Top

ഇഞ്ചുറി ടൈമില്‍ വി എസിന്റെ ഗോള്‍

ഇഞ്ചുറി ടൈമില്‍ വി എസിന്റെ ഗോള്‍
ശരിക്കും ടെയ്ലര്‍ അംബുജാക്ഷന്‍റെ തിരക്കഥ പോലെയായിരുന്നു കാര്യങ്ങള്‍. അവിടെ താലികെട്ട്, ഇവിടെ....!

ഡല്‍ഹിയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തിന് എത്തിയതാണ് സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്ചുതാനന്ദന്‍. അപ്പോഴാണ് താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വിയര്‍പ്പൊഴുക്കിയ പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങി എന്നറിയുന്നത്. എന്നാല്‍ പിന്നെ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനെ കണ്ടേക്കാം എന്നങ്ങു തീരുമാനിച്ചു. വി എസിനെ കണ്ടതും ഗോയല്‍ നിലതെറ്റി വീണു. അയ്യോ എന്തിനാണ് അങ്ങ് ഈ വയ്യാത്ത കാലത്ത് എന്റെ അടുത്തേക്ക് വന്നത്. താന്‍ അങ്ങോട്ട് വരുമായിരുന്നല്ലോ എന്ന മട്ടില്‍ വിനയകുമാരനായി ഗോയല്‍ എന്നു മാധ്യമങ്ങള്‍. വി എസിന് എല്ലാ ഉറപ്പും കൊടുത്തു. കോച്ച് ഫാക്ടറി കഞ്ചിക്കോട് തന്നെ. ഇരുവരും ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസും ചെയ്തു. എങ്ങും ആനന്ദ നിര്‍വൃതി. എന്തോ ഡബിളുള്ളയാള്‍ പോയിട്ടും നടക്കാത്ത കാര്യം വി എസ് പുഷ്പം പോലെ സാധിച്ചിരിക്കുന്നു.

വി എസെടാ...! എന്ന് അണിയറയില്‍ കോറസ്.

അതിനിടെ, മുറിവേറ്റ പിണറായിയുടെ പത്രസമ്മേളനം. മുഖ്യന്‍ പറഞ്ഞു. മോദി സര്‍ക്കാരിന് കേരളത്തോട് രാഷ്ട്രീയ വിരോധം. രണ്ടാം വര്‍ഷികത്തോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. അദ്ദേഹം ഫെഡറല്‍ സംവിധാനത്തെ കുറിച്ച് ഇങ്ങനെ വിശദീകരിച്ചു. “സംതൃപ്തമായ സംസ്ഥാനങ്ങള്‍ എന്നത് ശക്തമായ കേന്ദ്രത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. സംസ്ഥാനങ്ങള്‍ക്ക് ആദരവും സംതൃപ്തിയും നല്‍കുക എന്നതാണ് ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി വി എസിന്റെ മിഷനിലേക്ക്. മാധ്യമങ്ങള്‍ ഇങ്ങനെ പറയുന്നു;

വി.എസിന്റെ വരവില്‍ സന്തോഷം പ്രകടിപ്പിച്ച ഗോയല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടായ ആശയക്കുഴപ്പമാണ് പദ്ധതി വൈകാന്‍ കാരണമായതെന്നാണ് വിശദീകരിച്ചത്. പദ്ധതി ഉപേക്ഷിക്കില്ലെന്നും കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം വി എസിനെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ വി.എസിന് വ്യക്തിപരമായി തന്നെ ഉറപ്പു നല്‍കുകയാണെന്നും ഗോയല്‍ പറഞ്ഞു. (ഇതില്‍ എന്തു വ്യക്തിപരം എന്നൊന്നും ആരും ചോദിച്ചേക്കരുത്)

എന്നാല്‍ പിണറായിയോട് അദ്ദേഹത്തിന് യാതൊരു മയവും ഉണ്ടായിരുന്നില്ല. പിണറായി സര്‍ക്കാര്‍ റെയില്‍വേ വികസനത്തിന് സഹായിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കഞ്ചിക്കോട് ഫാക്ടറി വൈകാന്‍ കാരണം കോണ്‍ഗ്രസ്സാണെന്നും ഗോയല്‍ കുറ്റപ്പെടുത്തി. അതാണ് കാര്യം.

അതിനിടയ്ക്ക് പിണറായി വിജയന്‍ കണ്ണൂര്‍ വിമാനത്താവളം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ കണ്ടു. വിമാനത്താവളം സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് മന്ത്രിയെ കണ്ടതിന് ശേഷം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. വിദേശ വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള തടസ്സം നീക്കുമെന്ന് മന്ത്രി ഉറപ്പ് ചെയ്തതായും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കണ്ണൂര്‍ വിമാനത്താവളം ഡൊമസ്റ്റിക് സര്‍വീസ് മാത്രമായി ചുരുങ്ങുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.

റെയില്‍വേ വികസനത്തോട് താത്പര്യമില്ലാത്ത പിണറായിക്ക് വിമാനത്താവളത്തോടാണല്ലോ പെരുത്തിഷ്ടം; ഗോയല്‍ പറഞ്ഞത് വെച്ചു കൂട്ടിവായിക്കുകയാണെങ്കില്‍ ഇങ്ങനെയും വ്യാഖ്യാനിക്കാമല്ലോ? പാവങ്ങള്‍ സഞ്ചരിക്കുന്ന തീവണ്ടി വേണ്ട, പിണറായിക്ക് ബീമാനം മതി. ഫേസ്ബുക്കില്‍ പോസ്റ്റിടാം. അടിപൊളി.

വീണ്ടും കോച്ച് ഫാക്ടറിയിലേക്ക് വരാം. ജൂണ്‍ 15നു പാലക്കാട് എംപി, എം ബി രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത, ദേശാഭിമാനിയില്‍ എഴുതിയ സാമാന്യം ദീര്‍ഘമായ കുറിപ്പ് വായിക്കാം.

ഇത് കൊടിയ വഞ്ചന

കേരളത്തിന്റെയും പാലക്കാടിന്റെയും ചിരകാല സ്വപ്‌നങ്ങളിലൊന്നായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്രസർക്കാർ എഴുതിയ ചരമക്കുറിപ്പിന് കീഴിൽ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഒപ്പ് വച്ചു കഴിഞ്ഞിരിക്കുന്നു. റെയിൽവെക്ക് പുതിയ കോച്ചുകൾ ആവശ്യമില്ലാത്തതിനാൽ പുതിയ കോച്ച് ഫാക്ടറിയും തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി പീയുഷ് ഗോയൽ ഈ ലേഖകന് അയച്ച കത്ത് കഞ്ചിക്കോട് കോച്ച് ഫാക്ടറിയെന്ന അധ്യായത്തെ എന്നെന്നേക്കുമായി അടച്ചിരിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മിക്കപ്പോഴും മങ്ങിയും ചിലപ്പോഴെങ്കിലും തെളിഞ്ഞും കത്തിയ പ്രതീക്ഷയുടെ ഒരു നാളമാണ് ഇതിലൂടെ കേന്ദ്രസർക്കാർ കെടുത്തിക്കളഞ്ഞിരിക്കുന്നത്.

1982-ൽ കോട്ടമൈതാനത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് കേരളത്തിന് സമ്മാനമായി പാലക്കാട് റെയിൽ കോച്ച് ഫാക്ടറി എന്ന വാഗ്ദാനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നൽകുന്നത്. എന്നാൽ ആ വാഗ്ദാനം ലംഘിക്കപ്പെട്ടു എന്നു മാത്രമല്ല, ഖലിസ്ഥാൻ തീവ്രവാദം ആളിക്കത്തിയ നാളുകളിൽ പഞ്ചാബിനെ പ്രീണിപ്പിക്കാനായി കപൂർത്തലയിലേക്ക് കടത്തിക്കൊണ്ടു പോകുകയും ചെയ്തു. പാലക്കാട് പ്രഖ്യാപിച്ചത് കപൂർത്തലയിലേക്ക് കൊണ്ടുപോയതിനെതിരെ രോഷം കൊണ്ടാണ് അന്നത്തെ കരുണാകര മന്ത്രിസഭയിൽ അംഗമായിരുന്ന ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡൽ കേരളത്തിലും ആവർത്തിക്കേണ്ടി വരുമോ എന്ന് പ്രസംഗത്തിൽ ചോദിച്ചത്. ആ പ്രസംഗത്തിന്റെ പേരിൽ ബാലകൃഷ്ണപിള്ളക്ക് മന്ത്രിസ്ഥാനം രാജിവക്കേണ്ടി വന്ന ചരിത്രത്തിന് പിന്നിലുള്ളത് കോച്ച്ഫാക്ടറി കടത്തിക്കൊണ്ടു പോയ നടപടിയായിരുന്നു. പിന്നീട് നിരന്തരം ഈ ആവശ്യം ആവർത്തിക്കപ്പെട്ടുവെങ്കിലും മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ വാക്ക് പാലിക്കാൻ തയ്യാറായില്ല. ഒടുവിൽ ഒന്നാം യു.പി.എ. സർക്കാർ ഇടതുപക്ഷ പിന്തുണയോടെ 2004 ൽ അധികാരത്തിൽ വന്നപ്പോഴാണ് വീണ്ടും പ്രതീക്ഷകൾ തെളിഞ്ഞത്. പാലക്കാട് വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപീകരിക്കാൻ അന്നത്തെ റെയിൽവെ സഹമന്ത്രി തമിഴ്‌നാട്ടിൽ നിന്നുള്ള ബാലുവിന്റെ താത്പര്യപ്രകാരം തീരുമാനിച്ചപ്പോൾ നഷ്ടപരിഹാരം എന്ന നിലയിലാണ് കോച്ച് ഫാക്ടറി എന്ന ആവശ്യം അംഗീകരിക്കപ്പെട്ടത്. ഇടതു എം.പി.മാർക്കൊപ്പം ഇപ്പോഴത്തെ സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശക്തമായ ഇടപെടലിനൊടുവിലായിരുന്നു കോച്ച് ഫാക്ടറി പാലക്കാട് ആരംഭിക്കാമെന്ന് ഒന്നാം യു.പി.എ. സർക്കാർ സമ്മതിച്ചത്. തുടർന്ന് 2008 ലെ റെയിൽവെ ബജറ്റിൽ പാലക്കാട്ടെയും റായ്ബറേലിയിലേയും ഫാക്ടറികൾ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ പാലക്കാട് ഫാക്ടറി പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. പാലക്കാട് ഫാക്ടറിക്കാവശ്യമായ തുക വകയിരുത്തിയില്ല. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ അതിവേഗത്തിൽ ഫാക്ടറി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

അന്നത്തെ കേരളത്തിലെ ഇടതുമുന്നണി സർക്കാർ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് തർക്കങ്ങളൊന്നുമില്ലാതെ ന്യായമായ വില നൽകി അതിവേഗത്തിലാണ് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയത്. സ്ഥലമെടുപ്പിന്റെ പേരിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചവരാണ് കഞ്ചിക്കോട്ടെ ബി.ജെ.പി.യും കോൺഗ്രസും. നന്ദിഗ്രാമിലെ വീഡിയോ വരെ പ്രദർശിപ്പിച്ച് ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുകയും സർവെ നടത്താൻ ചെന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുക വരെയുണ്ടായി. എന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത നടപടിയിലൂടെ ഈ കുത്തിത്തിരിപ്പുകാരെ പൂർണ്ണമായും ഒറ്റപ്പെടുത്താനും കഴിഞ്ഞത് വലിയ നേട്ടമായിരുന്നു. കോച്ച് ഫാക്ടറി സ്ഥലമേറ്റെടുപ്പിന്റെ പാക്കേജ് പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നതിൽ ഒരു മാതൃകയായിട്ടാണ് പൊതുവിൽ കണക്കാക്കപ്പെടുന്നത്. പൊതുമേഖലയിൽ ഫാക്ടറി ആരംഭിക്കാൻ സൗജന്യമായാണ് കേരള സർക്കാർ സ്ഥലം റെയിൽവെക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ പിന്നീട കേന്ദ്രം പി.പി.പി.യിലേക്ക് ചുവട് മാറിയതോടെ പൊതുമേഖലയിൽ അല്ലെങ്കിൽ സ്ഥലത്തിന് വിലനൽകണമെന്ന് നിലപാട് എൽ.ഡി.എഫ്. സർക്കാർ സ്വീകരിച്ചു. അങ്ങനെയാണ് 239 ഏക്കർ ഭൂമി റെയിൽവെ വിലയ്ക്ക് വാങ്ങിയത്. തുടർന്ന്, നിരന്തര ഇടപെടലുകളുടെ ഫലമായി രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് 2012 ൽ ഫാക്ടറിക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് കേന്ദ്രാനുമതിയായി. ആദ്യം പൊതുമേഖലയിൽ വിഭാവനം ചെയ്ത പദ്ധതി പിന്നീട് കേന്ദ്രസർക്കാർ പി.പി.പി.യായി മാറ്റിയെങ്കിലും സ്വകാര്യ പങ്കാളിയെ കണ്ടെത്താൻ റെയിൽവെക്കും കേന്ദ്ര ഗവണ്മെന്റിനും കഴിഞ്ഞില്ല. പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും 2012 ഫെബ്രുവരി 21 ന് രാഷ്ട്രീയ ലക്ഷ്യത്തോടെ തിരക്കിട്ട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടു. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് അന്നത്തെ റെയിൽവെ മന്ത്രി ദിനേഷ്ത്രിവേദിയെ കൊണ്ടുവന്ന് കഞ്ചിക്കോട് സ്ഥാപിക്കുന്ന കോച്ച് ഫാക്ടറിക്ക് കോട്ടമൈതാനത്ത് കല്ലിട്ടത്. സ്വകാര്യ പങ്കാളിയെ കണ്ടെത്താൻ കഴിയാതെ തിരക്കിട്ട് തറക്കല്ലിടുന്ന ഫാക്ടറിയുടെ ഭാവിയെക്കുറിച്ച് ആ ചടങ്ങിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും റെയിൽവെ മന്ത്രിയുടെയും സാന്നിധ്യത്തിൽ തന്നെ ഈ ലേഖകൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തറക്കല്ലിട്ട ശേഷവും സ്വകാര്യ പങ്കാളിയെ കിട്ടാത്തതിനാൽ പദ്ധതിയുടെ അനിശ്ചിതത്വം തുടർന്നു.

ആ സന്ദർഭത്തിലാണ് എം.പി.എന്ന നിലയിൽ ഈ ലേഖകൻ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(സെയിൽ)നെ സമീപിച്ചത്. സെയിലുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ സ്റ്റീൽ സ്‌പെഷ്യൽ സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ കൂടി മുൻകയ്യെടുത്ത് സെയിൽ റെയിൽവെയുമായി സംയുക്ത സംരഭത്തിന് തയ്യാറായി. പദ്ധതിയിൽ 73 ശതമാനം ഓഹരി സെയിൽ വഹിക്കാമെന്ന് അവർ വാഗ്ദാനം ചെയ്തു. 5000 കോടി വരെയുള്ള നിക്ഷേപങ്ങൾ സെയിലിന്റെ ഡയറക്ടർ ബോർഡിന് തന്നെ, മഹാരത്‌ന കമ്പനി എന്ന നിലയിൽ തീരുമാനിക്കാൻ അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ സെയിൽ ഡയറക്ടർ ബോർഡിന്റെ നിക്ഷേപങ്ങൾ സംബന്ധിച്ച ഉപസമിതി പദ്ധതി നിർദ്ദേശത്തിന് അംഗീകാരം കൊടുക്കുകയും അത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ റെയിൽവെ ബോർഡ് ചെയർമാന് സെയിൽ സി.എം.ഡി. നൽകുകയും ചെയ്തു. സെയിലിന്റെ സംയുക്ത സംരഭത്തിനുള്ള സന്നദ്ധത ഞാൻ പാർലമെന്റിൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. അന്നത്തെ റെയിൽവെ മന്ത്രിയായിരുന്ന പവൻകുമാർ ബൻസാൽ സെയിലുമായി ചേർന്നുള്ള സംയുക്ത സംരഭം നല്ല നിർദ്ദേശമാണെന്നും പരിഗണിക്കാമെന്നും സഭയിൽ അറിയിക്കുകയും ചെയ്തു. എന്നാൽ റെയിൽവെയുടെ ഭാഗത്ത് നിന്ന് അനുകൂലമായോ പ്രതികൂലമായോ പ്രതികരണങ്ങളോ തുടർനടപടികളോ ഒന്നുമുണ്ടായില്ല. ഇക്കാര്യത്തിൽ റെയിൽവെയെയും കേന്ദ്രസർക്കാരിനെയും കൊണ്ട് അനുകൂല തീരുമാനം എടുപ്പിക്കാൻ സഹായം തേടി മൻമോഹൻ സിങ്ങ് മന്ത്രിസഭയിലെ രണ്ടാമൻ എന്നറിയപ്പെട്ടിരുന്ന ഏ.കെ.ആന്റണിയെ നിരവധി തവണ ഇ ലേഖകൻ കാണുകയുണ്ടായി. ശ്രീ.ഏ.കെ.ആന്റണിയും വേറെ ഏഴ് മന്ത്രിമാരും മന്ത്രിസഭയിൽ ഉണ്ടായിട്ടും ഒന്നും നടന്നില്ല. റെയിൽവെ ഒഴിഞ്ഞുമാറുന്ന മറുപടികൾ ആവർത്തിച്ചു കൊണ്ടിരുന്നു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് ശേഷം മോദി സർക്കാർ വന്ന ശേഷവും ഉരുക്ക് വകുപ്പ് മന്ത്രിയായിരുന്ന നരേന്ദ്രസിങ്‌തോമാറിനെ നേരിട്ടു കണ്ട് സെയിലിന്റെ സഹകരണ വാഗ്ദാനം വീണ്ടും ഉറപ്പാക്കി. സ്റ്റീൽ സ്‌പെഷ്യൽ സെക്രട്ടറി ആയി വന്ന ശ്രീമതി. അരുണ സുന്ദർരാജൻ ഇക്കാര്യത്തിൽ സഹായിച്ചു. നരേന്ദ്രസിങ്ങ് തോമർ, ഈ ലേഖകൻ,അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി, അരുണ സുന്ദർരാജ് എന്നിവർ പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് സെയിൽ ഇപ്പോഴും സംയുക്ത സംരഭത്തിന് തയ്യാറാണെന്ന് അറിയിച്ചത്. ഇക്കാര്യം റെയിൽവെ മന്ത്രിയായിരുന്ന സുരേഷ്പ്രഭുവിനെ അറിയിക്കുകയും പതിവു പോലെ നിർദ്ദേശം പരിഗണിക്കാമെന്ന് മറുപടി പറയുകയും ചെയ്തു. എന്നാൽ റെയിൽവെ നിഷ്‌ക്രിയത്വം തുടർന്നു. അതിന് ശേഷം പാലക്കാട് ഇൻസ്ട്രുമെന്റേഷൻ പൂട്ടാനുള്ള തീരുമാനത്തിനെതിരെ അവിടത്തെ യൂണിയൻ നേതാക്കളെയും കൂട്ടി പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ ഇൻസ്ട്രുമെന്റേഷന് ഒപ്പം കോച്ച് ഫാക്ടറിയുടെ പ്രശ്‌നം കൂടി ഉന്നയിക്കുകയുണ്ടായി. ഇൻസ്ട്രുമെന്റേഷൻ പാലക്കാട് യൂണിറ്റ് കേരളത്തിന് വിട്ടു നൽകണമെന്ന് ആവശ്യത്തിൽ അനുകൂലമായി പ്രതികരിച്ചുവെങ്കിലും കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ, കഴിഞ്ഞ സർക്കാരിൽ 8 കേന്ദ്രമന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിട്ടും അവർ ചെയ്തില്ലല്ലോ എന്നും പറഞ്ഞ് ചിരിച്ചൊഴിയുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഏറ്റവുമൊടുവിൽ കഞ്ചിക്കോട് തന്നെ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലും റെയിൽവെയും ചേർന്ന് കോച്ച് ഫാക്ടറി ആരംഭിക്കാനുള്ള വിശദമായ പ്രൊജക്ട് റിപ്പോർട്ട് ഈ ലേഖകൻ കേന്ദ്രസർക്കാരിന് സമർപ്പിക്കുകയുണ്ടായി. പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെയും റെയിൽവെ മന്ത്രി പീയൂഷ് ഗോയലിനെയും നേരിട്ടു കണ്ടാണ് പദ്ധതി നിർദ്ദേശം സമർപ്പിച്ചത്. നിർദ്ദിഷ്ട കോച്ച് ഫാക്ടറിയുടെ സ്ഥലത്തിന് തൊട്ടടുത്ത് ബെമൽ പ്ലാന്റ് പ്രവർത്തിക്കുന്നത് കൊണ്ട് നേരത്തെ വിഭാവനം ചെയ്തതിന്റെ പകുതി മുതൽമുടക്കിൽ കോച്ച് ഫാക്ടറി ആരംഭിക്കാവുന്ന വിധമായിരുന്നു പദ്ധതി നിർദ്ദേശം. ബെമലാണെങ്കിൽ റെയിൽ കോച്ചുകളും മെട്രോകോച്ചുകളും നിർമ്മിക്കുന്നതിൽ വൈദഗ്ദ്യം തെളിയിച്ചിട്ടുള്ളവരുമാണ്. റെയിൽവെ മന്ത്രിയെ കണ്ട് ഈ നിർദ്ദേശം സമർപ്പിച്ചപ്പോൾ പരിശോധിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാലിപ്പോൾ അതിനുള്ള മറുപടി ഇതാണ്. ഇനി റെയിൽവെക്ക് കോച്ചുകൾ ആവശ്യമില്ലെന്നും അതുകൊണ്ട് ഫാക്ടറി വേണ്ടെന്നും.

കോച്ചുകളുടെ ആവശ്യം കുറവായതിനാൽ പുതിയ ഫാക്ടറി വേണ്ടെന്ന റെയിൽവെ മന്ത്രിയുടെ മറുപടി വിശ്വാസയോഗ്യമല്ല. ഇതേ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഹരിയാനയിൽ റെയിൽവെയും ഹരിയാനാ വ്യവസായ വികസന കോർപ്പറേഷനും സംയുക്തമായി കോച്ച് ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. മന്ത്രി പീയുഷ് ഗോയൽ തന്നെയാണ് മറ്റൊരു കോച്ച് ഫാക്ടറിക്ക് സ്ഥലം ലഭ്യമാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന് താൻ കത്തയച്ചതായി വെളിപ്പെടുത്തിയത്. ആറു കൊല്ലം മുമ്പ് തറക്കല്ലിട്ട ഫാക്ടറി കോച്ചുകൾക്ക് ഡിമാന്റില്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കുമ്പോൾ പുതിയ രണ്ട് കോച്ച് ഫാക്ടറികൾ തുടങ്ങാൻ ശ്രമം നടത്തുന്നതിന്റെ ഉദ്ദേശ്യം എന്താണ്? രണ്ടും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നത് കണക്കിലെടുക്കുമ്പോൾ കഞ്ചിക്കോട് ഉപേക്ഷിക്കുന്നത് കേരളത്തോടുള്ള രാഷ്ട്രീയ വിവേചനമല്ലാതെ മറ്റെന്താണ്? റെയിൽ കോച്ച് ഫാക്ടറിക്ക് പകരം മെട്രോ കോച്ച് ഫാക്ടറി ആലോചിക്കാമെന്ന നിർദ്ദേശം റെയിൽവെ മുന്നോട്ട് വക്കുന്നതായി ചില വാർത്തകൾ വരുകയുണ്ടായി. ഫാക്ടറി മെട്രോ കോച്ചിന്റെതാണെങ്കിലും എതിർപ്പൊന്നുമില്ല. പക്ഷേ, റെയിൽ കോച്ചുകൾക്ക് പോലും പുതിയ ഫാക്ടറിക്കാവശ്യമായത്ര ഡിമാന്റില്ലെന്ന് കേന്ദ്രം പറയുമ്പോൾ ഏതാനും നഗരങ്ങളിൽ മാത്രമുള്ള മെട്രോ കോച്ചുകൾക്ക് എത്രത്തോളം ഡിമാന്റുണ്ടാകും? ഡിമാന്റില്ലാത്തതിന്റെ പേരിൽ റെയിൽ കോച്ച് ഫാക്ടറി സാധ്യമല്ലാതെ വരുമ്പോൾ മെട്രോ കോച്ച് ഫാക്ടറിക്ക് എത്രത്തോളം സാധ്യതയുണ്ട്? നീണ്ട 36 വർഷക്കാലത്തെ വാഗ്ദാന ലംഘനങ്ങളുടെയും വഞ്ചനയുടെയും മുറിവേറ്റ നമുക്ക് ഇനിയും പാഴ് വാഗ്ദാനങ്ങളെ കണ്ണടച്ചു വിശ്വസിക്കാനാവില്ല.

നരേന്ദ്രമോദി സർക്കാരിന്റെ ആദ്യത്തെ റെയിൽ ബജറ്റിൽ കേവലം 10 ലക്ഷം രൂപ മാത്രം കോച്ച് ഫാക്ടറിക്ക് നീക്കിവച്ചപ്പോൾ 145 കോടി രൂപ അനുവദിച്ചുവെന്ന വ്യാജപ്രചരണം നടത്തുകയും അതിന് പാലക്കാട് ഉടനീളം മോദിയുടെ ചിത്രം പതിച്ച അഭിനന്ദന ഫ്‌ളക്‌സുകൾ സ്ഥാപിക്കുകയും ചെയ്തവരാണ് ബി.ജെ.പി.ക്കാർ. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ഈ വ്യാജം വിറ്റാണ് പാലക്കാട് ബി.ജെ.പി. വോട്ട് പിടിച്ചത്. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പി.യും ഒരുപോലെ നാടിനെ വഞ്ചിക്കുകയായിരുന്നു. ഈ കൊടിയ വഞ്ചനക്ക് ഇരുകൂട്ടരും സമാധാനം പറയേണ്ടി വരും.അപ്പോള്‍ ആരാണ് നുണ പറയുന്നത്? ആരാണ് രാഷ്ട്രീയം കളിക്കുന്നത്? ഗോയലോ, പിണറായിയോ, എം ബി രാജേഷോ? അതോ ഇന്നലെ ഗോയല്‍ തനിക്ക് ഉറപ്പ് തന്നു എന്നു പറഞ്ഞ വി എസോ?

എന്തെങ്കിലുമാകട്ടെ... നമുക്ക് കോച്ച് ഫാക്ടറി കിട്ടുമല്ലോ.. വിമാനത്താവളവും. അതുമതിയെന്ന് പൊതുജനം.

http://www.azhimukham.com/newswrap-pmo-office-denied-appointment-to-pinarayivijayan/

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories