Top

മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു

മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു
കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അര്‍ഹത നേടുകയും ചെയ്ത കിത്താബ് എന്ന നാടകത്തെക്കുറിച്ചുള്ള വിവാദം ചൂടുപിടിക്കുകയാണ്. നാടകം ഇസ്ലാമിന്റെ വിശ്വാസത്തെ അവഹേളിക്കുന്നുവെന്നാണ് മതമൗലിക വാദികള്‍ ആരോപിക്കുന്നത്. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കലോത്സവ വേദിയിലേക്ക് മാര്‍ച്ച് നടത്തുകയും കലോത്സവ വേദിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കയിലാകുകയും ചെയ്തു. കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണ് കിത്താബ് എന്ന് നാടകത്തിന്റെ തുടക്കത്തില്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ കഥാകൃത്ത് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ അനുവാദമില്ലാതെ കഥ ഉപയോഗിച്ച നാടകത്തെ എതിര്‍ക്കാനുള്ള കാരണങ്ങള്‍ അദ്ദേഹം അഴിമുഖം ലേഖകനുമായി സംസാരിച്ചു.

യഥാര്‍ത്ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയതാണ് 'കോട്ടയത്ത് പടച്ചോന്‍' എന്ന കഥ. കോട്ടയത്ത് രണ്ട് പെണ്‍കുട്ടികള്‍ പടച്ചവനെ കാണുന്നതും അതില്‍ ഒരു പെണ്‍കുട്ടിയ്ക്ക് വാങ്ക് വിളിക്കാന്‍ ആഗ്രഹം തോന്നുന്നതുമാണ് ആ കഥയുടെ ഉള്ളടക്കം. വളരെ ലൗഡ് ആയി ചില കാര്യങ്ങള്‍ ആ കഥയില്‍ പറയുന്നതായി തോന്നിയതുകൊണ്ട് പ്രസിദ്ധീകരിക്കാന്‍ അയച്ചില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വാങ്ക് വിളിക്കുന്ന പെണ്‍കുട്ടിയുടെ കഥ എഴുതിയിട്ടുണ്ടല്ലോയെന്ന് ഒരു സുഹൃത്ത് ഓര്‍മ്മപ്പെടുത്തിയപ്പോഴാണ് ആ കഥ ഒന്നു തിരുത്തിയെഴുതാന്‍ തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട 'വാങ്ക്' എന്ന കഥ.

ഇസ്ലാമില്‍ നല്ലരീതിയിലുള്ള പുരോഗമന ചിന്തകള്‍ ഉയര്‍ന്നുവരികയും അതനുസരിച്ചുള്ള പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ് ഇത്. സിയാവുദ്ദീന്‍ സര്‍ദ്ദാറും ഫാത്തിമ മെര്‍ണിസിയെയും പോലുള്ളവര്‍ ഇസ്ലാമിനുള്ളില്‍ ഭയങ്കരമായ പരിവര്‍ത്തനത്തിന് ശ്രമിക്കുന്നവരാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമാണ് ഇവരെപ്പോലുള്ളവര്‍ ഇസ്ലാമിനുള്ളില്‍ സംസാരിക്കുന്നത്. എന്റെ ചിന്തയെ ഈ കഥയിലേക്ക് നടത്തിയതില്‍ ഇവരുടെ ചിന്തകളുടെ സ്വാധീനമുണ്ട്. എന്നാല്‍ ഈ നാടകത്തില്‍ എന്റെ കഥയുടെ രാഷ്ട്രീയത്തെ അപ്പാടെ മാറ്റിയെഴുതിയിരിക്കുകയാണ്. ഇസ്ലാം ഒരു പ്രാകൃത മതമാണെന്ന തരത്തിലാണ് അവര്‍ നാടകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇസ്ലാമോഫോബിയ നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ കാലവസ്ഥയില്‍ ഇത്തരത്തിലുള്ള അവതരണം സംഘപരിവാര്‍ പോലുള്ള സംഘടനകള്‍ക്ക് ഒരു ആയുധമാകുകയേ ഉള്ളൂ.

അതുപോലെ തന്നെ ഞാന്‍ എഴുതിയ കഥ ഉപയോഗിച്ച് ഒരു നാടകം ചെയ്യുമ്പോള്‍ എന്റെ അനുമതി ചോദിക്കുക എന്ന ജനാധിപത്യ മര്യാദ പാലിക്കാന്‍ നാടകകൃത്ത് തയ്യാറായിട്ടില്ല. മനുഷ്യനെ തേടി നടന്നുവെന്നാണ് നാടകത്തില്‍ അവര്‍ പറയുന്നത്. നാടകം ചെയ്യാന്‍ അനുവാദം ചോദിക്കാന്‍ എന്നെ തേടി എങ്ങും നടക്കേണ്ടതില്ല. ഞാന്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒരാളാണ്. ഈ വിവാദം ഉണ്ടായതിന് ശേഷം പോലും എന്നെ ഒന്ന് വിളിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഈ കഥ കോപ്പി ലെഫ്റ്റ് ആണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കോപ്പി റൈറ്റ് ഉള്ള കഥ തന്നെയാണ് ഇത്. ഒരു വ്യക്തിയുടെ കൃതി അനുവാദമില്ലാതെ എടുത്ത് ഉപയോഗിച്ചിട്ട് അയാളുടെ ക്രെഡിറ്റ് നല്‍കുകയും എന്നാല്‍ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നവര്‍ എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കാന്‍ ശ്രമിക്കുന്നത്?

ഫാസിസ്റ്റുകള്‍ ചരിത്രത്തെ വളച്ചൊടിക്കുകയും പല കൃതികളെയും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. നാടകകൃത്തിന് അയാളുടെതായ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഞാന്‍ എഴുതിയ കഥ ഉപയോഗിക്കുമ്പോള്‍ ഞാന്‍ മുന്നോട്ട് വച്ച ആശയം വളച്ചൊടിക്കാന്‍ അയാള്‍ക്ക് അധികാരമില്ല. മറ്റൊരാളുടെ കൃതി തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കായി മാറ്റി എഴുതുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ല. അതാണ് ആവിഷ്‌ക്കാരമെന്ന് കരുതുന്നവരും ചരിത്രത്തെ മാറ്റി എഴുതുന്ന ഫാസിസ്റ്റുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇനി മറ്റൊരു കാര്യം കൂടി ഈ നാടകത്തിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നവരുമായി ഞാനൊരു വിധത്തിലും യോജിക്കുന്നില്ല. അവര്‍ തീവ്രഇസ്ലാമിസ്റ്റുകളാണ്. അവരും ഫാസിസ്റ്റുകള്‍ തന്നെയാണ്.

നാടകത്തിനെതിരെ ഞാന്‍ ഡിപിഐയെ സമീപിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരിടത്തും ഈ നാടകം ഇനി അവതരിപ്പിക്കരുതെന്നാണ് എന്റെ ആവശ്യം. അതേസമയം ഈ നാടകത്തില്‍ അഭിനയിച്ച ഓരോ കുട്ടികളോടും എനിക്ക് തീവ്രമായ ബഹുമാനം തോന്നുന്നുണ്ട്. അവരെല്ലാവരും തന്നെ മികച്ച അഭിനേതാക്കളാണെന്നതില്‍ സംശയമില്ല. ആ കുഞ്ഞുങ്ങളെ ഓര്‍ത്ത് മാത്രമാണ് ഞാന്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കാത്തത്. ആ കുഞ്ഞുങ്ങളെ കോടതി കയറ്റിയിറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഈ വിഷയത്തില്‍ ഞാനൊരു വലിയ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ബംഗളൂരുവിലെ ഒരു കോര്‍പ്പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുമായി ഈ കഥ സിനിമായാക്കാന്‍ ഞാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. നാടകത്തിനോ കലാ രൂപങ്ങള്‍ക്കോ ഒന്നും ഈ കൃതി നല്‍കില്ലെന്നാണ് ഞാന്‍ ആ കരാറില്‍ സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് അവരിപ്പോള്‍ മെയില്‍ അയച്ചിരിക്കുകയാണ്.

https://www.azhimukham.com/trending-sdpi-against-kitab-play-in-revenue-school-youth-festival/

Next Story

Related Stories