്ടിട ഉടമയുടെ ഹോട്ടല്‍ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്നുള്ള മാലിന്യങ്ങളും ഇതേ അഴുക്കുചാലിലേക്കാണ് വരുന്നത്. അത് മറ്റേതെങ്കിലും വഴിക്ക് തിരിച്ചുവിടാന്‍ തങ്ങള്‍ പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

കോഫീ ഹൗസിലെ പതിവ് സന്ദര്‍ശകരെ സംബന്ധിച്ച് രണ്ട് മാസത്തോളം കോഫീ ഷോപ്പ് അടച്ചിട്ടിരിക്കുന്നത് വലിയൊരു നഷ്ടമാണെന്ന് ഇവിടുത്തെ നിത്യസന്ദര്‍ശകനും ബിസിനസുകാരനുമായ സഹദ് പറയുന്നു. ഈ കോഫീ ഹൗസ് തുറക്കാനായി സേവ് കോഫീ ഹൗസ് ഫോറം രൂപീകരിച്ചിരിക്കുകയാണ് ഇവര്‍. ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുന്ന ഒരു ബഹുസാംസ്‌കാരിക വേദിയാണ് ഇതെന്ന് ഇവിടുത്തെ നിത്യ സന്ദര്‍ശകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ അജിത്ത് ലോറന്‍സ് പറയുന്നു. "കവലകളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഒരിക്കലും ആരോഗ്യകരമാകണമെന്നില്ല. അത്തരത്തില്‍ കേരളത്തില്‍ തന്നെയുള്ള ഏക വേദിയായിരിക്കും ഇത്. പുതിയ ആശയങ്ങളുടെയും പ്രതിഷേധങ്ങളുടെയും രൂപീകരണവും ഇവിടെ നടക്കുന്നുണ്ട്. ഒരിക്കലും അട്ടിമറികളല്ല, പകരം എല്ലാം പോസിറ്റീവായ കാര്യങ്ങള്‍ തന്നെയാണ് ഇവിടെ നടക്കുന്നത്. ഇത്തരത്തിലൊരു ഇടം കണ്ടെത്താന്‍ മറ്റ് സ്ഥലങ്ങള്‍ക്കും മാതൃകാപരമാണ് സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഇന്ത്യന്‍ കോഫീ ഹൗസ്. ഇത് പൂട്ടിയിടുന്നത് തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെയും നഷ്ടമാണ്." അതേസമയം അവിടെ നിന്നും ലഭിക്കുന്ന സേവനം ആരും സൗജന്യമായി സ്വീകരിക്കുന്നതല്ലെന്നും കോഫീ ഹൗസ് അധികൃതര്‍ മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

http://www.azhimukham.com/offbeat-indian-coffee-houses-photo-exhibition-stuart-freedman/

ഇത്രയേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഈ കോഫീ ഹൗസില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും പെരുമാറ്റത്തിന്റെയും നിലവാരത്തിലാണ് അദ്ദേഹം ഇത് ചൂണ്ടിക്കാട്ടുന്നത്. "ഇപ്പോള്‍ ഫുഡ് സേഫ്റ്റി കമ്മിഷന്‍ ആണെങ്കിലും മുമ്പൊക്കെ കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗമാണെങ്കിലും എപ്പോള്‍ റെയ്ഡ് നടത്തിയാലും വൃത്തിഹീനമായ പരിസരത്തിന്റെ പേരില്‍ ഇവിടെ നോട്ടീസ് കൊടുക്കാറുണ്ട്. പണം നല്‍കി ഭക്ഷണം കഴിക്കാനെത്തുന്നവര്‍ എന്തായാലും കഴിച്ചോളുമെന്ന അവരുടെ മനോഭാവമാണ് ഇവിടെ വ്യക്തമാകുന്നത്." ആ ഒരു മനോഭാവം ശരിയല്ലെന്നും അദ്ദേഹം പറയുന്നു. "തൊഴിലാളികളാണ് ഇതിന്റെ ഉടമസ്ഥരെന്ന് കൂടി ഓര്‍ക്കണം. സ്‌പെന്‍സറിലേത് മാത്രമല്ല, ഇന്ത്യന്‍ കോഫീ ഹൗസുകളോട് വൈകാരികമായ സമീപനമാണ് പലര്‍ക്കുമുള്ളത്." ആ വൈകാരികത പോലും പരിഗണിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. "ഇതുകൂടാതെ അപ്രതീക്ഷിതമായുള്ള വിലക്കയറ്റമാണ് കോഫീ ഹൗസുകളില്‍ ഉണ്ടാകുന്നത്. ഒരു ദിവസം കഴിച്ച വിലയായിരിക്കില്ല അടുത്ത ദിവസം. അതിനായി കലണ്ടര്‍ വെട്ടിയൊട്ടിക്കുന്ന രീതിയാണ് ഇവര്‍ക്കുള്ളത്. ഈ കലണ്ടര്‍ വെട്ടിയൊട്ടിക്കുന്ന രീതിയിലൂടെ 26 രൂപയിലിരുന്ന മസാല ദോശയ്ക്ക് ഇപ്പോള്‍ 46 രൂപയാക്കി. ഇപ്പോള്‍ തന്നെ ഇവിടുത്തെ ബ്രാഞ്ച് അടച്ച് ജീവനക്കാരെ മറ്റ് ബ്രാഞ്ചുകളിലേക്ക് അയയ്ക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ ഇവിടുത്തെ നഷ്ടം നികത്താനായി മറ്റ് ബ്രാഞ്ചുകളിലെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. ദിനംപ്രതി 1500-ഓളം പേര്‍ എത്തുന്ന സ്‌പെന്‍സര്‍ ജംഗ്ഷനിലെ കോഫീ ഹൗസിന്റെ ലാഭവിഹിതം കോടിക്കണക്കിന് രൂപയാണ്. എന്നിരുന്നാലും 4500 രൂപ മാത്രം വാടക കൊടുത്ത് നിയമവിരുദ്ധമായും വൃത്തിഹീനമായതുമായ ഈ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നാണ് ഇവര്‍ വാശിപിടിക്കുന്നത്. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ 99 വര്‍ഷത്തെ പാട്ടത്തിന്റെ അവകാശവാദമാണ് കോഫീ ഹൗസ് അധികൃതര്‍ ഉന്നയിക്കുന്നത്.

ഒരു ഹോട്ടലിന് പ്രവര്‍ത്തിക്കാന്‍ വൃത്തിയുള്ള സൗകര്യങ്ങള്‍ ഈ കെട്ടിടത്തില്‍ തന്നെയും സമീപപ്രദേശങ്ങളിലും ലഭ്യമാണെന്നിരിക്കെ ഈ കോഫീ ഹൗസിനെ എന്നന്നേക്കുമായി അടച്ചുപൂട്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുന്നു. വൈകാരികമായ അടുപ്പം നിലനില്‍ക്കുമ്പോഴും നല്ല ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വിതരണം ചെയ്ത് ഈ കോഫീ ഹൗസ് നിലനില്‍ക്കണമെന്ന ജനങ്ങളുടെ ആഗ്രഹത്തെയാണ് ഇവിടെ ഇവര്‍ ഇല്ലാതാക്കുന്നത് എന്നതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും തിരുവനന്തപുരത്ത് സ്റ്റാച്യുവില്‍ തന്നെ വൃത്തിയില്ലാതെ മോശം ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നിരിക്കെ കോഫീ ഹൗസിനെ തന്നെ തെരഞ്ഞുപിടിച്ച് പൂട്ടിച്ചിരിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന തൊഴിലാളികളുടെ വാക്കുകള്‍ തള്ളിക്കളയാനാകില്ല. ഭക്ഷണശാല എന്നതിനപ്പുറം ചിന്തകളുടെയും ചര്‍ച്ചകളുടെയും ഇടമാണ് ഇത്തരം ഗൂഢാലോചനകളിലൂടെ കേരളത്തിന് നഷ്ടമാകുന്നത്. കോഫീ ഹൗസുകളുടെ പാരമ്പര്യമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ഈ കോഫീ ഹൗസില്‍ വരുന്ന ബഹുഭൂരിപക്ഷത്തിനും ഈ ഇടം നഷ്ടമാകുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. സെല്ലാര്‍ എന്ന സാങ്കേതികതകളൊന്നും ഇതിനെ വൈകാരികമായി സമീപിക്കുന്നവര്‍ക്ക് മനസിലാകുകയുമില്ല. അതിനാല്‍ തന്നെ ഈ കോഫീ ഹൗസിനെ ഇഷ്ടപ്പെടുന്നവരെ മാനിച്ച് സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി ഇത് വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് ഫുഡ് സേഫ്റ്റി അധികൃതരും കോഫീ ഹൗസ് അധികൃതരും തയ്യാറാകേണ്ടത്.


Next Story

Related Stories