Top

യൂണിവേഴ്സിറ്റി കോളേജില്‍ അവരെത്തി, തങ്ങളുടെ ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍

യൂണിവേഴ്സിറ്റി കോളേജില്‍ അവരെത്തി, തങ്ങളുടെ ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍
ആ വിരലുകള്‍ ഫിഡിലില്‍ തീര്‍ത്ത എത്ര എത്ര മനോഹരമായ ഈണങ്ങളാണ് നമ്മളുടെ ഹൃദയത്തിലേക്ക് എത്തിയത്. ഇന്ന് ആ ഫിഡില്‍ അനാഥമായിരിക്കുന്നു.. ആ വിരലുകളുടെ ഉടമ ഒരു ഓര്‍മ്മ മാത്രമായിരിക്കുന്നു. തിരുവനന്തപുരം തിരുമലയിലുള്ള ബാലഭാസ്‌കറിന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിലേക്ക് കടക്കുമ്പോള്‍ തന്നെ ഒരു ശൂന്യതയാണ് നിറയുന്നത്. ഇനി ഈ വഴികളില്‍ മൗനം മാത്രമായിരിക്കും.. വല്ലപ്പോഴും ആ വഴികള്‍ കടന്നുപോകുമ്പോള്‍ മനസ്സുനിറയ്ക്കുന്ന ഈണങ്ങള്‍ക്ക് കാതോര്‍ത്തിട്ടുണ്ട്. മൗനം മാത്രമായിരുന്നു പലപ്പോഴും.. ചിലപ്പോള്‍ നേര്‍ത്ത ഈണങ്ങള്‍ കാതില്‍ എത്തിയിട്ടുമുണ്ട്. ഇനി അതില്ല.

പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ട് അടുത്ത വീട്ടിലെ ആളുകള്‍ പറഞ്ഞത്, 'ഒരാഴ്ചയായി ഈ വീട്ടിലേക്ക് ആരും എത്താറില്ല. ബാലുവിന്റെ അപകടത്തിന് ശേഷം വീട്ടിലെ എല്ലാവരും ഹോസ്പിറ്റല്‍ കാര്യങ്ങള്‍ക്കായി തിരക്കിലാണ്.' പിന്നെ പോയത് ബാലുവിന്റെ യൂണിവേഴ്സിറ്റി കോളേജിലേക്കാണ്. ബാലുവും കൂട്ടുകാരും കൂടി മലയാളികളുടെ ഹൃദയത്തിലേക്ക് കയറിയത് ഇവിടെ നിന്നായിരുന്നല്ലോ. തൊണ്ണൂറുകളുടെ മധ്യത്തില്‍ നിന്ന് അവസാനത്തിലേക്ക് എത്തിയപ്പോഴേക്കും ബാലു ആ ഫിഡില്‍ കൊണ്ട് മലയാളി യുവാക്കളുടെ ഹൃദയം കവര്‍ന്ന് കഴിഞ്ഞിരുന്നു. ആ കൂട്ടത്തില്‍ സംസ്‌കൃത കോളേജിലെ ലക്ഷ്മി എന്ന പെണ്‍കുട്ടിയുടെയും. ആ കോളേജ് കാമ്പസില്‍ ഇരുന്ന് ലക്ഷ്മിക്ക് വേണ്ടി തീര്‍ത്ത ബാലുവിന്റെ ഈണങ്ങള്‍ ആ തലമുറയിലെ യുവത്വം തങ്ങളുടെ പ്രണയത്തോടൊപ്പമാണ് ചേര്‍ത്ത് പിടിച്ചത്.

ആ യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ബാലുവിന്റെ മൃതശരീരം അവസാനമായി കാണാനായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും വിദ്യാര്‍ത്ഥികളുമൊക്കെ എത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിന്റെ വഴികളിലൊക്കെ പ്രിയപ്പെട്ട ബാലുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ പ്രിയ സുഹൃത്തുക്കള്‍ വിതുമ്പുന്നുണ്ടായിരുന്നു. വയലിന്‍ തന്ത്രികള്‍ കൊണ്ടും നിറഞ്ഞ ചിരി കൊണ്ടും മനസുകളെ കീഴടക്കിയ അതുല്യ കലാകാരനെ ഓര്‍ത്തെടുക്കുകയായിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയ പലരും.

ബാലു ലക്ഷ്മിയ്ക്കുവേണ്ടി ഈണമിട്ട് ആലപിച്ച് 'ആരു നീ എന്നോമലേ' എന്ന പാട്ടിന്റെ വരികള്‍ എഴുതിയത് ജോയ് ശ്രീധര്‍ തമലമായിരുന്നു, ബാലുവിന്റെ പ്രിയ സുഹൃത്ത്. തന്റെ സുഹൃത്തിന്റെ ഹൃദയം അറിഞ്ഞ് അന്ന് ജോയ് എഴുതിയ കൊടുത്ത വരികള്‍ ഇന്നും കാമ്പസുകളുടെ ചുണ്ടിലുണ്ട്. ബാലുവിന്റെ വിയോഗത്തില്‍ ഒന്നു പ്രതികരിക്കാന്‍ പോലുമാകാത്ത വിധം അദ്ദേഹം തകര്‍ന്നിരുന്നു. 'എന്റെ മനസ്സ് ആകെ തെറ്റിയിരിക്കുകയാണ്. ഞാന്‍ നോര്‍മലല്ല. എന്നോട് ഒന്നും ചോദിക്കരുത്' എന്നു പറഞ്ഞ് മുഖം തരാതെ കടന്നുപോയി അദ്ദേഹം.

'ബാലഭാസ്‌കറിനെ പോലെയൊരു വയലിനിസ്റ്റ് ഇനി ഉണ്ടാകില്ല. ആര്‍ക്കും ബാലുവിന്റെ സ്ഥാനത്തെത്താനും കഴിയില്ല' ഗായകനായ ജോബ് കുര്യന്‍ ബാലഭാസ്‌കറിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് തന്നെ ഇങ്ങനെയാണ്. 'അമൃത ചാനലിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബാലുവിനെ പരിചയപ്പെടുന്നത്. ഞാന്‍ മല്‍സരാര്‍ത്ഥിയും ബാലു വിധികര്‍ത്താവുമായിരുന്നു. അന്ന് അവിടെ വെച്ച് പരിചയപ്പെട്ടതിന് ശേഷം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെയൊക്കെ വലിയ സൗഹൃദബന്ധമാരുന്നു ഉണ്ടായിരുന്നത്.' ജോബ് പറഞ്ഞു നിര്‍ത്തി.

മാനവീയം തെരുകൂട്ടായ്മയില്‍ എത്തി വയലിന്‍ വായ്ച്ചതിനെക്കുറിച്ച് ഒരാള്‍ സുഹൃത്തുക്കളോട് പറഞ്ഞത് , ' എന്തൊരു ആക്ടീവായുള്ള ഒരു ആര്‍ട്ടിസ്റ്റായിരുന്നു. മാനവീയം വീഥിയിലും കനകക്കുന്നിലുമൊക്കെ കുടുംബത്തോടൊപ്പം കണ്ടിട്ടുണ്ട്. ചിലപ്പോള്‍ വയലിന്‍ ഒക്കെ വായിക്കുന്നതും. റോട്ടറി ക്ലബ്, മാനവീയത്തില്‍ നടത്തിയ പ്രളയാനന്തര ധനസമാഹരണ പരിപാടിയിലെ ആ രാത്രി.. വയലിനില്‍ തീര്‍ത്ത് അന്നത്തെ രാവ് ഒരിക്കലും മറക്കില്ല.

വെറും സംഗീത ആസ്വാദനത്തിലൂടെ മാത്രം ബന്ധമുള്ള സ്വാതി തിരുന്നാള്‍ സംഗീത കോളേജ് വിദ്യാര്‍ത്ഥി രേഷ്മയുടെ വാക്കുകള്‍, 'ക്ലാസ്സിക്കല്‍, സൂഫി, വെസ്റ്റേണ്‍ സീരീസുകളില്‍ ബാലഭാസ്‌കര്‍ തീര്‍ത്ത മാസ്മരികതകള്‍ കൂടി ചേര്‍ന്നാല്‍ മാത്രമേ ഒരു സംഗീത വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എന്റെ സംഗീതാസ്വാദനം പൂര്‍ണമാവുകയുള്ളൂ.. സത്യത്തില്‍ ഇപ്പോള്‍ നിലച്ചു പോയത് ബാലഭാസ്‌കര്‍ വയലിന്‍ കൊണ്ട് തീര്‍ക്കുന്ന സംഗീതമാന്ത്രികത' കൂടിയാണ്.'

എപ്പോഴും പുഞ്ചിരിതൂകി സംഗീതം കൊണ്ട് എല്ലാവരുടെയും മനസ്സ് നിറച്ച ബാല ഭാസ്‌ക്കറിനെ അവസാനമായി കാണാന്‍ യൂണിവേഴ്സ്റ്റി കോളേജില്‍ കണ്ണൂനീര്‍ തൂവികൊണ്ടാണ് എല്ലാവരും എത്തിയത്. നടന്‍ സുരേഷ് ഗോപി, ഗായിക രാജലക്ഷ്മിയും ഭര്‍ത്താവും, സ്റ്റീഫന്‍ ദേവസ്സി ഇങ്ങനെ സംഗീതലോകത്ത് നിന്നും പുറത്തുനിന്നും ഒട്ടേറെ സുഹൃത്തുക്കളും ആളുകളുമായിരുന്നു ബാലുവിനെ കാണാന്‍ എത്തിയത്. സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥനയായിരുന്നു ബാലുവിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കണമെന്നത്. ബാലഭാസ്‌കര്‍ തന്റെ സംഗീതത്തിലും ജീവിതത്തിലും ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയതും പ്രണയിനിയെ കൈപിടിച്ചതുമെല്ലാം ഈ കലാലയത്തില്‍ വെച്ചായിരുന്നു.

തൈക്കാട് ശാന്തി കാവാടത്തിലാണ് ബാലഭാസ്‌ക്കറിന് അന്ത്യവിശ്രമം ഒരിക്കിയിരിക്കുന്നത്. നാളെ പതിനൊന്നരയോടെ ഭൗതികദേഹം സംസ്‌കരിക്കും.

Next Story

Related Stories