UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്ക്

എം ബി സന്തോഷ്

വി.എസ് @ 95; അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസാധാരണ മനുഷ്യന്‍

സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് ഗ്രൂപ്പുവഴക്കിനെ തുടര്‍ന്ന് വി.എസ് എന്ന സ്ഥാപകനേതാവ് പുറത്താക്കപ്പെട്ടപ്പോള്‍ നഷ്ടം സംഭവിച്ചത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനാണ്

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിക്കേണ്ട അസാധാരണ മനുഷ്യനാണ് വി.എസ് അച്യുതാനന്ദന്‍. തൊണ്ണൂറ്റഞ്ച് വയസ്സ് ഒക്ടോബര്‍ ഇരുപതിന് തികയുമ്പോള്‍ ഈ പ്രായത്തിലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ ഇല്ല തന്നെ.

പതിനേഴാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ്. അതിപ്രഗത്ഭനായ വാഗ്മിയെന്നോ കരുത്തുറ്റ ഭരണാധികാരിയെന്നോ ഒരിക്കലും വിശേഷിപ്പിക്കാനാവില്ല. ഇഎംഎസ്സിന്റെ താത്വിക പിന്‍ബലമോ സി. അച്യുതമേനോന്റെ ഭരണപാടവമോ കെ. കരുണാകരന്റെ അധികാരപ്രയോഗങ്ങളിലെ ചടുലതയോ ഇല്ലെങ്കിലും ഇവരെക്കാലും കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനകീയത കൈവരിക്കാന്‍ സാധിച്ചു എന്നതാണ് അച്യുതാനന്ദന്റെ മഹത്വം.

ആലപ്പുഴയിലെ പിന്നാക്ക കുടുംബത്തില്‍ പിറന്ന്, കുട്ടിക്കാലത്തേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട വി.എസ് സ്വയം സൃഷ്ടിക്കപ്പെട്ട നേതാവാണ്. ആരുടെയെങ്കിലും കാരുണ്യത്താലോ പെട്ടിയെടുപ്പിന്റെ പിന്‍ബലത്താലോ നേതാവായതുമല്ല. എടുത്ത നിലപാടുകളുടെ പേരില്‍ വികസനവിരോധിയെന്നും വെട്ടിനിരത്തല്‍ വീരനെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടും കൂസാതെ ഉറച്ചുനിന്ന ആ നട്ടെല്ലുറപ്പ് ഇപ്പോള്‍ കേരളം കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുകയാണ്. അതുകൊണ്ടുതന്നെ അന്നത്തെ വിമര്‍ശകര്‍ ഇന്നത്തെ ആരാധകരാവുന്നത് ചരിത്രത്തിന്റെ പ്രതികാരം കൂടിയാവാം.

സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ എന്ന പരമോന്നത ഘടകത്തില്‍നിന്ന് ഗ്രൂപ്പുവഴക്കിനെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ എന്ന സ്ഥാപകനേതാവ് പുറത്താക്കപ്പെട്ടപ്പോള്‍ നഷ്ടം സംഭവിച്ചത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനാണ്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം എന്ന നേട്ടമാണ് ആ തീരുമാനത്തിലൂടെ സിപിഎം തട്ടിക്കളഞ്ഞത്. മുഖ്യമന്ത്രിയാക്കാന്‍ താല്പര്യമില്ലാത്തതിന്റെ പേരില്‍ സിപിഎം കേരള സംസ്ഥാന ഘടകം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നു തീരുമാനിക്കുകയും കേന്ദ്രക്കമ്മിറ്റിയും പോളിറ്റ്ബ്യൂറോയും അത് അംഗീകരിക്കുകയും ചെയ്തശേഷം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സാധാരണക്കാരും തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് പഴയ തീരുമാനം തിരുത്താന്‍ ഈ ഘടകങ്ങള്‍ നിര്‍ബന്ധിതമാവുകയും ചെയ്തത് വി.എസ് അച്യുതാനന്ദന്റെ കാര്യത്തിലായിരുന്നു. അങ്ങനെ മുഖ്യമന്ത്രിയായശേഷം അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കേണ്ട അവസ്ഥ വന്നപ്പോള്‍ പാര്‍ട്ടിതന്നെ അധികാരം നിലനിര്‍ത്താന്‍ താല്പര്യപ്പെടാത്ത അവസ്ഥ. ഒടുവില്‍ ജയത്തോടടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ട് സീറ്റിന്റെ വ്യത്യാസത്തില്‍ തുടര്‍ഭരണം നഷ്ടപ്പെട്ടപ്പോള്‍ പത്തോളം സീറ്റുകളില്‍ വേണ്ടത്ര ജാഗ്രത കാട്ടാത്തതിനാല്‍ എല്‍ഡിഎഫ് പരാജയപ്പെട്ടതായി സ്വയംവിലയിരുത്തലുണ്ടായി. ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വി.എസ് എന്ന ധാരണ പരത്തി മത്സരിപ്പിച്ചശേഷം ഭരണം ഉറപ്പിച്ചപ്പോള്‍ ജനകീയനേതാവിനെ ഭരണാധികാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തൊതുക്കിയതിന്റെ കഥയും അങ്ങാടിപ്പാട്ടാണ്.

സിപിഐ കേന്ദ്രസമിതിയില്‍നിന്ന് ഇറങ്ങിപ്പോയി സിപിഐ(എം) രൂപീകരിച്ച 32 പേരില്‍ ശേഷിക്കുന്ന രണ്ടു നേതാക്കളില്‍ ഒരാളാണ് വി.എസ്. തമിഴ്നാട്ടില്‍ നിന്നുള്ള 97-കാരനായ എന്‍. ശങ്കരയ്യയാണ് മറ്റൊരാള്‍. എന്നാല്‍ അദ്ദേഹമിപ്പോള്‍ പൊതുരംഗത്ത് സജീവമല്ല. 1923 ഒക്ടോബര്‍ 20 ആണ് വി.എസിന്റെ ജന്മദിനം. നാലര വയസ്സുളളപ്പോള്‍ അമ്മ അക്കമ്മയും 11 വയസ്സുള്ളപ്പോള്‍ അച്ഛന്‍ വടക്കന്‍പുന്നപ്ര വേലിക്കകത്തുവീട്ടില്‍ ശങ്കരനും മരിച്ചു. അതുവരെ കടുത്ത ദൈവവിശ്വാസിയായിരുന്ന ബാലന്‍, അച്ഛന്റെയും മരണത്തോടെ തന്നെ അനാഥനാക്കിയ ദൈവത്തോട് മുഖം തിരിക്കുകയായിരുന്നു. ഈ തൊണ്ണൂറ്റഞ്ചാം വയസ്സിലും അതില്‍ മാറ്റമില്ല. ഏഴാം ക്‌ളാസ് വിദ്യാഭ്യാസം ലഭിച്ച വി എസ്സിന്റെ സര്‍വകലാശാല ജനങ്ങളും അവര്‍ക്കിടയിലെ പ്രവര്‍ത്തനവുമായിരുന്നു. ഈ പ്രായത്തിലും ഹിന്ദി പഠിക്കാന്‍ ഔത്സുക്യം കാട്ടുന്ന മനസ്സാണ് സഖാക്കള്‍ക്കും ശത്രുക്കള്‍ക്കും ഇപ്പോഴും പിടികിട്ടാത്തത്.

നിശ്ചയദാര്‍ഡ്യമാണ് വി. എസ്സിന്റെ പ്രത്യേകത. ഒരു കാര്യം തീരുമാനിച്ചാല്‍ അതിനായി അങ്ങേയറ്റം പൊരുതും. വര്‍ഗീയ ശക്തികളെ എല്‍ഡിഎഫില്‍ എടുക്കേണ്ട എന്ന നിലപാട് മുതല്‍ കെ. കരുണാകരനെയും കെ.എം മാണിയേയും എല്‍ഡിഎഫില്‍ വേണ്ട എന്ന തീരുമാനംവരെ ഉദാഹരണം. ഈ ചിട്ട ജീവിതത്തിലും പിന്തുടര്‍ന്നു. “ആരോഗ്യത്തിന് ഹാനികരമായതിനാല്‍ പുകവലി ഉപേക്ഷിക്കുന്നതല്ലേ നല്ലത് സഖാവേ” എന്ന് വിട്ടുമാറാത്ത ചുമയ്ക്ക് മരുന്നുതേടിയ വി.എസ്സിനോട് ഡോ.കെ.എന്‍.പൈ പരിശോധനക്കുശേഷം നിര്‍ദ്ദേശിച്ചപ്പോള്‍, “എങ്കില്‍ ഇപ്പോള്‍തന്നെ ഉപേക്ഷിക്കാം” എന്ന് അതുവരെ ചെയിന്‍സ്‌മോക്കറായിരുന്ന ആള്‍ തീരുമാനിക്കുകയാണ്. പിന്നീടൊരിക്കലും ലംഘിക്കപ്പെടാത്ത ആ തീരുമാനത്തിനും ഇപ്പോള്‍ അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു! പിന്നീട് , കൊടിയ പുകവലിക്കാരോടൊപ്പം കമ്മിറ്റികളിലൊക്കെ ഇരിക്കുമ്പോള്‍പോലും പുകവലിക്കണമെന്ന് തോന്നിയിട്ടേയില്ലെന്ന് വി.എസ് പറയുന്നു. പ്രിയപ്പെട്ട ചായയും കാപ്പിയും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉപേക്ഷിച്ചിട്ടും കൊല്ലം 45 കഴിയുന്നു.

ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കയര്‍ഫാക്ടറിയില്‍ തൊഴിലാളിയായി 1940-ല്‍ ജോലിയില്‍ പ്രവേശിച്ചതിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. പി.കൃഷ്ണപിള്ളയായിരുന്നു ഈ കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തിയത്. 1946-ല്‍ പുന്നപ്രയിലെ പോലീസ് ക്യാമ്പ് ആക്രമിക്കുന്നതിന് സമരസജ്ജമാക്കിയത് അന്ന് പോലീസിന്റെ വാറണ്ട് പ്രതികൂടിയായ വി. എസ് ആണ്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഒളിവിലിരുന്നായിരുന്നു നേതൃത്വം വഹിച്ചത്. മര്‍ദ്ദകവീരനായ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാര്‍ പുന്നപ്ര അപ്‌ളോന്‍ അരശിന്റെ വീട്ടിലെ ക്യാമ്പിലേക്കെത്തിയ പ്രകടനത്തിനുനേരെ വെടിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. അമ്പതോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ വെടിയേറ്റു വീണുമരിച്ചു. തൊഴിലാളികള്‍ വാരിക്കുന്തവുമായി തിരിച്ചടിച്ചു. വേലായുധന്‍ നാടാരേയും പത്തോളം പൊലീസുകാരെയും വധിച്ചു. പോലീസുകാരില്‍നിന്ന് പിടിച്ചെടുത്ത തോക്കുകളുമായി സഖാക്കള്‍ വി.എസ് ഒളിവില്‍ കഴിഞ്ഞ വീട്ടിലെത്തി. അദ്ദേഹം അത് പൂക്കൈത ആറ്റിലിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറിലേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. അവിടെവച്ച് പിടിയിലായ വി.എസ്സിന് ഈരാറ്റുപേട്ട ഔട്ട്‌പോസ്റ്റിലും പാലാ സ്റ്റേഷനിലും വച്ച് ഭീകരമര്‍ദ്ദനമേറ്റു. ബയണറ്റ് കാലില്‍ കുത്തിക്കയറ്റിയതിന്റെ പാട് ഇപ്പോഴും ആ ശരീരത്തിലുണ്ട്. മര്‍ദ്ദനത്തില്‍ മരിച്ചുവെന്ന് കരുതി ‘ജഡം’ കാട്ടില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അതിന് സഹായിയായിരുന്ന കള്ളന്‍ കോലപ്പനാണ് ഞരക്കം കേട്ട് പാലാ ജനറല്‍ ആശുപത്രിയില്‍ ആ ശരീരം എത്തിച്ചത്. ഭീകരമായി മര്‍ദ്ദിച്ച അതേ ഇന്‍സ്‌പെക്ടര്‍ സ്ഥലംമാറ്റത്തിന് സഹായം തേടി ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ സന്ദര്‍ശിക്കേണ്ടിവന്നതിനെപ്പറ്റി പറയുമ്പോള്‍ വി. എസ്സിന് തമാശയുടെ ലാഘവം.

1952-ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. അമ്പത്തേഴിലെ ആദ്യ ഇഎംഎസ് സര്‍ക്കാരിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ഒമ്പതംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ സഖാവ് വി. എസ് ആയിരുന്നു. 1958-ല്‍ പാര്‍ട്ടി ദേശീയ സമിതി അംഗമായി. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് ദേവികുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായതിനാല്‍, അതിന്റെ ചുമതലക്കാരനായിരുന്ന വി. എസ് പോകാത്ത പാര്‍ട്ടി കോണ്‍ഗ്രസ്സാണ് അദ്ദേഹത്തെ ആദ്യമായി കേന്ദ്രക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ദേവികുളത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസിനെ ആദ്യത്തേതിനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനായത് അച്യുതാനന്ദന്റെ സംഘടനാശേഷിയുടെ മികവായി വിലയിരുത്തപ്പെട്ടു. 1964-ല്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോക്കുനടത്തി സിപിഎം രൂപീകരിച്ചതുമുതല്‍ കേന്ദ്രക്കമ്മിറ്റിയിലുണ്ട്. 1980 മുതല്‍ മൂന്നുതവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1986-ല്‍ പോളിറ്റ്ബ്യൂറോ അംഗമായ ഇദ്ദേഹത്തെ 2007-ല്‍ ഒഴിവാക്കി. തുടര്‍ന്ന് കേന്ദ്രക്കമ്മിറ്റി അംഗമായ വി എസ് ഇപ്പോള്‍ പ്രത്യേകക്ഷണിതാവാണ്.

നിയമസഭയിലേക്കുള്ള കന്നി മത്സരത്തില്‍ 1965-ല്‍ സ്വന്തം വീടുള്‍പ്പെട്ട അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ. എസ് കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടിന് തോറ്റ വി.എസ് രണ്ടു വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ തന്നെ എ. അച്യുതനെ 9515 വോട്ടിന് തോല്‍പ്പിച്ചാണ് നിയമസഭയിലേക്ക് ആദ്യമായി പ്രവേശിച്ചത്. കേരള നിയമസഭയില്‍ മൂന്നുതവണ പ്രതിപക്ഷനേതാവായിരുന്നു.

എല്‍ഡിഎഫ് കണ്‍വീനറായിരിക്കേയാണ് വി.എസ് പുതിയ ഇടപെടല്‍ മേഖല തുറന്ന് പരിസ്ഥിതി സമരങ്ങളുമായി പ്രത്യക്ഷപ്പെടുന്നത്. നെല്‍വയല്‍ നികത്തലിനെതിരെ തുടങ്ങിയ സമരം മുല്ലപ്പെരിയാര്‍, വാഗമണ്‍, പൂയംകുട്ടി, മതികെട്ടാന്‍ മലയിലെ വനം കയ്യേറ്റം, ജലചൂഷണം തുടങ്ങി കേരളത്തിന്റെ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നേറ്റങ്ങളായിരുന്നു. ബാങ്കുകളുടെ നിക്ഷേപ വായ്പാ അനുപാതം വളരെ താണതിനെതിരെ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കേരളത്തിലെ ബാങ്കുകള്‍ക്ക് വായ്പകള്‍ അനുവദിക്കുന്ന നയത്തില്‍ തിരുത്തലുകള്‍ വരുത്തേണ്ടിവന്നു. മുഖ്യമന്ത്രിയായിരിക്കേ സ്വന്തം പാര്‍ട്ടിതന്നെ പാരിസ്ഥിതിക കൈയേറ്റങ്ങള്‍ക്കെതിരായ ഇടപെടലുകള്‍ക്കെതിരെ രംഗത്തുവരുന്ന അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മലയാളി കാണേണ്ടിവന്നു. അപ്പോഴൊക്കെയും ഉറച്ച നിലപാടെടുത്ത വി.എസ് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായി മാറുകയായിരുന്നു.

മുഖ്യമന്ത്രിയായിരിക്കേ മക്കളുടെയും ബന്ധുക്കളുടെയും പേരില്‍ ആരോപണവുമായി അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിതന്നെ രംഗത്തിറങ്ങി. അവിടെയൊന്നും കുലുങ്ങാതെ നില്‍ക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വേണ്ടപ്പെട്ടവരും ഏറാന്‍മൂളികളുമായ ഉദ്യോഗസ്ഥരെവച്ച് എന്തെല്ലാം അന്വേഷണങ്ങള്‍ നടത്തി? എന്നിട്ട് വഴിവിട്ട എന്തെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണകാലത്ത് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞോ?’ – വി.എസ് ചോദിക്കുന്നു.

‘എട്ടുപതിറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തനത്തില്‍ ഏറ്റവും സംതൃപ്തി തോന്നുന്നതെന്താണ്’? എന്ന ചോദ്യത്തിന് വി.എസിന്റെ മറുപടി: “ഈ കാലയളവില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കാനായി. ഒന്നും ആഗ്രഹിച്ചല്ല പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. അന്ന് ആഗ്രഹിച്ചതില്‍ കുറേ കാര്യങ്ങള്‍ നേടിയെടുക്കാനായി. പല കോണുകളില്‍നിന്നായി മര്‍ദ്ദനങ്ങളും എതിര്‍പ്പുകളും നേരിടേണ്ടിവന്നു. അപ്പോഴൊക്കെയും സംതൃപ്തി തോന്നിയത് പതിത ജനവിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണ നേടാനായി എന്നതാണ്.”

*പൊതുപ്രവര്‍ത്തനം ആരംഭിച്ച കാലത്ത് സ്വപ്‌നം കണ്ടതില്‍ പലതും ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ലല്ലോ?

വി.എസ്: “സ്വപ്‌നം കാണുന്നതല്ല യാഥാര്‍ത്ഥ്യം എന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാം. പലതും നേടിയെടുക്കാന്‍ എത്ര വലിയ പോരാട്ടങ്ങളാണ് നടത്തിയത്. അതില്‍ ചിലതിലൊക്കെ പങ്കാളിയായി, മറ്റു ചിലതിന്റെ മുന്നണിയിലുണ്ടായി. അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ട് – കേരളത്തെ ഇന്നത്തെ കേരളമാക്കിയത് അത്തരം പോരാട്ടങ്ങളാണ്. ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിന് കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്.”

വി.എസ്സിനെക്കുറിച്ച് യശ:ശരീരനായ സുകുമാര്‍ അഴീക്കോട് പറഞ്ഞത് ഓര്‍ക്കാതിരിക്കാനാവില്ല – “ജൗളിക്കടയില്‍നിന്ന് നിയമനിര്‍മ്മാണ സഭ വരെയുള്ള ഒരു കയറ്റമാണ് വി.എസ്സിന്റെ ജീവിതം. മരക്കുടിലില്‍നിന്ന് വൈറ്റ്ഹൗസിലേക്ക് കയറിപ്പോയ എബ്രഹാം ലിങ്കനെ ഓര്‍ത്തുപോകും. താഴ്വരയില്‍ മുളച്ചുവളര്‍ന്ന ഒരു ചന്ദനമരം വളര്‍ന്ന് മലയുടെ മുടിവരെ ഉയര്‍ന്നുപൊങ്ങിയതുപോലെ!” വി.എസ്സിന്റെ ശരീരത്തിനെയോ മനസ്സിനെയോ കരിയിച്ചുകളയാന്‍ പോരുന്ന ഒരു അഗ്നികുണ്ഠവും ഇനി ബാക്കിയുണ്ടെന്ന് തോന്നുന്നില്ല എന്ന് അഴീക്കോട് മാഷ് രേഖപ്പെടുത്തുമ്പോള്‍ ഒപ്പമുണ്ടായിരിക്കേണ്ടവരും എതിരാളികളും ഒരുപോലെ ചമച്ച പത്മവ്യൂഹങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കേരളത്തിലെ രാഷ്ട്രീയനേതാക്കളും പ്രസ്ഥാനങ്ങളും പലപ്പോഴും സാധാരണക്കാരുടെ വിശ്വാസത്തെ കെടുത്തുമ്പോള്‍ അവര്‍ക്ക് ഇരുട്ടില്‍നിന്നുള്ള പ്രത്യാശയുടെ തിരിനാളമാണ് തൊണ്ണൂറ്റഞ്ചാം വയസ്സിലും വി.എസ് എന്ന അക്ഷരങ്ങള്‍. അതുതന്നെയാണ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയനേതാവിന്റെ പ്രത്യേകതയും പ്രസക്തിയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇടതുപക്ഷത്തെ വിശ്വാസി വിരുദ്ധരായി ചിത്രീകരിക്കുന്നവർ പന്തല്ലൂര്‍ ക്ഷേത്രഭൂമി അന്യാധീനപ്പെട്ടപ്പോൾ എവിടെയായിരുന്നു: വിഎസ് അച്യുതാനന്ദൻ ചോദിക്കുന്നു

വി എസ് എങ്ങനെയാണ് മാരാരിക്കുളത്ത് തോറ്റത്? ടി കെ പളനി തുറന്നു പറയുന്നു

വി എസ് എന്ന സിപിഎമ്മിന്റെ കരുതല്‍ധനം

ഫാഷിസത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കേണ്ടതില്ല; 22ാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന പരിപാടി

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍