TopTop
Begin typing your search above and press return to search.

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ത്യ എന്ന ബ്രാൻഡിനെ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അഭിമാനപുരസ്സരം അവതരിപ്പിക്കുമ്പോൾ രാജ്യത്തെ ദളിത് ആദിവാസി ജനത തങ്ങളുടെ അവകാശങ്ങൾക്കായി നിന്നുകൊള്ളുന്ന പൊരിവെയിലിന്റെ ചൂട് ഒരുപക്ഷെ അറുപത്തി ഒൻപതാമത്തെ റിപ്പബ്ലിക്ക് ദിന പരേഡ് ടിവിയിൽ കാണുന്ന പൊതുസമൂഹത്തിന് അനുഭവപ്പെടില്ല. എന്തെന്നാൽ ദളിത്, ആദിവാസി ജനതയെ ഒരിക്കലും അവർ പൊതു എന്ന വിശേഷണത്തിൽ പെടുത്തിയിട്ടില്ല എന്നതുതന്നെ. അതുകൊണ്ടാണവർക്ക് തല ചായ്ക്കാൻ കിടപ്പാടത്തിന് വേണ്ടിയും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുമൊക്കെ ഇന്നും സമരം ചെയ്യേണ്ടി വരുന്നത്. മുത്തങ്ങയും ചെങ്ങറയും അരിപ്പയുമൊക്കെ ഭൂപടത്തിൽ പെടാത്ത ഇടമായി മുഴച്ച് നിൽക്കുന്നത് പുരോഗമന കേരളത്തിന്റെ നെഞ്ചിലാണെന്നത് മായ്ക്കാൻ കഴിയാത്ത ചരിത്രമാണ്. ജാതിയില്ലെന്ന് പ്രഖ്യാപിക്കുന്ന ആധുനിക കേരളത്തിൽ തന്നെയാണ് പേരാമ്പ്രയും ഗോവിന്ദപുരവും ഇപ്പോൾ വടയമ്പാടിയും സംഭവിക്കുന്നതെന്ന് പൊതുസമൂഹം സമ്മതിക്കേണ്ടതുണ്ട്‌.

എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, ചൂണ്ടിക്ക് സമീപമുള്ള സ്ഥലമാണ് വടയമ്പാടി. മൂന്ന് ദളിത് കോളനികളാൽ ചുറ്റപ്പെട്ടാണ് വടയമ്പാടിയിലെ ഭജനമഠം പൊതുമൈതാനം കിടക്കുന്നത്. 1967ൽ ഇ.എം.എസ് മന്ത്രിസഭ അവിടെ ആവസിക്കുന്ന ദളിതരുടെ കലാ സാംസ്കാരിക കായിക വിനോദോപാധികൾക്കായി നീക്കി വച്ച പുറമ്പോക്ക് ഭൂമിയായിരുന്നു ഇത്. (വിവരാവകാശ നിയമം വഴി ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.) ഓണാഘോഷങ്ങൾ, കല്യാണ വിരുന്നുകൾ തുടങ്ങിയ പരിപാടികൾ അവിടെ സംഘടിപ്പിച്ചിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വെള്ളത്തിനായി പഞ്ചായത്ത് കിണറിനെ ആശ്രയിക്കുന്ന കോളനി നിവാസികൾ മൈതാനത്തിലൂടെ ആയിരുന്നു അതിനായി പോയിരുന്നത്. പറയ സമുദായംഗമായ മാക്കോത പാപ്പു പ്രതിഷ്ഠ വച്ച് പൂജ നടത്തിയിരുന്നതും പുലയ സമുദായംഗമായ ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതും ഇതേ മൈതാനത്തിലാണ്. അതിനാൽ തന്നെ മൂന്ന് സെന്റ് കോളനിയിൽ ശ്വാസം മുട്ടി കഴിയുന്ന ദളിതർക്ക് മൈതാനം അവരുടെ സ്വാതന്ത്ര്യത്തിന്റെ അടയാളവും ജീവിതത്തിന്റെ തന്നെ ഭാഗവുമായിരുന്നു.

2016 മണ്ഡല പൂജകാലത്ത് ദേശവിളക്ക് നടത്താൻ തുടങ്ങിയപ്പോൾ ക്ഷേത്രഭാരവാഹികൾ തീണ്ടൽ ന്യായം പറഞ്ഞു വിലക്കി. പിന്നീട് ജാതീയ അധിക്ഷേപം നിറഞ്ഞ സംസാരങ്ങളും ഒറ്റപ്പെടുത്തലുകളും ഒഴിവാക്കലുകളും ഉണ്ടാവാൻ തുടങ്ങി. പണ്ട് കോളനി നിവാസികൾ ചേർന്ന് ഓട് ഇടാൻ സഹായിച്ച ക്ഷേത്രത്തിലിന്നു അവർ കയറേണ്ട, വേണമെങ്കിൽ പള്ളിയിൽ പോയി മെഴുക് തിരി കത്തിച്ചോളു എന്ന ആക്ഷേപം കേൾക്കേണ്ടി വന്നു. വടയമ്പാടി ദേവി ക്ഷേത്രത്തിന്റെ പ്രൗഢിയുടെ ഒരു പങ്ക് വടയമ്പാടിയിലെ ദളിതരുടെയും കൂടിയാണ്.

http://www.azhimukham.com/kerala-vadayamapdi-dalit-protest-against-caste-wall-writes-kr-dhanya/

2016 നവംബറിൽ ക്ഷേത്രമിരിക്കുന്ന ഒരേക്കർ 20 സെന്റ് സ്ഥലത്തിന് ചുറ്റുമതിൽ കെട്ടാൻ വാങ്ങിയ അനുമതി പോലീസിന്റെ സഹായത്തോടെ എൻ.എസ്.എസ് മൈതാനം കൂടി ചേർത്ത് മതിൽ കെട്ടി തിരിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഇതിനെ എതിർത്ത സ്ത്രീകളടക്കമുള്ള കോളനി നിവാസികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി മതിൽ കെട്ടിപ്പൊക്കി. തുടർന്നുണ്ടായ അന്വേഷണത്തിലാണ് 1981 ൽ G.O.M.S. No 230 / 81 / RD ആയി ഉള്ള ഉത്തരവനുസരിച്ച് 95 സെൻറ് വരുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതുമൈതാനം വടയമ്പാടി എൻ എസ് എസ് കരയോഗത്തിന് അമ്പലത്തിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പതിച്ചു നൽകിയതായി അറിയുന്നത്. എന്നാൽ 1981ന് മുന്‍പ് പ്രസ്തുത വസ്തു സംബന്ധിച്ച് രേഖകൾ ഒന്നും തന്നെ ലഭ്യമല്ല എന്നാണ് സമരത്തിലുള്ളവർ പറയുന്നത്. അത്കൊണ്ട് തന്നെ ഈ സ്ഥലം വ്യാജ പട്ടയം ഉപയോഗിച്ച് എൻ.എസ്.എസ് കൈക്കലാക്കിയതാണെന്നു അവർ ആരോപിക്കുന്നു.

http://www.azhimukham.com/kerala-cast-discrimination-vadayambadi-temple-dalit-protest-cross-100-days/

അതിനെതിരെ ഭൂ അവകാശ സമര മുന്നണി രൂപീകരിച്ചുകൊണ്ട് വടയമ്പാടി കോളനി മൈതാനത്തിന്റെ വ്യാജപട്ടയം റദ്ദാക്കി റവന്യൂ പുറമ്പോക്ക് വസ്തു പൊതു ഉടമസ്ഥതയിലാക്കുകയെന്ന ആവശ്യമുന്നയിച്ചു കൊണ്ട് വടയമ്പാടി പ്രദേശത്തെ ദളിത് ജനത സമരമാരഭിക്കുകയും ചെയ്തു. യാതൊരു നടപടിയും അധികാരികൾ സ്വീകരിക്കാതെ വന്നപ്പോഴാണ് 2017 ഏപ്രിൽ 14 ന് അംബേദ്‌കർ ജയന്തി ദിനത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ നിയമവിരുദ്ധമായി പൊതുമൈതാനം കയ്യേറി നിർമ്മിച്ച ജാതിമതിൽ പൊളിച്ച് കളഞ്ഞത്. പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ കലക്റ്റർ വിളിച്ചു ചേർത്ത യോഗത്തിൽ വച്ച് കോടതിയിൽ തീരുമാനമാകുന്നത് വരെ തർക്കസ്ഥലത്തു തൽസ്ഥിതി നിലനിര്‍ത്തണമെന്നു നിർദേശിക്കുകയുണ്ടായി. എന്നാൽ ജനുവരി 22 മുതൽ 25 വരെ ക്ഷേത്രത്തിന്റെ ഉത്സവമാണെന്നും അമ്പലത്തിലേക്കുള്ള വഴി സമര പന്തൽ തടസപ്പെടുന്നതിനാൽ അത് പൊളിച്ച് മാറ്റണമെന്നും കാണിച്ച് സമരമുന്നണി കൺവീനർ എം.പി.അയ്യപ്പൻ കുട്ടിക്ക് അവർ നോട്ടീസ് അയച്ചു. പന്തൽ കെട്ടിയ ഭാഗത്ത് കൂടി പൊതുമൈതാനത്തിലേക്കോ ക്ഷേത്രത്തിലേക്കോ യാതൊരു പ്രവേശനകവാടങ്ങളുമില്ലാത്തതാണെന്നും ഈ സ്ഥലത്തിന് തെക്കും വടക്കുമായിട്ടാണ് കവാടങ്ങൾ ഉള്ളതെന്നും കൺവീനർ അയ്യപ്പൻ കുട്ടി മറുപടി നൽകി. എന്നാൽ ഇരുപത്തിയൊന്നാം തിയതി പുലർച്ച 5:30 മണിയോടെ പോലീസിന്റെ നേതൃത്വത്തിൽ സമരപന്തൽ പൊളിക്കുകയും നിരാഹാരം കിടന്നവരെ അറസ്റ്റ് ചെയ്തതിനു ശേഷം കവാടം നിർമ്മിച്ച് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് സമരം നിൽപ്പ് സമരമായി പൂർവാധികം ശക്തമാവുകയും നവ മാധ്യമങ്ങളിലൂടെ വിവരങ്ങളറിഞ്ഞു വടയമ്പാടിയിലേക്ക് സമരത്തിന് പിന്തുണയുമായി ജനങ്ങൾ വന്നു ചേർന്നു കൊണ്ടുമിരുന്നു. ജനപിന്തുണ ഏറിയതോടെ അതുവരെ സമരത്തോട് വിമുഖത കാണിച്ച സി.പി.എം. ബഹുജന മാർച്ചിന് ആഹ്വാനം ചെയ്തു. എന്നാൽ മതിലിന്റെ ജാതി സ്വഭാവത്തെ പാടെ അവഗണിച്ച് മൈതാനം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന സി.പി.എമ്മിന്റെ ആവശ്യം യഥാർത്ഥ പ്രശ്നത്തിൽ വെള്ളം ചേർക്കുകയാണ് ചെയ്തത്.

http://www.azhimukham.com/kerala-abhilash-and-ananthu-talks-after-their-arrest-when-reporting-vadayampadi-caste-wall-issue-and-police-atrocities/

പൊതു ഇടത്തിൽ നിന്നും നിഷ്കാസിതരാക്കുന്ന ആധുനിക ജാതിബോധത്തിന്റെ പ്രതിഫലനമാണ് എൻ.എസ് എസ് കെട്ടിപ്പൊക്കിയ ജാതി മതിൽ. പത്ത് അടിയോളം ഉയരത്തിൽ നിർമ്മിച്ച ജാതി മതിൽ സാമൂഹികമായ അകറ്റിനിർത്തലിന്റെയോ ഭ്രഷ്ട് കല്പിക്കുന്നതിന്റെയോ പ്രതീകം തന്നെയാണ്. അദൃശ്യമായി അധികാരത്തിന്റെ പിൻബലത്തോടെ ഇന്നും ജാതിവിവേചനം പുതിയ രൂപത്തിൽ ദളിതർ അനുഭവിക്കുമ്പോൾ അനിശ്ചിതത്തിലാകുന്ന ഇന്നും നാളെയും തലമുറകളെ തന്നെ പിന്നോട്ടടിക്കുമെന്ന വസ്തുത ഇവിടെ മനസിലാക്കപ്പെടേണ്ടതുണ്ട്. സ്ഥലം എം.എൽ.എ, വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് കൂടാതെ മൈതാനത്തിന് തൊട്ടടുത്ത് താമസിക്കുന്ന വനിതാ കമ്മീഷൻ അംഗം എന്നിവരൊക്കെ ദളിതർ ആയിരുന്നിട്ടും ഒരു തരത്തിലും സമരത്തെ പിന്തുണക്കാഞ്ഞത് ഖേദകരമാണ്.

http://www.azhimukham.com/kerala-kpms-also-joined-against-dalit-protest-in-vadayambadi/

ജനങ്ങൾക്കൊപ്പമെന്നു അവകാശപ്പെടുന്ന സർക്കാരിന്റെ പോലീസുകാർ തന്നെയാണ് സമരമുഖത്ത് നിന്നും കെ.പി.എം.എസ് നേതാവായ ശശിധരനെ മർദ്ദിച്ച് വലിച്ചിഴച്ച് കൊണ്ട് പോയത്. ദലിതർക്കിടയിൽ ഭിന്നതയുണ്ടാക്കി സമരത്തെ പരാജയപ്പെടുത്തുവാനും പോലീസിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നു. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ അഭിലാഷ് (ന്യൂസ് പോര്‍ട്ട് ഓണ്‍ലൈന്‍ പോര്‍ട്ടൽ), അനന്തു (ഡെക്കാന്‍ ക്രോണിക്കിൾ) എന്നിവരെ മാവോയിസ്റ്റെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും ഇതേ പൊലീസാണ്. മൈതാനം പൊതു ഇടമാകട്ടെ, മതിലുകൾ ഉയരാതിരിക്കട്ടെ, മനുഷ്യർ വേർതിരിക്കപ്പെടാതിരിക്കട്ടെ, സാമൂഹ്യ തുല്യത പുലരട്ടെ, ഈ നാടൊന്നാവട്ടെ എന്നാണ് സമര മുന്നണിയുടെ മുദ്രാവാക്യം. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് കേവലം സാമൂഹ്യ തുല്യത മാത്രമാണ് ദളിതർ ആവശ്യപ്പെടുന്നത്. അത് പോലും നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

http://www.azhimukham.com/kerala-support-march-by-cpm-in-vadayambadi-castewall-issue-report-by-kr-dhanya/

ഫെബ്രുവരി നാലാം തിയതി ദലിത് ഭൂ-അവകാശ സമര മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന ദലിത് ആത്മാഭിമാന കണ്‍വന്‍ഷനിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും ജനങ്ങളും പങ്കെടുക്കുമെന്നും വരും ദിവസങ്ങളിൽ സമരം കൊടുതൽ ശക്തിപ്പെടുത്തുമെന്നും സമരനേതാക്കൾ പറഞ്ഞു. മനുഷ്യവകാശത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന കേരള ജനതയുടെ ഐക്യദാർഢ്യം വാടയമ്പാടിയിലെ നിൽപ്പ് സമരത്തിന് ഉണ്ടായേ മതിയാകൂ.

http://www.azhimukham.com/kerala-where-is-pa-paraman-s-autobiography-which-says-pulaya-life-sent-to-bhasha-institute-report-by-kr-dhanya/


Next Story

Related Stories