TopTop
Begin typing your search above and press return to search.

വീരപ്പന്‍ കോടികളുണ്ടാക്കിയെന്നതൊക്കെ പഴങ്കഥ; മരുമകന്‍ ഇവിടെ തിരൂരിലുണ്ട്

വീരപ്പന്‍ കോടികളുണ്ടാക്കിയെന്നതൊക്കെ പഴങ്കഥ; മരുമകന്‍ ഇവിടെ തിരൂരിലുണ്ട്

ഒരു കാലത്ത് ദക്ഷ്യണേന്ത്യയെ വിറപ്പിച്ച 'കാട്ടുകളളന്‍' വീരപ്പന്റെ സഹോദരി പാപ്പാത്തിയുടെ പുത്രന്‍ മോഹനന്‍ ഇപ്പോള്‍ മലപ്പുറം തിരൂരിലെ തോട്ടപ്പണിക്കാരനാണ്. 2014 ഓഗസ്റ്റില്‍ തിരൂരിലെത്തിയ മോഹനന്‍ സ്റ്റൈലില്‍ അമ്മാവന്റെ പിന്‍മുറക്കാരനാണ്. വീരപ്പന്റെ സ്‌റ്റൈല്‍ മീശയും അതെ നിറത്തിലുളള പാന്റും ഷര്‍ട്ടും ബൂട്ട്‌സും ധരിച്ചാണ് മോഹനന്‍ ജോലി ചെയ്യുന്നത്. മൂര്‍ച്ചയേറിയ വാക്കുകളും ഊര്‍ജ്ജ്വസ്വലനുമായ അദ്ദേഹം ഇന്ന് പ്രദേശിക മാധ്യമങ്ങളിലടക്കം ശ്രദ്ധാകേന്ദ്രവുമാണ്.

മോഹനന്‍ എങ്ങനെയാണു തിരൂരിലെത്തിയത്? പുതിയങ്ങാടി കോട്ടത്തറയിലെ അദ്‌നാന്‍ മാന്‍ഡ്രിസ് തന്റെ ഒരു കൂട്ടുകാരന്‍ വഴിയാണ് മോഹനനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അദ്‌നാന്റെ വീട്ടുവളപ്പില്‍ ജോലിക്കാരനായി, വീട്ടുകാര്‍ക്ക് വിശ്വസ്തനും പ്രിയങ്കരനുമായി.

''പുലര്‍ച്ചെ ആറ് മണിക്ക് പറമ്പില്‍ പണിക്ക് ഇറങ്ങിയാല്‍ പണി കഴിഞ്ഞേ പറമ്പില്‍ നിന്നും കയറൂ. നല്ല ആത്മാര്‍ത്ഥതയോടെ പണികള്‍ ചെയ്യും. ഇടയ്ക്ക് ഇടവേള കിട്ടിയാല്‍ അമ്മാവന്‍ വീരപ്പനെ പറ്റി കഥകള്‍ പറയും. എല്ലാവവര്‍ക്കും മോഹനനെ വിശ്വാസമാണ്. പൊകലക്കാരുടെ വീട്ടിന്റെ അടുത്താണ് താമസം. ഒരു ദിവസം ഇങ്ങോട്ടേയ്ക്ക് കാണത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് പൊകലക്കാരുടെ വീട്ടില്‍ ആരുമില്ല. അതുകൊണ്ട് വീട് നോക്കാന്‍ അവനെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന്. അത്രയ്ക്ക് വിശ്വാസമാണവനെ'' അദ്‌നാന്‍ മാന്‍ഡ്രിസിന്റെ ഉമ്മ അഴിമുഖത്തോട് പറഞ്ഞു. ''ഇടയ്ക്ക് അമ്മാവന്റെ പോരിശ (വീരകഥകള്‍) പറയാറുണ്ട്. നാട്ടിലാകെ പാട്ടായിട്ടുണ്ട്. അങ്ങനെ കഴിഞ്ഞീസം (കഴിഞ്ഞ ദിവസം) പത്രക്കാരും ടിവിക്കാരും വന്നിരുന്നു. അങ്ങനെ എല്ലാരും അറിഞ്ഞത് കൊണ്ടാകും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അദ്‌നാനും അവനും പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് ഐഡി കാര്‍ഡ് കാണിച്ചുകൊടുത്തിട്ടുണ്ട്,'' ഉമ്മ തുടര്‍ന്നു.

2014 ഓഗസ്റ്റില്‍ പണിക്കായി തിരൂരില്‍ എത്തിയതിനെ കുറിച്ച് മോഹനന്‍ പറയുന്നു: ''2014-ലാണ് ഞാന്‍ ഇവിടെ പണിക്ക് വന്നത്. കേരത്തിലേക്ക് ആദ്യമായി വന്നതും അന്ന് തന്നെയാണ്. ഇവിടെ പൊകലക്കാര്‍ എന്ന പേരില്‍ ഒരു കുടുംബമുണ്ട്. അവര്‍ പൊകല വാങ്ങാനായി സേലം, എടപ്പാടി എന്നിവിടങ്ങേളിലേക്ക് വരിക പതിവായിരുന്നു. അന്ന് സേലത്തേക്ക് വന്ന അവര്‍ എന്റെ അച്ഛനെ കണ്ട് വിശ്വസ്തനായ ഒരു പണിക്കാരനെ വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണെങ്കില്‍ ഞങ്ങളുടെ നാട്ടില്‍ മഴ കുറവായിരുന്നു. അതുകൊണ്ട് തന്നെ കൃഷിപ്പണി കമ്മിയും. അങ്ങനെ, അച്ഛന്‍ പറഞ്ഞു അവരുടെ കൂടെ പോകാന്‍, അങ്ങനെയാണ് തിരൂരിലെത്തിയത്. പിന്നീട് ഇവിടെ (അദ്‌നാനിന്റെ വീട്ടില്‍), പിന്നെ കുറച്ച് വീടുകളിലും ജോലിക്ക് പോകും. ഇവിടെ എന്നെ നല്ല വിശ്വാസമാണ്. അകത്തും പുറത്തും എവിടെ വേണമെങ്കിലും എനിക്ക് കയറാം. പണിക്ക് കൂലിയും നിറയെ ഭക്ഷണവും തരും. ഇവിടെ തന്നെ നല്ല നിമ്മിതി, അതുകൊണ്ട് സന്തോഷത്തോടെ ഇവിടെ ജോലിചെയ്ത് ജീവിക്കുന്നു. ഈ വീട്ടുകാര്‍ക്ക് ഇവിടുത്തെ ആളെ പോലെതന്നെയാണ് എന്നയും നോക്കുന്നത്'', മോഹനന്‍ പറഞ്ഞു. സ്കൂള്‍ പൂട്ടുമ്പോള്‍ ഭാര്യയും കുട്ടികളും ഇവിടെ വന്ന് കുറച്ച് നാള്‍ തങ്ങിയ ശേഷം തിരിച്ചുപോകും. ഇവിടെ ജോലി തിരക്ക് കുറയുമ്പോള്‍ നാട്ടിലേക്ക് പോകാറുണ്ട്. അങ്ങനെ ഇപ്പോള്‍ നാല് വര്‍ഷമായി ഇവിടെ.

അമ്മാവന്‍ വീരപ്പനെ കുറിച്ച് ചോദിക്കുമ്പോള്‍ മോഹനന്‍ വൈകാരികനാകും. കണ്ണ്‌ നനയുന്നുണ്ടെങ്കിലും വീരപ്രകടനത്തിന് കുറവില്ല താനും, ''അവര്‍ എന്റെ അമ്മയുടെ സഹോദരനാണ്. 2004 ല്‍ ഓഗസ്റ്റ് മാസം രാവിലെ കണ്ണ് ഓപ്പറേഷനുവേണ്ടി പോകുമ്പോള്‍ പോലീസും രാഷ്ട്രീയക്കാരും ചേര്‍ന്ന് അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. 31 വര്‍ഷം, സത്യമംഗലം കാട് വാണിട്ടും ഒന്നും സ്വന്തമായി സമ്പദിച്ചിട്ടില്ലായിരുന്നു. കിട്ടിയ സമ്പാദ്യം എല്ലാം പാവങ്ങള്‍ക്ക് നല്‍കി. പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ചുവിടാനും മറ്റുമായി ഗ്രാമത്തിലെ ജനങ്ങള്‍ക്കാണ് പണം നല്‍കിയത്. അവര്‍ ഒന്നും കൊണ്ട്‌പോയിട്ടില്ല. പിന്നെ 32 പോലീസുകാരെ കൊന്നുവെന്നത് ശരിയാണ്. പോലീസുകാര്‍ ഗ്രാമത്തിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന്റെ പേരിലാണ് അത് ചെയ്‌തെന്നാണ് അദ്ദേഹം പറഞ്ഞത്. കര്‍ണ്ണാടകയുടെ പ്രത്യേക പൊലീസ് സംഘം ആദിവാസികളേയും ആടിനെ മേയ്ക്കാനായി കാട്ടില്‍ പോകുന്ന ഗ്രാമവാസികളേയും പിടിച്ചുകൊണ്ട് പോയി വൈദ്യുതി കമ്പിയില്‍ പിടിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹം പോലീസിനെതിരെ ആക്രമണം നടത്തിയത്.

മാദേസ്വരമലയില്‍ നിന്ന് മൈസൂര്‍ വരെയുളള 25,000 ഏക്കര്‍ വനമാണ് സത്യമംഗലം കാട്. അതിനകത്ത് എന്ത് നടന്നാലും വീരപ്പന്‍ അറിയും. പെണ്‍കുട്ടികളെ പോലീസുകാര്‍ ബലാത്സംഗം ചെയ്തിന് പ്രതികാരമായി 32 പോലീസുകാരെ അദ്ദേഹം കൊന്നു. അതാണ് പോലീസിന് പക കൂടാന്‍ കാരണം. രാജ് കുമാറിനെ തട്ടികൊണ്ട് പോയതിനെ തുടര്‍ന്ന് നക്കീരന്‍ ഗോപാലന്‍ അവിടെ ചെന്നിട്ടുണ്ടല്ലോ, അവര്‍ക്കതല്ലാം അറിയാം. തടവില്‍ വെച്ച ആരേയും വീരപ്പന്‍ ഒന്നും ചെയ്തില്ല. പകരം ജനങ്ങളുടെ കഷ്ടപ്പാട് എന്തൊക്കെയാണെന്ന് പറഞ്ഞ് കൊടുക്കുകയായിരുന്നു. ആവശ്യമില്ലാതെ കര്‍ണ്ണാടക പോലീസ് സത്യമംഗലം കാട്ടില്‍ ചെയ്തുകൂട്ടുന്ന ആക്രമത്തെ പറ്റിയാണ് അന്ന് നക്കീരന്‍ വഴി കര്‍ണ്ണാടക മുഖ്യമന്ത്രിയെ വീരപ്പന്‍ അറിയിച്ചത്. വീരപ്പന്റെ ആളുകളാണെന്ന് പറഞ്ഞ് കര്‍ണ്ണാടക പോലീസ് അന്ന് 22 പേരെ കൊന്നുകളഞ്ഞു. അവര്‍ ആരും വീരപ്പനെ കണ്ടിട്ട്‌ പോലുമില്ലായിരുന്നു. അതിനെ പറ്റി തമിഴ്‌നാട്ടിലെ മക്കള്‍ ടിവിയില്‍ വാര്‍ത്തകളായിരുന്നു.'' മോഹനന്‍ വിവരിച്ചു. വീരപ്പന്റെ കുടുംബം എന്ന നിലയ്ക്ക് കുറെ നാള്‍ പ്രശ്നമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രശ്നമൊന്നുമില്ല. കൂടുതല്‍ സംസാരിച്ച് വെറുതെ പ്രശ്‌നം ഉണ്ടാക്കുന്നതെന്തിനാണെന്നും വീരപ്പന്റെ അനന്തിരവന്‍ ചോദിക്കുന്നു.

തന്റെ 17-മത്തെ വയസിലാണ് മോഹനന്‍ വീരപ്പനെ കണ്ടത്. അന്ന് കുറച്ചുനേരം സംസാരിച്ചിരുന്നു. അവസാനമായി കാണുന്നത് 2004 ല്‍ വെടിവെച്ച് കൊല്ലപ്പെട്ട ശേഷം ബോഡി ധര്‍മ്മപുരിയില്‍ പോസറ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ട് വന്നപ്പോഴാണെന്നും മോഹനന്‍ ഓര്‍മ്മിച്ചു.

Also Read: തമിഴ്നാട്ടിലെ അടിവസ്ത്ര നീതിന്യായം

വീരപ്പന്റെ കുടുംബത്തെ പറ്റി

''കൊളത്തൂരിനടത്ത് മൂളക്കാടെന്ന ചെറിയ ഗ്രാമത്തിലാണ് സ്വന്തം നാട്. അവിടെ ആട് മേച്ചും കൃഷി ചെയ്തും വീരപ്പന്റെ കൂടുംബം ജീവിക്കുന്നുണ്ട്. ഞങ്ങളെല്ലാവരും ഗ്രാമത്തില്‍ ഒരേയിടത്തിലാണ് ജീവിക്കുന്നത്. മൂത്ത മകള്‍ പത്മ റാണി പ്രണയ വിവാഹം കഴിച്ച് പോയി. കോളേജില്‍ ഒരുമിച്ച് പഠിച്ച ഒരുപയ്യനുമായി അവര്‍ രജിസ്റ്റര്‍ മാരേജ് ചെയ്തു. അക്കാരണത്താല്‍ തന്നെ അവരുമായി ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന് അത്ര നല്ല ബന്ധം അല്ല. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും ഇളയ മകള്‍ പ്രഭാവതിയും ഒരുമിച്ചുണ്ട്. പ്രഭയുടെ കോളേജ് പഠനം ഈ മാസം അവസാനിക്കും. കൂടുംബത്തില്‍ ഒരു പയ്യന് കല്യാണം കഴിച്ച് കൊടുക്കും. ഇപ്പോള്‍ പോലീസില്‍ നിന്ന് ഒരു വിധം പ്രശ്‌നവും കുടുംബത്തിനില്ല. കാട്ടില്‍ ഒരു സ്വതന്ത്രരാജ്യം നടത്തിയെന്നതും മൃഗങ്ങളെ വെടിവെച്ചുകൊന്നു എന്നതുമായിരുന്നു കുറെ കേസുകള്‍, അതെല്ലാം അവസാനിച്ചല്ലോ. ആരുടേയും പിന്തുണയില്ലാതെ വീരപ്പന് തനിച്ച് അത്ര വലിയ ഒരു മേഖല ഭരിക്കാന്‍ കഴിയുകയില്ല. പുറമെ നിന്നും നല്ല പിന്തുണ ഉണ്ടായിരിന്നു. പുറത്ത് നിന്നും പിന്തുണ ഉണ്ടായിരുന്നു'' മോഹനന്‍ പറയുന്നു.

വീട്ടുവളപ്പിലെ ജോലിത്തിരക്കിനിടയില്‍ നിരവധി പേരാണ് ഇപ്പോള്‍ വീരപ്പന്റെ മരുമകനെ കാണാനെത്തുന്നത്. ഇത് ഒരു പുലിവാലാകുമോയെന്നതാണ് ഇപ്പോള്‍ അദ്‌നാനന്റെ പേടി. "വിശ്വസ്തനായ പണിക്കാരനാണ്. ആത്മാര്‍ത്ഥയുമുണ്ട്. വീരപ്പന്റെ വേഷമണിയുന്നത് ഒരു കൗതുകവുമാണ്. മറ്റ് പുകില്‍ ഉണ്ടാകില്ലായിരിക്കും'', എന്ന പ്രതീക്ഷയിലാണ് അദ്ദേഹം.


Next Story

Related Stories