Top

'നിങ്ങള്‍ ഒരു ചുക്കും ചെയ്യില്ല'; ബിബിസിയുടെ നൂറു സ്ത്രീകളിലൊരാള്‍ വിജി പെണ്‍കൂട്ടിന്റെ സമരവഴികള്‍ ഇതാണ്

വലിയ തിരക്കിലാണ് വിജിയും പെണ്‍കൂട്ടിന്റെ ഓഫീസും. മിഠായിത്തെരുവിലെ തൊഴിലാളികള്‍ ദിവസേനയെന്നോണം കയറിയിറങ്ങുന്ന കോര്‍ട്ട് റോഡിലെ ഐശ്വര്യ സ്റ്റിച്ച് വര്‍ക്ക്‌സില്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടേയും, വിജിയെ അഭിനന്ദിക്കാനെത്തുന്ന സാമൂഹിക പ്രവര്‍ത്തകരുടേയും തിരക്കൊഴിയുന്നില്ല. "ലോകമംഗീകരിക്കേണ്ടി വന്നു ഇവരെയൊക്കെ ഒന്നു കാണാന്‍", ബിബിസി അംഗീകാരത്തിന്റെ വാര്‍ത്തയറിഞ്ഞ്, വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷം പങ്കിടാനെത്തിയ പഴയ സുഹൃത്തിനെ ചൂണ്ടിക്കാട്ടി ചിരിച്ചുകൊണ്ട് വിജി പറയുന്നു.

ലോകമറിയുന്നതിനുമെത്രയോ മുന്നെ കോഴിക്കോട്ടുകാര്‍ക്ക് വിജിയുടെ സമരവഴികളറിയാം. തൊഴിലാളികളില്‍ സ്ത്രീ തൊഴിലാളികളെന്നും പുരുഷ തൊഴിലാളികളെന്നും വേര്‍തിരിവുണ്ടെന്ന അപ്രിയ സത്യം വിളിച്ചു പറഞ്ഞും, സ്ത്രീകളുടെ പ്രശ്‌നം അഭിമുഖീകരിക്കേണ്ട രീതികള്‍ വ്യത്യസ്തമാണെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തിയും, ഈ നഗരത്തിലെ അവകാശപ്രശ്‌നങ്ങളുടെ പരിസരങ്ങളില്‍ വിജി പെണ്‍കൂട്ട് എന്ന വിജിയേച്ചി എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. ലോകത്തെ സ്വാധീനിച്ച നൂറു സ്ത്രീകളുടെ പട്ടികയില്‍ വിജിയുടെ പേരു വന്നത് തങ്ങളോരോരുത്തര്‍ക്കുമുള്ള അംഗീകാരമായി കരുതുന്ന ഒരുകൂട്ടം തൊഴിലാളി സ്ത്രീകളുടെയിടയിലാണ് ഇപ്പോഴുമവര്‍.

സ്ത്രീ തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ ശുചിമുറികളില്ലെന്നും, തുണിക്കടകളിലെ സ്ത്രീകള്‍ മണിക്കൂറുകളോളം ഇരിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും പ്രബുദ്ധ കേരളത്തെ അറിയിക്കാന്‍ ധാരാളം കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട് വിജിക്കും കൂട്ടര്‍ക്കും. മൂത്രപ്പുര സമരവും ഇരിപ്പു സമരവും മുഖ്യധാരാ കേരളം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിനു പിറകിലെ പ്രതിബന്ധങ്ങളുടെ കഥകള്‍ക്കൂ കൂടി ചെവികൊടുക്കേണ്ടതുണ്ട്. അമ്പതാം വയസ്സില്‍ ബിബിസി പട്ടികയില്‍ ഇടം നേടുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ തുടങ്ങിവയ്ക്കപ്പെട്ട ചെറുത്തു നില്‍പ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് വിജി, ഐശ്വര്യയിലെ ചെറിയൊരു മുറിയിലെ പെണ്‍കൂട്ടിന്റെ ഓഫീസിലിരുന്നു കൊണ്ട്.

'ജന്മികളുടെ കഴുത്തരിഞ്ഞ' നക്‌സല്‍ അജിത

"അജിതേച്ചിയുടെയൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയതാണ് ഞാന്‍. അന്വേഷിയിലല്ല, അതിനും മുന്നേ ബോധനയില്‍. അക്കാലത്തെ സമരങ്ങള്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയെല്ലാമായിരുന്നു. ഞങ്ങളുടെ പ്രദേശത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ അജിതേച്ചിക്കും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ടായിരുന്നു. എന്റെ വീട്ടില്‍ തൊഴിലാളിയായ അച്ഛന്‍ തൊഴിലാളി തന്നെയായ അമ്മയെ മര്‍ദ്ദിക്കുന്നതു കണ്ടു വളര്‍ന്ന കഥയൊക്കെ പല തവണ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. തൊഴിലാളികളായിരുന്നിട്ടും സ്ത്രീകള്‍ വീടുകളില്‍ നിരന്തരമായി ആക്രമിക്കപ്പെട്ടു. അതിലേക്കാണ് അജിയേച്ചിയെല്ലാം ഇടപെടുന്നത്. ആ ഇടപെടല്‍ അന്ന് വലിയ ഞെട്ടലുമായി. പഴയ നക്‌സലൈറ്റ് പ്രവര്‍ത്തനത്തിന്റെ വേറൊരു നിറമായിരുന്നു അത്. നക്‌സലൈറ്റ് പ്രവര്‍ത്തനത്തിന്റെ അതേ തീവ്രതയുള്ള ഇടപെടല്‍ തന്നെ അജിതേച്ചിക്ക് അന്ന് സ്ത്രീകളുടെയിടയില്‍ നടത്തേണ്ടിയിരുന്നു.


കുണ്ടൂപ്പറമ്പിലെ ഒരു വികലാംഗയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസൊക്കെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. അജിതേച്ചി, വി.പി സുഹ്‌റ, ഗംഗ എന്നിവരാണ് അന്ന് ബോധനയിലുള്ളത്. ഇവരോടൊപ്പം ഞാനും കാണും. എന്റെ നാട്ടിലെ സ്ത്രീ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇവരേ ഉള്ളൂ എന്നത് എന്നെ ഇവരോടെല്ലാം കൂടുതല്‍ അടുപ്പിച്ചിരുന്നു. ഇവര്‍ ഇടപെട്ടു തുടങ്ങിയതില്‍പ്പിന്നെ സ്ത്രീകളെ കൈവയ്ക്കാന്‍ അവിടുത്തെ പുരുഷന്മാര്‍ രണ്ടാമതൊന്ന് ആലോചിക്കും. പക്ഷേ, ബോധനയ്‌ക്കെതിരെ അതിതീവ്രമായ നീക്കങ്ങള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും അന്നുണ്ടായിട്ടുണ്ട്. വര്‍ഗ്ഗരാഷ്ട്രീയം പോലുമല്ല ഇവരുടേത്. അവരുടെ വര്‍ഗ്ഗരാഷ്ട്രീയം ആത്മാര്‍ത്ഥമാണെങ്കില്‍, എന്റെ അമ്മയും അമ്മമ്മയും അമ്മായിയും മറ്റനേകം സമാനരായ സ്ത്രീകളും തൊഴിലാളികളല്ലേ? അവര്‍ ഇവരുടെ നിര്‍വചനങ്ങളില്‍ നിന്നും പുറത്തായതെങ്ങനെയാണ്? പുരുഷാധിപത്യ വര്‍ഗ്ഗരാഷ്ട്രീയമാണ് അവരുടേത്. കര്‍ഷകപ്രസ്ഥാനത്തിലൂടെയാണ് ഇടതുപക്ഷം രൂപം കൊള്ളുന്നത്. അന്നേ 'കര്‍ഷകസ്ത്രീ' ഇല്ലേ?


പത്താം ക്ലാസ് കഴിഞ്ഞ് തുന്നല്‍ പഠിക്കാന്‍ പോകുന്ന കാലത്ത്, തൊണ്ണൂറുകളിലാണ് ബോധനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. തുന്നല്‍ പഠിക്കാന്‍ പോയിടത്തു നിന്നും അല്ലറ ചില്ലറ ഹാന്‍ഡിക്രാഫ്റ്റ്‌സ് ഒക്കെ പഠിച്ചു വച്ചിട്ടുണ്ട്. അതൊക്കെ സ്ത്രീകള്‍ക്കു പരിശീലിപ്പിക്കാന്‍ എന്നെ വിടാമോയെന്ന് സഖാവ് ശാന്തേടത്തിയാണ് അച്ഛനോട് വന്നു ചോദിക്കുന്നത്. അച്ഛന്‍ എന്നെ വിളിച്ച് പറഞ്ഞതിങ്ങനെയാണ്: "നക്‌സലൈറ്റ് അജിതയാണ് വിളിക്കുന്നത്. ജന്മികളുടെ കഴുത്തരിഞ്ഞയാളാണ്". എന്നാല്‍ അവരെയൊന്ന് കാണണമല്ലോ എന്ന് ഞാനും കരുതി. അച്ഛന്‍ അമ്മയെ അടിക്കുന്നതൊക്കെ അവരോട് പറയാമല്ലോ എന്ന് ഞാന്‍ അപ്പോള്‍ത്തന്നെ തിരിച്ചു പറയുകയും ചെയ്തു."


'നക്‌സല്‍' അജിതയെക്കുറിച്ചുള്ള കഥകള്‍ കേട്ട് ബോധനയ്‌ക്കൊപ്പം പരിശീലപരിപാടികള്‍ക്കു പോയ വിജി പിന്നീട് അവര്‍ക്കൊപ്പം തന്നെ പ്രവര്‍ത്തനം തുടര്‍ന്നു. അക്കാലത്ത് വിജിയുടെ കൂടെ പ്രയത്‌നത്തില്‍ സ്ത്രീകള്‍ക്കായി ഒരു കോപ്പറേറ്റീവ് സൊസൈറ്റിയും സ്ഥാപിക്കപ്പെട്ടിരുന്നു. സ്ത്രീകള്‍ അധികം പുറത്തു പോലും പോകാത്ത, ജോലിക്കു ശ്രമിക്കുക കൂടി ചെയ്യാത്ത അക്കാലത്ത് സ്ത്രീ അവകാശപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള യാത്രകളും ചര്‍ച്ചകളും തന്നെ പല തരത്തില്‍ സ്വാധീനിച്ചിരുന്നിരിക്കണമെന്ന് വിജി ഓര്‍ക്കുന്നുണ്ട്.

'പെണ്ണാണ്, ചോറിനും പേറിനും മാത്രമുള്ളതാണ്'

സ്ത്രീയെന്ന നിലയിലുള്ള സ്വത്വബോധവും അവകാശ-പ്രാതിനിധ്യപ്രശ്‌നങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയ ഒരു കാലമെന്നതിലുപരി, സമൂഹത്തിലേക്കുള്ള തന്റെ ആദ്യ കാല പ്രവേശനങ്ങളെ വിജി നോക്കിക്കാണുന്നത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായാണ്. നാഷണല്‍ വിമന്‍സ് കോണ്‍ഫറന്‍സ് അടക്കമുള്ള അന്നത്തെ ഓര്‍മളോടൊപ്പം വിജി സംസാരിക്കുന്നത് പലപ്പോഴും, ആ വീക്ഷണം തനിക്കുണ്ടാക്കിത്തന്ന അജിതയെക്കുറിച്ചും ബോധനയെക്കുറിച്ചും തന്നെ.

"ദേവഗിരിയില്‍ നടന്ന നാഷണല്‍ വിമന്‍സ് കോണ്‍ഫറന്‍സ് ആണ് പിന്നെ മനസ്സിലുള്ള ഒരു വലിയ ഓര്‍മ. പല ഭാഷ സംസാരിക്കുന്ന, പല നിറത്തിലുള്ള, പല രീതികളുള്ള സ്ത്രീകള്‍. വീട്ടില്‍ നേരത്തേയെത്തണമെന്ന് അച്ഛന്റെ നിര്‍ദ്ദേശമുണ്ടായിട്ടുപോലും, മടങ്ങിപ്പോകാന്‍ തോന്നാത്തത്ര രസമുള്ള ദിവസങ്ങളായിരുന്നു. അന്നത്തെ ആ പ്രവര്‍ത്തനങ്ങളുടെയൊക്കെ ഫലമാണ് നിങ്ങളെല്ലാം ഇന്ന് ഇങ്ങനെ സ്വതന്ത്രരായി വളരുന്നത്. ഉള്ളിന്റെയുള്ളില്‍ ഒരു തീപ്പൊരി നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ട്. ഇനി വളരാന്‍ പോകുന്ന കുട്ടികള്‍ക്ക് വരെ അതു കിട്ടുകയും ചെയ്യും. സമ്മേളനം കോഴിക്കോട്ട് ഉണ്ടാക്കിയ ചലനം അത്ര വലുതാണ്. ഇങ്ങോട്ടു തിരിയരുത്, അങ്ങോട്ടു പോകരുത്, പെണ്ണാണ്, ചോറിനും പേറിനും മാത്രമുള്ളതാണ് എന്നൊക്കെയാണല്ലോ ഇവിടുത്തെ വെപ്പുകള്‍. അതിനിടയില്‍ ജീവിച്ചു വന്ന ഞാന്‍ സമ്മേളനത്തിനു പോയപ്പോള്‍ അവിടെ സ്ത്രീകള്‍ സിസറു വലിക്കുന്നു, നഗ്നരായി കുളിക്കുന്നു, നൃത്തം ചെയ്യുന്നു, ഉറക്കെ കൂക്കിവിളിക്കുന്നു. ആ മൂന്നു നാലു ദിവസങ്ങളാണ് നമ്മളെയൊക്കെ പാടേ അട്ടിമറിച്ചത്. ആ ഊര്‍ജ്ജം അന്നു തൊട്ട് ഉള്ളിലുണ്ട്.


അജിയേച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തിലാണ്. പ്രശ്‌നമുണ്ടായിടത്ത് പൊതുവേദി വച്ച് ഇരുഭാഗവും കേട്ടുകൊണ്ടാണ് ചര്‍ച്ച. അവിടെ അവര്‍ക്കു കോംപ്രമൈസില്ല. പൊതുവേദിയുടെ ഗുണം വേറെയാണ്, നാളെ താനിതു ചെയ്താലും ഇതേ നടപടി നേരിടേണ്ടി വരുമെന്ന് ഓരോ നാട്ടുകാരനും മനസ്സിലാക്കും. കുണ്ടൂപ്പറമ്പിലെ പ്രശ്‌നം മാത്രമല്ല, വേറെയുമുണ്ട് എന്റെ ഓര്‍മയില്‍. പ്രസവിച്ച പാടെ കുട്ടിയെ അച്ഛന്‍ എടുത്തുകൊണ്ടു പോയ സംഭവമൊക്കെയുണ്ട്. ഇതിലൊക്കെ അജിയേച്ചി ഇടപെടുന്നത് കൂടെ നിന്ന് കണ്ടിട്ടുണ്ട്. സ്ത്രീയുടെ കൂടെയാണ് നിലപാട്, അതിലൊരു കോംപ്രമൈസുമില്ല."


തൊഴിലാളിക്കൂട്ടായ്മകള്‍, അവകാശപ്രശ്‌നങ്ങള്‍

"സി.എച്ച് ഫ്‌ളൈഓവറിനു താഴെ ഒരു തയ്യല്‍ക്കടയുണ്ടായിരുന്നു. അവിടെ ജോലി ചെയ്യുകയായിരുന്നു കുറച്ചു കാലം. പതിയെ അതു നഷ്ടത്തിലാവുകയും ഞങ്ങള്‍ക്ക് അത് അവസാനിപ്പിക്കേണ്ടിവരികയും ചെയ്തു. അന്നും പ്രശ്‌നമിതുതന്നെയാണ്. സ്ത്രീകളായതുകൊണ്ട് തുച്ഛമായ കൂലി മാത്രമാണ് കിട്ടുന്നത്. ജോലിഭാരം ആവശ്യത്തിലധികമുണ്ടാവുകയും ചെയ്യും. നായര്‍ സ്ത്രീകളടക്കം പല ജാതിയില്‍പ്പെട്ടവരുണ്ട് കൂട്ടത്തില്‍. പണ്ട് ഓലമെടയാനൊക്കെ പോയിരുന്ന നായര്‍ വീടുകളില്‍ നിന്നും മാറ്റിനിര്‍ത്തലുകള്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും, തൊഴിലാളികളായ സ്ത്രീകളുടെ ആ കൂട്ടായ്മയില്‍ ജാതി ഒരു വിഷയമായിരുന്നതായിപ്പോലും തോന്നിയിട്ടില്ല.


അങ്ങനെ നവോദയ അടച്ചുപൂട്ടിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി. ഞങ്ങള്‍ക്കാര്‍ക്കും തിരിച്ച് വീടുകളിലേക്ക് പോകാനാവില്ല. അത്രയും വിപ്ലവമുണ്ടാക്കി തൊഴിലെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ്. 'ഇറങ്ങിയിട്ടിപ്പോഴെന്തായി' എന്ന ചോദ്യം വരും. അതു നേരിടാനാകുമായിരുന്നില്ല. ഒരുവില്‍ പണം പലിശയ്‌ക്കെടുക്കാന്‍ തീരുമാനമായി. ഞാനാണ് ചെക്കുകൊടുത്തത്. ഒരു പേടിയുമില്ല അന്നൊന്നും. പത്തു ശതമാനം പലിശയ്ക്ക് ഇരുപത്തിയയ്യായിരം രൂപ എടുത്താണ് ഈ കട അന്നെടുക്കുന്നത്. അതിനു ശേഷം വീണ്ടും പതിനായിരവും പതിനയ്യായിരവുമായി പലിശയ്ക്കു വാങ്ങിച്ച് കടം ഏകദേശം അമ്പതിനായിരത്തോളമായി. കൂടെയുള്ളവര്‍ക്കൊക്കെ പീസ് റേറ്റും ശമ്പളവും നിശ്ചയിച്ചു. ഒപ്പം പലിശ അടവും. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു അന്നൊക്കെ. പതിയെപ്പതിയെ കടം എട്ടു ലക്ഷത്തോളമായി.


ഇതിനിടയിലും 'അജിതേച്ചിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച വിജി'യെത്തേടി പരാതിക്കാരെത്തും. പ്രശ്‌നം പറയാനെത്തുന്ന സ്ത്രീകള്‍ക്ക് ഇവിടെയുള്ള പണമെടുത്തു കൊടുക്കുകയും ചെയ്യും. കടമുള്ളതൊന്നും അന്ന് ഓര്‍ക്കില്ല. ഈ പ്രശ്‌നം ആദ്യം തീര്‍ക്കട്ടെ, എന്നിട്ട് അടുത്ത മാസം തൊട്ട് പലിശക്കടം തീര്‍ക്കാമല്ലോ എന്നു ചിന്തിക്കും. പക്ഷേ, ഒന്നു കഴിയുമ്പോള്‍ അടുത്തത് എന്ന കണക്കിന് പ്രശ്‌നങ്ങളുമായി ആളുകള്‍ എത്തുകയും ചെയ്യും. പിന്നെ പലിശക്കാര്‍ വന്ന് വഴക്കു തുടങ്ങി. ഒന്നും പറയാന്‍ പറ്റില്ലല്ലോ. തെറ്റ് എന്റെ ഭാഗത്തല്ലേ. അവസാനം അജിയേച്ചി ഇടപെട്ടാണ് അക്കാര്യത്തിലും സാവകാശം വാങ്ങിത്തന്നത്.


ആ സമയത്താണ് കല്യാണം കഴിച്ചത്. അതും പ്രണയിച്ചൊന്നുമല്ല, കടം വീട്ടാമല്ലോ എന്നോര്‍ത്താണ്. സുരേഷും തയ്യല്‍ക്കാരനായിരുന്നു. ഞങ്ങള്‍ രണ്ടു പേരും രാവും പകലും ഇരുന്ന് ജോലി ചെയ്താണ് കടം മെല്ലെ വീട്ടാന്‍ തുടങ്ങിയത്. അക്കാലത്ത് കുടുംബശ്രീ വന്നു, അതിലും ഞാന്‍ ചേര്‍ന്നു. അവിടുന്ന് ലോണൊക്കെ എടുത്ത് പലിശക്കാരെ ഒരുവിധം ഒഴിവാക്കി. എന്നിട്ടും കടം ഇപ്പോഴും മുഴുവനായും വീട്ടാനായിട്ടില്ല. എന്നിട്ടും പ്രശ്‌നങ്ങള്‍ പറയാനെത്തുന്ന മിഠായിത്തെരുവിലെ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ല. പലപ്പോഴും അജിതേച്ചിയുടെ അടുത്തു വിടാതെ ഞാന്‍ തന്നെ ഇടപെടും.


സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ടു തുടങ്ങുന്നതും അക്കാലത്താണ്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അനുവദിച്ചുകൊണ്ടുള്ള ബില്ല് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആ സമയത്ത് പാസ്സാക്കിയിരുന്നു. 2005-ലാണത്. ഞാനും അഡ്വ. ടി.കെ ആനന്ദിയും ചേര്‍ന്ന് അത് നടപ്പിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും, വര്‍ക്കിംഗ് വുമണ്‍സ് ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ മീറ്റിംഗുകളൊക്കെ വിളിച്ച് ബില്ല് പരിശോധിച്ചപ്പോഴാണ്, ഇവര്‍ തൊഴിലാളികളായിരിക്കണം എന്ന നിബന്ധന ശ്രദ്ധിച്ചത്. തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലായിരുന്നു.


പല തടസ്സങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാത്തവരായ സ്ഥിതിക്ക് ഇവരെ യൂണിയനുകള്‍ തൊഴിലാളികളായി തിരിച്ചറിഞ്ഞാല്‍ മതിയാകുമോ എന്നതായിരുന്നു ആദ്യ വിഷയം. ഞങ്ങളുടെ യൂണിയന്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഞാനിത് ലേബര്‍ ഓഫീസറോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിതാണ്: 'ഏയ് അതു പറ്റില്ല, അതിലൊരുപാട് സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. മിഠായിത്തെരുവിലെ മിക്ക കടകളും രജിസ്റ്റര്‍ ചെയ്യാത്തതും മറ്റാരുടെയൊക്കെയോ പേരിലുള്ളതുമാണ്. നമ്മള്‍ അവര്‍ക്കൊരു കത്തു കൊടുത്താല്‍ കട അവരുടേതാണെന്നതിന് അവര്‍ക്കൊരു തെളിവായില്ലേ'? 'നിങ്ങള്‍ സത്യത്തില്‍ ലേബര്‍ ഓഫീസര്‍ തന്നെയാണോ എന്നാണ് ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചത്. ഇതേ ചോദ്യം ഈയടുത്ത് വീണ്ടും ചോദിച്ചപ്പോള്‍, ഇന്നത്തെ ലേബര്‍ ഓഫീസറും ഇതേ മറുപടി തന്നെയാണ് പറഞ്ഞത് എന്നതാണ് തമാശ.


2005 മുതല്‍ മിഠായിത്തെരുവിലെ കടകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും സജീവമായി ജോലിക്കു കയറിത്തുടങ്ങി. അപ്പോഴാണ് അടുത്ത വിഷയം വരുന്നത്. ഈ സ്ത്രീത്തൊഴിലാളികള്‍ക്ക് ഒന്നു മൂത്രമൊഴിക്കാന്‍ വഴിയില്ല. ഞങ്ങളൊക്കെ ഈ കെട്ടിടത്തിനു പുറകിലുള്ള മതിലിനോടു ചേര്‍ന്ന് തുറന്ന സ്ഥലത്താണ് മൂത്രമൊഴിച്ചിരുന്നത്. എല്ലാവരും ഒരുമിച്ച്. ഈ പ്രശ്‌നം രൂക്ഷമായതോടെയാണ് മൂത്രപ്പുരയ്ക്കു വേണ്ടി 2010ല്‍ പെണ്‍കൂട്ട് എന്ന സംഘടന രൂപം കൊടുത്ത് സമരം ചെയ്യാന്‍ തുടങ്ങുന്നത്. വര്‍ക്കിംഗ് വിമന്‍സ് ഡെവലപ്‌മെന്റ് സൊസൈറ്റി അപ്പോഴേക്കും പിരിച്ചുവിട്ടിരുന്നു. സിഐടിയു ഉണ്ടായിട്ടും ഇക്കാര്യത്തിലൊന്നും ആരും ഇടപെട്ടിരുന്നില്ല."


മൂത്രപ്പുര സമരം മുതല്‍ ഇരിപ്പു സമരം വരെ

പ്രശ്‌നങ്ങളുമായെത്തുന്ന സ്ത്രീകളെ പ്രശ്‌നം പരിഹരിച്ചതിനു ശേഷവും സംഘടനാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്ന രീതിയായിരുന്നു പെണ്‍കൂട്ടിന്. സ്ത്രീകള്‍ക്ക് അവകാശബോധം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് പ്രധാനം. പ്രതികരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ പതിയെ തിരിച്ചറിഞ്ഞോളും. തൊഴിലവകാശത്തിനു വേണ്ടി സമരം ചെയ്യാന്‍ പോലും അനുവാദമില്ലാതിരുന്ന കുറേ സ്ത്രീകള്‍. കുടുംബത്തില്‍ പ്രശ്‌നമാവില്ലേ എന്നും ഇനി ജോലിക്കു വിടാന്‍ വീട്ടിലെ പുരുഷന്മാര്‍ തയ്യാറായില്ലെങ്കിലോ എന്നും കരുതി പ്രതിഷേധിക്കാതിരുന്ന ഈ സ്ത്രീകളുടെ ഉറച്ചുപോയ വിധേയത്വത്തെയാണ് പെണ്‍കൂട്ട് തച്ചുടച്ചത്. സ്വയമധ്വാനിച്ച് നേടുന്ന പണത്തിന്മേലുള്ള അവകാശത്തെക്കുറിച്ച് ഇവരെ ബോധ്യപ്പെടുത്താന്‍ തന്നെ സമയമെടുത്തിരുന്നു. കുടുംബത്തെയടക്കം സമരത്തിനെത്തിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ പെണ്‍കൂട്ട് വരുത്തി.

പതിയെപ്പതിയെ മിഠായിത്തെരുവിലെ തൊഴിലാളികളുടെ ഏക അത്താണി എന്ന നിലയിലേക്ക് പെണ്‍കൂട്ട് ഉയര്‍ന്നു വന്നു. "പുരുഷന്മാര്‍ക്കു കൂടി അംഗത്വം വേണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് യൂണിയനൊക്കെ രൂപീകരിക്കുന്നത്. ധാരാളം തൊഴിലാളിപ്രശ്‌നങ്ങള്‍ ഏറ്റെടുത്തു, അനവധി സമരങ്ങള്‍ ചെയ്തു. വളരെ എളുപ്പത്തിലാണ് മിഠായിത്തെരുവിലെ തൊഴിലാളികളെ കടയുടമകള്‍ പുറത്താക്കുക. നോട്ടീസ് കൊടുപ്പും സമയമനുവദിക്കലുമൊന്നുമില്ല. നാളെത്തൊട്ട് വരണ്ടാ എന്നു തീര്‍ത്തു പറഞ്ഞു കളയും. നിരന്തര സമരങ്ങളിലായിരുന്നു ആരംഭം മുതല്‍."


മൂത്രപ്പുര സമരത്തോടെയാണ് പെണ്‍കൂട്ട് വരവറിയിക്കുന്നത്. സമരം വിജയമായതോടെ, പെണ്‍കൂട്ട് എന്ന സംഘടനയുടെ ഉത്തരവാദിത്തങ്ങളും വര്‍ദ്ധിച്ചു വന്നു. ഐശ്വര്യ സ്റ്റിച്ച് ഹൗസിന്റെ കെട്ടിടത്തില്‍ ശുചീകരണത്തൊഴിലാളിയായി ജോലി നോക്കിയിരുന്ന സൂസന്നയെ പിരിച്ചുവിട്ടതിനെതിരെയും പെണ്‍കൂട്ട് നിലപാടെടുത്തിരുന്നു. മിഠായിത്തെരുവിലെ കടകളില്‍ മിക്കതിലും തൊഴിലാളികളെ പിരിച്ചുവിടുന്നതിന് കൃത്യമായ രീതികളൊന്നുമില്ലായിരുന്നു. നാളെത്തൊട്ട് വരേണ്ട എന്ന് പെട്ടന്നൊരുദിവസം തൊഴിലുടമ ആവശ്യപ്പെട്ടാല്‍, മിണ്ടാതെ അതനുസരിക്കുന്ന രീതി അല്പമെങ്കിലും മാറ്റിയെടുത്തതില്‍ പെണ്‍കൂട്ടിന്റെ പങ്ക് ചെറുതല്ല. പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനം നല്‍കി സ്ത്രീകളെ ജോലിക്കെടുത്ത്, പിന്നീട് അവരെ സൗകര്യമനുസരിച്ച് ഒഴിവാക്കുക എന്ന തൊഴിലാളി വിരുദ്ധ നയത്തിനെതിരെയായിരുന്നു അക്കാലത്തെ പോരാട്ടം.

പെണ്‍കൂട്ടില്‍ നിന്നും അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ അഥവാ എ.എം.ടി.യു കേരളയായി കൂട്ടായ്മ വളര്‍ന്നപ്പോഴും, സമരങ്ങളിലെ വിട്ടുവീഴ്ചയില്ലായ്മയ്ക്ക് ആക്കം കൂടുകയല്ലാതെ ഒട്ടും കുറഞ്ഞതേയില്ല. മിഠായിത്തെരുവിലെത്തന്നെ ഒയിസ്‌ക കോംപ്ലക്‌സിലുള്ള അനക്‌സ് കെട്ടിടത്തിലെ തൊഴില്‍ പ്രശ്‌നമായിരുന്നു യൂണിയന്റെ മറ്റൊരു വിജയം.

ആയിരം രൂപയാണ് അനക്‌സ് കെട്ടിടത്തിലെ 33 കടകള്‍ അടിച്ചുവാരുന്ന ശുചീകരണത്തൊഴിലാളിക്കു ലഭിക്കുക. കടകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തവും ശുചീകരണത്തൊഴിലാളികള്‍ക്കാണെന്നാണ് വയ്പ്പ്. മാലിന്യം ശേഖരിക്കാനെത്തുന്ന കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് ഈ ആയിരം രൂപയില്‍ നിന്നും മാസം ഇരുന്നൂറു രൂപ ഇവര്‍ തന്നെ കൊടുക്കുകയാണ് പതിവ്. ഒരു ദിവസം രാവിലെ പതിവുപോലെ മിഠായിത്തെരുവിലൂടെ നടക്കുന്നതിനിടയിലാണ് ഈ വിഷയം വിജിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. "
ഗിരിജേച്ചി കോര്‍പ്പറേഷന്‍കാര്‍ക്ക് വേസ്റ്റ് കൊണ്ടുചെന്ന് കൊടുക്കുന്നതാണ് ഞാന്‍ കാണുന്നത്. വേസ്റ്റെല്ലാം ഇവരെടുക്കുമല്ലേ എന്നു ചോദിച്ചപ്പോള്‍, പൈസ അങ്ങോട്ടു കൊടുക്കണമെന്നായിരുന്നു മറുപടി. അവരുടെ ഭര്‍ത്താവ് സുഖമില്ലാതെ കിടപ്പിലായിരുന്നു. മകള്‍ പ്രസവത്തിനായി വീട്ടില്‍ വന്നു നില്‍ക്കുന്ന സമയം. അത്രയും ഗതികെട്ട അവസ്ഥയിലുള്ള സ്ത്രീയാണ്. നിങ്ങളിനി ഇവര്‍ക്കു പണം കൊടുക്കണ്ട, ഞാന്‍ പറഞ്ഞോളാം എന്ന് ഞാനവരെ ആശ്വസിപ്പിച്ചു."


ശുചീകരണത്തൊഴിലാളികളുടെ തുച്ഛമായ വരുമാനത്തില്‍ നിന്നും പങ്കു പറ്റരുതെന്ന് കോര്‍പ്പറേഷന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും, അതു വകവയ്ക്കാതെ അടുത്ത മാസവും അവര്‍ ഗിരിജയുടെ കൈയില്‍ നിന്നും പണം വാങ്ങുക തന്നെ ചെയ്തു. അത്രയുമായപ്പോള്‍ സുഹൃത്തായ തേജസ്സിലെ ഫോട്ടോഗ്രാഫര്‍ക്കൊപ്പം സ്ഥലത്തെത്തി വിജി അവര്‍ പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ ചോദ്യം ചെയ്തപ്പോള്‍, ലോകമറിയട്ടെ എന്നു മറുപടിയും പറഞ്ഞു. വിവരം കെട്ടിടമുടമ അറിയുകയും, ഗിരിജയ്ക്ക് ജോലി നഷ്ടമാകുകയും ചെയ്തു.

"പതിവു പോലെ കടയെല്ലാം അടിച്ചുവാരി വൃത്തിയാക്കി, ചവറെല്ലാം ചാക്കില്‍ നിറച്ചുവച്ച ശേഷമാണ് ഗിരിജേച്ചിയോട് അവര്‍ പിറ്റേന്നു മുതല്‍ വരേണ്ടെന്നു പറയുന്നത്. ഗിരിജേച്ചി അവിടുന്നു പോരുന്നതിനു മുന്നെ ആ ചാക്കിലെ ചവറൊക്കെ തിരികെ അവിടെ വിതറിയിട്ടാണ് പോന്നത്. 'ഞാനിങ്ങനെ ചെയ്തിട്ടുണ്ട്, തെറ്റാണോ ശരിയാണോ എന്നൊന്നുമറിയില്ല' എന്നാണ് അവര്‍ ഇവിടെ വന്നിട്ടു പറഞ്ഞത്. ചെയ്തതു ശരിയായി എന്നു തന്നെ ഞാന്‍ പറഞ്ഞു. അതൊരു സമരമാണ്. വിവരമന്വേഷിക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ അവിടെയെല്ലാവരും വട്ടമിട്ടു നിന്ന് ഗിരിജേച്ചിയുടെ കാലു തല്ലിയൊടിക്കുമെന്ന ആക്രോശമാണ്. ഒരു ചുക്കും ചെയ്യില്ലെന്ന് ഞാനും പറഞ്ഞു. ഒരു ദിവസം കടപൂട്ടിപ്പോയിട്ട് അടുത്ത ദിവസം തുറക്കാന്‍ തിരിച്ചു വരുമ്പോള്‍ കെട്ടിടമുടമ സാധനങ്ങളെടുത്തു പുറത്തിട്ടതു കണ്ടാല്‍ ഇവര്‍ മിണ്ടാതെ നോക്കി നില്‍ക്കുമോ? ഗിരിജേച്ചിയെ തിരിച്ചെടുക്കില്ല എന്ന വാശിയിലായിരുന്നു അവര്‍. സമരം ചെയ്ത് അവരെ തിരിച്ചെടുപ്പിക്കുക തന്നെ ചെയ്തു."

മിഠായിത്തെരുവിലെ തൊഴിലാളികള്‍ക്കും കടയുടമകള്‍ക്കുമിടയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച സമരം കൂടിയായിരുന്നു അത്. പ്രശ്‌നങ്ങള്‍ പറയാന്‍ തങ്ങള്‍ക്കൊരു വേദിയുണ്ടെന്ന് തൊഴിലാളികളും, തൊഴിലാളിപ്രശ്‌നത്തില്‍ ഇടപെടാന്‍ പെണ്‍കൂട്ട് എന്നൊരു സംഘടന ശക്തമായിത്തന്നെ രംഗത്തുണ്ടെന്ന് മുതലാളിമാരും തിരിച്ചറിഞ്ഞു. പെണ്‍കൂട്ടിന് പതിയെ ഒരു മേല്‍വിലാസമുണ്ടായിവരികയായിരുന്നു. അതിനു ശേഷമാണ് ജയശ്രീ ടെക്‌സ്റ്റയില്‍സുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമുണ്ടാകുന്നത്. കട പൂട്ടിയതിനെത്തുടര്‍ന്ന്, കാലങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളെ പണം കൊടുത്ത് പറഞ്ഞയച്ചപ്പോഴും, ശുചീകരണത്തൊഴിലാളിയായിരുന്ന പ്രേമയ്ക്ക് തുച്ഛമായൊരു തുക പോലും നല്‍കിയിരുന്നില്ല.

"സി.ഐ.ടി.യു അടക്കമുള്ള സംഘടനകളെ പ്രേമേടത്തി അന്നു സമീപിച്ചിരുന്നു. കട നഷ്ടത്തില്‍ പൂട്ടുകയല്ലേ എന്നെല്ലാം പറഞ്ഞ് അവര്‍ തിരിച്ചയയ്ക്കുകയാണുണ്ടായത്. ഇവിടെ വന്നു നിന്ന് പ്രേമേടത്തി പ്രശ്‌നങ്ങള്‍ പറയുകയായിരുന്നില്ല, കരയുക തന്നെയായിരുന്നു. അപ്പോള്‍ത്തന്നെ ഓട്ടോയും വിളിച്ച് കടയുടമയുടെ വീട്ടില്‍പ്പോയി. കാര്യം പറഞ്ഞപ്പോള്‍ത്തന്നെ പണം കൊടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. ലേബര്‍ ആക്ട് പ്രകാരം കൊടുക്കേണ്ട തുകയും, ഒപ്പം വൈകിയതിനുള്ള നഷ്ടപരിഹാരവുമാണ് ഞങ്ങളാവശ്യപ്പെട്ടത്. നല്ലൊരു സംഖ്യ തന്നെ അവര്‍ക്കു കൊടുത്തു. നേരത്തേ നടത്തിയ സമരങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്നതു കൊണ്ടാണ് അന്ന് ആ കടയുടമ അതിനു തയ്യാറായത്."

കോഴിക്കോട്ട് പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രമായി വളര്‍ന്നു വരുന്ന സംഗീത് എന്ന സ്ഥാപത്തിലായിരുന്നു അടുത്ത പ്രശ്‌നമുണ്ടായത്. വലിയ തൊഴില്‍ ചൂഷകരാണ് സംഗീതിന്റെ ഉടമസ്ഥരെന്ന് വിജി പറയുന്നു. റിസപ്ഷനില്‍ ജോലി നോക്കിയിരുന്ന പെണ്‍കുട്ടിയെ അന്യായമായി പിരിച്ചുവിട്ടതിനെത്തുടര്‍ന്നായിരുന്നു അവിടുത്തെ പ്രശ്‌നം. "മിഠായിത്തെരുവില്‍ അവളെ എല്ലാവര്‍ക്കുമറിയാമായിരുന്നു. സംഗീതില്‍ അവള്‍ ജോലി നോക്കിയിട്ടുണ്ടെന്നതിനു തെളിവു കണ്ടെത്താന്‍ വലിയ താമസമൊന്നുമുണ്ടാകില്ല. ഒരു വര്‍ഷത്തോളം കൊടുക്കാതെ വച്ചിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് അവള്‍ക്ക് ഉടമസ്ഥര്‍ കൊടുക്കാന്‍ തയ്യാറായത്, ഞങ്ങള്‍ ഇടപെട്ടതിനു ശേഷം. കച്ചവടത്തെ ബാധിക്കുമെന്ന ചിന്തയൊക്കെ ഉണ്ടായിക്കാണും."

2014ല്‍ കൂപ്പണ്‍മാളിലെ സമരമായിരുന്നു അടുത്തത്. വലിയ വാര്‍ത്തയാകുകയും, സമരങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് കോഴിക്കോട്ടെ സാധാരണക്കാരായ വീട്ടമ്മമാരെ വരെ ബോധ്യപ്പെടുത്തുകയും ചെയ്ത ഒരു ഇടപെടലായിരുന്നു അരയിടത്തു പാലം കൂപ്പണ്‍മാളിലെ പെണ്‍കൂട്ട് സമരം. മാളിലെ 30 സ്ത്രീ തൊഴിലാളികളെ കാരണമില്ലാതെ പറഞ്ഞുവിട്ടതിനെത്തുടര്‍ന്ന് മാനേജരെ ഘരാവോ ചെയ്തുള്ള സമരത്തില്‍, സ്ത്രീകള്‍ കൂട്ടമായി പങ്കെടുത്തു. പകല്‍ മുഴുവന്‍ സമരം ചെയ്തും, ഇടയ്ക്ക് വീട്ടില്‍പ്പോയി ഭക്ഷണമുണ്ടാക്കി തിരികെ വന്ന് വീണ്ടും സമരം ചെയ്തും, പ്രതിഷേധിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെത്തന്നെ തിരിച്ചു പിടിക്കുകയായിരുന്നു വിജിയും കൂട്ടുകാരും.

ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ ഒരു നടന്‍ വന്നപ്പോള്‍ അയാളെ നോക്കി എന്നു പറഞ്ഞാണ് ഒരു തൊഴിലാളിക്കെതിരെ നടപടിയെടുക്കുന്നത്. ജോലി വേണ്ട, നഷ്ടപരിഹാരം മതി എന്നു പറഞ്ഞ തൊഴിലാളിക്ക് ഒന്നരലക്ഷം രൂപയാണ് പെണ്‍കൂട്ട് നേടിക്കൊടുത്തത്. കമ്മ്യൂണിറ്റി വര്‍ക്കര്‍മാരെ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാക്കുന്ന സമരം, സപ്ലൈകോ പാക്കിംഗ് തൊഴിലാളികളുടെ സമരം എന്നിങ്ങനെ ഇടപെട്ട എല്ലാ തൊഴിലാളി പ്രശ്‌നങ്ങളിലും വിജയം കണ്ടിട്ടുള്ളവരാണ് ഈ സ്ത്രീകള്‍. എങ്കിലും, ഇന്നേവരെ തങ്ങള്‍ ഇടപെട്ട ഒരു സമരത്തിലും ലേബര്‍ ഓഫീസര്‍മാര്‍ ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നുണ്ട് വിജി. അങ്ങേയറ്റം ഉദാസീനമായ പെരുമാറ്റമുള്ള, അല്ലെങ്കില്‍ ലേബര്‍ കോടതിയില്‍ പോകൂ എന്ന നിരുത്തരവാദിത്തപരമായ ഉപദേശം മാത്രം തരുന്ന ഓഫീസര്‍മാര്‍ തൊഴിലുടമകളുടെ പിണിയാളുകളാണെന്നതിലും ഇവര്‍ക്കു സംശയമില്ല. സമരം വാര്‍ത്തയാകുമ്പോള്‍ മാത്രം വന്നെത്തിനോക്കുന്ന ലേബര്‍ ഓഫീസര്‍മാരില്‍ തൊഴിലാളികള്‍ക്കിപ്പോള്‍ വിശ്വാസവുമില്ല.

ചരിത്രത്തിലേക്കു നടന്നുകയറിയ ഇരിപ്പു സമരം

"കൂപ്പണ്‍മാളിലെ സമരത്തിനു ശേഷമാണ് ഇരിക്കാനുള്ള സൗകര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ പഠനം നടത്തുന്നത്. അന്ന് ഘൊരാവോ ചെയ്യുന്നതിനിടെ ഇരിക്കാന്‍ നോക്കിയപ്പോള്‍ അവിടെ ഇരിപ്പിടങ്ങളില്ല. അങ്ങിനെയാണ് ഈ പ്രശ്‌നം ഉയര്‍ന്നു വരുന്നത്. സിസിടിവിയിലൂടെ നോക്കി പണിയെടുപ്പിക്കുക എന്നതാണ് രീതി. കസ്റ്റമറിന്റെ തിരക്കുകള്‍ക്കനുസരിച്ചാണ് ഭക്ഷണസമയം പോലും. അങ്ങനെ മൃഗീയമായ രീതിയിലാണ് ഇടപെടലുകള്‍. എല്ലാവര്‍ക്കും കത്തുകൊടുത്തു നോക്കി. കേസു കൊടുക്കാന്‍ തീരുമാനിച്ചപ്പോഴും പൈസയുടെ പ്രശ്‌നം വന്നു. അങ്ങനെയാണ് സമരത്തിലേക്കു നീങ്ങുന്നത്. 2014 മാര്‍ച്ച് എട്ടിന് ഞങ്ങള്‍ ലഘുലേഖയൊക്കെ തയ്യാറാക്കി സമരപ്രഖ്യാപനം നടത്തി. ലഘുലേഖ സാറാ ജോസഫിനെക്കൊണ്ട് ഒരു തൊഴിലാളിക്കു കൊടുത്തുകൊണ്ടായിരുന്നു പ്രഖ്യാപനം. 'ഇരിക്കാനുള്ള നിയമമുണ്ടോ' എന്നാണ് ലേബര്‍ ഓഫീസര്‍ പോലും ചോദിക്കുന്നത്. തൊഴിലാളിക്ക് തൊഴിലെടുക്കാനുള്ള സുഗമമായ സാഹചര്യമൊരുക്കേണ്ട ലേബര്‍ ഓഫീസര്‍മാരാണ് ചോദിക്കുന്നത്, നിയമമുണ്ടോ എന്ന്. മുതലാളികളെ സംരക്ഷിക്കാനുള്ള ചോദ്യങ്ങളാണ്.

ലഘുലേഖകള്‍ വിതരണം ചെയ്തും, ജോലി കഴിഞ്ഞു പോകുന്ന തൊഴിലാകളോട് കാര്യങ്ങള്‍ വിശദീകരിച്ചും, പോസ്റ്ററൊട്ടിച്ചും ഒക്കെയായിരുന്നു തുടക്കം. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമടക്കം എല്ലാവര്‍ക്കും കത്തുകളയച്ചു. ഒടുവില്‍ മേയ് ഒന്നിന് തൊഴിലാളികള്‍ക്കൊപ്പം മിഠായിത്തെരുവിലൂടെ കസേര തലയില്‍ വച്ചു സമരം ജാഥ നടത്തി. ഇരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് കസേരകള്‍? തലയില്‍ വയ്ക്കുക തന്നെ. അത് മാധ്യമങ്ങള്‍ ഏറ്റെടുത്തു. വാര്‍ത്ത സര്‍ക്കാരിലേക്കെത്തി. അന്നത്തെ യൂത്ത് കമ്മീഷന്‍ വിഷയം തെളിവോടുകൂടി മന്ത്രി ഷിബു ബേബി ജോണിന്റെ മുന്നില്‍ വച്ചു, ചര്‍ച്ചകള്‍ നടത്തി. ഇരിക്കാനുള്ള നിയമം ഇല്ല എന്ന തരത്തില്‍ തന്നെയാണ് അപ്പോഴും ചര്‍ച്ചകള്‍ പോകുന്നത്. ഞങ്ങള്‍ അവസാനം അയാളുടെ കാലു പിടിക്കുന്ന രീതിയില്‍ വരെ സംസാരിക്കേണ്ടി വന്നു. ഇരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കെഞ്ചിപ്പറഞ്ഞു."

മുതലാളിമാരുടെ അതേ സ്വരമായിരുന്നു അന്ന് മന്ത്രി ഷിബു ബേബി ജോണിന് എന്ന് വിജി ഓര്‍ക്കുന്നു. മുന്നില്‍ നില്‍ക്കുന്ന സ്ത്രീകളുടെ പ്രശ്‌നം ഒട്ടും മനസ്സിലാക്കാതെയും ബഹുമാനം കല്‍പ്പിക്കാതെയുമായിരുന്നു മന്ത്രിയുടെ പ്രതികരണം. തൊഴിലാളിവിരുദ്ധ നടപടികളിലേര്‍പ്പെടുന്ന തൊഴിലുടമകള്‍ക്ക് 250 രൂപ പിഴ നല്‍കുന്ന 1960ലെ നിയമത്തിനു പകരം, നിയമലംഘനം ചെയ്യുന്നവര്‍ക്ക് അയ്യായിരം മുതല്‍ പതിനായിരം വരെ രൂപ പിഴ ചുമത്തുകയാണ് അദ്ദേഹം ചെയ്തതെന്ന് വിജി പറയുന്നു. ഒരു മാസം കടകളിലെ കാരുണ്യപ്പെട്ടിയില്‍ വരുന്ന തുക പോലും അത്രത്തോളം വരുമെന്നാണ് വിജിയുടെ പക്ഷം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് ഇതേ ആവശ്യവുമായി മന്ത്രി ടി.പി രാമകൃഷ്ണനെ എ.എം.ടി.യു പ്രവര്‍ത്തകര്‍ കണ്ടിരുന്നു. തിരുവനന്തപുരത്തെ തുണിക്കടകളില്‍ നേരിട്ടു പരിശോധന നടത്തിയാണ് അദ്ദേഹം പെണ്‍കൂട്ടിന്റെ ആവശ്യങ്ങളോടു പ്രതികരിച്ചത്. പഴയ നിയമം തിരുത്തി പിഴയുടെ തുക ഒരു ലക്ഷത്തിലധികമാക്കി ഉയര്‍ത്തിയതും ടി.പി രാമകൃഷ്ണന്റെ ഉടപെടല്‍ തന്നെയാണ്.

"ഇരിക്കാന്‍ കസേരയുണ്ടായിട്ടു കാര്യമില്ല, ഇരിക്കാന്‍ അനുവാദമില്ല എന്നതാണ് സ്ത്രീ തൊഴിലാളികളുടെ നിലവിലെ പരാതി. അതില്‍ ലേബര്‍ ഓഫീസര്‍ തന്നെ ഇടപെടേണ്ടതുണ്ട്. നാലു മണിക്കൂറില്‍ ഒരു മണിക്കൂര്‍ ഇവര്‍ക്ക് വിശ്രമമനുവദിക്കണമെന്നാണ്. പക്ഷേ, അതനുവദിക്കുന്നില്ലെന്നു മാത്രമല്ല, പത്തും പന്ത്രണ്ടും മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുകയും കൂടിയാണ്. ഇനി ഞങ്ങളുടേതടക്കമുള്ള യൂണിയന്റെ ഇടപെടല്‍ മാത്രമാണൊരു വഴി. കയറിച്ചെല്ലുക, എക്‌സ്ട്രാ ടൈം ജോലി ചെയ്യുന്നവര്‍ക്ക് അലവന്‍സ് വേണമെന്നാവശ്യപ്പെടുക, അങ്ങനെയുള്ള ഇടപെടലുകള്‍. നിയമം വന്ന സ്ഥിതിക്ക് കേസും കൊടുക്കാം. അങ്ങിനെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി എ.എം.ടി.യു ചെയ്യാനുദ്ദേശിക്കുന്നത്." അതോടൊപ്പം തന്നെ, കാലങ്ങളായി അവഗണന അനുഭവിക്കുന്ന മുതലക്കുളത്തെ അലക്കുതൊഴിലാളികള്‍ക്ക് സ്വസ്ഥമായി ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതിയൊരുക്കാനും യൂണിയന്‍ ലക്ഷ്യമിടുന്നുണ്ട്.

ബിബിസി അംഗീകാരത്തില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോഴും, തങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലം തൊഴിലാളികളില്‍ എത്തിത്തുടങ്ങുമ്പോഴേ ആ അംഗീകാരത്തിന് അര്‍ത്ഥമുണ്ടാകുന്നുള്ളൂ എന്നു കൂടി പറയുന്നുണ്ട് വിജി. മാധ്യമങ്ങളുടെ തിരക്ക് ഒന്നടങ്ങിയാലുടന്‍ ഇരിപ്പു സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് എ.എം.ടി.യു. നിയമം വന്നിട്ടും ഇരിക്കാന്‍ സാധിക്കാതെ പോകുന്നവരെക്കുറിച്ചാണ് സംസാരത്തിനിടയിലും വിജിയുടെ ചിന്ത. സമരങ്ങളുടെ ഭാഗമായി പെണ്‍കൂട്ട് ഇന്നേവരെ നടത്തിയിട്ടുള്ള എഴുത്തുകുത്തുകളുടേയും മറ്റും പകര്‍പ്പും, ഉത്തരവുകളുടെ രേഖകളും അടുക്കിവച്ചിട്ടുള്ള ഒരു പഴയ പെട്ടിയുടെമേല്‍ ഇരുന്നു സംസാരിക്കുമ്പോഴും, നിര്‍ത്താതെ മണിയടിക്കുന്ന ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ പലപ്പോഴും അടുത്ത സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നവരായിരുന്നു താനും.

അനുമോദനച്ചടങ്ങുകളും അഭിമുഖത്തിരക്കുകളും കഴിഞ്ഞാല്‍ വിജി വീണ്ടും കോഴിക്കോട്ടെ തുണിക്കടകളിലേക്കെത്തും, ലേബര്‍ ഓഫീസര്‍മാര്‍ കൈവിട്ടാലും 'നിങ്ങള്‍ ഒരു ചുക്കും ചെയ്യില്ല' എന്നു പറഞ്ഞു കൊണ്ടു തന്നെ സമരങ്ങള്‍ തുടരുകയും ചെയ്യും. പോരാനിറങ്ങുമ്പോള്‍ അവര്‍ ചോദിച്ചതും, 'നിങ്ങളുടെ ജോലിസ്ഥലത്ത് ശമ്പളപ്രശ്‌നമൊന്നുമില്ലല്ലോ മോളേ, എല്ലാം കൃത്യമല്ലേ?' എന്നു തന്നെയായിരുന്നു. മറ്റെന്തു കാര്യമാണ് വിജി പെണ്‍കൂട്ട് എന്ന അവകാശപ്രവര്‍ത്തകയ്ക്ക് മറ്റൊരു സ്ത്രീ തൊഴിലാളിയോട് ചോദിക്കാനുണ്ടാവുക!

https://www.azhimukham.com/keralam-fair-lmplementation-of-shops-and-establishment-act-is-needed-reports-anjali/

https://www.azhimukham.com/women-trade-union-amtu-registration-unorganised-sector-anima/

https://www.azhimukham.com/offbeat-shopsandestablisments-act-amendment-is-the-direct-result-of-irikkal-protest-writes-saju/

https://www.azhimukham.com/newswrap-how-kerala-niyamasabha-dishonoured-viji-who-selected-in-influential-100-women-world-list-by-bbc/


Next Story

Related Stories