TopTop
Begin typing your search above and press return to search.

അവരിനിയും പറയും, 'നല്ല വടിവൊത്ത അരയാകണം' എന്ന്; അനുസരിക്കരുത്

അവരിനിയും പറയും,
മുളകിട്ട മീൻകറി എന്നും മല്ലിയില രസം എന്നും കേൾക്കുമ്പോൾ എന്തുകൊണ്ടാണ് നാം അടുക്കളയേയും അമ്മയേയും ഓർക്കുന്നത്..? തുണിയലക്കിയും ചമ്മന്തിയരച്ചും തേഞ്ഞുതീരേണ്ടവളാണ് പെണ്ണെന്ന ചിന്ത എഴുത്തിനേയും കാഴ്ചയേയും ഏറെക്കാലം അടക്കിവാണത് എന്തുകൊണ്ടാണ്..? കാലം അടുപ്പുകല്ലിൽ കൊത്തിവെച്ച ശീലങ്ങളായിരുന്നു അതെല്ലാം. പെൺകുട്ടിയെന്നാൽ അടക്കവും ഒതുക്കവും ഉള്ളവൾ, സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പാടില്ലാത്തവൾ, മുതിർന്നാൽ അടുക്കളയും അലക്കുകല്ലും മാത്രം ലോകമായി മാറേണ്ടവൾ എന്നെല്ലാമുള്ള പരിമിതമായ ചിന്തകൾ അവൾക്ക് ചുറ്റിലും കൂടുതൽ വലയം തീർത്തത് സാഹിത്യത്തിലുപരി സിനിമയിൽ ആയിരുന്നു. സംരക്ഷണത്തിനെന്ന വ്യാജേന തലമുറകൾ തീർത്ത ഈ പരിമിത വലയത്തെ അവൾ ഭേദിക്കുന്നത് പിന്നെയും പലകാലം കഴിഞ്ഞ്. അന്നാദ്യം ജീൻസും ടോപ്പും ധരിച്ചവൾ സ്ക്കൂട്ടിയിൽ യാത്ര ചെയ്തപ്പോൾ മൂക്കിൽ വിരൽ വെച്ചായിരുന്നു പാരമ്പര്യത്തിന്‍റെ അഭിവാദ്യമെങ്കിൽ ഇന്നത് പതിവുള്ള കാഴ്ചയും പരിമിതികളുടെ ലംഘനവും ആണ്. പെണ്ണെന്നാൽ ഇന്ന് നാണം കൊണ്ട് തലകുനിച്ച് കാൽനഖം കൊണ്ട് ചിത്രം വരയ്ക്കുന്നവളല്ല, തൊഴിൽ മേഖലയിലും മറ്റെവിടെയും ആണിന് സാധ്യമാകുന്ന എന്തും അവനൊപ്പമോ അതിനപ്പുറമോ അതിവേഗം ചെയ്തു തീർക്കുന്നവളാണ്. എന്നിട്ടും കിട്ടുന്ന അവസരങ്ങളിൽ എല്ലാം അവളെ അമ്മിക്കല്ലിൽ ചമ്മന്തി അരപ്പിക്കാൻ പുതിയ കാലവും ശ്രമിക്കുന്നുണ്ട്. അതാണല്ലോ പോയവാരം സോഷ്യൽ മീഡിയയിൽ നാം കണ്ട ആ കല്യാണ വീഡിയോ.

പതിവെന്നതു പോൽ ഇവിടെയുമുണ്ടായി രണ്ടു പക്ഷം. ശക്തമായി വിമർശിച്ചവരും ന്യായീകരിച്ചവരും.  കല്യാണപ്പെണ്ണിനെന്താ ചമ്മന്തി അരച്ചാൽ..? പെണ്ണുങ്ങൾ ഇതൊക്കെ ചെയ്യാനുള്ളവരല്ലേ..? അന്നാട്ടിൽ അതൊരു ആചാരമെങ്കിൽ എതിർക്കുന്നതെന്തിന്..? പെണ്ണിനില്ലാത്ത പരാതി നിങ്ങൾക്കെന്തിനാ..? ന്യായീകരണ തൊഴിലാളികളുടെ ചോദ്യങ്ങൾ ഇങ്ങിനെ നീളുന്നു. കല്ല്യാണ പെണ്ണിന് ചമ്മന്തി അരക്കാം, വിവാഹവുമായി ബന്ധപ്പെട്ട ആഹ്ളാദത്തെ സൂചിപ്പിക്കുന്ന ഒരു ചടങ്ങ് മാത്രമാണ് അതെങ്കിൽ. ആ ആഹ്ളാദം പ്രവൃത്തി ചെയ്യുന്നവൾ കൂടി അനുഭവിക്കുന്നുവെങ്കിൽ. ആരുടേയോ നിർബന്ധ പ്രകാരം അതവൾ ചെയ്യേണ്ടി വരുന്നതല്ല എങ്കിൽ. പക്ഷെ, ഇവിടെ പ്രശ്നം അതല്ല. നവവരൻ, സ്ത്രീകൾ കൂടി ഉൾപ്പെട്ട ബന്ധു സമൂഹം, വരന്‍റെ സുഹൃത്തുക്കൾ എല്ലാം ഉൾപ്പെട്ട ഒരു കൂട്ടത്തിന്‍റെ ഏകപക്ഷീയമായ ആനന്ദത്തിന് അവൾ വിധേയയാവുകയാണ്. നല്ല വടിവൊത്ത അരയാകണം, അമ്മായിയമ്മയെ പോലെ അരയ്ക്കണം എന്നിങ്ങനെയുള്ള കമന്‍റുകൾ ചുറ്‍റിലും. അതിനിടയിൽ അവളുടെ നിസ്സഹായമായ മുഖം. ആർക്കാണ് ആ മുഖം കണ്ട് ആഹ്ളാദിക്കാനാവുക..? ശരി, ഒരു തർക്കത്തിന് വേണ്ടി വിവാഹത്തിന്‍റെ ഭാഗമായി കാലങ്ങളായി നിലനിൽക്കുന്ന തികച്ചും പ്രാദേശികമായ ആചാരം മാത്രമാണ് അതെന്ന് സമ്മതിക്കാം. എങ്കിൽ തന്നെ, അത്തരമൊരു ആചാരം വധുവിന് ഒട്ടും തന്നെ ആനന്ദം പകരുന്നതല്ല എങ്കിൽ, ഒരു പക്ഷത്തിന്‍റെ ആഘോഷത്തിനായി മാത്രം പരിവർത്തനപ്പെടുന്നു എങ്കിൽ ഇത്തരം ആചാരങ്ങൾ എന്തിന് പുതിയ കാലത്തിലും തുടരണം എന്നാണ് ചോദ്യം. 

http://www.azhimukham.com/viral-ragging-in-wedding-house-video-viral/

ഇനി ചടങ്ങിനാധാരമായ പ്രവൃത്തി എന്തിനെ കുറിയ്ക്കുന്നു എന്നാലോചിക്കാം. തീർച്ചയായും നാം ആമുഖമായി സൂചിപ്പിച്ച സ്ത്രീ എവിടെയെല്ലാം ഒതുങ്ങണം, അവളുടെ ലോകം എന്താകണം എന്ന് പറയാതെ ചൂണ്ടിക്കാണിക്കുന്നതാണ് ഈ ചമ്മന്തി അരപ്പിക്കൽ പ്രയോഗം. ആൾക്കൂട്ടത്തിന് മുന്നിൽ നല്ല വടിവൊത്ത അരയാകണം എന്നൊക്കെയുള്ള കമന്‍റുകൾ കേട്ട് അവനല്ലല്ലോ, അവളാണല്ലോ അപഹാസ്യയായതും അപമാനിക്കപ്പെട്ടതും. പക്ഷെ, ആ മുഖത്തെ സങ്കടവും ആരെയും എതിർക്കാനാകാത്തതിന്‍റെ നിസ്സഹായതയും ആദ്യം തിരിച്ചറിയേണ്ടതും അവളോട് മതി എന്ന് പറയേണ്ടതും അവൻ തന്നെയായിരുന്നു. അതുണ്ടായില്ല, അവിടെയാണ് കാലം കൊത്തിവെച്ച ശീലങ്ങൾക്ക് അവനും തടവുകാരനായത്. 

പെണ്ണ് അകത്തും അടുക്കളയിലും ആണിന്‍റെ കരവലയത്തിലും ഒതുങ്ങണം. ആണായാൽ പുറത്ത് പോകാം, അനീതിയെ ചോദ്യം ചെയ്യാം, മുണ്ട് മടക്കിക്കുത്തി മീശ പിരിച്ച് ആരെയും തല്ലാം എന്ന ആൺ, പെൺ അധികാര വിഭജനം കാലങ്ങളായി കൗശലത്തോടെ കൈകാര്യം ചെയ്യുന്ന മലയാളിയുടെ ചലച്ചിത്ര ഭാവുകത്വം തന്നെയാണ് ഈ ചമ്മന്തി അരപ്പിക്കൽ ദൃശ്യത്തേയും കൈനീട്ടി സ്വീകരിച്ചതും അതിനെന്താ, ആ പെൺകുട്ടിക്ക് പരാതിയില്ലല്ലോ, പിന്നെ നിങ്ങൾക്കെന്താ എന്ന ചോദ്യമുന്നയിച്ചതും.വനിതാ കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടല്ല പണ്ട് സതി നിരോധിച്ചത്. മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടല്ല അയിത്തം എന്ന അനാചാരത്തെ അകലേക്ക്, ഇനി അരികിലേക്ക് വരാത്ത വിധം കാലം എടുത്തെറിഞ്ഞത്. കമ്മീഷനുകൾ ഇല്ലാത്ത കാലത്തും കാലോചിതമായ ഇടപെടലുകൾ അനാവശ്യമായ പലതിനെയും കടപുഴക്കിയിട്ടുണ്ട് എന്ന് ചുരുക്കം. ഹേ മാറി നിൽക്കൂ എന്ന് ഒരു കാലത്ത് പറഞ്ഞവർ, ആരോടാണോ മാറി നിൽക്കാൻ പറഞ്ഞത് അതേ അബ്രാഹ്മണന്‍റെ പിന്മുറക്കാരന്‍ ക്ഷേത്രത്തിൽ കയറി പൂജ ചെയ്യുന്നതും കണ്ടു നിൽക്കുകയാണ്. അവനിൽ നിന്നും ദേവന്‍റെ പ്രസാദമായി ഇലക്കുമ്പിളിൽ പൂവും ചന്ദനവും കൈനീട്ടി വാങ്ങുകയാണ്. കണ്ടോ, കാലത്തിന്‍റെ കുസൃതികൾ. അത്രയേയുള്ളൂ, മാറണം മാറേണ്ടത് മാറേണ്ട കാലങ്ങളിൽ.

പെണ്ണ് സ്ക്കൂട്ടറോടിച്ച് പോവുകയോ എന്ന് ചോദിച്ചവരാണ് ഇന്ന് അവളോടിക്കുന്ന ബസ്സിലും മെട്രോയിലും യാത്ര ചെയ്യുന്നത്. അതിനാൽ, നവവധുവിനെ ചമ്മന്തി അരപ്പിച്ചവരോടും, കണ്ട് കയ്യടിച്ചവരോടും, സർവ്വോപരി ആ നവ വരനോടും സഹതാപം. തിരിച്ച് പറയാൻ ഒന്നേയുള്ളൂ. കാത്തിരുന്നോളൂ, കാലം നിങ്ങളെക്കൊണ്ട് മുളകരപ്പിക്കും ഒരിക്കൽ. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/offbeat-realwoman-is-not-a-stereotype-represented-in-films/

Next Story

Related Stories