Top

1800-ലധികം കഫേ കോഫി ഡേ ഔട്ട്‌ലെറ്റുകള്‍, 30,000-ത്തിലധികം ജീവനക്കാര്‍, എസ്എം കൃഷ്ണയുടെ മരുമകന്‍, കോടികളുടെ സ്വത്ത്; എന്നിട്ടും നേത്രാവതി നദിയില്‍ അവസാനിച്ച സംരംഭകന്‍

1800-ലധികം കഫേ കോഫി ഡേ ഔട്ട്‌ലെറ്റുകള്‍, 30,000-ത്തിലധികം ജീവനക്കാര്‍, എസ്എം കൃഷ്ണയുടെ മരുമകന്‍, കോടികളുടെ സ്വത്ത്; എന്നിട്ടും നേത്രാവതി നദിയില്‍ അവസാനിച്ച സംരംഭകന്‍
ചൂടുള്ള ചര്‍ച്ചാ കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഭക്ഷണശാലകള്‍ക്ക് ഇന്ത്യയില്‍ പേര് കോഫി ഹൗസ് എന്നാണ്. കോഫി ഹൗസുകളക്കം കാപ്പിക്ക് സംവേദനവുമായും ഉണര്‍വുമായും സംവാദങ്ങളുമായും തുറന്ന ചര്‍ച്ചകളുമായും വലിയ ബന്ധം എല്ലാ കാലത്തും കല്‍പ്പിക്കപ്പെട്ടിരുന്നു. പ്രണയ, സൗഹൃദ രാഷ്ട്രീയ സംഭാഷണങ്ങളിലെല്ലാം കാപ്പിയുണ്ട്. ഉദാരവത്കരണാനന്തര കാലത്തെ ഇതിന്റെ സമര്‍ത്ഥമായ വിപണനമാണ് നഗരവാസികളായ ഉപരിമധ്യവര്‍ഗങ്ങളെ ലക്ഷ്യം വയ്ക്കുന്ന വി ജി സിദ്ധാര്‍ത്ഥയുടെ കഫേ കോഫി ഡേ. A lot can happen over coffee എന്നാണ് കഫേ കോഫി ഡേയുടെ പ്രശസ്തമായ ടാഗ് ലൈന്‍. Brewing new sensibilities എന്നത് മറ്റൊരു പരസ്യവാചകം. പുതിയ സംവേദനങ്ങള്‍, പുതിയ ഉണര്‍വുകള്‍ ഇതെല്ലാം രൂപപ്പെടുത്താന്‍ സഹായിക്കുന്ന ഇടങ്ങള്‍ എന്നാണ് തങ്ങളുടെ കാപ്പിക്കടകളെക്കുറിച്ചുള്ള കഫേ കോഫി ഡേയുടെ അവകാശവാദം.

2019 ജൂലായിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ മാത്രം 1849 കോഫീ ഷോപ്പുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. 30,000ത്തിലധികം ജീവനക്കാര്‍, വിദേശത്ത് നിരവധി ഔട്ട്‌ലെറ്റുകള്‍. സ്വന്തമായി 12,000 ഏക്കര്‍ കോഫി പ്‌ളാന്റേഷന്‍. ചിക്കമംഗളൂരുവിലെ തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പി പ്രതിവര്‍ഷം 28,000 ടണ്‍ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നു. 2000 ടണ്‍ ഇന്ത്യയിലും വില്‍ക്കുന്നു. 2019 മാര്‍ച്ചില്‍ 1752 കഫേകള്‍. 2018ല്‍ 1777 കോടി രൂപയുടെ വരുമാനം. 2019 മാര്‍ച്ച് വരെ 1814 കോടി രൂപ. 2020 മാര്‍ച്ചില്‍ ലക്ഷ്യം വച്ചിരുന്നത് 2250 കോടി. 2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കോഫി ഡേയുടെ ലാഭം 128 കോടി രൂപ.

ALSO READ: കാപ്പിയുടെ മധുരവും കയ്പും: കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ അന്ത്യത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍

ഇങ്ങനെ ഇന്ത്യയുടെ 'കാപ്പി രാജാവ്' (King of Coffee) എന്ന് പേരുള്ള വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹമാണ് മംഗളൂരുവിലെ നേത്രാവതി പുഴയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയാണ് എന്ന് കരുതപ്പെടുന്നു. എത്ര വലിയ സാമ്പത്തിക ബാധ്യതയുണ്ട് എന്ന് പറയുമ്പോളും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മരുമകന്റെ ഈ ദാരുണ അന്ത്യം പലര്‍ക്കും ഞെട്ടലുളവാക്കുന്നതാണ്.

1983ല്‍ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനിയായി ഔദ്യോഗിക ജീവിതം തുടങ്ങിയ വി ജി സിദ്ധാര്‍ത്ഥ 1992ല്‍ സിദ്ധാര്‍ത്ഥ സ്വന്തമായി കോഫി ബിസിനസ് തുടങ്ങി – Amalgamated Bean Company Trading (നിലവില്‍ കോഫീ ഡേ ഗ്ലോബല്‍). കാപ്പി സംഭരണം, സംസ്‌കരണം, കാപ്പി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള കോഫി ബീന്‍സ് റോസ്റ്റിംഗ് എല്ലാമടക്കം. കോഫി ബിസിനസില്‍ നേടിയ വിജയമാണ് 1996ല്‍ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവില്‍ തുടങ്ങാന്‍ വി ജി സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.


ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ആദ്യ കഫേ തുടങ്ങിയത്. 100 രൂപയ്ക്ക് കാപ്പിയും ഇന്റര്‍നെറ്റും എന്നതായിരുന്നു ആദ്യ ഓഫര്‍. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ മാത്രം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായിരുന്ന കാലത്താണിത്. ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കടകള്‍ക്ക് കഫേ എന്ന പേര് വരുന്നതിനും ഈ കോഫി ഷോപ്പുകള്‍ക്ക് പങ്കുണ്ട്.

കഫേ കോഫി ഡേ രാജ്യമെമ്പാടും പടര്‍ന്നു. പിന്നീട് വിദേശത്തേയ്ക്കും. ഒരു കാപ്പിക്ക് 130 രൂപ വിലയിടുന്ന കഫേ കോഫി ഡേ ഷോപ്പുകള്‍ സാധാരണക്കാരന് അപ്രാപ്യമായിരുന്നെങ്കിലും നഗരവാസികളായ ഉപരിമധ്യവര്‍ഗം കാപ്പി നുകര്‍ന്നുള്ള കൂടിച്ചേരലുകളുടെ കേന്ദ്രമായി കഫേ കോഫി ഡേ ഷോപ്പുകളെ ഏറ്റെടുത്തു. ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാള്‍, ഈജിപ്റ്റ് – ഇവിടെയെല്ലാം കഫേ കോഫീ ഡേ ഷോപ്പുകള്‍ വന്നു. വിജയത്തിന്റെ ഈ മധുരത്തില്‍ നിന്ന് പരാജയത്തിന്റെ കയ്പുനീരിലേയ്ക്ക് സിദ്ധാര്‍ത്ഥ എത്തിയത് എങ്ങനെ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്.

കാപ്പി വ്യവസായം പോലെ പരിചിതമല്ലാത്ത മേഖലകളില്‍ - ടെക്‌നോളജി, കണ്‍സണ്‍സി രംഗങ്ങളിലും ഹോട്ടല്‍ റിസോര്‍ട്ട് ബിസിനസിലുമെല്ലാം കൈ വച്ചതാണ് സിദ്ധാര്‍ത്ഥയെ പൊള്ളിച്ചത് എന്ന് കരുതുന്നവരുണ്ട്. കര്‍ണാടകയില്‍ നിന്ന് വളര്‍ന്നുവന്ന വ്യവസായികളില്‍ ഏറ്റവും അറിയപ്പെടുന്ന വിജയ് മല്യയെ പോലെ ഒരു വിവാദ കഥാപാത്രമോ കുപ്രസിദ്ധനോ ആയി വി ജി സിദ്ധാര്‍ത്ഥ വിലയിരുത്തപ്പെട്ടിട്ടില്ല. അതേസമയം നികുതി വെട്ടിപ്പ് സംബന്ധിച്ച് ആരോപണങ്ങളില്‍ നിന്ന് മുക്തനുമല്ല വി ജി സിദ്ധാര്‍ത്ഥ. കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ സിദ്ധാര്‍ത്ഥയെ വിശേഷിപ്പിച്ചത്. അന്വേഷണ ഏജന്‍സികളെ വച്ചുള്ള പ്രതികാര നടപടിയുടെ ഇര എന്നാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് വളര്‍ച്ച കൈവരിച്ച വ്യവസായികളേയും കോര്‍പ്പറേറ്റുകളേയും തകര്‍ക്കുന്നു എന്ന ആരോപണമുന്നയിച്ച് വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് രാഷ്ട്രീയ മാനം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ വി ജി സിദ്ധാര്‍ത്ഥയ്‌ക്കെതിരെ ആദായ നികുതി വകുപ്പ് അക്കമിട്ട് നിരത്തുന്നത് അദ്ദേഹം ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ കണക്കുകള്‍ തന്നെയാണ്.

Azhimukham Special: ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

വലിയ സാമ്പത്തിക ബാധ്യതയുണ്ട് എന്ന് സിദ്ധാര്‍ത്ഥയുടേത് എന്ന് പറയുന്ന കത്തിലുണ്ട്. ഏതായാലും കഫേ കോഫീ ഡേയുടെ ബാലന്‍സ് ഷീറ്റോ കണക്കുകളോ ഇത്തരമൊരു നഷ്ടക്കച്ചവടത്തിന്റെ സൂചനകള്‍ നല്‍കുന്നില്ല. എന്നാല്‍ ഓഹരി വിപണിയില്‍ 800 കോടിയിലധികം നഷ്ടമാണ് വി ജി സിദ്ധാര്‍ത്ഥയുടെ അപ്രതീക്ഷിത മരണം കോഫി ഡേ എന്റര്‍പ്രൈസസിന് ഉണ്ടാക്കിയിരിക്കുന്നത്. 2015ല്‍ 6328 കോടി രൂപയുടെ കടം കമ്പനിക്കുണ്ടായിരുന്നു. എന്നാല്‍ ഇത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തിയതിയതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് പറയുന്നു. കൊക്ക കോളയ്ക്ക് തങ്ങളുടെ കോഫി ഷോപ്പുകള്‍ വില്‍ക്കാനുള്ള ചര്‍ച്ചകള്‍ കോഫി ഡേ നടത്തിയിരുന്നു. 10 മാസത്തോളം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടു. പക്ഷെ ഈ ഡീല്‍ നടന്നില്ല.

Next Story

Related Stories