TopTop
Begin typing your search above and press return to search.

'പുഞ്ചിരിച്ച് കൊണ്ട് അയാള്‍ വലതു കൈ എന്റെ നേരെ നീട്ടി..' ബാലഭാസ്‌കറിനെക്കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ്‌

പുഞ്ചിരിച്ച് കൊണ്ട് അയാള്‍ വലതു കൈ എന്റെ നേരെ നീട്ടി.. ബാലഭാസ്‌കറിനെക്കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ്‌

കാസര്‍ഗോഡ് സ്വദേശി സുനില്‍കുമാര്‍ കാവിന്‍ചിറ ഫെയ്‌സ്ബുക്കില്‍ കുറിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിനൊപ്പമുള്ള ഒരു യാത്ര അനുഭവം.

അന്നുമൊരു, ചൊവ്വാഴ്ച ആയിരുന്നു... പെരുമഴക്കാലത്തിനിടയിലെ, ചെറു ചാറ്റല്‍ മഴയുളള പ്രഭാതം. അലറാം മുഴങ്ങാത്തത് കൊണ്ടും, പാതിരാത്രിയില്‍ കാറ്റോടൊപ്പം തെളിഞ്ഞ് മിന്നി മാഞ്ഞ് പോയ ചുമരിലെ വൈദൃുതി വെളിച്ചം തിരികെ വരാത്തത് കൊണ്ടും ചാറ്റല്‍ മഴയത്ത് ഓടി കിതച്ചാണ് തീവണ്ടി ആപ്പീസ്സില്‍ എത്തുന്നത്. ചാറ്റല്‍ മഴയില്‍ കുതിര്‍ന്നാണ്, തണുത്ത് വിറച്ചാണ് തീവണ്ടി എത്തിയത്.

''16649 Mangalore Cntl-Nagercoil Jn പരശുറാം Exprss....

മംഗലാപുരത്ത് നിന്നുമുളള മുല്ലപ്പൂ കെട്ടുകള്‍ വലിയ ചാക്കുകളിലാക്കി ഓരോ തീവണ്ടി ആപ്പിസിലും ഇറക്കികൊടുക്കുന്നുണ്ട്. ഇന്നലത്തെ വണ്ടികയറ്റത്തില്‍ മൊട്ടുകളായിരുന്നവര്‍ പുലര്‍ച്ചെയുളള തീവണ്ടി കിലുക്കങ്ങള്‍ക്കിടയില്‍ എപ്പൊഴൊ വിടര്‍ന്നിരിക്കുന്നു. അതുകൊണ്ടൊക്കെയാവും, പുലര്‍ച്ചെയുളള പരശുറാം യാത്രയ്ക്ക് എന്നും കട്ടപിടിച്ച പ്രണയത്തിന്റെ ചാറ്റല്‍ മഴകുതിര്‍ന്ന ഉന്മാദത്തിന്റെ ഗന്ധം കൂടിയുണ്ട്.

S4, 23. തിരക്കുകള്‍ ഇല്ലാത്ത തീവണ്ടി യാത്രകള്‍, ആളൊഴിഞ്ഞ കളിയാട്ട കാവുകളെ പോലെയാണ്.

ചായ...,

കാപ്പി...,

വട...,

വാട്ടര്‍...,

ഓരോ, ഉച്ചാരണത്തിനും, പ്രാസ്സമൊപ്പിച്ച ഓരോ സംഗീതാത്മകതയുണ്ട്... കണ്ണൂരെത്തിയതും തീവണ്ടിയില്‍ തിരക്കിത്തിരി കൂടിവരുന്നുണ്ട്. ഒഴിച്ചിട്ട തന്റെ സീറ്റുകളിലേക്ക് ഓരോത്തരും കയറിവരുന്നു. ജോലിസ്ഥലത്തേക്ക്, ഗുരുവായൂരിലേക്ക്, മുടികൊഴിച്ചിട്ട കീമോതെറാപ്പിയുടെ ക്ഷീണമുളളവര്‍, കല്ലൃാണം കൂടാന്‍പോന്ന അത്തര്‍ മണമുളള കുടുംബങ്ങള്‍, തണുത്ത ചില്ലു ജാലകത്തില്‍ മുഖം ചേര്‍ത്ത് ഇയര്‍ഫോണിലൂടെ ഏതോ യുഗ്മ ഗാനം കേട്ടുകൊണ്ട് മിഴികോണുകളില്‍ താളം പിടിക്കുന്നുന്ന അല്‍പം നീല നിറമുളള കണ്‍മഷിയെഴുതിയ ആരുടെയോ കാമുകി..

7:10 നാണ് തീവണ്ടി തലശ്ശേരി തീവണ്ടി ആപ്പീസ്സില്‍ എത്തിയത്. അവിടെന്നാണ് അല്‍പ്പം നിറഞ്ഞ ഞാന്‍ ഇരുന്ന ബോഗിയിലേക്ക്, കറുത്ത കുപ്പായമിട്ട, പിറകില്‍ ഒരു വലിയ ബാഗ് തൂക്കിയിട്ട് കൈയ്യില്‍ ഒരു സൂട്ട്‌കേസ്സുമായി നീലകണ്ണുളള ഒരു വെളുത്ത സുന്ദരന്‍ കടന്നു വന്നത്. തന്നെ, യാത്രയാക്കാന്‍ വന്നവരോട് കംബാര്‍ട്ട് മെന്റിന്റെ വാതില്‍ പടിയില്‍ നിന്നും പറഞ്ഞ് വന്ന കഥ തുടരുകയാണയാള്‍. തീവണ്ടി നീങ്ങി തുടങ്ങി... അകന്ന് പോയവരോട് കൈവീശിയാത്ര ചോദിച്ച് അയാള്‍ S4, 27 വന്നിരുന്നു....

ചിരിമായാത്ത മുഖം. പണ്ട് കണ്ട മഹാഭാരതത്തിന്റെ ഹിന്ദി പരബരയിലെ സുന്ദരനായ ശ്രീകൃഷ്ണന്റെ മുഖം പോലെ, വല്ലാത്ത തേജസ്സുളള മുഖം, ആ മുഖം, നല്ല പരിചയം... അതെ.... അയാള്‍ തന്നെ ''ബാല ഭാസ്‌ക്കര്‍... പലര്‍ക്കും അദേഹത്തെ മനസിലായതായി എനിക്കും തോന്നീ. ആരും പരസ്പരം നോക്കുന്നില്ല. ''ഇവനൊക്കെ ആര്...? എന്ന പുഛഃഭാവമാണ് ചുറ്റുമുളളവര്‍ കൈയ്യിലെ മുറം പോലുളള മൊബൈലില്‍ എന്തൊക്കെയോ കുത്തിയിളക്കുകയാണവര്‍...

ബാല ഭാസ്‌ക്കറിന്റെ ചിരി കണ്ടിട്ടുണ്ടോ...? ചിരിക്കുബോള്‍ അദേഹത്തിന്റെ കവിള്‍ ഉയര്‍ന്ന് കണ്ണുകളെ മറക്കും. കറുത്ത് തടിച്ച പുരികങ്ങള്‍ ചിറകുപോലെ നെറ്റിതടത്തില്‍ നൃത്തമാടും.''എങ്ങോട്ടാണ്...? ഞാനാണ് ചോദിച്ച് തുടങ്ങിയത്. ''കോട്ടയം വരെ.

'കണ്ണൂര്...?

'ഒരു പ്രോഗ്രാം ഉണ്ടായിരുന്നു.ബ്രണ്ണലില്‍.

''അങ്ങയുടെ, വയലിന്‍ എനിക് വല്ലാത്ത ഇഷ്ടമാണ്. മാന്ത്രികനാണ് അങ്ങ്... മുഖം നിറഞ്ഞ് ചിരിക്കുക മാത്രമാണ് അദേഹം ചെയ്തത്. ആ കൈ ഒന്ന് തരാമോ...? എന്റെ ചോദൃം കേട്ട് ബാല ഭാസ്‌ക്കന്‍ ആദൃമെന്ന് എന്നെ വല്ലാതെ നോക്കി.. പുഞ്ചിരിച്ച് കൊണ്ട് അയാള്‍ വലതു കൈ എന്റെ നേരെ നീട്ടി. ആ ചെറു വിരലുകളില്‍ പോലും, സംഗീതം വലിഞ്ഞു കെട്ടിയ ഏതോ മാസ്മരികയുളളത് പോലെ...

അദേഹവും സംസാരിച്ച് തുടങ്ങി, ഒരു നാടകീയതയുമില്ലാതെ തനി കാസര്‍ഗോഡന്‍ സംസാര രീതിയില്‍ ഞാനും. തനി തിരുവിതാംകൂറുകാരനായി അദേഹവും. ആദൃം പറഞ്ഞത് തുടങ്ങിയതും, ഭാഷയെ കുറിച്ചായിരുന്നു, പിന്നെ തെയ്യം, പെരുംകളിയാട്ടങ്ങള്‍, രാഷട്രീയം, രാഷ്ട്രീയ കൊലപാതകങ്ങള്‍, പിന്നെ സംഗീതം...

കൈയ്യില്‍ കരുതിയ അമ്മയുണ്ടാക്കിയ ചക്ക അപ്പത്തിന്റെ ചോറ്റ് പാത്രം ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ തുറക്കപ്പെട്ടു. നൊസ്സ്റ്റാള്‍ജീനിയനായ എനിക്കുളളത് പോലെ ചക്കയോടും മാങ്ങയോടും ചക്കയപ്പതോടൊന്നും അദേഹത്തിന് വലിയ മമതയില്ലെന്ന് കരുതി ചക്കഅപ്പത്തിന്റെ കാരൃം ഞാനും മിണ്ടിയില്ല. സെലിബ്രറ്റികള്‍ക്കെല്ലാം ഒടുക്കത്തെ ജാഡയാണെന്ന മലയാളികള്‍ക്കുളള ജന്‍മ ജന്‍മാന്തര ധാരണ തിരുത്തപ്പെട്ട നിമിഷമായിരുന്നു അത്.

https://www.azhimukham.com/trending-bid-adieu-balabhaskar/

അടുത്തിരുന്ന പയ്യന്നൂര്‍ക്കാരന്‍ സുകുമാരേട്ടന്‍ എന്റെ ചോറ്റുപാത്രത്തില്‍ നിന്നും ഹല്‍വ്വ പോലെ മുറിച്ച് കഷ്ണങ്ങളാക്കിയ അപ്പങ്ങള്‍ എടുത്ത് കഴിച്ച് തുടങ്ങി. സുകുമാരേട്ടനാണ് ബാല ഭാസ്‌ക്കറിനോട്..., ''ഒരു കഷ്ണമെടുക്കു... ''ഓ...താങ്ക്സ്സ്.... നിറഞ്ഞ ചിരിയോടെ ബാലഭാസ്‌ക്കര്‍ ഒന്നെടുത്തു കഴിച്ചു തുടങ്ങി.... ''സുപ്പര്‍ രൂചിയാണല്ലോ... പിന്നെയുളള സംസാരം മലബാറിലെമ്പാടുമുളള അപ്പതരങ്ങളെ കുറിച്ചായിരുന്നു.

സുകുമാരേട്ടന്‍... മെല്ലെ മൂളി തുടങ്ങി.....

''അപ്പങ്ങളെമ്പാടും ചുട്ടമ്മായി

മരുമോനെ വീട്ടില്‍ വിളിച്ചമ്മായി

അപ്പാടെ അപ്പങ്ങളോരോതരം

അരയില്‍ ചുമന്ന് വരുന്നമ്മായി

അരികലക്കി ചുട്ടപ്പം

മതിയില്‍ വരും നെയ്യപ്പം

മധുരമുള്ള കലത്തപ്പം

മനംകവരും ഇടിയപ്പം

പൊരിയും മിച്ചറും നൈയ്യലുവ

മണിയറയില്‍ കൊണ്ടുവെച്ചു

തിന്ന് മോനെ... വേണ്ടമ്മായി...

തിന്നടാ മോനെ... വേണ്ടമ്മായി...

മോനെ മരുമോനെ

കനിതേനെന്നും പറന്ന് കൊണ്ട്

മരുമോനെ തീറ്റിക്കുന്ന

മുത്തമ്മായി...

നല്ല മുത്താരമ്മായി...

ആഹാ.... ബാല ഭാസ്‌ക്കറും ഉഷാറായി... പലരും ശ്രദ്ധിച്ച് തുടങ്ങി.... ബാല ഭാസ്‌ക്കന്‍ തന്റെ പെട്ടിയില്‍ നിന്നും വയലിന്‍ എടുത്തു. മൊബൈലില്‍ എന്തൊ സംഗീതം ടൂണ്‍ചെയ്ത് വെച്ചു.

മെല്ലെ അദേഹം വയലിനില്‍ വായിച്ച് തുടങ്ങി.... ആ സീറ്റുകള്‍ക്ക് ചുറ്റും എല്ലാവരും കൂട്ടമായ് കൂടാന്‍ തുടങ്ങി... ആലുവ....! തീവണ്ടി കുതിച്ച് പാഞ്ഞു. ബാല ഭാസ്‌ക്കര്‍ പാടുകയാണ് വയലിനില്‍....

'വെണ്ണിലവേ വെണ്ണിലവേ

വിണ്ണൈ താണ്ടി വരുവായാ

വിളയാട ജോടി തേവൈ

വെണ്ണിലവേ വെണ്ണിലവേ

വിണ്ണൈ താണ്ടി വരുവായാ

വിളയാട ജോടി തേവൈ...

Woww....? എല്ലാവരും ആ വയലിന്റെ സംഗീതത്തിനൊപ്പം ചുണ്ടുകള്‍ കൊണ്ട് മന്ത്രിക്കുകയായിരുന്നു ആ ഗാനവും. ബാല... പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണ്... എത്രവേഗമാണ് ചുറ്റുമിരുന്നവരൂടെ തലകനമൊക്കെ ഇല്ലാതായത്. കൂടെ ചേര്‍ന്ന് നിന്ന് Selfy എടുക്കുന്നവര്‍, ഷെക്ക്ഹാന്റ് നല്‍ക്കുന്നവര്‍, വയലിനില്‍ മുത്തുന്നവര്‍.... ഇങ്ങനെ.... ഈ തീവണ്ടി യാത്ര, ബാല ഭാസ്‌ക്കറിനും എന്തൊ വല്ലാത്തെ ഇഷ്ടമായതുപോലെ... വീണ്ടും വയലിന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ഹൃദയം പാടുകയാണ്....

''മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ...

ഈണം പൂത്ത നാള്‍

മധു തേടിപ്പോയി...

നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍...

കണ്ണില്‍ കത്തും ദാഹം ഭാവജാലം

പീലിനീര്‍ത്തി

വര്‍ണ്ണങ്ങളാല്‍ മേലെ

കതിര്‍മാല കൈകള്‍ നീട്ടി.....

Woooow... ? തിവണ്ടി കിതച്ച് കിതച്ച് എറണാകുളം തീവണ്ടി ആപ്പിസിലേക്ക്.... എന്തൊ ഇറങ്ങാന്‍ മനസ്സ് വരുന്നില്ല. ജീവിതത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിയാത്ര ഏതെന്ന് ചോദിച്ചാല്‍ ഇതിനപ്പുറം മരണം വരെ മറ്റൊരു ഉത്തരമില്ല.കൈ കിലുക്കി ആ മന്ത്രവിരലുകളില്‍ ഉമ്മവെക്ക് തിരിച്ച് നടന്ന ഞാന്‍ പിന്നെ ആ തീവണ്ടിയിലേക്ക് തിരിഞ്ഞ് നോക്കിയില്ല...

പുറത്ത് നല്ല മഴ... ഞാന്‍ ഇറങ്ങിയത്, ആ പെരുമഴയിലേക്കാണ്......

ഇന്നും..... ഒരു ചൊവ്വാഴ്ചയാണ്... ബാല ഭാസ്‌ക്കര്‍.....?????? പറഞ്ഞറിയിക്കാന്‍ പറ്റാത്ത സങ്കടമുണ്ട്...

എന്നും, ഓര്‍ക്കുമെന്നത് വെറും വാക്കല്ല...

https://www.azhimukham.com/video-tribute-to-balabhaskar-violin/

https://www.azhimukham.com/trending-love-and-life-of-violinist-balabhaskar/

https://www.azhimukham.com/video-tribute-to-balabhaskar-violin/


Next Story

Related Stories