Top

യു എ പി എ; പി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറി നില്‍ക്കേണ്ടി വരുമോ?

യു എ പി എ; പി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറി നില്‍ക്കേണ്ടി വരുമോ?
കതിരൂർ മനോജ് വധക്കേസിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ളവരുടെ മേൽ ചുമത്തപ്പെട്ട യു എ പി എ നിലനിൽക്കുന്നതാണെന്നു ഇന്നലെ ജസ്റ്റിസ് ബി കെമാൽപാഷയുടെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് യു എ പി എ നിയമം സംബന്ധിച്ച ചർച്ചകൾക്ക് ഒരിക്കൽക്കൂടി വഴി തുറന്നിരിക്കുന്നു. കരിനിയമം എന്ന് സി പി എം അടക്കമുള്ള പല രാഷ്ട്രീയ പാർട്ടികളും പണ്ടേ തന്നെ വിശേഷിപ്പിച്ചിട്ടുള്ള യു എ പി എയുടെ ശരിതെറ്റുകൾ സംബന്ധിച്ച ഇത്തരം ചർച്ചകൾ എവിടെ ചെന്ന് അവസാനിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ല. എങ്കിലും ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജി എൻ സായിബാബ, മലയാളി നോവലിസ്റ്റ് കമൽ സി, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ നദി എന്നിവരൊക്കെ ഈ കരി നിയമത്തിന്റെ രുചി അറിഞ്ഞവരാണ്. ഇതിൽ രണ്ടാമത് പറഞ്ഞ രണ്ടുപേർക്കും എതിരെ ചുമത്തപ്പെട്ട യു എ പി എ ഏറെ പ്രതിക്ഷേധങ്ങൾക്കൊടുവിൽ പിന്‍ലിക്കപ്പെട്ടെങ്കിലും പ്രൊഫസർ സായിബാബ ഇപ്പോഴും പ്രസ്തുത നിയമത്തിൽ നിന്നും മോചിതനായിട്ടില്ല. ഏതു സർക്കാരിനും രാഷ്ട്രീയ പ്രതിയോഗികൾക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ വളരെ എളുപ്പത്തിൽ എടുത്തുപയോഗിക്കാൻ പോന്ന ഒരു ആയുധമായി ഈ നിയമമം നിലനിൽക്കുന്നു.

ഇതൊരു വസ്തുതയായി നിലനിൽക്കുമ്പോഴും കതിരൂർ മനോജ് വധവുമായി ബന്ധപ്പെട്ടു ചുമത്തപ്പെട്ട യു എ പി എ സംബന്ധിച്ച് കോടതി പറഞ്ഞ കാര്യങ്ങളെ മറ്റൊരു തലത്തിൽ നിന്നുകൊണ്ടുവേണം പരിശോധിക്കേണ്ടതെന്നു തോന്നുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് തങ്ങൾക്കെതിരെ അന്വേഷണ ഏജൻസിയായ സി ബി ഐ യു എ പി എ ചുമത്തിയതെന്നും അതുകൊണ്ടു തന്നെ അത് നിലനിൽക്കുന്നതല്ലെന്നുമുള്ള ജയരാജൻ അടക്കമുള്ള ആറു പേരുടെ വാദമാണ് കോടതി ഇന്നലെ തള്ളിയത്. വാദം തള്ളിക്കളയാൻ കോടതി പറഞ്ഞ ന്യായം കേസ് പൂർണമനസ്സോടുകൂടിയാണ് അന്നത്തെ സർക്കാർ സി ബി ഐ ക്കു വിട്ടതെന്നും ആ സാഹചര്യത്തിൽ യു എ പി എ ചുമത്തുന്നതിനു സി ബി ഐക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നുമാണ്. കോടതി ഉന്നയിച്ച ഈ ന്യായത്തെ നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയാൻ അവില്ലെന്നു തന്നെയാണ് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അങ്ങിനെ വരുമ്പോൾ തങ്ങളുടെ ആവശ്യം ഉന്നയിച്ചു മേൽക്കോടതിയെ സമീപിക്കാനുള്ള ജയരാജന്‍റെയും കൂട്ടരുടെയും തീരുമാനം എത്ര കണ്ട് ഗുണം ചെയ്യുമെന്നത് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.

http://www.azhimukham.com/mv-nikesh-kumar-visit-p-jayaranja-vadagara-tv-rajesh-binoy-kurian/

മേൽക്കോടതിയുടെ തീരുമാനം എന്തുതന്നെയായാലും ഗൂഡാലോചനക്കുറ്റം മാത്രം ചുമത്തപ്പെട്ടിട്ടുള്ള ജയരാജന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞതുപോലെ വിചാരണ നേരിടുന്ന വേളയിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം ഉണ്ട്. എന്നാൽ യു എ പി എ നിലനിൽക്കുമെന്ന കോടതിയുടെ ഇന്നലത്തെ വിധി ജയരാജനും സി പി എമ്മിനും ഉണ്ടാകുന്ന തലവേദന ചെറുതൊന്നുമല്ല. നേരത്തെ ഉണ്ടായതുപോലെ വീണ്ടും കണ്ണൂർ ജില്ലയിൽ കടക്കാൻ പാടില്ലായെന്ന വിധിയുണ്ടായാൽ സ്വാഭാവികമായും ജയരാജന് കണ്ണൂർ ജില്ലാ സെക്രട്ടറി പദം ഒഴിയേണ്ടിവരും. ഇക്കാര്യം ഏതാണ്ട് മുൻപേ കണ്ടിട്ടെന്നവണ്ണം ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ ചില യുവ നേതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കണ്ണൂർ പോലുള്ള ഒരു ജില്ലയിൽ സിപിഎമ്മിനെ നയിക്കാൻ പോന്ന പ്രാഗൽഭ്യം അവർക്കാര്‍ക്കുമില്ലെന്നതാണ് പാര്‍ട്ടിയെ നിലവിൽ അലട്ടുന്ന വലിയ പ്രശ്നം. അതേസമയം ബി ജെ പിക്കും കോൺഗ്രസിനും (പ്രത്യേകിച്ച് സുധാകര പക്ഷത്തിന്) ഏറെ ആശ്വാസം പകരുന്ന ഒന്നാവും ജയരാജൻ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറുക എന്നതിലും തർക്കമില്ല.

http://www.azhimukham.com/trending-ka-antony-writing-self-interested-people-are-trying-to-stabbing-p-jayarajan/

Next Story

Related Stories