TopTop

ഒരു സ്ത്രീയുടെ കണ്ണീരിൽ തുടങ്ങിയ അമ്മ-കലൈഞ്ജർ പോരാട്ടത്തിന്റെ കാല്‍ നൂറ്റാണ്ട്

ഒരു സ്ത്രീയുടെ കണ്ണീരിൽ തുടങ്ങിയ അമ്മ-കലൈഞ്ജർ പോരാട്ടത്തിന്റെ കാല്‍ നൂറ്റാണ്ട്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ തമിഴക രാഷ്ട്രീയത്തിൽ ഉയർന്നു കേട്ടത് രണ്ടേ രണ്ട് പേരുകൾ മാത്രമാണ്. അത് കരുണാനിധിയുടെയും ജയലളിതയുടെയും പേരുകളാണ്. തങ്ങൾക്ക് പകരം മറ്റൊരു പേര് ഉയർന്നു വരാനുള്ള അവസരം ഇരുവരും സൃഷ്ടിച്ചില്ല എന്നതാണ് സത്യം. ജയലളിത, അല്ലെങ്കിൽ കരുണാനിധി എന്നതായിരുന്നു തമിഴക രാഷ്ട്രീയം. ജയ കേസിൽ കുടുങ്ങിയപ്പോഴും രോഗബാധിതയായി ആശുപത്രിയിലായിരുന്ന കാലത്തും മാത്രമാണ് ഇതിനൊരു മാറ്റമുണ്ടായത്.

2016 ഡിസംബറിൽ ജയലളിത മരിച്ചതോടെ രണ്ട് പതിറ്റാണ്ട് നീണ്ട ഒരു തമിഴക യുദ്ധത്തിനാണ് അന്ത്യം വീണത്. ജയയുടെ മരണത്തോടെ ഏറ്റവും വലിയ എതിരാളിയെ നഷ്ടപ്പെട്ട കരുണാനിധിയിൽ പഴയ പോരാട്ടവീര്യം പിന്നീടൊരിക്കലും കണ്ടിട്ടില്ല. ഇരുപത് മാസങ്ങൾക്കിപ്പുറം കരുണയും ഓർമ്മയാകുകയാണ്.

ജയ-കരുണ പോരാട്ടത്തിന്റെ നിരവധി ചിത്രങ്ങൾ ജനങ്ങളുടെ മനസിലുണ്ട്. അതിൽ ആദ്യത്തേത് 1989 മാർച്ച് 25ന് ജയലളിതയെ ഡിഎംകെ എംഎൽഎമാർ കയ്യേറ്റം ചെയ്തതാണ്. നിയമസഭയിൽ വച്ച് തന്റെ സാരി വലിച്ചുരിയപ്പെട്ടപ്പോൾ ജയ പൊട്ടിക്കരഞ്ഞു. ഒരു സ്ത്രീയുടെ കണ്ണീര് വീണ് ആരംഭിച്ച ആ യുദ്ധം രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ബിംബങ്ങളായി മാറിയ ഇരുവരുടെയും കീഴിൽ പക പോക്കലിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയക്കാറ്റ് ആഞ്ഞടിച്ചു. പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ജയലളിതയുടെയും തോഴി ശശികലയുടെയും ചിത്രം ഇന്നും ജനങ്ങളുടെ മനസിൽ ഇന്നുമുണ്ട്. അതുപോലെ കരുണാനിധിയെ പോലീസ് വലിച്ചിഴച്ചും ചവിട്ടിയും വാഹനത്തിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ തമിഴക രാഷ്ട്രീയത്തിലെ എത്ര കഴുകിയാലും മായാത്ത ചുവർച്ചിത്രമാണ്. ഫ്ലൈഓവർ നിർമ്മാണത്തിലെ അഴിമതി ആരോപണത്തെ തുടർന്നായിരുന്നു അർദ്ധരാത്രിയിലെ ആ അറസ്റ്റ് നാടകം. ജയലളിത മരിച്ച ശേഷവും വിചാരണ തുടരുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസ് കരുണാനിധിയുടെ ഇതിനുള്ള 'പ്രതികാര'മായിരുന്നു.

എം ജി ആറിന്റെ തണലിൽ നിന്ന ജയലളിതയെ ആദ്യകാലങ്ങളിൽ കരുണാനിധി അവഗണിച്ചിരുന്നു. എന്നാൽ എം ജി ആറിന് ശേഷം തമിഴ് രാഷ്ട്രീയത്തിൽ തനിക്കൊപ്പമോ ചിലപ്പോഴൊക്കെ തന്നെക്കാളധികമോ സ്വാധീന ശക്തിയായി വളർന്ന ജയയെ അധികകാലം അവഗണിക്കാൻ കരുണാനിധിക്കായില്ല.

ഒരാൾ മുഖ്യമന്ത്രിയായാൽ മറ്റേയാൾ നിയമസഭയിൽ കാലുകുത്തില്ല എന്ന സ്ഥിതിയിലായി കാര്യങ്ങൾ. ഹാജർ ഒപ്പിടാൻ മാത്രം ഒരു ദിവസം വന്ന് പോകും. പരസ്പരം പോരടിച്ച് ഇരുവരും ജയപരാജയങ്ങൾ ഒരു പോലെ അനുഭവിച്ചു. മുന്നണിയിൽ കോൺഗ്രസ് എന്നോ ബിജെപിയെന്നോ നോക്കാതെ കേന്ദ്ര സർക്കാരുകളിൽ പങ്കാളികളായി. പാർലമെന്റിലായും നിയമസഭയിലായാലും ആര് പാർട്ടി പ്രതിനിധിയായാലും കടിഞ്ഞാൺ ഇവരുടെ കൈവശം തന്നെയായിരുന്നു.

ഇത്ര കടുത്ത ശത്രുക്കളായിരുന്നെങ്കിലും ജയയുടെ വിയോഗത്തിൽ വിതുമ്പുന്ന കരുണാനിധിയുടെ ചിത്രവും ചരിത്രം മറക്കില്ല. എത്ര ശത്രുതയുണ്ടെങ്കിലും പാലിക്കേണ്ട രാഷ്ട്രീയ മര്യാദ മാത്രമല്ല കരുണാനിധി അവിടെ തെളിയിച്ചത്. ജയലളിതയില്ലാത്ത തമിഴക രാഷ്ട്രീയത്തിൽ തനിക്കിനി പ്രസക്തിയില്ലെന്ന് പറയാതെ പറയുക കൂടിയായിരുന്നു. രാഷ്ട്രീയ പോരാട്ടത്തിൽ കടുത്ത അനുഭവങ്ങൾ നേരിട്ടപ്പോഴും പതറാതെ നിന്ന കലൈഞ്ജർ അവിടെ പതറിയതും അതിനാൽ തന്നെ.

https://www.azhimukham.com/india-the-life-of-kalaignar-karunanidhi/

Next Story

Related Stories