ഓഫ് ബീറ്റ്

അമ്മ മരിച്ചത് അറിയാതെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് അഞ്ച് വയസ്സുകാരന്റെ ഉറക്കം

Print Friendly, PDF & Email

പതിനെട്ട് മണിക്കൂറിന് ശേഷം ബന്ധുക്കള്‍ എത്തുമ്പോഴും അമ്മ മരിച്ചത് അറിയാതെ അഞ്ചു വയസ്സുകാരന്‍ മൃതദേഹത്തിന് അടുത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു

A A A

Print Friendly, PDF & Email

അഞ്ചു വയസ്സുകാരനായ മകനെ മാത്രം കൂട്ടി യുവതി ചികിത്സയ്‌ക്കെത്തിയപ്പോള്‍ ആന്ധ്രാപ്രദേശിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒന്നമ്പരന്നു. എന്നാല്‍ അമ്പരപ്പുകള്‍ അവര്‍ക്ക് ഇനിയും വരാനുണ്ടായിരുന്നതേയുള്ളൂ. രാവിലെ 11.30ഓടെ സ്വബോധത്തോടെ തന്നെയാണ് യുവതി മകനെയും കൂട്ടിയെത്തിയത്.

ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ കടുത്ത ഹൃദയാഘാതം ഉണ്ടായതായി കണ്ടെത്തി. ഏകദേശം 30 മിനിറ്റിന് ശേഷം ഇവര്‍ മരിക്കുകയും ചെയ്തു. അതോടെ അവര്‍ പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ അമ്മ മരിച്ചത് അറിയാതെ ഏകദേശം ഒന്നര മണിക്കൂറോളം സമയം കുട്ടി ഇവരുടെ മൃതദേഹത്തിനരുകില്‍ കിടന്നുറങ്ങുകയായിരുന്നു. പിന്നീട് സന്നദ്ധ സംഘടനകള്‍ ഇവരെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചു. കുട്ടിയുടെ കൈവശം അമ്മയുടെ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഇതില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായ സമീന സുല്‍ത്താനയാണ് ഇതെന്ന് അവര്‍ കണ്ടെത്തി.

മൂന്ന് വര്‍ഷം മുമ്പ് ഇവരെയും മകനെയും ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. പിന്നീട് മറ്റൊരാള്‍ക്കൊപ്പം രാജേന്ദ്ര നഗറിലായിരുന്നു താമസം. ഇയാള്‍ ആശുപത്രിയ്ക്ക് പുറത്തുവച്ച് ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നുവെന്ന് ഹെല്‍പിംഗ് ഹാന്‍ഡ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകന്‍ മുജ്താബ ഹസന്‍ അസ്‌കാരി ദ ഹിന്ദുവിനോട് പറഞ്ഞു.

മൈലര്‍ദേവ്പള്ളി പോലീസിന്റെ സഹായത്തോടെ എച്ച്എച്ച്എഫ് പ്രവര്‍ത്തകര്‍ സഹീറാബാദിലുള്ള സുല്‍ത്താനയുടെ മാതാപിതാക്കളെ കണ്ടെത്തുകയും അവരെ വിവരം അറിയിക്കുകയും ചെയ്തു. യുവതി മരിച്ച് 18 മണിക്കൂറിന് ശേഷം ഇവര്‍ ആശുപത്രിയിലെത്തി. അപ്പോഴും അമ്മ മരിച്ചതറിയാതെ മകന്‍ മൃതദേഹത്തിനരികില്‍ തന്നെയിരിക്കുകയായിരുന്നു. എച്ച്എച്ച്എഫ് പ്രവര്‍ത്തകരാണ് കുട്ടിയ്ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കിയത്. കുട്ടിയെ പിന്നീട് അമ്മാവന്‍ ഏറ്റെടുത്തു.

പോസ്റ്റുമോര്‍ട്ടത്തില്‍ മരണത്തില്‍ അസ്വാഭാവികത തോന്നേണ്ട യാതൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനായി ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുകൊടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍