TopTop
Begin typing your search above and press return to search.

വി സി ഹാരിസ് 'ആത്മകഥ' പറയുന്നു

വി സി ഹാരിസ് ആത്മകഥ പറയുന്നു

I dream of a new age of curiosity-Michael Foucault

മയ്യഴിയില്‍ ജനനം. പത്ത് വയസ്സു മുതല്‍ തലശ്ശേരിയിലെ പിതൃഭവനത്തില്‍. ഹൈസ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് തലശ്ശേരിയിലെ ആസാദ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയില്‍ (വിക്ടോറിയ മെമ്മോറിയല്‍ ആസാദ് മെമ്മോറിയലായി മാറുന്നതിന്റെ ചരിത്രം വേറെ) നിന്ന് മുട്ടത്തു വര്‍ക്കി, ദുര്‍ഗാപ്രസാദ് ഖത്രി, ടോള്‍സ്‌റ്റോയ്, ദസ്തയെവ്‌സ്‌കി തുടങ്ങിയവരുടെ പുസ്തകങ്ങള്‍- എന്നുവച്ചാല്‍ കണ്ണില്‍ കണ്ടതെന്തും വായിച്ചു വന്ന ശീലം. പിന്നെ റീഡിങ് റൂമിലെ ടൈം വാരിക. കാര്യമായൊന്നും മനസിലായില്ലെന്ന് തന്നെ വയ്ക്കുക.

ഇടയ്ക്ക് തലശേരി കലാപവും പോലീസ് സ്‌റ്റേഷന്‍ ആക്രമണവും മറ്റും വരുത്തിവച്ച അന്ധാളിപ്പ്. കണ്ണൂര്‍ എസ്എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ചെറിയ മട്ടിലുള്ള എസ്എഫ്‌ഐ ആഭിമുഖ്യം. (വെങ്കിടേഷ് രാമകൃഷ്ണന് പിന്നാലെ, എസ്എഫ്‌ഐ പിന്താങ്ങുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സ്റ്റുഡന്റ് എഡിറ്റര്‍ സ്ഥാനത്തേക്ക് മത്സരിച്ചു സ്റ്റൈലായി തോറ്റു) ഒപ്പം ടേബിള്‍ ടെന്നിസ്, ക്രിക്കറ്റ്. പിന്നീട് ജനകീയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ദൂരെ നിന്നു നോക്കിക്കാണുക മാത്രം പരിചയത്തിന്റെ ഒരുതരം വീര്‍പ്പുമുട്ടല്‍. അപ്പോഴും വായന തകൃതി. കാര്യമായൊന്നും മനസിലായില്ലെന്ന് തന്നെ വയ്ക്കുക.

പിന്നെ തിരുവനന്തപുരത്ത്. കവിത ഗവേഷണം, സിനിമ, ഘടനാവാദാനന്തര സിദ്ധാന്തങ്ങളും മറ്റും. ഫറൂഖ് കോളേജില്‍ എത്തപ്പെട്ടപ്പോള്‍ ജോണിനു ശേഷമുള്ള ഒഡേസയുടെ ഏറ്റവും സജീവമായ നാളുകളില്‍ ഏറെക്കുറെ സജീവമായ പ്രവര്‍ത്തനം. സ്വന്തം രാഷ്ട്രീയവല്‍ക്കരണത്തിന്റെ മറ്റൊരുഘട്ടം. അപ്പോഴും മനസിലാകാതെ പോയ ഒരുപാട് കാര്യങ്ങള്‍. കോട്ടയത്ത് ജോലിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ('കോട്ടയത്ത് എത്ര മത്തായിമാര്‍' എന്ന ജോണിന്റെ ചോദ്യവും പേറി) പുതിയ ചില തുറപ്പുകള്‍. 'എവിടാ വീട്?' എന്ന ചോദ്യത്തിന് 'മാഹി' എന്നു പറഞ്ഞാല്‍ 'കൊള്ളാമല്ലോ' എന്ന മട്ടില്‍ മദ്യഗര്‍ഭമായ ഒരു മൂളല്‍: 'തലശേരി' എന്നാണെങ്കില്‍ 'അപ്പോ സൂക്ഷിക്കണം, അല്ലേ?' എന്ന കുസൃതി കമന്റ്. (വടിവാളോ മറ്റോ?...) പിന്നെ ഒഡേസയുടെയും മറ്റും നീക്കിയിരിപ്പുകള്‍, ബന്ധങ്ങള്‍, വായന, എഴുത്ത്, നാടകം കളി. എഴുത്തും വായനയും എന്ന പുസ്തകം. നവസിദ്ധാന്തങ്ങള്‍ പരമ്പര. മാധവിക്കുട്ടിക്കഥകളുടെയും മറ്റും പരിഭാഷ. ദളിത്-സ്ത്രീ സംഘടനകളും പ്രവര്‍ത്തകരുമായുള്ള ബന്ധങ്ങള്‍. മനസിലാവാതെ പോയ കാര്യങ്ങളെപ്പറ്റി അപ്പോഴും സംശയങ്ങള്‍.

സികെ ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന ആദിവാസി സമരത്തിന്റെ അരികുകളിലെവിടെയോ നിന്നുകൊണ്ട് ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, തിരുവനന്തപുരത്ത് ചില സുഹൃത്തുക്കള്‍: 'ഇങ്ങനെയായാല്‍ പോര, ട്ടോ? കോട്ടയത്ത് ചില ദളിത് പ്രവര്‍ത്തകര്‍: ഈ സമരം ശരിയല്ല; സാറിനെപ്പോലെയുള്ളവര്‍ക്ക് ഇത്തരം പ്രക്ഷോഭങ്ങളെ വൈകാരികമല്ലാത്ത രീതിയില്‍ തികച്ചും ധൈഷണികമായി സമീപിക്കാന്‍ കഴിയേണ്ടതാണ്.'

പഠിക്കുന്ന കാലത്ത് ഇടതുപക്ഷാഭിമുഖ്യത്തോടൊപ്പം തന്നെ കൊണ്ടുനടന്ന, അസ്തിത്വവാദപരമെന്നും തെറ്റിദ്ധരിച്ച, നിസ്സംഗത (കമ്മിറ്റ്‌മെന്റുകളില്‍ നിന്നുള്ള വിടുതലും) ഇനിയും അതേപടി പ്രാക്ടീസ് ചെയ്യാന്‍ പറ്റില്ലെന്ന ' ചരിത്രപരമായ' തിരിച്ചറിവ് ഒരുവശത്ത്; വ്യക്തിജീവിതത്തിലെ പ്രതിസന്ധികളും സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇന്ന് സജീവമാകുന്ന, അങ്ങേയറ്റം ശ്രദ്ധപിടിച്ചു പറ്റുന്ന, സവിശേഷ പ്രക്രിയകളും പ്രവണതകളും മറുവശത്ത്. ചെകുത്താനും നടുക്കടലിനും മധ്യേ എന്നല്ല: സ്വന്തം 'ഇന്റീരിയോറിറ്റി' (ആന്തരികത)യ്ക്കും ടെലിവിഷനും മധ്യേ (ടെലിവിഷന്‍ ഒരു വലിയ വാക്കാണെന്ന ധാരണയില്‍). പ്രശ്‌നവത്കൃതമാകുന്ന അകം-പുറം ഇമേജുകളുടെ ഈ ധാരാളിത്തത്തിനിടയില്‍ കണിശമായ രാഷ്ട്രീയ-സാംസ്‌കാരിക രേഖകള്‍ മാഞ്ഞുപോകുന്നില്ലേയെന്ന ആശങ്ക. അപ്പോഴും ഈ ആശങ്കയെ ധൈഷണവത്കരിക്കാനും അങ്ങനെ മറുകണ്ടം ചാടാനുമുള്ള പ്രവണത.

എഴുതണമെന്നുണ്ട് ധാരാളം. ദളിതരെപ്പറ്റി, ആദിവാസികളെപ്പറ്റി, സ്ത്രീകളെപ്പറ്റി, ന്യൂനപക്ഷങ്ങളെപ്പറ്റി, ദുര്‍ബലരും അസംഘടിതരും ചൂഷിതരുമായ ജനവിഭാഗങ്ങളെപ്പറ്റി, വെട്ടിനിരത്തപ്പെടുന്ന ഭൂമിയെപ്പറ്റി, ഒപ്പം എന്തൊക്കെയോ വെളിച്ചം തരുന്ന സാംസ്‌കാരികാവിഷ്‌കാരങ്ങളെപ്പറ്റി. അപ്പോഴും സംശയങ്ങള്‍. കാര്യങ്ങളൊക്കെ വേണ്ട രീതിയില്‍ മനസിലാക്കിയിട്ടുതന്നെയാണോ? എന്നാല്‍ അതിനുവേണ്ടി-പൂര്‍ണമായ സൈദ്ധാന്തിക തെളിച്ചത്തിനുവേണ്ടി-കാത്തിരിക്കാനുമാകില്ല എന്ന പ്രകാശം.

തലശേരിയില്‍നിന്നു പ്രത്യക്ഷപ്പെടുന്ന സംവാദത്തിനുവേണ്ടി ആദ്യമായെഴുതുമ്പോള്‍ ഇമ്മട്ടില്‍ ആത്മകഥാപരമായല്ലാതെ പിന്നെയെന്തു ചെയ്യും? ആത്മകഥയുടെ രാഷ്ട്രീയം എന്താണ്? മുന്‍-പിന്‍കാലങ്ങളുടെയിടയ്ക്കുള്ള ഏതോ സങ്കീര്‍ണ സ്ഥലത്ത് പ്രവര്‍ത്തനക്ഷമമാകുന്ന സ്വത്വരൂപീകരണ പ്രക്രിയയുടെ ഒരു സവിശേഷഘട്ടത്തെ നിര്‍വചിക്കാനുള്ള (പിടിച്ചുനിര്‍ത്തി വട്ടം വരച്ചു ചോദ്യം ചെയ്തു നിര്‍വചിച്ചൊതുക്കാനുള്ള) പരിശ്രമമാണ് ആത്മകഥ. നിര്‍വചനം ഒരേസമയത്ത് വചനവും വചനത്തിന്റെ വിപരീതവുമാണെന്നതു കൊണ്ടു തന്നെ, രാഷ്ട്രീയ സ്വത്വ രൂപീകരണത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സംഘര്‍ഷ വൈരുദ്ധ്യങ്ങളെ ഒരേസമയം പ്രകാശിപ്പിക്കുകയും അപ്രകാശിതമാക്കുകയും ചെയ്യുന്ന ധര്‍മ്മമാണ് ആത്മകഥ അനുഷ്ഠിക്കുന്നതെന്ന് പറയാം. ഇപ്പോള്‍ ജാനു നയിക്കുന്ന ആദിവാസി സമരം ഒരു പ്രത്യേക ജനവിഭാഗത്തിന്റെ പ്രകാശിതവും അപ്രകാശിതവുമായ ആത്മകഥയുടെ ഒരേടാണ്. (ഇതിന്റെ വക്കില്‍ ചോര പൊടിയുന്നു എന്ന് എംപി പോള്‍ പറയും). സമരവുമായി പരോക്ഷമായെങ്കിലും ബന്ധപ്പെടുമ്പോള്‍ ഈ ആത്മകഥ എന്റേതുമായി തീരുന്നു. ഈ ആയിത്തീരലിന്റെ ഇടം സിദ്ധാന്തവല്‍ക്കരിക്കുന്നതെങ്ങനെയാണ്?

ഇത് തികച്ചും അനാവശ്യമായ, രാഷ്ട്രീയപ്രസക്തിയില്ലാത്ത, ചോദ്യമാണെന്ന് ചില 'പഴയ' മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കള്‍. മാര്‍ക്‌സിസ്റ്റ് ചിന്തയ്ക്ക് വര്‍ഗപരവും സാമ്പത്തികവുമല്ലാത്ത, അല്ലെങ്കില്‍ അവയ്ക്കപ്പുറത്തുള്ള, ഏതിടത്തുവച്ച് ദളിത് അവസ്ഥയെ അഭിമുഖീകരിക്കാനാവും എന്ന മറുചോദ്യം ഇവിടെ ഉയരുന്നു. ലിംഗരാഷ്ട്രീയത്തിന്റെയും പരിസ്ഥിതിവാദത്തിന്റെയും മറ്റും പരിസരങ്ങളില്‍ ഈ ചോദ്യം മാറ്റൊലിക്കൊള്ളുകയും ചെയ്യുന്നു. അപ്പോള്‍ വ്യക്തിസത്വത്തിന്റെ കാര്യം മാത്രം ബാലിശവും അപ്രസക്തവുമെന്ന് തള്ളിയാല്‍? (അതായത്, കോട്ടയത്തെ സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ മയ്യഴിയ്ക്കും തലശേരിയ്ക്കുമിടയിലെ ഒരു 'സ്ഥല'ത്തെ ഞാനെങ്ങനെ പ്രകാശിപ്പിക്കും?) ആത്മകഥയുടെ വക്കില്‍ ചോരപൊടിയാനുള്ള ഒരു കാരണം ഇതുംകൂടിയാവാം. വളരെ വളരെ പരിമിതമായ അര്‍ത്ഥത്തില്‍ മാത്രം. ചോര പൊടിയാത്ത ആത്മകഥകളുണ്ടാവാം. ഇഎംഎസ്സിന്റേതുപോലെ. (ജീവിതമല്ല, കൃതി എന്ന് പറഞ്ഞാലുണ്ടാകുന്ന സൈദ്ധാന്തിക പ്രശ്‌നം തത്കാലം അവിടിരിക്കട്ട.) ഒട്ടും ഇന്റീറിയോറിറ്റി അവകാശപ്പെടാനാവാത്ത, അവകാശപ്പെടാന്‍ ശ്രമിക്കുകപോലും ചെയ്യാത്ത കൃതി. എന്നാല്‍ ഇഎംഎസിന്റെ ജീവിതം? അതുവേറെയെന്നു ഒഴുക്കന്‍ മട്ടില്‍. നെയ്ത്തുകാരന്‍ എന്ന സിനിമയിലെ (തലശ്ശേരിക്കാരന്‍ ശശിധരന്‍ മാഷിന്റെ തിരക്കഥ) ഇഎംഎസ് കഥാപാത്രത്തിനില്ലാത്ത (പ്രകാശിതമാവാത്ത) ഇന്റീരിയോരിറ്റി മുഴുവന്‍ ആരോപിക്കപ്പെടുന്നത് അപ്പമേസ്തിരിയില്‍. ഇഎമ്മിനുവേണ്ടി 'ഉള്ളില്‍' ജീവിക്കുന്നത് അപ്പമേസ്തിരി. ആദേശം ചെയ്യപ്പെട്ട ആന്തരികത. അപ്പോള്‍ ഇഎമ്മിനും അപ്പമേസ്തിരിക്കുമിടയിലെ 'സ്ഥലം'. ഇഎം ആയിത്തീരുന്ന ഇടം? 1975-ല്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കീഴില്‍ നിയമസഭ പാസാക്കിയതും 1986ല്‍ പ്രാബല്യത്തില്‍ വന്നതും (അതേ 86ല്‍ മാത്രം) തൊണ്ണൂറുകളുടെ അവസാനം വരെ നടപ്പാക്കാതിരുന്നതും പിന്നീട് ഇടതു-വലതു കക്ഷികള്‍ സംഘം ചേര്‍ന്ന് മറ്റൊരു കരിനിയമത്തിന് വേണ്ടി ദൂരെ വലിച്ചെറിഞ്ഞതുമായ ആദിവാസി ഭൂനിയമത്തിന്റെ ഇടം? ആദിവാസികള്‍ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി മാറ്റപ്പെടുന്ന ഇടം? ഇവര്‍ സെക്രട്ടേറിയറ്റിന് മുമ്പിലെ ഇരുമ്പുവേലിക്ക് പുറത്ത് കുടില്‍കെട്ടി താമസിക്കുന്ന ഇടം?

വീട്ടിനുള്ളില്‍ വീട്ടുടയോന്‍ ഉണ്ടോ ഇല്ലയോ?

പടിവരെ പുല്ലുകിളിര്‍ത്തു നില്‍ക്കുന്നു

വീടു നിറയെ പൊടിപടലം

വീട്ടിനുള്ളില്‍ വീട്ടുടയോന്‍ ഉണ്ടോ ഇല്ലയോ?

തനു നിറയെ പൊയ്

മനം നിറയെ വിഷയം

വീട്ടിനുള്ളില്‍ വീട്ടുടയോന്‍ ഇല്ല

കൂടലസംഗമദേവാ.

ബസവണ്ണയുടെ (നിര്‍)വചനത്തിന് വിനയചന്ദ്രന്‍ നല്‍കിയ മലയാളത്തിന്റെ ഇടമനുസരിച്ച് ആദിവാസിയുടെ വീട്ടിനുള്ളില്‍ ഉറ്റവരും ഉടയവരുമില്ല, കൂടലസംഗമദേവാ! അപ്പോള്‍ ഉള്ളവരോ? ഉടയവര്‍ ഉള്ളയിടമോ?

'കണ്‍ഫ്യൂസ്ഡ് തിങ്കിങ്ങ്' എന്ന ആംഗലത്തിനപ്പുറം ആശയക്കുഴപ്പങ്ങളുടെയും കുഴപ്പം പിടിച്ച ആശയങ്ങളുടെയുമിടയില്‍ ഏതൊക്കെ ഘട്ടങ്ങളില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് അര്‍ത്ഥപ്രാപ്തി ലഭിക്കുന്നുണ്ടെന്ന സ്വയം നിര്‍വചനത്തിലൂടെയാണ് ഞാന്‍ പ്രകാശിതനും അപ്രകാശിതനുമാകുന്നത്. എന്തുചെയ്യണം, ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കണം എന്നു നിര്‍ദ്ദേശിക്കുന്ന ഒരു തത്വസംഹിതയല്ലാതെ, പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ വ്യക്തിയും അവളവളുമായിത്തന്നെ സ്ഥാപിക്കുന്ന ബന്ധമായി നൈതികതയെ കാണാമെങ്കില്‍ (മിഷേല്‍ ഫൂക്കോ ഇങ്ങനെയൊക്കെ പറയുന്നുണ്ട്, കേട്ടോ) ആത്മകഥ നൈതികതയുടെ ആവിഷ്‌കാരമാണ്, ആവിഷ്‌കാരത്തിന്റെ ഇടമാണ്. ഇത്തരം ഇടങ്ങള്‍ക്ക് വേണ്ടിയുള്ള വൈവിധ്യവൈചിത്ര്യമാര്‍ന്ന അന്വേഷണങ്ങള്‍ക്കകത്താണ് ആദിവാസി സമരവും സംവാദം എന്ന പ്രസിദ്ധീകരണവും എഴുത്തടക്കമുള്ള എന്റെ പ്രവര്‍ത്തികളും ഒരേസമയം സാധ്യവും അസാധ്യവുമാകുന്നത്. ഈ (അ)സാധ്യതയുടെ അനന്തവിവക്ഷകളെ ഇനിയും നമുക്ക് പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കാം-അതീവ കൗതുകത്തോടെ.

(ആത്മകഥ -ജീവിതം സമൂഹം നിരൂപണം എന്ന പുസ്തകത്തിലെ ഒന്നാമത്തെ അധ്യായം)

Next Story

Related Stories