TopTop

പഞ്ചാബില്‍ പോലീസ് ഉദ്യോഗസ്ഥ മറ്റൊരു സ്ത്രീയെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു

പഞ്ചാബില്‍ പോലീസ് ഉദ്യോഗസ്ഥ മറ്റൊരു സ്ത്രീയെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു
പഞ്ചാബില്‍ നടന്ന ഈ അപൂര്‍വ വിവാഹം രാജ്യത്തിനാകെ മാതൃകയാവുന്നു. രണ്ട് സ്ത്രീകള്‍ തമ്മില്‍ ഹിന്ദു ആചാരപ്രകാരം സമൂഹമധ്യത്തില്‍ വച്ച് പരസ്യമായി വിവാഹം കഴിച്ചു എന്നതാണ് ശനിയാഴ്ച ജലന്ദറില്‍ നടന്ന ചടങ്ങിന്റെ പ്രത്യേകത. പഞ്ചാബില്‍ മതപരമായി നടത്തപ്പെടുന്ന ആദ്യത്തെ സ്വവര്‍ഗ്ഗ വിവാഹമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹിന്ദുമതവിശ്വാസിയും കപൂര്‍ത്തലയില്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി നോക്കുന്ന മന്‍ജിത് സന്ധു എന്ന നാല്‍പ്പത്തി മൂന്നുകാരിയും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ക്രിസ്ത്യന്‍ വിധവയും തമ്മിലായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമാണ് കര്‍മ്മങ്ങള്‍ നടന്നത്. ഇതിനുള്ള കാരണം വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറായില്ല.

സംഭവം രഹസ്യമാക്കി വെക്കാനായിരുന്നു ഇരുവരുടെയും ആദ്യ തീരുമാനം. എന്നാല്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇരുവരുടെയും ഫോട്ടോകളും വളരെ മോശം അഭിപ്രായങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയതോടെയാണ് വിവാഹം പരസ്യമായി തന്നെ നടത്താന്‍ ഇരുവരും തീരുമാനിച്ചത്. ഇരുവരുടെയും സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും സന്ധുവിന്റെ സഹപ്രവര്‍ത്തകരുടെയും പിന്തുണയും ഇതിന് ലഭിച്ചു.

മുടിമുറിച്ച് പാന്റും ഷര്‍ട്ടും ധരിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്ന സന്ധുവാണ് 'വരന്റെ' വേഷം കെട്ടിയത്. കുതിരയെ പൂട്ടിയ രഥത്തില്‍ പരമ്പരാഗത വരന്റെ വേഷത്തില്‍ അവര്‍ വിവാഹവേദിയിലെത്തി. വധുവിനെ തിലകം ചാര്‍ത്തി തിരികെ കുതിരവണ്ടിയില്‍ തന്നെ മടക്കിക്കൊണ്ടുപോവുകയും ചെയ്തു. പരമ്പരാഗത വധുവിന്റെ വേഷത്തിലായിരുന്നു അവരുടെ പങ്കാളി. എന്നാല്‍ ഇരുവരും കൈകളില്‍ മെഹന്തി ആണിഞ്ഞിരുന്നു.

ഇതിനിടെ സന്ധു ലിംഗമാറ്റത്തിന് തയ്യാറെടുക്കുയാണെന്ന വാര്‍ത്തയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. താന്‍ ഒരിക്കലും അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് രോഷാകുലയായ അവര്‍ പറയുന്നു. 'എപ്പോഴും ഞാനൊരു ആണ്‍കുട്ടിയെ പോലെയാണ് ജീവിച്ചത്. പക്ഷെ ലിംഗമാറ്റം നടത്താന്‍ ഒരിക്കലും ആലോചിച്ചിട്ടില്ല. ഞാനൊരു സ്ത്രീയായാണ് ജനിച്ചത്,' എന്ന് അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പങ്കാളികള്‍ തമ്മില്‍ ദീര്‍ഘബന്ധമാണുള്ളത്. എന്നാല്‍ സന്ധുവിന്റെ പങ്കാളിയുടെ ഭര്‍ത്താവ് മരണപ്പെട്ടതോടെ ഇരുവരും ഇടയ്ക്കിടെ കണ്ടുമുട്ടാന്‍ തുടങ്ങി. സന്ധുവിന് ബട്ടിണ്ടയില്‍ നിയമനം ലഭിച്ചതോടെ ബന്ധം കൂടുതല്‍ ദൃഢമായി. ഈ സമയത്ത് രണ്ട് ഹൃദ്രോഗബാധകള്‍ നേരിട്ട സന്ധുവിന് ഒരു പങ്കാളി ആവശ്യമാണെന്ന തോന്നലുണ്ടായി. ചില വൈവാഹിക പരസ്യങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും ശരിയായില്ല. തനിക്കൊരു പുരുഷനെ വിവാഹം കഴിക്കാനാവില്ലെന്നും സ്ത്രീകളോടാണ് തനിക്ക് അഭിരുചിയെന്നും അപ്പോഴേക്കും ബോധ്യമായതായി സന്ധു പറയുന്നു. അങ്ങനെയാണ് അവര്‍ പങ്കാളിയോട് തന്റെ ഇംഗിതം അറിയിക്കുന്നത്. പങ്കാളി ഉടനടി തന്നെ സമ്മതം മൂളുകയും ചെയ്തു. പങ്കാളിയുടെ മൂന്ന് വയസുള്ള മകളെ ദത്തെടുക്കാനുള്ള ഒരുക്കത്തിലാണ് സന്ധു. അതിനുള്ള നിയമനടപടികള്‍ തുടങ്ങി കഴിഞ്ഞു. അവളാകും തന്റെ സ്വത്തിന്റെ അവകാശികളെന്ന് സന്ധു വെളിപ്പെടുത്തി. 1984ലെ ദില്ലി സിഖ് വിരുദ്ധ കലാപത്തിലാണ് സന്ധുവിന് തന്റെ മാതാപിതാക്കളെ നഷ്ടമായത്. ഇപ്പോള്‍ ബന്ധുവെന്ന് പറയാന്‍ ഒരു സഹോദരി മാത്രമാണുള്ളത്.

ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റപ്പെട്ട പങ്കാളിയോട് ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ അവരുടെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു, മന്‍ജിത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിക്കുകയായിരുന്നു. ഇത് തങ്ങളുടെ മാത്രം ജീവിതമാണെന്നും അതില്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും ഇരുവരും ഉറപ്പിച്ച് പറയുന്നു. മന്‍ജിത്തിന്റെ വ്യക്തി ജീവിതത്തില്‍ ഇടപെടേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നാണ് അവരുടെ സഹപ്രവര്‍ത്തകരുടെ അഭിപ്രായം. അവര്‍ ജോലിയില്‍ കൃത്യനിഷ്ട പുലര്‍ത്തുന്നുണ്ടോ എന്ന കാര്യം മാത്രമേ തങ്ങള്‍ ശ്രദ്ധിക്കാറുള്ളു എന്നും പോലീസ് സേനയിലെ സഹപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന് പോലും മന്‍ജിത് അവധിയെടുത്തില്ല. ശനിയാഴ്ച അവരുടെ സ്വാഭാവിക അവധി ദിവസമായിരുന്നു. തങ്ങള്‍ സന്തുഷ്ടരാണെന്ന് പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ദമ്പതികള്‍ തറപ്പിച്ച് പറയുന്നു. ഏതായാലും ഇന്ത്യന്‍ സാമൂഹിക, നീതിന്യായ വ്യവസ്ഥയിലെ സുപ്രധാന ഏടായി ഈ വിവാഹം മാറുമെന്ന കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല.


Next Story

Related Stories