TopTop

1989ല്‍ കാട്ടുമാടം നാരായണന്‍ നമ്പൂതിരി കോഴിക്കോട് അളകാപുരിയില്‍ താമസിച്ചതെന്തിന്?; മന്ത്രവാദിയെ നാണ്വായര് തുരത്തിയ കഥ

1989ല്‍ കാട്ടുമാടം നാരായണന്‍ നമ്പൂതിരി കോഴിക്കോട് അളകാപുരിയില്‍ താമസിച്ചതെന്തിന്?; മന്ത്രവാദിയെ നാണ്വായര് തുരത്തിയ കഥ
1971 ലെ ലോക്സഭ തിരെഞ്ഞെടുപ്പ് കാലത്തു വടകര മണ്ഡലത്തിൽ കോൺഗ്രസിലെ ലീല ദാമോദര മേനോനുവേണ്ടി ചുവരെഴുത്തു പൊടിപൊടിക്കുന്നതിനിടയിൽ ഡൽഹിയിൽ നിന്നും തോളറ്റം മുടി നീട്ടിവളർത്തിയ ഒരു യുവാവ് ഇന്ദിര ഗാന്ധിയുടെ കത്തുമായി വടകരയിലെ കോൺഗ്രസ് താലൂക്ക് കമ്മിറ്റി ഓഫിസിലേക്കു കടന്നു ചെന്നതും കത്ത് വായിച്ചു അന്തം വിട്ടുപോയ പ്രസിഡന്റ് ലീഡറെ ഫോണിൽ വിളിച്ചു യുവാവ് കൊണ്ടുവന്നിട്ടുള്ള കത്തിന്റെ കോപ്പി ഇന്ദിരാജിയുടെ ഓഫിസിൽ നിന്നും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരികരിച്ചതും തുടർന്ന് യുവാവിനോട് തോളറ്റം മുട്ടുന്ന മുടി മുറിച്ചു വരാൻ പറഞ്ഞതുമൊക്കെ കേരളത്തിലെ തിരെഞ്ഞെടുപ്പ് ചരിത്രത്തിലെ നാടകീയ സംഭവങ്ങളിൽ ഒന്ന് മാത്രം. അന്ന് ഡൽഹിയിൽ നിന്നും വടകരയിൽ വന്നിറങ്ങിയ കെ പി ഉണ്ണികൃഷ്ണൻ എന്ന യുവാവ് ആ തിരഞ്ഞെടുപ്പിലേതടക്കം തുടർച്ചയായി ആറു തവണ ഇന്ത്യൻ പാര്ലമെന്റിലെത്തി. 71 ലും 77 ലും കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് വിജയമെങ്കിൽ 80 ൽ ഇടത്തേക്ക് ചാഞ്ഞു കോൺഗ്രസ് (അറസ്) സ്ഥാനാർഥിയായും 84, 89, 91 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് (എസ്) സ്ഥാനാർഥിയായും ആണ് വടകരയിൽ നിന്നും തുടർ വിജയങ്ങൾ വെട്ടിപ്പിടിച്ചത്. വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് മടങ്ങിപ്പോയ ഉണ്ണികൃഷ്ണന് പക്ഷെ 1996ലെ തിരെഞ്ഞെടുപ്പിൽ നേരിടേണ്ടിവന്നത് കനത്ത പരാജയമായിരുന്നു.

ഇവിടെ ഇപ്പോൾ കുറിക്കാൻ ഉദ്ദേശിക്കുന്നത് ഉണ്ണികൃഷ്ണന്റെ ജയപരാജയങ്ങളുടെ ചരിത്രമല്ല. മറിച്ച് ഉണ്ണികൃഷ്ണന്റെ തിരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അത്യന്തം രസകരമായ ഒരു സംഭവമാണ്. വേണമെങ്കിൽ മന്ത്രവാദിയെ തിരുവില്വാമലക്കാരൻ നാണ്വായര് തുരത്തിയ കഥ എന്ന് ഇതിനെ വിളിക്കാം. സംഭവം നടക്കുന്നത് 1989ലെ പൊതു തിരെഞ്ഞെടുപ്പ് വേളയിലാണ്. സംഭവം അരങ്ങേറിയത് കോഴിക്കോട്ടെ അളകാപുരി ഹോട്ടലിലും. ആ തിരഞ്ഞെടുപ്പിലും കോൺഗ്രസ് -എസ് നേതാവ് കെ പി ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി. പ്രധാന എതിരാളി കോൺഗ്രസിന്റെ എ സുജനപാലും. എങ്കിലും ഈ സംഭവ കഥയിലെ പ്രധാന കഥാപാത്രങ്ങൾ പ്രശസ്ത എഴുത്തുകാരൻ വി കെ എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വടക്കേ കൂട്ടാലെ നാരായണൻകുട്ടി നായരും മറ്റൊരു എഴുത്തുകാരനും അറിയപ്പെടുന്ന മന്ത്രവാദിയുമായിരുന്ന കാട്ടുമാടം നാരായൺ നമ്പൂതിരിയുമാണ്. വി കെ എൻ കോഴിക്കോട് അളകാപുരിയിലുണ്ടെന്നറിഞ്ഞു ചെന്ന രണ്ടു യുവ പത്രപ്രവർത്തകരോട് (അതിൽ ഒരാൾ വി കെ എന്നിന്റെ പരിചയക്കാരനും കാട്ടുമാടത്തിന്റെ അയൽക്കാരനുമായുമായ മറ്റൊരു നമ്പൂതിരി ആയിരുന്നു) ' 'അവനില്ലേ നിന്റെ അയൽവാസി മന്ത്രവാദി. അവനെ ഞാൻ ഓടിച്ചു. അവന്റെ ഒരു കുട്ടിച്ചാത്തനും ഹോമവും'എന്ന മുഖവുരയോടെയാണ് വി കെ എൻ ഇരുവരെയും എതിരേറ്റത്. അതിനിടെ മദ്യവുമായി മുറിയിലെത്തിയ ബെയററോട് ഗ്ലാസിലെ മദ്യം മുന്നിൽ വെച്ചിരുന്ന വലിയ പാത്രത്തിലേക്ക് ഒഴിക്കാൻ പറഞ്ഞ ശേഷം കാര്യങ്ങൾ വിശദീകരിച്ചു. കെ പി ഉണ്ണികൃഷ്ണന്റെ അതിഥിയായിട്ടാണ് വി കെ എൻ അളകാപുരിയിൽ താമസിക്കുന്നത്. ഏറെക്കാലം ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്ന വി കെ എൻ - കെ പി ഉണ്ണികൃഷ്ണൻ സൗഹൃദം ആരംഭിച്ചത് അവിടെ നിന്ന് തന്നെ. ഉണ്ണികൃഷ്ണൻ ഡൽഹി മാതൃഭൂമി ബ്യുറോയിൽ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. വി കെ എന്നിന്റെ പയ്യൻ കഥകളിലെ പയ്യൻ ഉണ്ണികൃഷ്ണൻ ആണെന്ന ഒരു വാദവും നിലനിൽക്കുന്നുണ്ട്.

എന്തായാലും വി കെ എൻ പറഞ്ഞ കഥ ഇങ്ങനെയായിരുന്നു. ഉണ്ണികൃഷ്ണന്റെ ഏതോ ഒരു ശിങ്കിടി പറഞ്ഞാണ് തൊട്ടടുത്ത മുറിയിൽ കാട്ടുമാടം വന്നിട്ടുണ്ടെന്നും എന്തോ ഹോമമോ മറ്റോ നടത്താനുള്ള തയ്യാറെടുപ്പാണെന്നും അറിഞ്ഞതത്രെ. ചെന്ന് കതകിൽ മുട്ടിയപ്പോൾ വാതിൽ തുറന്നതു നാരായൺ നമ്പൂതിരി തന്നെയായിരുന്നു. വി കെ ഇന്നിനെ കണ്ടപ്പോൾ നമ്പൂതിരി പകച്ചുവെന്നും അദ്ദേഹത്തിന്റെ പൂരപ്പാട്ടിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ തിരുമേനി തട്ടിയെടുത്തു എന്നുമായിരുന്നു വി കെ എൻ പറഞ്ഞത്. അന്വേഷണത്തിൽ കാട്ടുമാടം അളകാപുരിയിൽ വന്നിരുന്നുവെന്നു ബോധ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നത് ഹോമം നടത്താൻ തന്നെയായിരുന്നോ എന്ന് ഉറപ്പിക്കാൻ കഴിയാത്തതിനാൽ അന്ന് അത് വാർത്തയായില്ല. എന്നാൽ വര്‍ഷങ്ങള്‍ക്ക് ശേഷം 1993ൽ കാട്ടുമാടം മനയിൽ വെച്ച് സാക്ഷാൽ കാട്ടുമാടം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി മുട്ടറുക്കൽ മുതൽ ശത്രുസംഹാര പൂജ വരെ നടക്കുന്ന നമ്മുടെ നാട്ടിൽ ഇതൊന്നും ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല.

Next Story

Related Stories